എഴുത്ത് – അരവിന്ദ് (ചുരുളഴിയാത്ത രഹസ്യങ്ങൾ).
മനുഷ്യർ അപ്രത്യക്ഷരാകുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ സംഭവമല്ല. കാശ് കടം വാങ്ങിയ പല കൂട്ടുകാരും നമ്മളെ കാണുമ്പോൾ പൊടുന്നനെ അപ്രത്യക്ഷം ആകുന്നതും നിത്യ സംഭവം ആണ്. ഗ്രാമങ്ങൾ ഒന്നടങ്കം അപ്രത്യക്ഷർ ആയ സംഭവങ്ങളും ഉണ്ട്. പക്ഷെ ഫ്ലണ്ണൻ ദ്വീപിൽ നടന്നത് ഇന്നും ആർക്കും ഒരു എത്തും പിടിയും തരാതെ ചുരുൾ അഴിയാത്ത ഒരു സംഭവമായി അവശേഷിക്കുന്നു. കിഴക്ക് പടിഞ്ഞാറൻ സ്കോട്ലൻഡിൽ Western Isles എന്ന പ്രധാന ദ്വീപിന്റെ തീരത്തു നിന്ന് കടലിൽ 32 km മാറി Flannan Isles എന്ന പേരിൽ 7 ദ്വീപുകൾ ഉണ്ട്. താരതമ്യേനെ വലിപ്പം കുറഞ്ഞ ദ്വീപുകളും ആ ഭാഗത്തു കടലിൽ ശക്തമായ കാറ്റ് വീശലും മഞ്ഞും ഉള്ളതിനാലും കപ്പലുകൾ പലതും ദ്വീപിൽ ഇടിച്ചു തകരുന്നത് പതിവായിരുന്നു . അതുകൊണ്ട് ആ 7 ദ്വീപുകൾക്ക് 7 വേട്ടക്കാർ എന്നും ചുരുക്കപ്പേര് നാട്ടുകാർ വിളിച്ചിരുന്നു .
അപകടങ്ങൾ പതിവ് ആയപ്പോൾ 1895 ൽ സ്കോട്ലൻഡ് സർക്കാർ ആ ദ്വീപുകളിലെ ഏറ്റവും ഉയരമുള്ള Eilean Mòr ദ്വീപിൽ ഒരു ലൈറ്റ് ഹൗസ് പണിയാൻ തീരുമാനിച്ചു. David Alan Stevenson എന്ന എഞ്ചിനീയറുടെ ഡിസൈനിൽ 1895 – 1899 കാലയളവിൽ 5 വര്ഷം കൊണ്ട് 23 മീറ്റർ ഉയരമുള്ള ഒരു മനോഹരമായ ലൈറ്റ് ഹൗസ് ആ ദ്വീപിൽ പണികഴിപ്പിച്ചു . 7 December 1899 നു ആദ്യമായി അവിടെ വെളിച്ചം തെളിഞ്ഞു. ഷിഫ്റ്റ് അനുസരിച് 3 ജോലിക്കാർ വീതം ഏതാനും ആഴച്ചകൾ അവിടെ ജോലിക്കായി നിയമിക്കാനായിരുന്നു പ്ലാൻ. ആദ്യ സംഘം ആയി Thomas Marshall, James Ducat, Donald MacArthur എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ലൈറ്റ് ഹൗസുകളിലും കപ്പലിലും ഒക്കെ ജീവിച്ചും ജോലി ചെയ്തും നല്ല experienced ആയ ജീവനക്കാർ ആയിരുന്നു അവർ.
കടലിന്റെ നടുവിൽ ഒറ്റപ്പെട്ടു കിടക്കുമ്പോഴും, കനത്ത കൊടുങ്കാറ്റും മഞ്ഞും ഉള്ളപ്പോൾ പോലും മാനസികമായും ശാരീരികമായും തളരാതെ ഒത്തൊരുമയോട് കൂടി പരസ്പര സഹകരണത്തോടെ ജോലി ചെയ്യാൻ സന്നദ്ധരായ ജോലിക്കാർ ആയിരുന്നു അവർ. ഡിസംബർ ഏഴാം തീയതി തൊട്ട് ലൈറ്റ് ഹൗസിൽ ദീപം തെളിയിച്ചും, മീനും ഞണ്ടും വേട്ടയാടി ഭക്ഷണം വെച്ച് കഴിച്ചും മദ്യപിച്ചും പാട്ടു പാടിയും നേരം പൊക്കിയിരുന്ന അവർ സ്വാഭാവിക ജീവിതം നയിച്ച് വരികയായിരുന്നു . പക്ഷെ സംഭവങ്ങൾ ആകെ നിഗൂഢമായത് ഡിസംബർ 15 ആം തീയതി ആണ്.
അമേരിക്കയിൽ നിന്നും സ്കോട്ലൻഡിലേക്ക് വരികയായിരുന്ന Archtor എന്ന കപ്പലിലെ ക്യാപ്റ്റൻ ആ ലൈറ്റ് ഹൗസിൽ ദീപം തെളിഞ്ഞിരുന്നില്ല എന്ന് തീരദേശ ഓഫീസിൽ അറിയിച്ചു. സംഭവം കാര്യമായി വക വെക്കാത്ത അധികൃതർ ആദ്യം സാങ്കേതിക പിശക് വല്ലതും ആയിരിക്കും എന്ന് കരുതി സംഭവം വകവെച്ചില്ല. മാത്രമല്ല ഒരു അന്വേഷണത്തിനായി ബോട്ട് വിടാനായി കരയിലെ കനത്ത കാറ്റ് വീഴ്ചയും കടൽ ക്ഷോഭവും അനുവദിച്ചില്ല. കടൽ ശാന്തമായതിനു ശേഷം ആ ദ്വീപിലെ ജീവനക്കാർക്കു വേണ്ടി ഭക്ഷണവും മറ്റു ആവശ്യ സാധനങ്ങളും സ്ഥിരമായി കൊടുത്തിരുന്ന Joseph Moore എന്ന ജീവനക്കാരൻ ദ്വീപിൽ എത്തി.
ജോസഫ് മൂർ കണ്ടെത്തിയ സംഭവങ്ങൾ ആയിരുന്നു ഇന്നും പിടികിട്ടാത്ത ആ സംഭവങ്ങൾക്ക് തുടക്കം. ആ ദ്വീപിലെ ജോലിക്കാരായ 3 പേരെയും കാണാനില്ല. പൊടുന്നനെ അപ്രത്യക്ഷരായി. തുടർന്ന് നടന്ന അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലുകളും നിഗമനങ്ങളും നാട്ടുകാരെയും അധികൃതരെയും കൂടുതൽ കുഴപ്പിച്ചതേയുള്ളൂ.. അവ ഇതായിരുന്നു – ലൈറ്റ് ഹൗസിന്റെയും താഴത്തെ വീടിന്റെയും വാതിലുകൾ എല്ലാം അടഞ്ഞു തന്നെ കിടപ്പുണ്ടായിരുന്നു. പക്ഷെ പൂട്ടിയിട്ടില്ല. ലൈറ്റ് ഹൗസിലെ ദീപം തെളിയിക്കാൻ ഉള്ള ഇന്ധനം പോലും കറക്റ്റ് ആയി നിറച്ചു വച്ചിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണവും ശുദ്ധ ജലവും അപ്പോഴും അടുക്കളയിൽ ഉണ്ടായിരുന്നു. പാത്രങ്ങളെല്ലാം ഭംഗിയായി കഴുകി വച്ചിരുന്നു. യാതൊരു വിധ അപകടങ്ങളോ സുനാമിയോ, തീപിടുത്തമോ ഒന്നും ഉണ്ടായിട്ടില്ല. നരഭോജികളായ ഒരു ജീവിയും ദ്വീപിലില്ല.
ഭക്ഷണത്തിൽ വിഷാംശം ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അടുക്കളയിലെ ഒരു കസേര മാത്രം തല കുത്തനെ ഇരിക്കുന്നുണ്ടായിരുന്നു. തമ്മിൽ അടിപിടി ഉണ്ടായതിന്റെയോ കൊലപാതകത്തിന്റെയോ യാതൊരു ലക്ഷണവും ഇല്ല. 3 പേരും കനത്ത കാറ്റും മഞ്ഞും പ്രതിരോധിക്കാനുള്ള തുകൽ കൊട്ട് ഊരി അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ട്. അതിനർത്ഥം അവർ കടലിലേക്ക് പോയതാകാൻ സാധ്യത വളരെ കുറവാണ്. 3 പേരും ഒരേ സമയം ഒരിക്കലും ലൈറ്റ് ഹൗസ് വിട്ടു പുറത്തു പോകാൻ പാടില്ല എന്ന് കർശന ചട്ടം ഉണ്ടായിട്ടും 3 പേരും ഒരേ സമയം ആണ് ലൈറ്റ് ഹൗസ് വിട്ട് പോയിരിക്കുന്നത്. എന്തിനു, എങ്ങോട്ട് പോയി , അതിനു പ്രേരിപ്പിച്ച കാരണം എന്ത് ???
ലൈറ്റ് ഹൗസ് ഇത് അവർ ദിനം പ്രതി ഡയറി (log book ) എഴുതി സൂക്ഷിച്ചിരുന്നു. 12 ആം തീയതി തൊട്ട് 15 വരെ കനത്ത കടൽ ക്ഷോഭം ഉണ്ടായിരുന്നതായും കനത്ത കൊടുങ്കാറ്റ് ഉണ്ടായതായും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാർഷൽ എഴുതിയത് അദ്ദേഹത്തിന്റെ കഴിഞ്ഞ 20 വര്ഷത്തിനിടയ്ക്ക് ഇത്തരം കൊടുങ്കാറ്റ് കണ്ടിട്ടില്ല എന്നും ആണ്. 15 ആം തീയതി “കടൽ ശാന്തം ആയെന്നും, ദൈവം ഞങ്ങളുടെ കൂടെ ഉണ്ടെന്നും” (Storm ended, sea calm. God is over all) ആണ് ഡയറിയിലെ അവസാന രേഖപ്പെടുത്തൽ. പക്ഷെ കാലാവസ്ഥ നിരീക്ഷകരുടെയും നാട്ടുകാരുടെയും വെളിപ്പെടുത്തലുകൾ പ്രശ്നം കൂടുതൽ വഷളാക്കി. ഡിസംബർ 12 ആം തീയതി തൊട്ട് 17 ആം തീയതി വരെ ആ ദ്വീപ്പസമൂഹത്തിനു ചുറ്റും ഉള്ള കടലിൽ യാതൊരുവിധ കടൽ ക്ഷോഭമോ കൊടുങ്കാറ്റോ ഉണ്ടായിരുന്നില്ല എന്ന് കാലാവസ്ഥാ നിരീക്ഷകരും സ്ഥിരം കപ്പൽ യാത്രക്കാരും തറപ്പിച്ചു പറയുന്നു. അങ്ങനെയെങ്കിൽ അവർ എന്തിനു ഡയറിയിൽ കള്ളം എഴുതണം.?
ആഴ്ചകൾക്കു ശേഷവും ഒരാളുടെ പോലും മൃതദേഹം ദ്വീപിലോ തീരത്തോ നിന്ന് കണ്ടെത്താനായില്ല. മറ്റു ബോട്ടോ, മനുഷ്യരോ ദ്വീപിൽ എത്തിയതായി യാതൊരു തെളിവോ ഡയറിക്കുറിപ്പോ ഇല്ല. ക്ലോക്കുകൾ എല്ലാം നിശ്ചലമായിരുന്നതാണ് ഏവരെയും അതിശയിപ്പിച്ച മറ്റൊരു സംഗതി. അവസാനം കേസ് ഡയറി പൂർത്തിയാക്കിയ ഉദ്യോഗസ്ഥൻ എത്തിച്ചേർന്ന നിഗമനം, ഏതോ ഒരു നിഗൂഡമായ പെട്ടി മറവു ചെയ്യാനോ മറ്റോ അവർ 3 പേരും ദ്വീപിന്റെ ഒഴിഞ്ഞ കോണിൽ പോയപ്പോൾ തിരയിൽ പെട്ട അവർ മരിച്ചു എന്നും, ബോഡി കിട്ടിയില്ല എന്നും ആണ്. (The official Northern Lighthouse Board investigation following the disaster found that the men had left their post to attempt to secure a box in bad weather or repair some other damage, and a wave had risen 110 ft (34 m) up the side of the rock and swept them off. ) അടുക്കളയിൽ നിന്നും കാണാതായ നീളമുള്ള കയർ ആണ് അവരെ ആ നിഗമനത്തിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചത്. ആ നിഗമനത്തിൽ എത്രത്തോഅലം വിശ്വാസ്യത ഉണ്ടന്ന് ഇന്നും ഉറപ്പില്ല.
തികച്ചും അനുഭവ സമ്പത്തുള്ള 3 കാവൽക്കാർ എന്തിനു ഒരേ സമയം ലൈറ്റ് ഹൗസ് വിട്ടു പുറത്തു പോയി? കനത്ത കാറ്റിലും കോളിലും നിന്നും രക്ഷനേടാനുള്ള കോട്ടുകൾ എന്തിനു ഊരിയിട്ടിട്ട് പോയി? ക്ലോക്കുകൾ എങ്ങനെ നിശ്ചലമായി? കാലാവസ്ഥയെപ്പറ്റി എന്തിനു ഡയറിയിൽ കള്ളം എഴുതി? ഒരു കസേര മാത്രം എങ്ങനെ തലകുത്തനെ ഇരുന്നു? മൃതദേഹങ്ങൾ എവിടെ? അവിടെ എന്താണ് സംഭവിച്ചത്? വാതിലുകൾ അടച്ചിട്ട് പുറത്തു പോകാൻ ഉള്ള കാരണം? വിചിത്രമായ സംഭവങ്ങളും തെളിവുകളും അവശേഷിച്ച അവർ എവിടെ പോയി? എന്നിങ്ങനെ നീളുന്നു നിഗൂഢതയുടെ ചോദ്യങ്ങൾ. പിന്നീട് നാട്ടുകാർ പ്രേതം, യക്ഷി തുടങ്ങി അന്യഗ്രഹ ജീവികളെ വരെ സംശയിച്ചെങ്കിലും അന്വേഷണങ്ങളും കണ്ടെത്തലും എങ്ങും എത്തിയില്ല. പക്ഷെ ഇന്നും ലൈറ്റ് ഹൗസ് സുഖമായി പ്രവർത്തിക്കുന്നു, മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.