ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒരു ഫ്ലൈറ്റ് യാത്ര നടത്തണം എന്ന ആഗ്രഹം ഇല്ലാത്തവർ ചുരുക്കമായിരിക്കും. പഠിച്ചു ഉന്നത നിലയിൽ എത്തി ഒരു ആകാശ യാത്ര നടത്തണം എന്നത് സ്കൂൾ കാലഘട്ടത്തിലെ സ്വപ്നങ്ങളിൽ ഒന്നുമാണ്. എന്നാൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആ സ്വപ്നം സഫലമായാലോ? അത്തരത്തിൽ നമ്മുടെ ഏവരുടെയും മനം നിറയ്ക്കുന്ന ഒരു ആകാശയാത്ര നടത്തിയിരിക്കുകയാണ് പത്തനംതിട്ട അതിരുങ്കൽ സി.എം.എസ്. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ.
സ്കൂളിലെ പ്രധാനാധ്യാപിക ഷേർലി മാത്യു ടീച്ചറുടെ നിശ്ചദാർഢ്യം ആണ് കുട്ടികളുടെ ഈ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിൽ പ്രവർത്തിച്ച ഘടകം. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഷേർലി ടീച്ചറിന് കുട്ടികളുടെ മനസ്സിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു അനുഭവം സമ്മാനിക്കണം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു വിമാനയാത്രയുടെ ആശയം ഉരുത്തിരിഞ്ഞു വന്നത്. ഷേർലി ടീച്ചർക്ക് വിദ്യാർത്ഥികൾ സ്വന്തം മക്കളാണ്.
നഗരങ്ങളിലെ വലിയ സ്കൂളുകളിൽ നിന്നും കുട്ടികൾ ലക്ഷങ്ങൾ മുടക്കി വിദേശങ്ങിലേക്കും മറ്റും വിനോദയാത്ര പോകുമ്പോൾ സാധാരണക്കാരുടെ മക്കളായ തന്റെ സ്കൂളിലെ കുഞ്ഞുങ്ങൾക്കും ഏറെക്കുറെ സമാനമായ ഒരു അനുഭവം നൽകണം എന്ന് തീരുമാനിച്ചു. പൂനയിൽ നിന്നും കേരളത്തിലേക്ക് ടീച്ചർ നടത്തിയ ഒരു വിമാനയാത്രയിൽ, അവിടെയുള്ള ഒരു പ്രമുഖ വിദ്യാലയത്തിലെ കുട്ടികളെ വിമാനത്തിൽ ഒരുമിച്ചു കണ്ടപ്പോൾ ഷേർലി ടീച്ചർ സ്വന്തം വിദ്യാർത്ഥികൾക്ക് വിമാനയാത്ര എന്ന അനുഭവം സമ്മാനിക്കും എന്ന് ഉറപ്പിച്ചു.
ഒക്ടോബറിൽ കുട്ടികളോട് അവരുടെ താല്പര്യം അന്വേഷിച്ചു. അവരും ഡബിൾ ഹാപ്പി! തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കിടയിൽ കുട്ടികളുടെ യാത്ര ഒരു നവ്യാനുഭവം ആക്കാനുള്ള അന്വേഷണത്തിലായി സ്കൂൾ പി.റ്റി.എയും, പ്രധാന അധ്യാപിക ഷേർലി ടീച്ചറും, മറ്റ് അധ്യാപകരായ റീനു രാജ് , ചിന്നു , സോമോൾ , ശാലിനി എന്നിവരും. എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര ആരംഭിച്ചു, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നിറങ്ങാം എന്ന് മനസിലാക്കി. മാത്രവുമല്ല ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രീതികളും കാഴ്ചകളും കുട്ടികളെ കാണിക്കുകയും വിവരിച്ചു കൊടുക്കുകയും ചെയ്യാം.
തുടർന്ന് എയർ ഇന്ത്യയുമായി ഇ- മെയിൽ വഴി ബന്ധപ്പെട്ടു പ്രത്യേക നിരക്ക് അഭ്യർത്ഥിച്ചു. കണക്കു കൂട്ടലുകളെക്കാൾ ഉയർന്ന നിരക്കായിരുന്നു എങ്കിലും ടീച്ചർ ദൃഢനിശ്ചയത്തിൽ തന്നെ ആയിരുന്നു. എന്ത് നഷ്ടം സഹിച്ചും കുട്ടികൾക്ക് വിമാനയാത്ര സമ്മാനിക്കണം എന്ന ദൃഢനിശ്ചയം! യാത്രയ്ക്കായുള്ള കുറച്ചു തുക കുട്ടികളിൽ നിന്നും ബാക്കിയുള്ളവ PTA യും ഷേർലി ടീച്ചറും കൂടിയാണ് സമാഹരിച്ചത്.
2019 ഫെബ്രുവരി 15 , പുലർച്ചെ 05 :50 നു അങ്ങനെ ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം അവരുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കു പറന്നിറങ്ങി! തിരുവനന്തപുരം, കൊച്ചി എന്നീ അന്താരാഷ്ട്ര വിമാനത്താവളവും കണ്ടു കൊച്ചി മറൈൻ ഡ്രൈവിൽ ഒരു ബോട്ട് സഫാരിയും നടത്തിയാണ് ഷേർലി ടീച്ചറും കുട്ടികളും മടങ്ങിയത്. 1952 ഇൽ സ്ഥാപിച്ച വിദ്യാലയം ആണ് സി. എം. എസ് യു. പി . സ്കൂൾ. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അഞ്ചു വർഷം അടച്ചു കിടന്ന സ്കൂൾ 2016 ഇൽ ആണ് ഷേർലി മാത്യു ടീച്ചർക്ക് ചുമതല നൽകി തുറന്നു പ്രവർത്തിപ്പിക്കാൻ സി. എസ്. ഐ സഭാ മാനേജ്മന്റ് തീരുമാനിച്ചത്.
വിവരങ്ങൾക്ക് കടപ്പാട് – ജിതിൻ ജോസ്.