പട്ടായയിലെ ഫ്ലോട്ടിംഗ് മാർക്കറ്റിലെ കാഴ്ചകള്‍ ആസ്വദിക്കാം…

പട്ടായയില്‍ പോയതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഫ്ലോട്ടിംഗ് മാർക്കറ്റ്. ലോകത്തിലെ ഏററവും വലിയ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് ഇതാണെന്നാണ് എനിക്ക് കിട്ടിയ അറിവ്.  പട്ടായ സിറ്റിയില്‍ നിന്നും 6 കി.മീ.യോളം ദൂരമുണ്ട് ഫ്ലോട്ടിംഗ് മാര്‍ക്കറ്റിലേക്ക്. മാര്‍ക്കറ്റിന്‍റെ മുന്‍വശം തന്നെ വളരെയധികം ആകര്‍ഷണീയമാണ്. വലിയ ബോട്ടിന്‍റെ മാതൃകയിലാണ് മാര്‍ക്കറ്റിന്‍റെ കവാടം. ടിക്കറ്റ് കൌണ്ടറിനു മുന്നിലായി തടിയില്‍ തീര്‍ത്ത കൊമ്പനാനയുടെ രൂപം എന്നെ വളരെ ആകര്‍ഷിക്കുകയുണ്ടായി. അതിനു മുന്നില്‍ നിന്നിട്ട് ചിലര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു.

ടിക്കറ്റെടുത്ത് അകത്ത് കടന്നാല്‍ ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്‍റെ വിവിധയിനം ഫോട്ടോ ഗ്യാലറി കടന്നാണ് ഉള്ളില്‍ പ്രവേശിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ആര്‍ക്കുവേണമെങ്കിലും വാങ്ങാവുന്നതാണ്. ഒരു ലക്ഷം രൂപ വരെ വിലയുള്ള ചിത്രങ്ങള്‍ അവിടെയുണ്ടത്രേ. അകത്തുകടന്നാല്‍ മനോഹരമായ ജലാശയത്തില്‍ പൊങ്ങുതടി പോലെ കിടക്കുകയാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. തായ് സംസ്കാരത്തിന്‍റെ കാഴ്ചകളാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റിലുള്ളത്.

ഈ ഫ്ലോട്ടിംഗ് മാര്‍ക്കറ്റിനെ മലയാളത്തില്‍ പറഞ്ഞാല്‍ ‘ഒഴുകിനടക്കുന്ന ചന്ത’. തായ്‌ലാന്‍ഡുകാരുടെ വളരെ വ്യത്യസ്തമായൊരു വാണിജ്യ സംസ്‌കാരം.  പരമ്പരാഗത രീതിയിലുള്ള കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായമായിരുന്നു പണ്ടിവിടെ. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ തന്നെ വള്ളത്തില്‍ കൊണ്ടുവന്നു വില്‍ക്കുവാനും വാങ്ങുവാനും ഉള്ള ഒരിടം.  ഇന്ന് പതിനായിരങ്ങള്‍ ആണ് ദിവസവും ഇവിടെ സന്ദര്‍ശിക്കുന്നത്. തായിലന്റിലെ ഒരു പ്രധാന ടൂറിസ്റ്റ് സ്‌പോട്ട് ആയി മാറി ഇത്. തായി സംസ്‌കാരത്തിന്റെ ഒരു ദൃശ്യാവിഷ്‌കാരമാണ് ഇവിടെ.

ഹാരിസ് ഇക്കയാണ്‌ ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്‍റെ ചരിത്രം എനിക്ക് പറഞ്ഞു തന്നത്. ഇതിനിടെ ഞങ്ങളുടെ ഡ്രൈവര്‍ ഞങ്ങള്‍ക്കുള്ള വഞ്ചി റെഡിയാക്കി തന്നു. മാര്‍ക്കറ്റിന്‍റെ അങ്ങേയറ്റം വരെ വഞ്ചിയിലും അവിടുന്ന് തിരികെ നടന്നുമാണ് ഞങ്ങളുടെ യാത്ര.. ഞാനും ഹാരിസ് ഇക്കയും പ്രശാന്തും വഞ്ചിയില്‍ കയറിയതോടെ വഞ്ചിക്കാരി ചേച്ചി പതുക്കെ തുഴയാന്‍ ആരംഭിച്ചു. വൈകുന്നേരം ആയതിനാല്‍ മാര്‍ക്കറ്റില്‍ നന്നായി തിരക്കു കുറഞ്ഞിരുന്നു. സത്യത്തില്‍ ഈ സമയമാണ് ഇവിടെ കാണേണ്ടത്. ലൈറ്റുകളും അലങ്കാരങ്ങളും ഒക്കെക്കൂടി ഒരു നല്ല പോസിറ്റീവ് എനര്‍ജിയാണ് നമുക്ക് ലഭിക്കുന്നത്.

കനാലിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം തടിപ്പാലങ്ങളാല്‍ പരസ്പ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇതിനാല്‍ വഞ്ചിയില്‍ക്കൂടിയും കരയിലൂടെ നടന്നും മാര്‍ക്കറ്റ് കാണുകയും ഷോപ്പിംഗ്‌ നടത്തുകയും ചെയ്യാം.

മാര്‍ക്കറ്റിന്‍റെ അങ്ങേയറ്റത്തെത്തിയപ്പോള്‍ ഞങ്ങള്‍ വഞ്ചിയില്‍ നിന്നും ഇറങ്ങി തിരികെ നടക്കാന്‍ ആരംഭിച്ചു. കാഴ്ചകള്‍ കണ്ടും കടകളില്‍ കയറിയും നടക്കുന്നതിനിടെ കുറച്ചു മലയാളി ചെറുപ്പക്കാര്‍ വന്നു പരിചയപ്പെട്ടു. വീഡിയോകള്‍ കാണാറുണ്ട് എന്നും വളരെ നന്നായി മുന്നോട്ടുപോകുന്നുണ്ടെന്നും ഒക്കെ പറഞ്ഞ് അവര്‍ എന്നെ നന്നായി പ്രോത്സാഹിപ്പിക്കുകയുണ്ടായി. അവരോട് നന്ദി പറഞ്ഞു വീണ്ടും ഞാന്‍ നടത്തം തുടര്‍ന്നു.

ഒത്തിരി ഭക്ഷണസാധനങ്ങളും ഈ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നു. വൈകുന്നേരം ആളുകള്‍ കുറവായതിനാല്‍ എല്ലാം നന്നായി കാണുവാനും മനസ്സിലാക്കുവാനും എനിക്ക് സാധിച്ചു. ഇവിടെ എന്നെ പ്രത്യേകം ആകര്‍ഷിച്ച ഭക്ഷണം എന്തെന്നാല്‍ താറാവിന്‍റെ തല ഫ്രൈ ചെയ്തതായിരുന്നു. ഹാരിസ് ഇക്കയുടെ ഫെവറേറ്റ് ഐറ്റമാണത്രേ ഇത്. രുചിച്ചു നോക്കിയപ്പോള്‍ സംഭവം സൂപ്പര്‍…

കനാലില്‍കൂടി ഒഴുകി നടക്കുന്ന പച്ചക്കറിക്കടകളും, വ്യത്യസ്തമായ തായ് രുചികള്‍ വില്‍ക്കുന്ന റെസ്റ്റോറന്റുകളുമൊക്കെയായി ഒരു പുതിയ ഷോപ്പിംഗ്‌ അനുഭവമാണ് എനിക്ക് ഈ ഫ്ലോട്ടിംഗ് മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചത്. കാഴ്ചകള്‍ കണ്ടും ഓരോന്ന് വാങ്ങിയും തിന്നും ഒക്കെ നടന്ന് നേരം പോയത് അറിഞ്ഞതേയില്ല. ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് അടയ്ക്കാറായിക്കഴിഞ്ഞിരുന്നു അപ്പോള്‍. പതിയെ ഞങ്ങളും പുറത്തേക്കിറങ്ങി. പുറത്ത് ഞങ്ങളെക്കാത്ത് ഡ്രൈവര്‍ ആന്തോ, കാറുമായി നില്‍ക്കുന്നുണ്ടായിരുന്നു.

ഹോട്ടലിലേക്ക് യാത്ര പുറപ്പെടുന്നതിനിടെ ഞാന്‍ കാറിന്‍റെ ചില്ലിലൂടെ ഒരു തവണ കൂടി ഫ്ലോട്ടിംഗ് മാര്‍ക്കട്ടിലേക്ക് നോക്കി… വരും… ഇനിയും വരും… ഉറപ്പ്…. ഇത്തവണ ടാറ്റാ.. ബൈ ബൈ…

പട്ടായ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് . തായ്‌ലൻഡ് പാക്കേജിനായി നിങ്ങള്‍ക്ക് ഹാരിസ് ഇക്കയെ നേരിട്ടു വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800