നിലമ്പൂരിലും വയനാട്ടിലുമെല്ലാം പ്രളയദുരന്തമുണ്ടായി എന്ന വാർത്ത അറിയുമ്പോൾ ഞാൻ കോഴഞ്ചേരിയിലെ എൻ്റെ വീട്ടിലായിരുന്നു. വളരെ ഞെട്ടലോടെ തന്നെയായിരുന്നു ഞാൻ ആ വാർത്ത കേട്ടത്. കാരണം കഴിഞ്ഞ വർഷം പ്രളയം എന്താണെന്നും, അത് ഓരോരുത്തരെയും എങ്ങനെയാണ് ബാധിക്കുകയെന്നുമൊക്കെ നേരിട്ടു അനുഭവിച്ചയാളാണ് ഞാൻ. അന്ന് എൻ്റെ വീട്ടിൽ പകുതിയോളം വെള്ളം കയറിയിരുന്നു. ഭാഗ്യവശാൽ ഞങ്ങളുടെ ഏരിയയിൽ ഇത്തവണ അതുപോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
പ്രളയദുരന്തത്തിൽപ്പെട്ടവർക്ക് ധാരാളമാളുകളാണ് സഹായഹസ്തവുമായി മലബാറിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. അവർക്കായി എന്തെങ്കിലുമൊക്കെ സഹായങ്ങൾ നമുക്ക് പറ്റാവുന്ന തരത്തിൽ ചെയ്യണം എന്നു ഞാൻ തീരുമാനിച്ചു. അങ്ങനെ നിലമ്പൂർ ഭാഗത്തുള്ള കുറച്ചു സുഹൃത്തുക്കളെ വിളിച്ച് അവിടത്തെ കാര്യങ്ങൾ അന്വേഷിച്ചു. ഭക്ഷണത്തിനായുള്ള വസ്തുക്കളെല്ലാം ധാരാളമായി ക്യാമ്പുകളിൽ എത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇനി ദുരിതബാധിതരായ ആളുകൾക്ക് വേണ്ടത് അവരുടെ നഷ്ടപ്പെട്ട വീട്ടുപകരണങ്ങളും മറ്റുമൊക്കെയാണ് എന്ന് അവരിൽ നിന്നും മനസ്സിലാക്കി.
അങ്ങനെയാണ് ഏതൊരു വീടിനും ഇന്ന് അത്യാവശ്യമായിട്ടുള്ള ഗ്യാസ് അടുപ്പുകൾ അവിടേക്ക് എത്തിച്ചു കൊടുക്കാമെന്നു ഞാൻ തീരുമാനിക്കുന്നത്. ഇത് കാണിച്ചുകൊണ്ട് ഫേസ്‌ബുക്ക് പേജിൽ ഉടൻതന്നെ ഒരു പോസ്റ്റ് ഇടുകയുണ്ടായി. പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു ആ പോസ്റ്റിനു ലഭിച്ച നല്ല പ്രതികരണങ്ങൾ. കേരളത്തിൽ നിന്നും മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സുഹൃത്തുക്കൾ ഇതിനായി പണമയയ്ക്കാൻ തുടങ്ങി. പോസ്റ്റ് ഇട്ട് ഒരുമണിക്കൂറിനകം 173,425 രൂപയാണ് നമ്മുടെ സുഹൃത്തക്കൾ അയച്ച് തന്നത്. അതുകൂടാതെ ചിലരെല്ലാം ഗ്യാസ് അടുപ്പുകൾ വാങ്ങി എത്തിച്ചു തരികയുമുണ്ടായി.
അതിനിടെ ഒരെണ്ണത്തിന് 1200 രൂപ വിലയിൽ ഗ്യാസ് അടുപ്പുകൾ തരാമെന്ന് പറഞ്ഞ് കൊടുങ്ങല്ലൂരിലുള്ള ഒരു ഗ്യാസ് ഡീലർ സമീപിച്ചു. സുഹൃത്തുക്കൾ അയച്ചു തന്ന പണം കൊണ്ട് അവ വാങ്ങാമെന്നു ഞാൻ തീരുമാനിച്ചു. അന്നു തന്നെ, അതായത് ആഗസ്റ്റ് 13 രാത്രി തന്നെ നിലമ്പൂരിലേക്ക് പോകുവാൻ ഞാൻ സന്നദ്ധനായി. ഒപ്പം വരുവാനായി സുഹൃത്തായ എറണാകുളം സ്വദേശി പ്രശാന്തിനെ വിളിച്ചിരുന്നുവെങ്കിലും നിർഭാഗ്യവശാൽ കോൾ കണക്ട് ആയില്ല. പുള്ളി തൃശ്ശൂരിലുള്ള ഭാര്യ വീട്ടിൽ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു എന്നു പിന്നീടാണ് അറിഞ്ഞത്.
അങ്ങനെ ചില സുഹൃത്തുക്കളും എന്നോടൊപ്പം ചേർന്നു. ഞങ്ങൾ രണ്ടു വണ്ടികളിൽ കയ്യിലുള്ള ഗ്യാസ് അടുപ്പുകളും കൊണ്ട് കൊടുങ്ങല്ലൂർ ലക്ഷ്യമാക്കി നീങ്ങി. എറണാകുളത്തു നിന്നും പ്രമുഖ ഫുഡ്വ്ലോഗറും സുഹൃത്തുമായ എബിൻ ചേട്ടനും ഒരു സുഹൃത്തും കൂടി അവരുടെ വണ്ടിയുമായി ഞങ്ങളോടൊപ്പം ചേർന്നു. കൊടുങ്ങല്ലൂരിൽ ചെന്നിട്ട് പിരിഞ്ഞു കിട്ടിയ പണം കൊണ്ട് ഗ്യാസ് അടുപ്പുകൾ വാങ്ങി മൂന്നു വണ്ടികളിലുമായി നിറച്ച് ഞങ്ങൾ നിലമ്പൂർ ഏരിയയിലേക്ക് യാത്രയായി. 170 ലധികം ഗ്യാസ് അടുപ്പുകളായിരുന്നു മൂന്നു വണ്ടികളിലുമായി ഞങ്ങളുടെ കൈവശമുണ്ടായിരുന്നത്.
രാവിലെ ഏഴു മണിയോടെ മലപ്പുറം ജില്ലയിലെ എടവണ്ണ എന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേർന്നു. ഇത്രയും സാധനങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുവാൻ ഞങ്ങളെ സഹായിക്കുന്നതിനായി ‘മാസ്റ്റർപീസ്’ എന്ന യൂട്യൂബ് ചാനലിലെ നിസാറും ആദിലും അവിടെ എത്തിച്ചേർന്നു. ചാലിയാറിന്റെ തീരങ്ങളിൽ ദുരന്തത്തിന്റെ ഭീകരമായ മുഖങ്ങൾ ഞങ്ങൾ കണ്ടുതുടങ്ങി. ദുരന്തത്തെക്കുറിച്ച് കൂടുതൽ വിശദമായി നിസാറും ആദിലും ഞങ്ങൾക്ക് വിവരിച്ചു തന്നു.
അങ്ങനെ ഞങ്ങൾ നിസാറിന്റെ വണ്ടിയുടെ പിന്നാലെ ദുരന്തം വേട്ടയാടിയ പ്രധാനമേഖലകളിലേക്ക് യാത്രയായി. നിലമ്പൂരിൽ എത്തിയപ്പോൾ അത്യാവശ്യം മഴയുണ്ടായിരുന്നു. പലയിടങ്ങളിലും വീടുകൾ തകർന്നടിഞ്ഞു കിടക്കുന്ന വിഷമകരമായ ദൃശ്യങ്ങളായിരുന്നു പിന്നീട് ഞങ്ങളെ വരവേറ്റത്. ചില വീടുകളിലൊക്കെ ഞങ്ങൾ വണ്ടി നിർത്തി പോയി നോക്കി. മിക്കവയും മൊത്തത്തിൽ നശിച്ച നിലയിലായിരുന്നു. വീട്ടുകാരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ് എന്ന് ഞങ്ങൾക്ക് അറിയുവാൻ സാധിച്ചു. ഗ്യാസ് അടുപ്പുകളുമായി അവിടെയെത്തിയ ഞങ്ങൾക്ക് അതിഭീകരമായ കാഴ്ചകൾ തന്നെയായിരുന്നു കാണുവാൻ സാധിച്ചത്.
ഞങ്ങൾ പിന്നീട് ക്യാമ്പായി പ്രവർത്തിക്കുന്ന ഒരു മദ്രസയിലേക്ക് ചെന്നു. അവിടെയുള്ള ആളുകളിൽ അർഹതപ്പെട്ടവർക്ക് നൽകുന്നതിനായി ഞങ്ങൾ കൊണ്ടുവന്ന 20 ഗ്യാസ് അടുപ്പുകൾ ബന്ധപ്പെട്ടവർക്ക് കൈമാറി. അതിനുശേഷം അടുത്ത ഏരിയയിലേക്ക് ഞങ്ങൾ യാത്രയായി. വഴിയരികിലെ കടകളും സ്ഥാപനങ്ങളും ഗോഡൗണുകളുമെല്ലാം നശിച്ചു കിടക്കുന്ന കാഴ്ചയായിരുന്നു പിന്നീട് ഞങ്ങളെ അലട്ടിയത്. അവിടെയുള്ള ആവശ്യക്കാരായ വീട്ടുകാരെ കണ്ടെത്തി ഞങ്ങൾ കൈവശമുള്ള ഗ്യാസ് അടുപ്പുകൾ അവർക്ക് നേരിട്ടു കൈമാറുകയാണ് ചെയ്തത്. വീടുകൾ നഷ്ടപ്പെട്ടവരുമായി നേരിട്ടു സംസാരിച്ചപ്പോൾ അവിടങ്ങളിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രകൃതിദുരന്തം സംഭവിച്ചിരിക്കുന്നതെന്ന് അറിയുവാൻ സാധിച്ചു.
പിന്നീട് ഉൾമേഖലയിലുള്ള പാതാർ തുടങ്ങിയ ദുരിതബാധിതപ്രദേശങ്ങളിലേക്ക് പോകുവാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ ഞങ്ങൾ വന്ന കാറുകൾ അവിടേക്ക് പോകുവാൻ സാധ്യമായിരുന്നില്ല. ഓഫ്‌റോഡ് വാഹനങ്ങൾക്കായി ഞങ്ങൾ അന്വേഷണമാരംഭിച്ചു. ഒടുവിൽ മഞ്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘കണ്ണട’ എന്ന കൂട്ടായ്മയിലെ യുവാക്കളുടെ സഹായത്താൽ ഓഫ്‌റോഡ് വഴിയിലൂടെ സഞ്ചരിക്കുവാൻ സാധിക്കുന്ന ജീപ്പുകൾ തരപ്പെടുത്തുകയും, ഞങ്ങളുടെ വാഹനങ്ങളിൽ നിന്നും സാധനങ്ങൾ എടുത്ത് ജീപ്പിൽ കയറ്റുകയും അതിൽക്കയറി ഞങ്ങൾ അവിടങ്ങളിലേക്ക് യാത്രയാകുകയും ചെയ്തു.
അവിടേക്കുള്ള യാത്ര വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല. ആ അവസരത്തിൽ ഓഫ്‌റോഡ് വാഹനങ്ങളാണ് അവിടേക്കുള്ള യാത്ര സുഗമമാക്കിയത്. പാതാർ എന്ന സ്ഥലമായിരുന്നു ഞങ്ങളെ കൂടുതലും ഞെട്ടിച്ചത്. ഒരു നിമിഷങ്ങൾ കൊണ്ട് അവിടത്തുകാർക്ക് നഷ്ടപ്പെട്ടത് വീടുകൾ മാത്രമായിരുന്നില്ല, അവരുടെ ആ നാട് കൂടിയായിരുന്നു. അവിടെ ഉരുൾപൊട്ടലിൽ തകർന്നു കിടക്കുന്ന പാതാർ അങ്ങാടിയും, പുതുതായി പണിത ഇരുനില വീടുമെല്ലാം ദുരന്തത്തിന്റെ പ്രതീകങ്ങളായി അവിടെ സ്ഥിതി ചെയ്യുന്നു. ചെളിയും വെള്ളവും നിറഞ്ഞ വഴികളിലൂടെ നടന്നു ഞങ്ങൾ ആവശ്യക്കാർക്ക് ഞങ്ങളുടെ കൈവശമുള്ള ഗ്യാസ് അടുപ്പുകൾ നേരിട്ടു കൈമാറി.
അങ്ങനെ ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ഗ്യാസ് അടുപ്പുകളെല്ലാം ആവശ്യമായ കരങ്ങളിൽത്തന്നെ എത്തിക്കുവാൻ സാധിച്ചു. അവിടെ ഞങ്ങൾക്ക് സഹായത്തിനായി എത്തിച്ചേർന്ന എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു, മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷത്തിലധികം രൂപ തന്നു സഹായിച്ച എല്ലാ സുഹൃത്തുക്കളും നന്മയുടെ പ്രതീകങ്ങൾ തന്നെയാണ്. എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് വിങ്ങുന്ന മനസ്സോടെ ഞങ്ങൾ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. മലപ്പുറത്തെ കാഴ്ചകൾ ദയനീയമാണ്. ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ അവർക്ക് ഇനിയും എന്താണ് ആവശ്യം എന്ന് മനസ്സിലാകും, അതനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുക. ഇതുപോലെ തന്നെയാണ് വയനാട്ടിലെ ചില പ്രദേശങ്ങളിലെ സ്ഥിതിയും. അവിടെയും ഇത്തരത്തിൽ സഹായങ്ങൾ എത്തിക്കുവാൻ ശ്രമിക്കുക.
ഗ്യാസ് stove വാങ്ങുന്നതിനു വേണ്ടി ഒരു മണിക്കൂർ കൊണ്ട് 173,425 രൂപയാണ് നമ്മുടെ സുഹൃത്തക്കൾ അയച്ച് തന്നത്. അത് പ്രകാരം വന്ന പണത്തിന്റെയും ചിലവിന്റെയും ബാങ്ക് സ്റ്റേറ്റ്മെന്റ് ഫേസ്‌ബുക്ക് പേജിൽ ഇട്ടിട്ടുണ്ട്. മുഴുവൻ ചെലവായ തുക 169,840. ബാക്കി 3585 രൂപ എന്റെ പക്കൽ ഉണ്ട്. അത് യുക്തിപൂർവ്വം ചെലവാക്കുന്നതായിരിക്കും. ഇതിനായി സഹകരിച്ച എല്ലാ സുഹൃത്തക്കൾക്കും നന്ദി. ഇനി എന്തെങ്കിലും പരിപാടികൾ ചെയ്യുന്നുണ്ടെങ്കിൽ പണമായി പിരിക്കുന്നതല്ല.