വർഷത്തിലൊരിക്കൽ 3 ദിവസം മാത്രം തുറക്കുന്ന എറണാകുളം ജില്ലയിലെ ഒരു വനപാത

വിവരണം – സുനീർ ഇബ്രാഹിം.

ഭൂതത്താൻകെട്ട്, തുണ്ടം വഴി മലയാറ്റൂർക്കുള്ള കാട്ടുപാതയിലൂടെയുള്ള യാത്ര, കാടിനെ സ്നേഹിക്കുന്നവർക്ക് ഒരു ദൃശ്യവിരുന്നാണ്‌. വർഷത്തിലൊരിക്കൽ 3 ദിവസം മാത്രം തുറക്കുന്ന ഒരു കാട്ടുപാത, അതാണ് തുണ്ടം കാടപ്പാത. വനം വകുപ്പിന്റെ അനുമതിയോടെ മലയാറ്റൂർ പളളിയിലേയ്ക്ക് പോകുന്ന ഭക്തർക്കായി തുറന്നു കൊടുക്കുന്ന ഈ കാട്ടുപാതയിലൂടെ ഞങ്ങൾ കഴിഞ്ഞയിടയ്ക്ക് യാത്ര ചെയ്തു.

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ 3 ദിവസത്തേക്കു പ്രവേശനം ഉണ്ടായിരിക്കും. വനപാലകർക്കു യാത്രികന്റെ വിവരങ്ങൾ നൽകി യാത്ര ചെയ്യാം. ഏതാണ്ട് 14 Km ദൂരമാണ്. ഏറ്റവും കൂടുതൽ ആനകൾ ഉള്ള ഒരു വനമേഖല ആണ്‌, വളരെ ശ്രദ്ധിക്കുക. ഏതാണ്ട് 9 മണിയോടെ പേര് വിവരങ്ങൾ നൽകി ബുള്ളെറ്റ്മായി ഞങ്ങൾ രണ്ടുപേർ വനത്തിൽ കേറി യാത്ര തുടർന്നു. അത്യാവശ്യം ഭീതിപെടുത്തുന്ന വനം, വലിയ നിശബ്ദത. മനുഷ്യരുടെ കൈകടത്തലുകൾ ഇല്ലാത്തതിനാൽ ആ വന്യത അതുപോലെ തന്നെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു ഭാഗത്ത് ഇടമലയാർ പതഞ്ഞൊഴുകുന്നു!.പ്രളയം താണ്ഡവമാടിയതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് . റോഡ് നിറയെ അധികം പഴക്കമില്ലാത്ത ആനപിണ്ഡങ്ങൾ ഏതൊരാളുടെയും നെഞ്ചിടിപ്പ് കൂട്ടും. അതും എല്ലാ 50 മീറ്ററിലും ഒഴിയാതെ ആനപിണ്ഡങ്ങൾ കിടക്കുന്നു. ആനപ്പേടി ഉള്ളിൽ ഉരുണ്ടു കൂടി തുടങ്ങി.

ഞങ്ങളോടൊപ്പമോ എതിരെയോ ഒരു വണ്ടി പോലും കണ്ടില്ല, ഉണ്ടായിരുന്നില്ല. വഴിയിൽ ഏതോ മൃഗത്തിന്റെ എല്ലിൻ കഷണങ്ങൾ ചിതറി കിടക്കുന്നത് കണ്ടു. ഫോറെസ്റ്റ് കാരുടെ ജീപ്പ് കേറി അത് കുറെയൊക്കെ പൊടിഞ്ഞുപോയിട്ടുണ്ട്. റോഡ് നിറയെ കരിയിലകലും, മറച്ചില്ലകളും, തൂങ്ങി ആടുന്ന വള്ളികളും ഒരു അനുഭവം തന്നെ. വണ്ടികൾ പോയതിന്റെ വലിയ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. ടയർറിന്റെ പാടുകൾ ഒന്നും അതികം കണ്ടതുമില്ല. 10 KM കഴിഞ്ഞു ഒരു ഫോറെസ്റ്റ് സ്റ്റേഷൻ ഉണ്ട്. അവിടെ എത്തിയപ്പോൾ ചെക്ക്പോസ്റ് താഴ്ത്തി വച്ചിരിക്കുന്നു. ഫോറെസ്റ്റ് കാർ ഞങ്ങളോട് ആനയെ കണ്ടോ എന്നു ചോതിച്ചു. ഇല്ല എന്നു മറുപടിയും പറഞ്ഞു. ഹോ ഭാഗ്യം കാണാതിരുന്നത് എന്നും പറഞ്ഞു അവർ ചിരിച്ചു. ഇന്നലെ ഒക്കെ റോഡിൽ ആകെ ആനയായിരുന്നു. ഇന്നത്തെ ആദ്യത്തെ വണ്ടി ഞങ്ങളുടെ ആണ്. വെറുതെ അല്ല ടയർ പാടുകൾ ഒന്നും കാണാതിരുന്നത്. ആദ്യം പോയി ആനയുടെ ചവിട്ടു കൊള്ളേണ്ട എന്നോർത്താണ് അല്പം വൈകി വന്നത്. അടിപൊളി ആയിട്ടുണ്ട്. നല്ല രസം ഉള്ള റൈഡ് ആണ്, കാടൊക്കെ കണ്ട് ആസ്വദിച്ചു യത്ര ചെയ്യാം. ഈ വർഷത്തെ ആദ്യത്തെ യാത്രികർ എന്ന സന്തോഷവും!!.

Route: ഭൂതത്താൻകെട്ടിൽ നിന്നും ഇടമലയാർ പോകുന്ന വഴിക്ക് പോയാൽ ഇടത് വശത്തേക്ക് ഒരു റോഡ് പോകുന്നുണ്ട്.വളരെ ശ്രദ്ധിച്ചു നോക്കിയാൽ കാടപ്പാറ എന്ന ബോർഡും കാണാം. അതിന്റെ എതിർവശത്തു ഒരു forest സ്റ്റേഷനും ഉണ്ട്. പ്ലാസ്റിക് വനത്തിൽ അനുവദിക്കില്ല, കൊണ്ടു വരാതിരിക്കുക. ഇടി മുഴക്കമുള്ള സൈലെൻസർ പിടിപ്പിച്ച വണ്ടികൾ കടത്തി വിടില്ല, സൗണ്ട് കുറഞ്ഞ വണ്ടി ആയി വരിക. പുഴയിലും വനത്തിലും അനുമതിയില്ലാതെ പ്രവേശനം ഇല്ല. റോഡിൽ മുള്ളുകൾ ഉള്ളതുകൊണ്ട് നല്ല ടയർ ഉള്ള വാഹനങ്ങൾ കൊണ്ടു പോവുക. ആർക്കും ഉപദ്രവമില്ലാതെ നിയമങ്ങൾ അനുസരിച്ചു പോകുക. അടുത്ത വർഷവും പോകണ്ടേ?? പ്രകൃതിയോട് മാന്യത കാണിക്കുക..