മലയാള മനോരമ പത്രവും വായിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്ന സായിപ്പ്. കേട്ടിട്ട് കൗതുകം തോന്നുന്നുണ്ടാകും അല്ലേ? എന്നാൽ ഇത് നടന്ന ഒരു സംഭവമാണ്. കൗതുകകരമായ ഈ സംഭവത്തിനു സാക്ഷ്യം വഹിച്ചതിനെക്കുറിച്ചും ആ സായിപ്പിനെക്കുറിച്ചും വിവരിക്കുകയാണ് കെഎസ്ആർടിസി എടത്വ ഡിപ്പോയിലെ കണ്ടക്ടറായ ഷെഫീഖ് ഇബ്രാഹിം. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ കൊടുക്കുന്നു.
ഇത് ടോം. ആനവണ്ടി യാത്ര ഇഷ്ടപ്പെടുന്ന ലണ്ടന്‍ സ്വദേശി. കഴിഞ്ഞ ദിനം എറണാകുളം – കായംകുളം ഡ്യൂട്ടിക്കിടയിലാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലേക്കുളള യാത്ര. ലളിതമായി വസ്ത്രധാരണം. അതിലും ലളിതമായിരുന്നു ഇടപെടല്‍. സാധാരണ വിദേശ സഞ്ചാരികളുടെ ജാഡയോ ഒന്നുമില്ലാതെയുളള ഇടപെടല്‍.
എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും അദ്ദേഹം മുന്‍വശത്തെ ഡോറിലൂടെ പ്രവേശിച്ച് ബസ്സിന്റെ ഏകദേശം മധ്യഭാഗത്ത് സൈഡ് സീറ്റിലായിരുന്നു ഇരുന്നത്. സീറ്റിലിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ഒരു മലയാള പത്രവും, ഒരു ഇംഗ്ളീഷ് പത്രവും. മലയാള മനോരമ പത്രമായിരുന്നു ആദ്യം ബസ്സില്‍ ഇരുന്ന് അദ്ദേഹം വായിച്ചത്. ടിക്കറ്റ് എല്ലാം കൊടുത്തു കഴിഞ്ഞപ്പോഴാണ് ഈ കൗതുക കാഴ്ച്ച എന്റെ കണ്ണിലുടക്കിയത്.
യാത്രക്കാരുടെ എണ്ണം കൃത്യമാണ് എന്ന് ഉറപ്പാക്കിയതിന് ശേഷം അദ്ദേഹത്തെ കൂടുതല്‍ അറിയണമെന്ന ആഗ്രഹത്തോടെ അരികിലെത്തി. ആംഗലേയ ഭാഷയില്‍ ഓരോ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി മലയാളത്തിലായിരുന്നു. പേര് ചോദിച്ചു. ടോം എന്ന് മറുപടി നല്കി. സ്ഥലം ഇംഗ്ളണ്ട്. അദ്ദേഹത്തിനായി സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നതിന് വേണ്ടി മലപ്പുറം എത്തിയതാണ്. ആലപ്പുഴക്കുളള യാത്ര ഇതാദ്യമല്ല.
നമ്മളുടെ നാടിന്റെ ഭംഗിയെക്കുറിച്ച് അദ്ദേഹം വാചാലനായി. വളരെയധികം ഇഷ്ടപ്പെടുന്നു പ്രത്യേകിച്ച് ആലപ്പുഴ. മലയാള ഭാഷയില്‍ ആണ് അദ്ദേഹം ഞാനുമായി സംസാരിച്ചത്. അദ്ദേഹത്തിന് സംസാരിക്കാന്‍ മാത്രമായിരുന്നില്ല. പത്രം വായിക്കുവാനും കഴിയുമെന്ന് പറഞ്ഞു. അതിനിടയില്‍ തിങ്കളാഴ്ച്ചത്തെ പണിമുടക്കിനെക്കുറിച്ചും ചോദിച്ചു. ഒരു വിഭാഗം മാത്രമാണ് പണിമുടക്കിയത് എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ എത്തിയതാണ്. പണിമുടക്ക് ദിനം പണികിട്ടുമെന്ന് മനസ്സിലാക്കിയ സായിപ്പ് യാത്ര ഒഴിവാക്കുകയായിരുന്നു എന്നും പറഞ്ഞു.
പൊതുവെ മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നമ്മള്‍ക്ക് എല്ലാം വ്യക്തമായി അറിഞ്ഞാലേ വിശ്വസിക്കുകയുളളു. അതുകൊണ്ടാകാം ടോം സായിപ്പിനോട് മലയാള പത്രം ഒന്നു വായിച്ചു കേള്‍പ്പിക്കാന്‍ കഴിയുമോ എന്ന്. അതുകേട്ട ഉടന്‍
അദ്ദേഹം മലയാള മനോരമയുടെ ഉള്‍പേജില്‍ മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വായിച്ചു കേള്‍പ്പിച്ചു. വായിച്ചതിന് ശേഷം അല്പം നാണത്തോടെ “എന്റെ ഉച്ചാരണം ശരിയാകുന്നില്ല. മലയാളം കുരച്ചു കുരച്ചു അരിയു” എന്ന്. പക്ഷേ, സാമാന്യം നന്നായി സായിപ്പ് പത്രം വായിച്ചു.
മലയാള ഭാഷയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഏറ്റവും കഠിനമായ ഭാഷ എന്നാണ്. ഒരു സായിപ്പ് അപ്രകാരം പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. പെട്ടെന്ന് അദ്ദേഹത്തിന് മറുപടി നല്കി മലയാളിക്ക് ലോകത്തിലെ ഏത് ഭാഷയും പഠിക്കുവാന്‍ എളുപ്പമാണ് എന്ന്. “കഴിഞ്ഞ ദിനം പണിമുടക്ക് ആയിരുന്നല്ലേ” എന്ന് ടോം എന്നോട് ചോദിച്ചു. KSRTC ആനവണ്ടിയാണ് യാത്രക്ക് എല്ലായ്പ്പോഴും തെരെഞ്ഞെടുത്തിരുന്നത്. മലയാള മനോരമ പത്രം വായിക്കുവാന്‍ എന്തുകൊണ്ട് തെരെഞ്ഞെടുത്തു എന്ന് ചോദിച്ചപ്പോള്‍ ലളിതമായ വാക്കുകള്‍ ആണ് മലയാള മനോരമ ഉപയോഗിക്കുന്നത് ആയതിനാല്‍ എളുപ്പത്തില്‍ വായിക്കുവാന്‍ കഴിയും. അദ്ദേഹത്തെ അഭിനന്ദിക്കുവാന്‍ മറന്നില്ല.
തിരക്കുളള സമയമായതിനാല്‍ കൂടുതല്‍ സംസാരിക്കുവാന്‍ കഴിഞ്ഞില്ല. ഇടക്ക് അദ്ദേഹത്തിനെ ശ്രദ്ധിച്ചിരുന്നു. ആലപ്പുഴ എത്തി ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ ഒരു ചിത്രം എടുക്കുവാനും മറന്നില്ല. whatsapp നമ്പറും നല്‍കിയിരുന്നു. ചിത്രം അദ്ദേഹത്തിന് അയച്ചു നല്‍കിയിരുന്നു. നല്ലൊരു സൗഹൃദം. മലയാളി എന്ന നിലയില്‍ മനസ്സിനെ സന്തോഷിപ്പ നിമിഷങ്ങള്‍ ആനവണ്ടിയാത്ര നല്കി.