വിവരണം – ദയാൽ കരുണാകരൻ.
ഓരൊ യാത്രയും ഓരോരൊ തട്ടിപ്പുകൾ നമുക്ക് സമ്മാനിക്കും. നമുക്ക് പറ്റുന്ന തട്ടിപ്പുകൾ നാലു പേര് അറിയിക്കുന്നത് കുറവായി കാണേണ്ട കാര്യമില്ലല്ലോ. നമ്മള് വെല്യ പപ്പൂള്ളയൊന്നുമല്ലല്ലോ. തന്നെയുമല്ല മറ്റുള്ളവർക്ക് തട്ടിപ്പുകളിൽ നിന്നും ഒഴിവാകാനുള്ള അവസരവുമാകുമല്ലോ. അവനവനു പറ്റുന്ന അപഹാരങ്ങൾ അന്യന് ഉപകാരമാവട്ടെ എന്ന് കവിമതം.
ഫാമിലി യാത്രികരെയാണ് സാധാരണ ഇത്തരം തട്ടിപ്പുകാർ ഉന്നം വക്കുന്നത്. ഉഗ്രപ്രതാപികളായ സോളൊ യാത്രികരെ ഈ കൂട്ടർക്ക് കാണുന്നതു പോലും ഭയമാണെന്നാണ് സോളൊകൾ പറയുന്നത്! പ്രത്യേകിച്ച് ഈ തട്ടിപ്പു വീരന്മാർ ലക്ഷ്യമിടുന്നത് താഴെപ്പറയുന്ന ഭാവഹാവാദികരെയാണ്. സ്ത്രീകളും കുട്ടികളടങ്ങുന്ന സംഘങ്ങളെ… അതുപോലെ നമ്മൾ ധൃതിപിടിച്ച് വരുന്നെന്ന തോന്നൽ കാണിക്കുന്നുണ്ടെങ്കിൽ. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെങ്കിൽ.
കഴിഞ്ഞ ദിവസം ഞങ്ങളുടെ ക്രിസ്മസ്- ന്യൂഇയർ യാത്രയുടെ ഭാഗമായി ദില്ലിയിൽ നിന്നും ആഗ്രയിലെത്തി. രാജാ കി മൻഡി സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോയിൽ ഞങ്ങൾ ടാജിലെത്തി. ഊബർ അവിടെ സർവ്വീസില്ല. ഒലക്ക് താമസവും. ഓട്ടോ സൗത്ത് ഗേറ്റിൽ ഞങ്ങളെ എത്തിച്ചു. അവിടെ നിന്നും ഞങ്ങൾ സൗത്ത് ഗേറ്റിലെ ടിക്കറ്റ് കൗണ്ടറിലേക്ക് നടക്കുമ്പോൾ കുറച്ചു ചെറുപ്പക്കാർ. 18-25 വയസ്സ് പ്രായക്കാർ അടുത്തുകൂടി. അവർ പറഞ്ഞത്. “വലിയ ടിക്കറ്റ് ക്യൂവാണ്. നിങ്ങൾ 1-2 മണിക്കൂർ ക്യൂ നിന്ന് വേണം ടിക്കറ്റ് എടുക്കാൻ. ഞങ്ങളുടെ കൈവശം ടിക്കറ്റുകളുണ്ട്. 50 രൂപ ടിക്കറ്റിന് 100 രൂപ.” അവന്റെ സർവ്വീസ് ചാർജ് 100 രൂപ.
അപ്പോൾ സമയം ഉച്ചക്ക് മൂന്നരയും. ഞാൻ തുടക്കത്തിൽ തന്നെ അവരുടെ സഹായം വേണ്ടെന്ന് പറഞ്ഞെങ്കിലും വൈകിട്ട് ടാജ് എക്സ്പ്രസ്സിൽ തന്നെ ദില്ലിയിലേക്ക് മടങ്ങേണ്ടതിനാൽ ഭാര്യയുടെ ഉത്കണ്ഠയും പ്രതി… ആയിക്കോട്ടെന്ന് കരുതി. അങ്ങനെ അവൻ പറഞ്ഞ തുക കൊടുത്തു.
അപ്പോൾ അവൻ പറഞ്ഞു. “ഈസ്റ്റ് ഗേറ്റിലാണ് അവന് ബന്ധപ്പെട്ടവരുള്ളത്. അവന്റെ കെയർ ഓഫിലായതിനാൽ വെറും രണ്ടു ഐഡി കാർഡ് മാത്രം മതിയെന്നും സൗജന്യിച്ചു. അതുകൊണ്ട് ഞങ്ങൾ അവന് പിന്നാലെ വരാൻ ആഹ്വാനിക്കുകയും ചെയ്തു. കുറച്ചു ദൂരം… ചില കടകളുടെ അടുത്ത് എത്തിയപ്പോൾ അവൻ പറഞ്ഞു – “അകത്തു കയറിയാൽ ആഹാരം കഴിക്കാൻ പറ്റില്ല. ഇവിടെ നിന്ന് എന്തെങ്കിലും കഴിക്കുക. മകനെ എന്റെ കൂടെ വിടുക. ടിക്കറ്റ് ഞാൻ എടുത്തു കൊടുത്തു വിടാം.”
അന്യസംസ്ഥാനമാണെങ്കിലും ഞങ്ങളുടെ പുന്നാര മകനെ ആ ഏജന്റ് സുമനസ്സിനൊപ്പം വിടുന്നതിൽ ഞങ്ങൾക്ക് ഉത്കണ്ഠയൊന്നുമില്ലായിരുന്നു. കാരണം ചംബലിലെ കൊള്ളക്കാർ അവനെ തട്ടിക്കൊണ്ടു പോയാലും പോയപോലെ അവർ പാഞ്ഞുവന്നു “അയ്യോ… ഭയ്യാ… നമുക്കു ഈ കോസ്റ്റിലി പ്രൊഡക്ടിനെ നോക്കാനുള്ള പാങ്ങില്ലേ” എന്ന് പറയുമെന്ന് അറിയാമായിരുന്നു. അപ്പോൾ ഈസ്റ്റ് ഗേറ്റ് എന്ട്രി വെറും 50 മീറ്റർ… ഞങ്ങക്ക് കാണാവുന്ന ദൂരത്തിലായിരുന്നു. അതുകൊണ്ട് മകനെ ഞങ്ങൾ അവനൊപ്പം പറഞ്ഞു വിടുകയും ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ ടിക്കറ്റ് ഏജന്റ് മടങ്ങി വന്നു. “മകന്റ്റെ കൈവശം ടിക്കറ്റുകൾ വാങ്ങി കൊടുത്തു. നിങ്ങൾ അങ്ങോട്ട് പൊയ്ക്കോളൂ” എന്നു പറഞ്ഞു. ഒരു വിശ്വാസത്തിന് ഞങ്ങൾ അവനെ കൂടി നിർബ്ബന്ധിച്ച് ഞങ്ങളുടെ ഒപ്പം അങ്ങോട്ട് ആനയിച്ചു. വലിച്ചിഴച്ച് കൊണ്ടു പോയെന്ന് പറയുകയാണ് ഭംഗി. അവിടെ എത്തിയപ്പോൾ അവൻ ധൃധി കാണിച്ച് പെട്ടെന്ന് ടിക്കറ്റുമായി ഞങ്ങളോട് അകത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. പക്ഷെ അവിടെ വലിയ ക്യൂ കാണാനില്ലായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ “ഇവിടെ മുമ്പിൽ തിരക്കൊന്നുമില്ല… അകത്തു വലിയ ക്യൂകൾ കാണും. എന്റെ കെയർ ഓഫ് ടിക്കറ്റുകൾക്ക് അകത്തു ക്യൂ നില്ക്കണ്ടതില്ല” എന്നൊക്കെ പറഞ്ഞ് തിരക്കുകൂട്ടി അകത്തേക്ക് പറഞ്ഞു വിട്ടു.
എനിക്ക് അപ്പോഴെ ഒരു തട്ടിപ്പു മണത്തിരുന്നു. വാസ്തവത്തിൽ അകത്ത് വലിയ തിരക്കുണ്ടായിരുന്നെങ്കിലും ക്യൂ നിന്നു പോകേണ്ട ഒരു സാഹചര്യവും ടാജ്മഹൾ പ്ളിന്തിന് പുറത്തില്ലായിരുന്നു. തന്നെയുമല്ല എന്ട്രി ഗേറ്റിൽ എത്തിയപ്പോൾ ബാക്കിയുള്ളവരുടെ ഐഡി കാർഡുകൂടി ആവശ്യപ്പെടുകയും ചെയ്തു. ആകെക്കൂടി ഒരു തിരക്കുള്ളത് താജ്മഹളിലേക്ക് കയറുന്ന 200 രൂപ എന്ട്രിയിൽ മാത്രമായിരുന്നു. അവിടെ ആകട്ടെ ക്യൂവിന് പകരം ഒരു ആൾക്കൂട്ടം മാത്രമായിരുന്നു കാണാൻ കഴിഞ്ഞത്.
അതായത് ഇവൻ ഞങ്ങളെ പക്കാ പറ്റിക്കലായിരുന്നു നടത്തിയത്. രണ്ടു ഐഡിയും കാട്ടി ടിക്കറ്റ് എടുത്തത് തന്നെ ഞങ്ങളുടെ മകൻ. അവൻ ആ കൗണ്ടറിന്റ്റെ അടുത്തു പോലും നമ്മുടെ തട്ടിപ്പു ഭായി പോയിട്ടില്ല. ഓൻ ആരെയും ഫോണിൽ വിളിച്ചിട്ടുമില്ല. നമ്മുടെ കാശു കൊടുത്തു നമ്മൾ ടിക്കറ്റെടുത്തു. ഓൻ വെറുതെ ഞങ്ങളുടെ 300 രൂപ പറ്റിച്ചെടുക്കുകയും ചെയ്തു.
ഇത് താജ്മഹലിലെ തട്ടിപ്പ്.. ഇനി നമ്മൾ ഒരിത്തിരി നോർത്ത് ഇന്ത്യൻ ഡെക്കറേഷനുമൊക്കെ പൂശി തിരുവനന്തപുരത്ത് ശ്രീപത്മനാഭന്റ്റെ മുമ്പിൽ പോയി നിന്ന് വാ തുറന്നു ഏതെങ്കിലും ഹിന്ദി സിനിമയിലെ ഒരു കുഞ്ഞൻ ഡയലോഗ് വെറുതെ ഒന്നു പറഞ്ഞു നോക്കുക. അല്ലെങ്കിൽ ഏതെങ്കിലും ഷോപ്പുകാരോട് ‘കിത്തനാ റുപ്പയാ’ എന്ന് ചോദിച്ചാൽ മതി. നിങ്ങൾ ഹിന്ദിവാല ആണെന്ന് അറിയുന്ന മാത്ര, ഇതുപോലെ എന്തോരം പൈലുകൾ നിങ്ങടെ ചുറ്റും കൂടുമെന്ന് അറിയാമോ. കായ് തന്നാൽ നമ്മ പപ്പനാവനെ വേണോങ്കിൽ ചാക്കിൽ കെട്ടി പുറത്തെത്തിച്ചു തരാമെന്നും പറയും.
ശ്രദ്ധിക്കുക – ടാജ്മഹളിൽ കയറാൻ ഓരൊ ഗേറ്റിലെയും വെസ്റ്റ്, സൗത്ത്, ഈസ്റ്റ് കൗണ്ടറുകൾക്ക് മുമ്പിൽ തിരക്കില്ലെങ്കിൽ ടിക്കറ്റ് നമ്മൾക്ക് തന്നെ എടുക്കാവുന്നതാണ്. നമ്മൾ അവിടെ എത്തുമ്പോൾ വലിയ ക്യൂ ഉണ്ടെങ്കിൽ ടിക്കറ്റും ആർക്കയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ചിപ് കണ്ടെയ്ന്ഡ് ടോക്കണും ഒറിജിനൽ ആണോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇത്തരം കുറുക്കു വഴികൾ തേടാവൂ.
താജ്മഹൽ കാണുന്നതിന് ആളൊന്ന് 50 രൂപ ടിക്കറ്റിൽ മെയിൻ ഗേറ്റുകൾ കടന്ന് ടാജ്മഹളിന്റ്റെ പ്ളിന്തിന് പുറത്തുള്ള ഇടങ്ങളിൽ മാത്രമേ സാധിക്കുകയുള്ളൂ. വെറും ഫോട്ടോ എടുക്കാൻ വേണ്ടി വരുന്നവർ, പതിവു സന്ദർശകർ എന്നിവർക്ക് 50 രൂപ ടിക്കറ്റിന്റെ ആവശ്യമേയുള്ളൂ. ടാജ്മഹൾ നില്ക്കുന്ന പ്ളിന്തിൽ നിന്നും ടാജ്മഹളിലേക്ക് കയറണമെങ്കിൽ 200 രൂപ ടിക്കറ്റ് എടുക്കണം. ആദ്യമേ പുറത്തു ഗേറ്റിൽ നിന്നും 250 രൂപ കൊടുത്ത് ഫുൾ എന്ട്രി വാങ്ങുന്നതാണ് നല്ലത്.