തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ കടലോരത്ത് സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ വേളാങ്കണ്ണിയിൽ എത്തുന്നുണ്ട്. തീർത്ഥാടകരിൽ നല്ലൊരു ശതമാനവും മലയാളികൾ ആണ് എന്നുള്ളതാണ് മറ്റൊരു കാര്യം.
ജാതിമതഭേദമന്യേ വേളാങ്കണ്ണിയിൽ എത്തുന്ന മലയാളി തീർത്ഥാടകരെ കാത്ത് കച്ചവടക്കണ്ണോടെ വമ്പൻ സ്രാവുകളാണ് ഇന്ന് വേളാങ്കണ്ണിയിലും പരിസരപ്രദേശങ്ങളിലുമായി വിഹരിച്ചിരിക്കുന്നത്. ഏതാണ്ട് പഴനിയിലും ഇതേ അവസ്ഥ തന്നെയാണ്. എങ്ങനെ പാവം തീർത്ഥാടകരെ വിശ്വാസത്തിന്റെ പേരിൽ പറ്റിക്കാം എന്ന വിഷയത്തിൽ PHD എടുത്തവരാണ് അവിടത്തെ ആളുകൾ എന്നു നമുക്ക് തോന്നിപ്പോകും വിധത്തിലാണ് അവരുടെ ഓരോരോ നമ്പരുകൾ. ഇത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് എറണാകുളം സ്വദേശിയായ ഷെല്ലി ജോർജ്ജ്. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് താഴെ കൊടുക്കുന്നു.
“എനിക്ക് പറ്റിയ അമളി, മണ്ടത്തരം നിങ്ങൾക്കു പറ്റരുത് എന്നാഗ്രഹത്തോടെ ആണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞത് എൻ്റെ രണ്ടാമത്തെ വേളാങ്കണ്ണി യാത്ര ആയിരുന്നു. ഇതിനു മുൻപ് പോയത് 15 വർഷം മുൻപ് 2004 നവംബറിൽ (അതു കഴിഞ്ഞ് ഒരു മാസം ആയപ്പോൾ അവിടെ സുനാമി കേറി നിരങ്ങിയെന്നത് വേറൊരു സത്യം).
താൽപര്യമില്ലാഞ്ഞിട്ടും വേളാങ്കണ്ണിയിൽ പോയത് അമ്മയുടേയും ഭാര്യയുടേയും നിർബന്ധത്തിന് വഴങ്ങി. വേളാങ്കണ്ണിയിൽ തന്നെ കുഞ്ഞിനെ ആദ്യമായി മൊട്ടയടിക്കുക എന്ന അടിയുറച്ച വിശ്വാസം മനസ്സിൽ വേരുറച്ച ഭാര്യ പോലും അവിടത്തെ മൊട്ടയടിക്കച്ചവടത്തിൽ മനമുരുകി അത് വെറുത്തു പോയി എന്നതാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്. സംഭവം ഞാൻ താഴെ വ്യക്തമാക്കുന്നു. അതിന് മുൻപ് “എത്രയോ ക്യാഷ് വെറുതെ കളയുന്നു, ഈ ചെറിയ എമൗണ്ട് പോയതിനാണോ ഇത്ര വലിയ പോസ്റ്റ്” എന്ന കമൻ്റ് നിരോധിച്ചിരിക്കുന്നു. വായിക്കുക.
കുഞ്ഞിന് ഒരു വയസ്സായ ദിനം തന്നെ ഞങ്ങൾ ഉച്ചയോടെ വേളാങ്കണ്ണിയിൽ എത്തി. തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ AC റൂം എടുത്ത് വൈകുന്നേരം 6 മണിയോടെ മെയിൻ ചർച്ചിൽ എത്തി. എൻ്റെ അമ്മ, ഭാര്യയോട് അവിടെ ചെയ്യാൻ പറഞ്ഞു എൽപിച്ച നേർച്ചകളൊക്കെ കഴിച്ച് അവിടെ പള്ളി വക മൊട്ടയടിക്കൽ മഹാമഹം നടത്തുന്ന ഹാളിലെത്തി. അതിന് ആകെ 30 രൂപ ചിലവുള്ളൂ. കൗണ്ടറിൽ നിന്നും 30 രൂപയുടെ റസീറ്റും ഒരു പുതിയ ബ്ലേഡും കിട്ടി. അതിനുള്ളിൽ തൊഴിലാളികളായ മൊട്ടയടി ബാർബേറിയൻസ് (ക്ഷമിക്കണം, ബാർബേറിയൻ എന്ന വാക്ക് അവൻ കാണിച്ച പരിപാടിക്ക് സ്യൂട്ടാണ്) ഉണ്ട്.
എൻ്റെ മകളുടെ തലയിൽ ചോരപ്പുഴ വരാതിരിക്കാൻ ഞാൻ ആദ്യമേ അവനു കയ്യിലുണ്ടായ ചില്ലറ 50 രൂപ നീട്ടി. അവൻ പറഞ്ഞു മൊട്ടയടി കഴിയട്ടെ എന്നിട്ടാവാം കൂലി (കൈക്കൂലി. ഇവൻ്റെ കൂലി ഒക്കെ ആദ്യ മുപ്പതിൽ പെടും. അതാണ് കൈക്കൂലി എന്ന് എടുത്തു പറഞ്ഞത്. നല്ല ഭാഷയിൽ ഇതിനെ ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്നു പറയാം). അവൻ ബ്ലേഡ് തലയിൽ വെച്ചതും മകളുടെ തലയിൽ ഒരു വെള്ള വര കണ്ടു. തൊലിക്ക് താഴെയുള്ള ആദ്യ പാളിക്ക് വെള്ള നിറമാണല്ലോ. പണി പാളിയോ, അവൾ ഇപ്പ കരയും എന്ന് വിചാരിച്ചിരുന്ന ഞങ്ങളെ അത്ഭുത പരതന്ത്രരാക്കി അവൾ ഒരക്ഷരം മിണ്ടാതെ ബാർബേറിയൻ്റെ കടന്നാക്രമണത്തിന് അനുവദിച്ചു കൊടുത്തു. ഒന്നര മിനിറ്റിൽ എല്ലാം കഴിഞ്ഞ് മകളെ ഭാര്യ എടുക്കുന്നു.
പേഴ്സിൽ ഉള്ള ചേഞ്ച് എടുക്കാതെ ഒരു നൂറ് രൂപ അവന് നേരെ നീട്ടി നൂറിൽ നിന്നും 50 ചേഞ്ച് ഇവനിൽ നിന്നും വസൂലാക്കാം എന്ന എന്നിലെ ദുഷ്ട ബുദ്ധി എനിക്ക് തന്നെ വിനയായി. അവൻ പറഞ്ഞു “സെയ്ഞ്ച് ഇല്ല സേട്ടാ.. ഒത്തപ്പുള്ളയല്ലയാ, ഇങ്കെ മുതൽ തടൈവ്, 100 താ സേട്ടാ.. മാതാവ് കാപ്പാത്തിടുമേ”. പുല്ല്! ഞാൻ പിന്നെ ആ 100 കൊടുത്ത് ഹാളിനു പുറത്തത്തി. “കുഞ്ഞിൻ്റെ തലയിൽ ഒന്നും തേക്കേണ്ടേ” എന്ന് ഭാര്യ ചോദിച്ചപ്പോൾ പുറത്ത് അതിന് ആളുണ്ട് എന്നു ബാർബർ പറഞ്ഞിരുന്നു.
മകളുടെ തല ഞാൻ വെള്ളത്തിൽ കഴുകി. അതിന് ശേഷം അവൻ എൻ്റെ കയ്യിൽ ഒരു സ്പൂൺ വെള്ളത്തിൽ മിക്സ് ചെയ്ത മഞ്ഞൾ അരപ്പ് തന്നു. (അതിൽ ചന്ദനം ഉണ്ടാകുമോ എന്തോ, മാതാവിനു പോലും അത് മനസ്സിലാകില്ല). ഞാൻ കുഞ്ഞിൻ്റെ തലയിൽ ചന്ദനം പുരട്ടിയ ശേഷം എൻ്റെ കൈ കഴുകാൻ മാതാവിൻ്റെ വെള്ളം തന്നെ ഉപയോഗിച്ചു. കൈ കഴുകിയ ശേഷം ഞാൻ വെള്ളം രുചിച്ചു നോക്കി. വേളാങ്കണ്ണിയിലെ സ്വതസിദ്ധമായ നൈസ് ഉപ്പുരുചി. ചെറുതായി കയ്യിൽ പുരണ്ട മഞ്ഞളിൻ്റെ രുചിയും.
അത് കഴിഞ്ഞ് അവൻ ഒന്നരയിഞ്ച് നീളം X അര MM കനത്തിലുള്ള 3 സ്റ്റീൽ രൂപങ്ങൾ തന്നു. 4 കളർ മെഴുകു തിരിയും. എല്ലാം കഴിഞ്ഞ് എത്ര രൂപയായി എന്ന് ഞങ്ങൾ ചോദിച്ചു. അവൻ കാൽക്കുലേറ്റർ എടുത്ത് കണക്കു കൂട്ടിയിട്ട് പറഞ്ഞു 580 രൂഭാ !!!
ഞാനും വൈഫും മുഖത്തോട് മുഖം നോക്കി നെടുവീർപ്പിട്ടു. വൈഫിൻ്റെ മുഖത്ത് “എൻ്റെ മാതാവേ, എനിക്കിട്ട് തന്നെ നീ ഒടുക്കം താങ്ങിയല്ലോ ” എന്ന ഭാവം. ഞാനവൻ്റെ കയ്യിൽ 600 രൂഭാ കൊടുത്തു. ബാക്കി 20 രൂപ അവൻ ചിരിച്ചു കൊണ്ട് തിരികെ തന്നു. പിന്നെ ഒരു ചെറിയ കടലാസ് കവറിൽ ആ മൂന്നു സ്റ്റീൽ രൂപങ്ങളും ഇട്ട് എൻ്റെയും വൈഫിൻ്റേയും മകളുടേയും പേരെഴുതിയിട്ട് പറഞ്ഞു. “ഇന്ത കവർ ചർച്ചിലെ ഫാദറിക്കിട്ടെ കൊടുങ്ക്. പുള്ളയുടെ കൈ/കാല്ക്ക് യെതാവത് വേറെ നേർച്ചൈ വേണവാ”?
എൻ്റെ പൊന്നോ ഇനിയൊന്നും വേണ്ടായെ എന്ന ഭാവത്തിൽ ഞങ്ങൾ അതും വാങ്ങി അവിടെ നിന്നും ഇറങ്ങാൻ പോകുമ്പോൾ ആ കടയിലെ ഒരുത്തൻ വന്ന് മാതാവിൻ്റെ വെള്ളം എടുത്ത് അഴുക്കായ അവൻ്റെ കൈ കഴുകുന്നു. കടയുടെ മൂലയ്ക്ക് വേറൊരു തല മൂത്തവൻ അഞ്ഞൂറിൻ്റേയും രണ്ടായിരത്തിൻ്റേയും നോട്ടുകെട്ടുകൾ എണ്ണുന്നു. അടിപൊളി. ഞങ്ങൾ അതും വാങ്ങി കടപ്പുറത്തേക്ക് പോയി. തിരിച്ച് വരും വഴി ചില ‘ഏതെടുത്താലും 10, 20, 40 രൂപ വിലയുള്ള’ കടകളിൽ കയറി. അവിടെ ചില കടകളിൽ ഞങ്ങളുടെ കയ്യിൽ മാതാവിൻ്റെ ദൂതൻ തന്ന കവറിൽ ഉണ്ടായിരുന്ന പോലത്തെ സ്റ്റീൽ രൂപങ്ങൾ ഞങ്ങളെ നോക്കിച്ചിരിക്കുന്നു.
എല്ലാം കഴിഞ്ഞ് അവൻ തന്ന രൂപങ്ങൾ പളളിയിലെ ഫാദറിൻ്റെ കയ്യിൽ കൊടുക്കാൻ ചെന്നപ്പോൾ അവിടെ നൂറു കണക്കിനാളുകൾ അൽത്താരക്ക് മുൻപിൽ ക്യൂ നിന്ന് അവിടത്തെ പെട്ടികളിൽ പല പല സാധനങ്ങളും ചില പെട്ടികളിൽ പണവും നിക്ഷേപിക്കുന്നു. അവിടത്തെ ഒരു ജീവനക്കാരൻ്റെ നിർദ്ദേശപ്രകാരം ഞങ്ങളുടെ കവർ ”ഒരു പെട്ടിയാകുന്ന പളളിയിലെ അച്ചനിലേക്ക് ” ഞങ്ങളും നിക്ഷേപിച്ചു സംതൃപ്തരായി ഹോട്ടൽ റൂമിലേക്ക് പോയി.
പോകും വഴി എൻ്റെ മനസ്സിലുള്ള ചിന്ത ഇതായിരുന്നു. ”ഇത് പള്ളിക്കമ്മറ്റി അറിഞ്ഞുള്ള പരിപാടി ആണേൽ ഞങ്ങൾ പെട്ടിയിൽ നിക്ഷേപിച്ച സ്റ്റീൽ ഐറ്റംസ് റീസൈക്കിളിങ്ങ് ആയി ആ കടയിൽ തന്നെ തിരിച്ച് എത്തുമോ? അങ്ങിനെ ആണേൽ ഹൗ ബ്യൂട്ടിഫുൾ ബിശ്വാസം ഈസ് ദിസ് … മാതാവ് ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?”
റൂമിലെത്തിയ ശേഷം അവിടെ കണ്ട അന്യസംസ്ഥാരക്കായ ഭക്തർ (നോർത്ത് ഇന്തൃൻ ക്രിസ്ത്യാനികൾ ആണെന്ന് തോന്നുന്നു) മുറിത്തേങ്ങയും മറ്റും ഒരു പ്ലേറ്റിൽ വാങ്ങിക്കൊണ്ടു പള്ളിയുടെ ഉള്ളിലേക്ക് പോകുന്നത് കണ്ട കാര്യം കൗതുകത്തോടെയും നർമ്മത്തോടെയും ഭാര്യ എന്നോട് പറഞ്ഞു. അവളോട് ഞാൻ തിരിച്ചു പറഞ്ഞു “യൂറോപ്പിൽ നിന്ന് പ്രചാരണം കൊണ്ട ക്രിസ്തീയ വിശ്വാസത്തിൽ കല്യാണത്തിന് വെഡ്ഡിങ്ങ് റിങ്ങ് കൈമാറുക എന്ന വിശ്വാസമാണ് യഥാർത്ഥത്തിൽ ഉള്ളത്. അത് ഇന്ത്യയിൽ താലികെട്ടുക എന്നതിലേക്ക് മാറിയത് ഇന്ത്യയിലെ പ്രാദേശികമായ ആചാരങ്ങളുടെ സ്വാധീനത്തിലെ കൂട്ടിച്ചേർക്കലോടു കൂടി വന്ന വിശ്വാസമാണ്. അതു പോലെ തന്നെയാണ് ഈ നോർത്ത് ഇന്ത്യയിലെ ഹൈന്ദവ ക്ഷേത്രങ്ങളിലേതു പോലെ വേളാങ്കണ്ണിയിലും മുറിത്തേങ്ങ താലത്തിൽ പള്ളിയിലേക്ക് കൊണ്ട് പോകുന്ന വിശ്വാസവും, തമിഴ്നാട്ടിലെ പഴനിയിലെ പോലെ പ്രാദേശികമായി മുടി മൊട്ടയടിക്കൽ വിശ്വാസവും വേളാങ്കണ്ണിയിൽ എത്തിയത്. പ്രാദേശിക വിശ്വാസത്തെ വേളാങ്കണ്ണിയിലെ കച്ചവടക്കാർ വളമാക്കുന്നു. അല്ലാതെ വേറെ ഒരു അടിത്തറ ഇതിനൊന്നും ഉണ്ടാകില്ല.”
NB : ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ച കാര്യമാണ് ഏറ്റവും രസം. ഞാൻ മാതാവിൻ്റെ വെള്ളക്കടയിൽ കൊടുത്ത 600 രൂപയിൽ തിരികെ കിട്ടിയ ഒരു 20 രൂപയുണ്ടല്ലോ. അത് ഒരു ഉഡായിപ്പ് കീറിയ പഴയ നോട്ടായിരുന്നു. ഞങ്ങൾ പത്തു രൂപ, ഇരുപത് രൂപ സാധനങ്ങൾ വാങ്ങാനായി കടയിൽ കയറിയപ്പോൾ ആ കീറിയ നോട്ട് കട മുതലാളിമാർ തിരികെ തരുന്നു. നോട്ട് ഡാമേജ് ആണത്രെ. അതോടെ അതുവരെ അടക്കിപ്പിടിച്ച എന്നിലെ ആത്മീയ രോഷം ആളിക്കത്തി. ആ നോട്ട് തന്നിടത്ത് തിരികെ ഏൽപിക്കണം എന്ന വാശിയായി. പക്ഷേ എൻ്റെ ഭാഗ്യത്തിന് അത് വരും വഴി സാധനങ്ങൾ വാങ്ങിയ വേറൊരു കടയിലെ ആൾ പരിശോധിക്കാതെ എടുത്ത് അയാളുടെ പണപ്പെട്ടിയിലിട്ടു.
എൻ്റെ സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഇനി വേളാങ്കണ്ണിയിൽ പോകുന്നവർക്ക് (പോകുന്നതിനു മുൻപ് എനിക്ക് കിട്ടിയിരുന്നേൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയ) ചില ഉപദേശങ്ങൾ പറയുന്നു. താൽപര്യമുള്ളവർ എടുക്കുക. അല്ലാത്തവർ മറ്റേ ചെവിയിലൂടെ പുറത്തേക്ക് കളയുക.
വേളാങ്കണ്ണി പള്ളിയിൽ പോകുന്നതും അവിടെ ചെന്ന് കുഞ്ഞിൻ്റെ തല മൊട്ടയടിക്കുന്നതും നിങ്ങളുടെ വിശ്വാസം, അത് നിങ്ങളെ രക്ഷിക്കട്ടെ. ഓക്കെ ഓക്കെ. എന്നാൽ 30 രൂപ ടോക്കൺ എടുത്ത് മൊട്ടയടിക്കുമ്പോൾ മുടി മുറിക്കുന്നവന് പണം കൊടുക്കേണ്ട കാര്യം ഇല്ല. അങ്ങിനെ കൊടുക്കുകയാണേൽ തന്നെ വല്ല 20, 30 ചില്ലറയായി ടിപ് കൊടുക്കുക. 100 അല്ല 50 കൊടുത്ത് ബാക്കി തരാൻ പറഞ്ഞാൽ അവൻ്റെ കയ്യിലൊക്കെ ഒരു കാലത്തും ചേയ്ഞ്ച് ഉണ്ടാകില്ല.
ഒരു ചെറിയ പാക്കറ്റ് മഞ്ഞൽ വാങ്ങി കയ്യിൽ വെക്കുക. കൂടെ രണ്ട് ലിറ്റർ വെളളവും. നമുക്ക് തന്നെ ചെയ്യാനേ ഉള്ളൂ തേക്കലും കഴുകലും. അവിടെത്തന്നെ ഒരു പാട് കടകളിൽ പത്ത്, ഇരുപത്, മുപ്പത് രൂപയ്ക്ക് ഒട്ടു മിക്ക സാധനങ്ങളും കിട്ടും. മെഴുകുതിരിയും സ്റ്റീൽ രൂപങ്ങളും കൂട്ടി ഒരു 60-100 രൂപ ആവും മാക്സിമം.”
ഈ പോസ്റ്റിന് മാക്സിമം ഷെയർ തരിക. തട്ടിപ്പ് പരമാവധി ജനങ്ങൾ മനസ്സിലാക്കട്ടെ. അപ്പോൾ ഇനി വേളാങ്കണ്ണിയിൽ പോകുന്നവർ ഈ കാര്യങ്ങൾ ഒന്ന് മനസ്സിൽ ഓർത്തു വെക്കുക. അറിഞ്ഞുകൊണ്ട് പറ്റിക്കപ്പെടാൻ നിൽക്കരുത്.