തട്ടിപ്പുവീരന്മാർ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ; എല്ലാവരും ജാഗ്രത പാലിക്കുക !!

യൂസ്‌ഡ്‌ സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നവരാണ് നമ്മളിൽ പലരും. അതിനായി OLX തുടങ്ങി ധാരാളം മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇതുവഴി സാധനങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരുമെല്ലാം ഇനി അൽപ്പം ജാഗ്രത പാലിക്കേണ്ടതായുണ്ട്. കാരണം കള്ളന്മാരും തട്ടിപ്പുകാരുമൊക്കെ ഇപ്പോൾ പൂണ്ടു വിളയാടുന്നത് ഇത്തരം സൈറ്റുകളിലാണ് എന്നാണു പോലീസ് നൽകുന്ന വിവരം.

ഇതിനെക്കുറിച്ച് കേരള പോലീസ് ഫേസ്‌ബുക്ക് പേജിൽ വന്ന കുറിപ്പ് ഇങ്ങനെ.. “ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണിയായ olx പോലുള്ള സൈറ്റുകളിൽ വാഹനങ്ങളുടെയും വസ്തുക്കളുടെയും വിൽപനയുടെ മറവിൽ തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാങ്ങുന്നവർ മാത്രമല്ല വിൽക്കുന്നവരും കരുതലോടെ ഇരുന്നില്ലെങ്കിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വില്പനയ്‌ക്കെന്ന പരസ്യത്തിൽ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും, കൊറിയർ ചാർജെന്ന പേരിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിന്റെ രീതി.

ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. വാഹനങ്ങളും മൊബൈൽ ഫോണുകളുമൊക്കെയാണ് ഇതിനായി തട്ടിപ്പുകാർ ഇരകൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുന്നത്. യഥാർത്ഥ ഇടപാടുകാർ നൽകുന്ന പരസ്യത്തിൽ ഉള്ള ഫോട്ടോകളും മറ്റും ഡൗൺലോഡ് ചെയ്തെടുത്താണ് ഇതിനായി ഉപയോഗിക്കുന്നത്.

ഏതൊരു വ്യക്തിക്കും സെല്ലറായി ആമസോൺ, ഈബേ, ഒഎൽഎക്സ് തുടങ്ങിയവ മുഖേന സാധനങ്ങൾ വിൽക്കാം. പക്ഷേ ഇവരുടെ ആധികാരികത ഉറപ്പു വരുത്തേണ്ടത് ഉപഭോക്താവാണ്. ഉദാഹരണമായി ആമസോൺ, ഈബേ പോലുള്ള സൈറ്റുകളിൽ റിവ്യൂ സിസ്റ്റം വച്ചിട്ടുണ്ട്. റിവ്യൂകൾ വായിച്ചു നോക്കുക. വെരിഫൈഡ് പർച്ചേസ് ആണോ എന്ന് ചെക്ക് ചെയ്യുക. സ്റ്റാർ റേറ്റിംഗ് നോക്കുക.

അതേപോലെ തന്നെ ദൂരസ്ഥലങ്ങളി‍ൽ സാധനങ്ങൾ വിൽക്കാനും വാങ്ങാനും പോകുന്നവരുടെ പണവും സാധനങ്ങളും ബലമായി തട്ടിക്കൊണ്ടുപോകുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഐഡൻറിറ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പണമിടപാടുകൾക്ക് മുതിരാവൂവെന്നത് വിനീതമായി ഓർമിപ്പിക്കുന്നു.”

ദിവസങ്ങൾക്കു മുൻപാണ് ബെംഗളൂരുവിൽ OLX വഴി ബൈക്ക് വാങ്ങുവാനെന്ന വ്യാജേന ഒരാൾ ബൈക്കും കൊണ്ട് കടന്നുകളഞ്ഞത്. അതേപോലെ തന്നെ മലപ്പുറത്ത് സമാന രീതിയിൽ കള്ളൻ കടത്തിക്കൊണ്ടു പോയത് ഒരു സ്വിഫ്റ്റ് കാർ ആയിരുന്നു. രണ്ടു സംഭവങ്ങളിലും പോലീസിന്റെ മിടുക്കോടെ ആളെ പൊക്കുവാൻ സാധിച്ചു. ഈ സംഭവങ്ങളിൽ നഷ്ടപ്പെട്ടത് വലിയ സാധനങ്ങൾ ആയതുകൊണ്ട് ആളുകൾ പരാതി നൽകി. എന്നാൽ ഇത്തരത്തിൽ പറ്റിക്കപ്പെട്ട് നാണക്കേട് മൂലം എത്രയോ ആളുകൾ സംഭവം പുറത്തുപറയാതെ ഇരിക്കുന്നുണ്ടാകും?

ഇതേ രീതിയിൽ പലയിടങ്ങളിലായി തട്ടിപ്പുകൾ അരങ്ങേറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേരള പോലീസ് ഇത്തരത്തിൽ ഒരു കുറിപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയർ ചെയ്തത്. അതുകൊണ്ട് അപരിചിതരുമായി യൂസ്‌ഡ്‌ സാധനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ എല്ലാവരും നല്ലവണ്ണം ജാഗ്രത പുലർത്തേണ്ടതായുണ്ട്. ഈ കുറിപ്പ് കഴിവതും എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കുക. ഇനിയാരും ഇത്തരത്തിൽ പറ്റിക്കപ്പെടാതിരിക്കട്ടെ.