ഇത് ഇന്ത്യൻ അന്റാർട്ടിക്കയോ? ലേ – മണാലി റൂട്ടിലെ അതി ദുർഘടമായ വഴിയിലൂടെയുള്ള യാത്ര

ലേ – മണാലി ഹൈവേയിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. യാത്രയിലുടനീളം പലരീതിയിലുള്ള ദുർഘടമായ അവസ്ഥകളെ ഞങ്ങൾക്ക് നേരിടേണ്ടതായി വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഒരിടത്ത് ഒരു ചെറിയ അരുവി കടന്നു പോകേണ്ടി വന്നത്. ബൈക്ക് റൈഡർമാരെല്ലാം വളരെ പ്രയാസപ്പെട്ടായിരുന്നു അതുവഴി കടന്നു പോയിരുന്നത്. എമിൽ അനായാസമായി അതുവഴി വണ്ടിയോടിച്ചു കൊണ്ടുപോയി. റോഡുകളുടെ അവസ്ഥ ചെല്ലുന്തോറും മാറിക്കൊണ്ടിരുന്നു. ചിലയിടത്ത് റോഡ് വളരെ മോശമാകുമ്പോൾ മറ്റു ചിലയിടങ്ങളിൽ നല്ല അടിപൊളി റോഡ് ആയിരുന്നു.

കണ്ടാലും മതിവരാത്ത മഞ്ഞുമലകൾ ആയിരുന്നു ഒരിടത്ത് ഞങ്ങളെ വണ്ടി നിർത്തുവാൻ പ്രേരിപ്പിച്ചത്. താഴെ ഒരു നദി തണുത്തുറഞ്ഞു ഐസായി കിടക്കുന്നുണ്ടായിരുന്നു. സൂര്യവെളിച്ചമേൽക്കുമ്പോൾ ആ ഐസെല്ലാം ഉരുകി വെള്ളമാകുകയും ചെയ്യും. ഒരു പ്രതിഭാസം തന്നെ. പോകുന്ന വഴിയിൽ പലയിടത്തും ഞങ്ങൾക്ക് ചെറിയ അരുവികൾ ക്രോസ്സ് ചെയ്യേണ്ടതായി വന്നു. ചിലയിടങ്ങളിൽ വണ്ടി കയറാതെ വന്നപ്പോൾ ഞങ്ങൾക്ക് ഇറങ്ങി തള്ളേണ്ടതായി വന്നു. ഹാരിസ് ഇക്കയായിരുന്നു തള്ളാൻ ഏറ്റവും മുൻപന്തിയിൽ. അതെല്ലാം മറികടന്നു വീണ്ടും മുന്നോട്ടു പോയപ്പോൾ റോഡ് ഒരു നദിയായി മാറിയ അവസ്ഥയായിരുന്നു. അതിലൂടെ ഒരുകണക്കിന് ഞങ്ങൾ വണ്ടി നീക്കിക്കൊണ്ടുപോയി.

അതെല്ലാം പിന്നിട്ടു ഞങ്ങൾ മഞ്ഞുമൂടിയ ഏരിയയിലേക്ക് എത്തിച്ചേർന്നു. കാറിനേക്കാൾ പൊക്കത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന ഏരിയയായിരുന്നു അത്. നടുവിലൂടെ ഒരു ആഴമേറിയ ചാൽ പോലെയായിരുന്നു വഴി. ഏതാണ്ട് അന്റാർട്ടിക്കയിൽ എത്തിയ ഒരു പ്രതീതി. റോഡ് വളരെ ചെറുതായിരുന്നതിനാൽ എതിരെ ലോറികൾ വന്നപ്പോൾ ഒതുക്കാൻ ഞങ്ങൾക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു. ലോറിക്കാർക്ക് ഞങ്ങളെക്കാൾ നന്നായി കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. അവരെ സമ്മതിക്കണം.

ഇന്ത്യയിലെ ഏറ്റവും ത്രില്ലിംഗ് ആയിട്ടുള്ളതും സാഹസികമായിട്ടുള്ളതുമായ ഒരു റോഡ് തന്നെയാണ് ഇതെന്നതിൽ യാതൊരുവിധ തർക്കവും ഇല്ല. നേരത്തെ പറഞ്ഞപോലെ ഒരു ഇന്ത്യൻ അന്റാർട്ടിക്ക തന്നെയായിരുന്നു അവിടം. ചുറ്റിനും മഞ്ഞു മാത്രം. റോഡിൽ വാഹനം തെന്നുന്നത് ഞങ്ങളിൽ അൽപ്പം ഭീതി പരത്തിയെങ്കിലും പ്രശ്നങ്ങളൊന്നും കൂടാതെ ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ മഞ്ഞു മൂടിയ ‘ഇന്ത്യൻ അന്റാർട്ടിക്ക’യും കടന്നു ഞങ്ങൾ ജസ്‌പാ എന്ന സ്ഥലത്തെത്തിച്ചേർന്നു. അപ്പോൾ സമയം രാത്രിയായിരുന്നു. അവിടെ ഞങ്ങൾക്ക് 2000 രൂപ നിരക്കിൽ Thothang House എന്നൊരു ഹോട്ടലിൽ ഒരു റൂം റെഡിയായി. നല്ല സൗകര്യങ്ങളുള്ള ആ താമസസൗകര്യം ഞങ്ങൾക്ക് അത്യാവശ്യം മികച്ചതായിത്തന്നെ തോന്നി.

ഈ രാത്രി ഇനി ഇവിടെ തങ്ങിയിട്ട്, അടുത്ത ദിവസം രാവിലെ തന്നെ രോഹ്താങ് പാസ്സ് വഴി മണാലിയിലേക്ക് യാത്ര തിരിക്കേണ്ടതായുണ്ട്. ആ വിശേഷങ്ങളും കാഴ്ചകളുമൊക്കെ ഇനി അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.