വിവരണം – സാബു എം.ജെ.
ഒപ്പം പഠിച്ച കുട്ടുകാർ കൊല്ലങ്ങൾക്ക് ശേഷം ഒത്തു കൂടിയപ്പോൾ ആദ്യം ചിന്തിച്ചത് ഒരു യാത്രയെ കുറിച്ചാണ്. ഓർമ്മകൾ അയവിറക്കുവാൻ യാത്രയോളം പോന്ന മറ്റൊന്നില്ല. എങ്ങോട്ടെന്നോ എവിടേക്കെന്നോ തീരുമാനിക്കാതെ തൃശൂർ വടക്കുംനാഥന് മുന്നിൽ നിന്നും ഒരു വണ്ടി വിളിച്ച് അവർ തെക്കോട്ട് നീങ്ങി.
ചിലരെല്ലാം വഴിയിൽ നിന്നുമാണ് കയറിപ്പറ്റിയത്. തൃശൂർ തീവണ്ടിയാപ്പീസിൽ നിന്നും നേത്രാവതിയിൽ വന്നിറങ്ങിയ സുനിൽരാജിനെ പൊക്കി. ചാലക്കുടിയിൽ നിന്നും ഷാലിമാർ, മുവാറ്റുപുഴയിൽ നിന്നും ബിജോയ് കാപ്പൻ… എല്ലാവരും ഒത്തപ്പോൾ പതിനഞ്ചോളം പേരായി സംഘത്തിൽ. ഒരു കാലഘട്ടത്തിൽ തൃശൂർ മഹാരാജാസ് ടെക്നോളോജിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ഒപ്പം പഠിച്ചിരുന്നവർ.
മുവാറ്റുപുഴയാറും തൊടുപുഴയാറും കടന്ന് മീനച്ചിലാറിന്റെ തീരമണഞ്ഞു. ഈരാറ്റുപേട്ട. അപ്പോൾ എല്ലാവർക്കും ഒരേ പൂതി. മലകയറണം. തണുപ്പറിയണം. പിന്നെ നേരെ കുത്തനെ കിഴക്കോട്ട് വച്ചു പിടിച്ചു. മലമ്പാതയിലൂടെ തീക്കോയും കടന്ന് കോലാഹലമേട്ടിൽ വണ്ടിയെത്തി.
കോലാഹലമേട്ടിൽ അവധി ആഘോഷിക്കുവാൻ എത്തിയ സന്ദർശകരുടെ നല്ല തിരക്ക്. ആദ്യ സന്ദർശനം തങ്ങൾപ്പാറയിലേക്ക്. ഷെയ്ഖ് ഫരീരുദ്ധീൻ സാഹിബിന്റെ കബറിടമാണ് തങ്ങൾപ്പാറയിൽ. മഖാമിലേക്ക് മൊട്ടപ്പാറയിലുടെ ചെങ്കുത്തായ കയറ്റം കയറി ഉച്ചിയിലെത്തണം. കയറുവാനുള്ള വഴി കൃത്യമായി പാറയിൽ അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. അത് പ്രകാരം മലകയറിയാൽ മതി. വലിയ പ്രയാസമില്ല.
ചിലരെല്ലാം എന്നിട്ടും മടിയന്മാരായി വണ്ടിയിൽ ഇരുന്നു. ബാക്കിയുള്ളവർ വിശേഷങ്ങൾ പങ്ക് വച്ച് പതുക്കെ പതുക്കെ മലകയറുവാൻ തുടങ്ങി. ഉയരം കുടും തോറും തണുപ്പേറുന്നു. ചുറ്റിലും വാഗമൺ താഴ്വാരകളും തേയില തോട്ടങ്ങളും തെളിഞ്ഞു. വൻ വൃക്ഷങ്ങൾ തീരെ ഇല്ലാത്ത പുൽമേടുകൾ. ഒളിച്ചു കളിക്കുന്ന വെയിലും നിഴലും.
വാഗമണ്ണിലെ ഏറ്റവും ഉയരം കൂടിയ കുന്നിനു മുകളിലേക്കാണ് കയറിയെത്തിയത്. കുറച്ചുകൂടി മുകളിലേക്ക് കയറി കുന്നിൻ നെറുകയിലുടെ കുറേ ദൂരം നടക്കാം. കുറേ സാഹസികർ അതിനും മുതിരുന്നത് കണ്ടു. തങ്ങൾപ്പാറയിൽ നിന്നും പൈൻ മരകാടുകളിലേക്കെത്തി. വഴിയോര കച്ചവടക്കാരുടെ നീണ്ട നിര പിന്നിട്ടപ്പോൾ പൈൻമരതോട്ടത്തിന്റെ കവാടം കണ്ടു.
ഒരു താഴ്വാരയാകെ വരിയൊപ്പിച്ച് പ്ലാന്റേഷൻ ചെയ്തെടുത്ത പൈൻ മരങ്ങൾ. പൈൻ മരങ്ങളുടെ സൂചി ഇലകൾ വീണ് സ്പോഞ്ച് പൊലെ പൂമെത്തയായ അടിത്തട്ട്. പെട്ടെന്നൊരു വ്യത്യസ്ത സ്ഥലത്ത് എത്തപ്പെട്ട പ്രതീതി. പൈൻ മരങ്ങളിൽ കാറ്റ് പിടിക്കുമ്പോൾ ഉണ്ടാകുന്ന ചൂളമടി കേൾക്കാം. നീർചാലുകളുടെ മണിനാദം. പൈൻമരത്തോട്ടവും ഒരു മലയുടെ ചരിവിലാണ്. ഇറങ്ങി കയറുവാൻ തെല്ലൊന്ന് ആയാസപ്പെടണം.
പൈൻമരത്തോട്ടത്തിൽ നിന്നും കയറി വന്നപ്പോൾ രാത്രി പാർക്കുവാനുള്ള മുറിയന്വേഷിച്ചുള്ള ബദ്ധപ്പാടായി. പതിനഞ്ച് പേരുണ്ട്. വാഗമണ്ണിൽ വേണ്ടെന്ന് മുരളിയും രാജേഷും. പിന്നെയെവിടെ? ബിജോയ് കാപ്പൻ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ കിടക്കുന്ന ഉളുപ്പുണ്ണി മലയിൽ ഒരു ലോഡ്ജ് കണ്ടെത്തി. അങ്ങിനെ ഞങ്ങളുടെ ശകടം ഉളുപ്പുണ്ണിമല കയറുവാൻ തുടങ്ങി.
വാഗമൺ ടൗണിൽ നിന്നും ഉളുപ്പുണ്ണിമലയിലേക്ക് 12 കിലോമീറ്റർ ദൂരം. നിരപ്പല്ലാത്ത ട്രാക്ടർ വഴിയിലൂടെ കുത്തി കുലുങ്ങി നല്ലൊരു ഓഫ് റോഡ് യാത്ര. ഇരുവശവും തേയില തോട്ടങ്ങളാണ്. സായാഹ്നമായപ്പോൾ ഉളുപ്പുണ്ണിമലമുകളിൽ എത്തിച്ചേർന്നു. ഒരു തേയിലക്കുന്നിന്റെ മുകളിലാണ് ലോഡ്ജ്. ചുറ്റിലും വൃത്താകാരത്തിൽ തേയിലപച്ചയുടെ ചരിവുകൾ. അകലെ ഇടുക്കി സംരക്ഷിത വനങ്ങൾ. ദൂരെ ഒരു വെള്ളി തളിക പോലെ കുളമാവ് ജലാശയം മിന്നി തിളങ്ങുന്നു. അൽപ്പം മുകളിലായി കുളമാവ് ടൗൺഷിപ്പ്.
മഞ്ഞിന്റെ നേർത്ത ശീലുകൾ തലോടിയൊഴുകുന്ന വാഗമണ്ണിലെ സുഖകരമായ ഇളംകാറ്റ്. കിളിയൊച്ചകൾ. ഒരു വശത്ത് എങ്ങോട്ടോ പോയ് മറയുന്ന വിജനമായൊരു മൺപ്പാത കാണാം. കുന്നിൻ മുകളിൽ മേഞ്ഞു നടക്കുന്ന ഗോക്കൾ, കൂട്ടമായി പറന്നകലുന്ന പക്ഷികൾ… ഉളുപ്പുണ്ണിക്ക് മൂകതയിലാണ്ട എന്തൊക്കയോ നിഗുഢ ഭാവങ്ങൾ. സന്ധ്യയാകുന്നു. ദൂരെ മലകൾക്കിടയിൽ അന്തിചുവപ്പ് പരന്നു. അർക്കൻ രക്തവർണം പൂണ്ടു. നോക്കി നിൽക്കെ ആ ചെമ്പൊട്ട് വനസീമയിൽ മറഞ്ഞു. ഇരുട്ട് പരന്നു. മാനത്ത് തെളിഞ്ഞു നിൽക്കുന്ന അമ്പിളിക്കല. അതിനടുത്ത് എന്തിന്റെയോ അടയായാളമായി ഒരു ഒറ്റ നക്ഷത്രവും.
ഓരോ ചായ കുടിച്ച് എല്ലാവരും മുറികളിലേക്ക് പോയി. ചിലർ കുളിക്കുവാനായി കുളക്കടവിലേക്ക് നീങ്ങി. അത്താഴത്തിനു സമയമെടുക്കുമെന്നാണ് പറഞ്ഞത്. അത് വരെ ധാരാളം സമയം. എല്ലാവരും ലോഡ്ജിന്റെ മുറ്റത്ത് വട്ടമിട്ടിരുന്നു. വയലാറും കടമ്മനിട്ടയും അനിൽ പനച്ചൂരാനും ധാര ധാരയായി അണപൊട്ടിയൊഴുകി. ജയനും ജോൺസണും വിൻസെന്റും തൊണ്ട കീറി പാടുകയാണ്.
മഞ്ഞു പെയ്യുന്നു. വിശേഷങ്ങളുടെ കെട്ടുകളഴിഞ്ഞു. ജീവിത യാത്രയുടെ ഇത് വരെയുള്ള നേർചിത്രചുരുളുകൾ ഓരോരുത്തരായി നിവർത്തി വച്ചു. ഓർമ്മകൾ, നൊമ്പരങ്ങൾ, വേവലാതികൾ… ചിലതെല്ലാം കേട്ട് തല തല്ലി ചിരിച്ചു. അത്താഴശേഷവും വിശേഷങ്ങൾ പറഞ്ഞു തീർന്നിരുന്നില്ല. രാത്രിയുടെ രണ്ടും മൂന്നും യാമങ്ങൾ കടന്നു പോയതറിഞ്ഞില്ല. എല്ലാറ്റിനും സാക്ഷിയായി സാന്ത്വനമായി ഉളുപ്പുണ്ണിയിലെ സുന്ദരമായ നിലാവ് ഞങ്ങളുടെ മേൽ പരന്നൊഴുകി.
പ്രഭാതമായി. കളകൂജനങ്ങളാണ് ഉറക്കമുയർത്തിയതും വിളിച്ചെഴുന്നേൽപ്പിച്ചതും. സൂര്യനുദിക്കുന്നു, വനങ്ങളിൽ വർണങ്ങളുടെ മറ്റൊരു വിസ്മയലോകം. എല്ലാവരേയും വിളിച്ചുകൂട്ടി ഉളുപ്പുണ്ണി മലയിറങ്ങാൻ തുടങ്ങി. തേയിലത്തോട്ടങ്ങൾക്കു താഴെ ഉളുപ്പുണ്ണിയാറിൽ നല്ലൊരു വെള്ളച്ചാട്ടമുണ്ടെന്നു ലോഡ്ജിലെ ജോലിക്കാർ പറഞ്ഞിരുന്നു.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തി നിശ്ചയിക്കുന്നത് ഉളുപ്പുണ്ണിയാറാണ്. കുറച്ചു ദൂരം താഴേക്കിറങ്ങിയപ്പോൾ തികഞ്ഞ ഒരു വനത്തിന്റെ പ്രതീതിയായി. ഒരു തരം കാനന നിശബ്ദത. ഒരു കിലോമീറ്റർ നടന്നപ്പോൾ ഉളുപ്പുണ്ണിയാറിലെത്തി. നടന്നു വന്ന പാത നേരെ കുളമാവ് വനമേഖലയിലേക്കു പ്രവേശിക്കുകയാണ്. മുന്നോട്ട് പോയാൽ കുളമാവിലേക്ക് എത്തിച്ചേരാം. വെള്ളച്ചാട്ടത്തിലേക്ക് ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു കൂടി താഴേക്കിറങ്ങണം.
നിഗൂഢ വനങ്ങളിലൂടെ കുളമാവിലേക്കൊഴുകുന്ന രണ്ട് ആറുകളുടെ സംഗമസ്ഥാനത്തേക്കാണ് എത്തിച്ചേർന്നത്. ഒന്ന് സ്വാഭാവികം മറ്റേത് കൃത്രിമം. ഇടതു ഭാഗത്ത് 4 കിലോമീറ്റർ നീളമുള്ള ഉളുപ്പുണ്ണി തുരങ്കം. KSEB ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചത്. വാഗമൺ ചരിവുകളിലെ വെള്ളം ഇടുക്കി ജലാശയത്തിൽ എത്തിക്കുന്ന കുറുക്കുവഴി.
താഴേക്കിറങ്ങി തുരങ്കത്തിലൂടെ നടന്നു. വെള്ളം കുറവാണ്. തുരങ്കം നേർരേഖയിൽ ആയതിനാൽ മറുമുഖത്തെ പ്രകാശം ഒരു വെളിച്ചപ്പൊട്ടയി കാണാം. വലത് ഭാഗത്താണ് വെള്ളച്ചാട്ടം. ഉളുപ്പുണ്ണിയാറ് പൊടുന്നനെ പാറകളിൽ നിന്നും വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നു. അപകടം പിടിച്ച സ്ഥലമെന്നു പറയാതെ വയ്യ. വഴുക്കൽ പാറകൾക്കിടയിലൂടെ താഴേക്കിറങ്ങണം.
വെള്ളം കുറവായതിനാൽ പ്രശ്നമില്ല. ചിന്നി ചിതറുന്ന നല്ല തണുപ്പും ശുദ്ധവുമായ വെള്ളം. കുട്ടുകാരെല്ലാവരും മതിമറന്നു നീരാടി തിമിർത്തു. യാത്രയുടെ സകലവിധ ക്ഷീണങ്ങളും പമ്പ കടന്നു. കരക്ക് കയറി ഇളംവെയിലേറ്റു ഉളുപ്പുണ്ണിമല കയറുമ്പോഴും തണുത്തു കൊച്ചിയ ശരീരത്തിന്റെ വിറയൽ മാറിയിരുന്നില്ല. അത്യപൂർവമായി സംഭവിച്ച ഒരു സതീർഥ്യ സംഗമത്തിന്റെ വിലപ്പെട്ട നിധിയായി ആ ഓർമമകൾ എന്നുമെന്നും നിലനിൽക്കട്ടെ.