ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി അഥവാ കേണൽ ഖദ്ദാഫി. 1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെ രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി ഭരിച്ചിരുന്നത്. ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ ഖദ്ദാഫിയുടെ ഭരണകാലഘട്ടത്തിലാണ് അഭിവൃദ്ധി പ്രാപിച്ചത്. ഒടുവിൽ ഖദ്ദാഫിയുടെ ജനദ്രോഹപരമായ നടപടികളാൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹം പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ചു.
1942 ജൂൺ 7-ന് ലിബിയയിലെ സിർത്ത് മരുഭൂമിയിലെ ബെദൂയിൻ ഗോത്രത്തിൽ ജനിച്ചു. ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളിൽ പഠിച്ച ഖദ്ദാഫി ലിബിയൻ സൈന്യത്തിലെ കേണലായി പ്രവർത്തനമാരംഭിച്ചു. 1951-ൽ സ്വതന്ത്രമായ ദരിദ്രരാജ്യമായിരുന്ന ലിബിയയിൽ വൻ എണ്ണനിഷേപം കണ്ടെത്തിയതോടെയാണ് രാജ്യം അതിന്റെ വളർച്ചയാരംഭിച്ചത്. ഇക്കാലത്ത് ഇദ്രിസ് രാജാവിനെതിരെയുണ്ടായ ജനരോഷമാണ് ഖദ്ദാഫി ഭരണത്തിലെത്താൻ കാരണമായത്. തുടർന്ന് ഇരുപത്തിയേഴാം വയസ്സിൽ ഇദ്രീസിനെതിരെ പട്ടാളവിപ്ലവം നടത്തി 1969-ൽ ലിബിയയുടെ അധികാരം പിടിച്ചെടുത്തു. ഇദ്രിസ് രാജാവ് തുർക്കിയിൽ ചികിത്സയ്ക്ക് പോയ സമയത്താണ് ഈ ആക്രമണം നടത്തിയത്.
ലിബിയൻ പ്രക്ഷോഭം:ഭരണകാലഘട്ടത്തിൽ ഖദ്ദാഫി പിന്നീട് പാശ്ചാത്യ സാമ്രാജ്യത്വത്തോടുള്ള എതിർപ്പിന്റെയും അറബ് ദേശീയതയുടെയും വക്താവായി മാറി. ലിബിയയിലെ എണ്ണവ്യവസായം ദേശസാൽക്കരിക്കുക വഴി ഖദ്ദാഫി പാശ്ചാത്യശക്തികളുടെ അപ്രീതി പിടിച്ചു പറ്റി.
അമേരിക്കയുമായി സ്ഥിരമായി ഖദ്ദാഫി ഇടഞ്ഞിരുന്നു. ഈ കാരണത്താൽ ഇദ്ദേഹം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. 1986-ൽ ബർലിനിലെ ഒരു നിശാക്ലബ്ലിൽ നടന്ന ബോബാക്രമണത്തിൽ ലിബിയയാണ് പ്രവർത്തിച്ചതെന്ന് അമേരിക്ക ആരോപണം നടത്തി. ഇതിനു പ്രതികാരമെന്ന വണ്ണം അമേരിക്കൻ വിമാനങ്ങൾ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലും രണ്ടാമത്തെ വൻനഗരമായ ബെൻഗാസിയിലും ബോംബിട്ടു. ഖദ്ദാഫിയെ ലക്ഷ്യമിട്ടു നടത്തിയ ഈ ആക്രമണത്തിൽ ഖദ്ദാഫിയുടെ ദത്തുപുത്രിയടക്കം 35 പേർ മരണമടഞ്ഞു.
ഇതിന്റെ തുടർച്ചയെന്നവണ്ണം 1988 ഡിസംബർ 21-ന് ബ്രിട്ടനിലെ ലോക്കർബിക്കു മുകളിൽ അമേരിക്കയുടെ ഒരു യാത്രാവിമാനം തകരുകയും ഈ സംഭവം ഖദ്ദാഫി അമേരിക്കക്കു തിരിച്ചടിനൽകിയതായും കരുതപ്പെടുന്നു. ഈ സംഭവത്തിൽ 270 അമേരിക്കൻ യാത്രികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു കാരണക്കാരായ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വിചാരണയ്ക്കായി വിട്ടുകൊടുക്കാൻ ഖദ്ദാഫി തയ്യാറാകാത്തതിനാൽ ലിബിയയ്ക്കെതിരെ യു.എൻ. ഉപരോധം ഏർപ്പെടുത്തി. ഈ സ്ഥിതി മൂലം ലിബിയയുടെ സാമ്പത്തിക സ്ഥിതി താറുമാറായി. തന്മൂലം ഖദ്ദാഫി ഒത്തുതീർപ്പിനു നിർബന്ധിതനാകുകയും ഉദ്യോഗസ്ഥരെ വിചാരണക്കായി വിട്ടുകൊടുക്കുകയും ചെയ്തു. വിചാരണയിൽ ഒരാളെ ജീവപര്യന്തം തടവിനും വിധിക്കുകയും മറ്റേയാളെ വെറുതെ വിടുകയും ചെയ്തു. എന്നാൽ 2009-ൽ ജീവകാരുണ്യപരമായ കാരണത്താൽ ബ്രിട്ടൺ ശിക്ഷിക്കപ്പെട്ടയാളെ വിട്ടയച്ചു.
ഈ സംഭവത്തോടെയാണ് ഖദ്ദാഫിയും പാശ്ചാത്യലോകവും തമ്മിൽ അനുരഞ്ജനശ്രമം ആരംഭിച്ചത്. വിമാനദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി നഷ്ടപരിഹാരം നൽകാൻ ഖദ്ദാഫി സമ്മതിച്ചു. ലോക്കർബി വിമാനാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയും അതോടൊപ്പം അമേരിക്കയുടെ ശ്രമഫലമായി അണ്വായുധനിർമ്മാണങ്ങളിൽ നിന്നും പിന്തിരിയാനും ഖദ്ദാഫി തയ്യാറായി. ഈ സംഭവങ്ങൾ അമേരിക്കയ്ക്ക് അത്യധികം സന്തോഷം ഉളവാക്കി. ഇതോടെ അമേരിക്കയും ലിബിയയും തമ്മിൽ നയതന്ത്രബന്ധം പുനസ്ഥാപിക്കപ്പെട്ടു. ഇതിനു ശേഷമാണ് ഖദ്ദാഫി ആദ്യമായി 2009-ൽ അമേരിക്ക സന്ദർശിച്ചത്. യുഎൻ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുവാനായാണ് അദ്ദേഹം അമേരിക്കയിൽ പ്രവേശിച്ചത്.
ലിബിയയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അൽ ഖ്വെയ്ദയാണെന്ന് ഗദ്ദാഫി പലവട്ടം ആരോപിച്ചിരുന്നു. ലിബിയയിലെ എണ്ണ നിക്ഷേപത്തെ നിയന്ത്രിക്കാൻ ചില ഗൂഢതന്ത്രങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപണങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തന്റെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് അന്വേഷണം നടത്താമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുദ്ധമോ കലാപങ്ങളോ ഇല്ലാതെ ഭരണഘടനാപരമായ നിയമ വ്യതിയാനങ്ങൾ വരുത്തുവാൻ സന്നദ്ധനാണ് എന്നും അറിയിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആഫ്രിക്ക എന്നതായിരുന്നു ഗദ്ദാഫിയുടെ സ്വപ്നം. ഇതിന്റെ ആദ്യപടിയെന്ന വണ്ണമാണ് ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ ചർച്ച നടന്നതെന്നും 2010 ജൂലൈ 27-ന് ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ നടന്ന ഈ ഉച്ചകോടിക്കു ശേഷം ഗദ്ദാഫി മാധ്യമങ്ങളോടായി സംസാരിച്ചിരുന്നു.
2011 ജൂൺ 8-ന് ഗദ്ദാഫി ഉടൻതന്നെ ലിബിയൻ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ആവശ്യമുന്നയിച്ചിരുന്നു. 2011 ജൂലൈ 2-ന് ലിബിയയിലെ നാറ്റോയുടെ വ്യോമാക്രമണം 100 ദിവസം പിന്നിട്ട നാളുകളിൽ യൂറോപ്പിലെയും മെഡിറ്ററേനിയനിലെയും രാജ്യങ്ങൾ ഈ നടപടികൾക്ക് ശക്തമായ തിരിച്ചടി സ്വീകരിക്കേണ്ടി വരുമെന്ന് ഗദ്ദാഫി അന്ത്യശാസന നൽകിയിരുന്നു. ട്രിപ്പോളിയിലെ ഒരു ചത്വരത്തിൽ ഗദ്ദാഫി ജനസാഗരത്തോടായി പ്രസംഗത്തിൽ പറഞ്ഞതാണിക്കാര്യം.
പാകിസ്താന്റെ അണ്വായുധനിർമ്മാണ പരിപാടികൾക്കായി ഗദ്ദാഫി സാമ്പത്തിക സഹായം നൽകിയെന്നു കരുതപ്പെടുന്നു. കൂടാതെ പാകിസ്താനിൽ നിന്നും ലിബിയ അണുബോംബ് നിർമ്മാണ സാങ്കേതികവിദ്യ കൈവശമാക്കുവാൻ ശ്രമിച്ചിരുന്നെന്ന് പാക്ക് ബോംബിന്റെ പിതാവ് ഡോ. അബ്ദുൽ ഖാദിർ ഖാൻ വ്യക്തമാക്കിയിരുന്നു. സൈനികർ സ്ത്രീകളെ ആക്രമിക്കുവാൻ സാധ്യത കുറവായതിനാൽ സ്ത്രീസൈനികരെയാണ് ഗദ്ദാഫി അംഗരക്ഷകരായി ഒപ്പം കൂട്ടിയിരുന്നത്. ആമസോണിയൻ ഗാർഡിയൻ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
1996-ൽ ഉണ്ടായ ജയിൽകലാപത്തിൽ ആയിരം തടവുകാരെ ഗദ്ദാഫിയുടെ സൈന്യം വെടിവെച്ചുകൊന്നു. ഇതിനെതിരെ ശബ്ദമുയർത്തിയ അഭിഭാഷകൻ ഫാത്തി ടെർബിലിനെ തടവിലാക്കിയതിൽ പ്രതിഷേധിച്ച് ജനങ്ങൾ സമാധാനപരമായി പ്രഷോഭം ആരംഭിച്ചു. ജനങ്ങൾ ഗദ്ദാഫി ഭരണത്തിനെതിരാണെന്നു മനസ്സിലാക്കിയ ഭരണകൂടത്തിലെ പല ഉന്നതരും ഈ സമയത്ത് അദ്ദേഹത്തെ തള്ളിപ്പറയുകയും രാജിവെച്ച് സമരക്കാർക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മാധ്യമപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ലിബിയയിൽ ഗദ്ദാഫി നിരോധനമേർപ്പെടുത്തി. ഇസ്ലാമിക സംഘടനാപ്രവർത്തകരെ രാജ്യത്ത് നിരോധിക്കുകയും തന്റെ വിമർശകരെ അടിച്ചമർത്തുകയും ചെയ്തു. കൂടാതെ രാജ്യത്ത് രാഷ്ട്രീയപ്രവർത്തനത്തിനു പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
2011 ആദ്യം ടുണീഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ജനരോഷമാണ് ലിബിയയിൽ ഗദ്ദാഫിയുടെ അന്ത്യത്തിനു തുടക്കമിട്ടത്. ആദ്യകാലം മുതൽ പ്രഷോഭം പൊട്ടിപ്പുറപ്പെടും വരെയും ഗദ്ദാഫിയുടെ ഭരണനടപടികളിൽ ജനങ്ങൾ രോഷാകുലരായിരുന്നു. സാമാന്യബോധത്തിന്റെ അതിരുകൾ ലംഘിച്ചു കൊണ്ടുള്ള ഗദ്ദാഫിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ അസംതൃപ്തിയുളവാക്കി. മകനായ സൈഫൽ ഇസ്ലാമിനെ അടുത്ത ഭരണാധികാരിയാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ഗദ്ദാഫി നടത്തിയിരുന്നു. ഇതിനെല്ലാമെതിരെയുള്ള ജനരോഷം ശക്തമായി കലാപം പൊട്ടിപ്പുറപ്പെട്ടു. ശക്തമായ കലാപത്തിലും ഗദ്ദാഫി തന്റെ അധികാരത്താൽ ചെറുത്തുനിൽക്കുകയാണ് ചെയ്തത്.
അന്ത്യം : ലിബിയയിലെ പ്രഷോഭകർ ഖദ്ദാഫിയുടെ അടിച്ചമർത്തലിൽ ലോകരാജ്യങ്ങളുടെ സഹായം തേടുകയും അമേരിക്കയുടെയും ഫ്രാൻസിന്റെയും സാന്നിധ്യത്തിൽ നിയമവിരുദ്ധ ബലപ്രയോഗം നടത്തുകയും ചെയ്തു. ഈ കാലയളവിൽ ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയിൽ വ്യോമനിരോധിത മേഖലയായി പ്രഖ്യാപനം പുറത്തിറക്കി. നാറ്റോ ആക്രമണം ആരംഭിക്കുകയും ജനപ്രക്ഷോഭം യുദ്ധമായി രൂപം കൊള്ളുകയും ചെയ്തു. ഏകദേശം അരവർഷം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ മക്കളിൽ ചിലർ കൊല്ലപ്പെടുകയും ഖദ്ദാഫിയും കുടുംബവും ഒളിവിലാകുകയും ചെയ്തു. ഈ അവസരത്തിലും ഖദ്ദാഫി കീഴടങ്ങുവാനോ രാജ്യം വിടുവാനോ അനുരഞ്ജനത്തിനോ തയാറായിരുന്നില്ല. സെപ്റ്റംബർ 15-നാണ് ഖദ്ദാഫിയുടെ ജൻമനാടായ സിർത്തിൽ പ്രക്ഷോഭകർ ആക്രമണം തുടങ്ങിയത്. തുടർന്ന് 42 വർഷക്കാലം ലിബിയയെ അടക്കി ഭരിച്ച ഖദ്ദാഫി ദേശീയ പരിവർത്തന സേന നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് സിർത്തിൽ വച്ച് 2011 ഒക്ടോബർ 20-ന് കൊല്ലപ്പെട്ടു.
ഫാത്തിമ, സഫിയ എന്നീ രണ്ടു ഭാര്യമാരാണ് ഖദ്ദാഫിക്കുണ്ടായിരുന്നത്. ഇതിൽ ഫാത്തിമയിൽ മുഹമ്മദ് എന്ന ഒരു മകനും സയിഫ് അൽ ഇസ്ലാം, സാദി, മുതാസിം, ഹാനിബാൾ, സയിഫ് അൽ-അറബ്, ഖമിസ്, ആയിഷ എന്നിങ്ങനെ ഏഴു മക്കൾ സഫിയയിലും ഖദ്ദാഫിക്കു ജനിച്ചു. കൂടാതെ മിലാദ് എന്ന ഒരു ദത്തുപുത്രനും ഗദാഫിക്കുണ്ട്. ഖദ്ദാഫിയുടെ അഞ്ചാമത്തെ മകനും ലിബിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സൈനിക ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു മുതാസിമും അദ്ദേഹത്തോടൊപ്പം അവസാനം വരെയുണ്ടായിരുന്നു. നാറ്റോയുടെ ആക്രമണത്താൽ വാഹനവ്യൂഹത്തിൽ നിന്നും വഴി തെറ്റിയ മുതാസിമും കഴുത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഖദ്ദാഫിയുടെ മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം ഉണ്ടാകാത്തതിനാൽ ലിബിയൻ നഗരമായ മിസ്രാത്തയിലെ ഒരു ചന്തയോടൊപ്പമുള്ള കോൾഡ് സ്റ്റോറേജിലാണ് അദ്ദേഹത്തിന്റെയും മകൻ മുതാസിമിന്റെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തില്ലെന്ന് സൈനികവക്താക്കൾ പ്രഖ്യാപിച്ചിരുന്നു. ഖദ്ദാഫി ഉൾപ്പെട്ടിരുന്ന ഗോത്രസമൂഹം ഖദ്ദാഫിയുടെയും മകന്റെയും മൃതദേഹങ്ങൾ വിട്ടുകിട്ടുവാൻ ആഗ്രഹം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ നാമത്തിൽ സ്മാരകം ഉയരുവാനുള്ള സാധ്യത മൂലം ദേശീയ പരിവർത്തന വേദി കബറടക്കം രഹസ്യമാക്കി നടത്തുവാൻ തയ്യാറായി. 2011 ഒക്ടോബർ 24-ന് അർദ്ധരാത്രി ഖദ്ദാഫിയുടെ മൃതശരീരം മരുഭൂമിലെ രഹസ്യകേന്ദ്രത്തിൽ സംസ്കരിച്ചു. പ്രക്ഷോഭത്തിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മകൻ മുതാസിം, ലിബിയൻ മുൻ പ്രതിരോധ മന്ത്രി അബൂബക്കർ യൂനിസ്ജാബിർ എന്നിവരുടെ മൃതദേഹങ്ങളും സംസ്കരിച്ചിരുന്നു.
കടപ്പാട് – വിക്കിപീഡിയ.