ഇപ്പോൾ നമ്മുടെ ജീവിതത്തിലെ ഒരു സന്തതസഹചാരിയാണ് ഫേസ് മാസ്ക്ക്. വൈറസ് നമ്മുടെ ശരീരത്തിനുളളിലേക്ക് കടന്നു കൂടുന്നത് തടയാനുളള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്ന് മാസ്ക് തന്നെയാണ്. മാസ്ക്ക് ധരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുവാനായി ധാരാളം ബോധവൽക്കരണങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. അതിൽ വ്യത്യസ്തമായ ഒരു അവയർനസ് പ്രോഗ്രാമിനെക്കുറിച്ചാണ് ഇനി പറയുന്നത്.
ആളുകൾ മാസ്ക്ക് ധരിക്കുന്നതു പോലെ വിമാനങ്ങൾ മാസ്ക്ക് ധരിച്ചാലോ? മാസ്ക്ക് ധരിച്ചുകൊണ്ട് പറക്കുന്ന വിമാനം. സംഭവം അടിപൊളിയല്ലേ? ഇന്തോനേഷ്യയുടെ നാഷണൽ ഫ്ലാഗ് കാരിയറായ ആയ ഗരുഡ ഇൻഡോനേഷ്യയാണ് കൗതുകകരമായ ഇത്തരം ഒരു ആശയം നടപ്പിലാക്കിയിരിക്കുന്നത്. പറയുന്നതുപോലെ ശരിക്കും വിമാനം മാസ്ക് ധരിച്ചിരിച്ചിക്കുകയല്ല, പകരം അത് മനോഹരമായി വരച്ച് ചേർത്തിരിക്കുകയാണ്. ഗരുഡയുടെ അഞ്ച് വിമാനങ്ങളുടെ മുന്നിലാണ് ഇത്തരത്തിൽ മാസ്ക് വരച്ച് ചേർത്തിരിക്കുന്നത്. ഇൻഡോനേഷ്യൻ സർക്കാരിന്റെ പിന്തുണയോടെ ‘ആയോ പകായ് മാസ്‌കർ’ (നമുക്ക് മാസ്ക് ധരിക്കാം) എന്ന കാമ്പയിനിന്റെ ഭാഗമായാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകതെയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാൻ ഇത്തരമൊരു രീതി ഗരുഡ ഇന്തോനേഷ്യ തിരഞ്ഞെടുത്തത്.
ആഭ്യന്തര സർവീസുകളിലും സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളിലുമാണ് ‘മാസ്ക് ധരിച്ച’ വിമാനങ്ങൾ പറക്കുക. ഏതാണ്ട് 60 പേർ ചേർന്ന് 120 മണിക്കൂറിലേറെ പരിശ്രമിച്ചാണ് ഗരുഡയുടെ 5 വിമാനങ്ങളിൽ മാസ്ക് വരച്ച് ചേർത്തത്.
ഇതിനു പുറമെ വിമാനത്തിനു ധരിക്കേണ്ട മാസ്ക്ക് ഡിസൈൻ ചെയ്യുവാൻ ‘Fly Your Design Through The Sky’ എന്ന പേരിൽ ഒരു മത്സരം തന്നെ ഗരുഡ ഇൻഡോനേഷ്യ നടത്തിയിരുന്നു. ഇതിൽ ജൈലാനി എന്നയാൾ തയ്യാറാക്കിയ ഡിസൈനാണു വിമാനത്തിൽ വരയ്ക്കുവാനായി ഗരുഡ തിരഞ്ഞെടുത്തത്.
വിമാനങ്ങൾക്ക് മാസ്കാകാമെങ്കിൽ എന്തു കൊണ്ട് ജനങ്ങൾക്കായിക്കൂടാ? ഇതിനേക്കാൾ എത്രയോ എളുപ്പമാണ് മനുഷ്യർക്ക് മാസ്ക് ധരിക്കാൻ? ചെലവുമില്ല, രോഗവ്യാപനവും തടയാം. ഗരുഡയുടെ ഈ ആശയത്തെ ഇന്തോനേഷ്യക്കാർ കൂടാതെ ലോകം മുഴുവനും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
“ദേശീയത വിമാന സർവീസ് എന്ന നിലയിൽ, കൊവിഡ്-19ന്റെ വ്യാപനം തടയുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ശക്തി പകരാൻ ഗരുഡ ഇന്തോനേഷ്യ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്. മാസ്ക് ധരിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് അതിനുള്ള ഒരു മാർഗം, ഈ കാമ്പയിനിന്റെ ഉദ്ദേശവും അതാണ്,” ഗരുഡ ഇന്തോനേഷ്യ ഡയറക്ടർ ഇർഫാൻ സെതിയപുത്ര പ്രസ്താവനയിൽ പറഞ്ഞു.