കഴിഞ്ഞ ദിവസത്തെ ഒരു പത്രവാർത്ത : എറണാകുളം നഗരത്തിൽ മരണപ്പാച്ചിൽ നടത്തിയ സ്വകാര്യ ബസ് ഡ്രൈവർക്ക് ശിക്ഷയായി എറണാകുളം ജനറൽ ആശുപത്രിയിൽ ആറു ദിവസത്തെ രോഗീ പരിചരണം. ചിറ്റൂർ – തേവര ഫെറി റൂട്ടിലോടുന്ന ഗരുഡൻ ബസ്സിന്റെ ഡ്രൈവർ ജോവിൻ ജോർജ്‌ജാണ് കേസ് ഹിയറിംഗ് സമയത്ത് ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുക അല്ലെങ്കിൽ 6 ദിവസം രോഗീ പരിചരണം നടത്തുക എന്ന ഓപ്‌ഷനിൽ നിന്നും രോഗീപരിചരണം തിരഞ്ഞെടുത്തത്.
ഇത്തരത്തിലുള്ള വാർത്തകൾ നമ്മൾ ഈയിടെയായി ധാരാളം കേൾക്കാറുണ്ട്. നമ്മുടെ സമൂഹത്തിൽ ഇത്തരം മാതൃകാ ശിക്ഷകൾ സ്വാഗതാർഹം തന്നെയാണ്. ഏതൊരു വാർത്തയെയും പോലെ സോഷ്യൽ മീഡിയ ഇതും ട്രോൾ ചെയ്തു, ഷെയർ ചെയ്തു വൈറലാക്കി. എന്നാൽ ഈ സംഭവത്തിൽ വ്യത്യസ്തമായ ഒന്ന് സംഭവിച്ചു. ശിക്ഷ ലഭിച്ച ഡ്രൈവറായ ജോവിൻ നടന്ന സംഭവത്തെക്കുറിച്ച് ഷെയർ ചെയ്ത കുറിപ്പ് ഏതൊരാളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. അയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്നുള്ളതല്ല ഇവിടത്തെ കാര്യം, ‘അധികാരവും പവ്വറും ഉണ്ടെങ്കിൽ നമ്മുടെ സമൂഹത്തിൽ എന്തും നടക്കുമോ?’ എന്നൊരു ചോദ്യചിഹ്നം കൂടിയാണ് ഡ്രൈവർ ജോവിൻ തൻ്റെ കുറിപ്പിലൂടെ നമുക്കു മുന്നിൽ ഉയർത്തിയിരിക്കുന്നത്.
ഗരുഡൻ ബസ്സിന്റെ ഡ്രൈവർ ജോവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ – “പ്രിയ സുഹൃത്ത്ക്കളെ, ഗരുഡനെ പറത്തിയ ഡ്രൈവർ ഞാൻ ആണ്. സംഭവത്തിന്റെ യാഥാർഥ്യം അറിയിക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഇത് എഴുതുന്നത്. തേവര ഫെറി റോഡിന്റെ ശോചനീയ അവസ്ഥയ്ക്ക് എതിരേ ഒരു ട്രോൾ വേണമെന്ന് കുറച്ച് നാൾ മുൻപ് ഈ ഗ്രൂപ്പിൽ ഞാൻ ഒരു കമന്റെ ഇട്ടിരുന്നു. ഗരുഡൻ ബസ്സിനെ അറിയാവുന്ന എല്ലാവർക്കും അറിയാം തേവര ഫെറി റൂട്ടിൽ മുടങ്ങാതെ സർവ്വീസ് നടത്തുന്ന ഒരു ബസ്സ് ആണ് എന്ന്.
സംഭവ ദിവസം തേവര ഫെറിയിൽ നിന്നും കുണ്ടും കുഴിയും ചാടി സമയം വൈകിയതിനാൽ ട്രിപ്പ് മുഴുവനാക്കാൻ കഴിയാതെ പോകുന്ന വഴിയിൽ ഒരു അഭിഭാഷകന്റെ വാഹനത്തിനു പിന്നിൽ ചെന്ന് ഹോൺ അടിക്കാൻ ഇടയായി. അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയില്ല. വണ്ടി TATA Nexon ആണ്. പള്ളിമുക്ക് Bus stop ന് മുൻപ് ഉള്ള കുഴിയിൽ അദ്ദേഹത്തിന്റെ കാർ ചാടിയ സമയം, ഞാൻ അദ്ദേഹത്തിന്റെ വാഹനത്തെ മറികടന്ന് പോന്നു. പള്ളിമുക്ക് Bus stop -ൽ വച്ച് യാത്രക്കാർ ഇറങ്ങുന്ന സമയം അദ്ദേഹത്തിന് എന്റെ വാഹനത്തെ മറികടന്ന് പോകുവാൻ സാധിച്ചില്ല. മുൻപിൽ മറ്റു വാഹനങ്ങൾ ഉണ്ടായതിനാൽ എനിക്ക് അദ്ദേഹത്തിന് side കൊടുക്കാൻ സാധിച്ചില്ല. എതിരേ വാഹനങ്ങൾ വന്നു കൊണ്ടിരുന്നതിനാൽ അദ്ദേഹത്തിന് എന്റെ വാഹനത്തെ മറികടന്നുപോകുവാനും കഴിഞ്ഞില്ല.
മേനക Bus stop -ൽ ആളെ ഇറക്കാൻ നിറുത്തിയ എന്റ ബസ്സിന് മുൻപിൽ വട്ടം വച്ച് നിർത്തുകയും, പിന്നീട് അങ്ങോട്ട് ബസ്സിന്റെ മുൻപിൽ അദ്ദേഹം slow race ന് cycle പോകുന്ന പോലെ വാഹനം ഓടിക്കുകയും ചെയ്തു. ഹോൺ അടിച്ച് side തരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല. ഞാൻ അദ്ദേഹത്തിന്റെ വാഹനത്തിന് പിന്നിൽ ഹോൺ അടിച്ചത് ഇഷ്ടപെടാത്തതിന് അദ്ദേഹത്തിന്റെ പിടിപാട് ഉപയോഗിച്ച് എനിക്ക് വാങ്ങി തന്ന ശിക്ഷയാണ് ഇത്. എന്നാൽ ജനറൽ ആശുപത്രിയിലെ രോഗികളെ പരിചരിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. കാരണം പ്രായമായ ആൾക്കാരെ ശുശ്രൂഷിക്കാൻ കഴിയുന്നതിൽ ഞാൻ Happy ആണ്. ഒരാഴ്ച്ച എന്റെ പണി പോയാലും സാരമില്ല, ആ പ്രായമായ ആൾക്കാരുടെ പ്രാർത്ഥനയും അനുഗ്രഹവും എനിക്ക് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. എന്ന് ഗരുഡനെ പറത്തിയ ഡ്രൈവർ Jovin George.”
അത്രയും നേരം ഡ്രൈവറെ കുറ്റം പറയുകയും ട്രോളിയവരുമെല്ലാം ഈ കുറിപ്പ് വായിച്ചതോടെ വല്ലാത്ത വിഷമഘട്ടത്തിലായി. പത്തു മുപ്പതു കൊല്ലം മുന്നേ ഉണ്ടാക്കിയ സമയ ക്രമത്തിൽ ആണ് ഇപ്പോളും ബസുകൾ ഓടുന്നത്. അതായത് എറണാകുളം മേനക ബസ് സ്റ്റോപ് മുതൽ സൗത്ത് വരെ 6 മിനുട്ട്. പണ്ട് അതൊക്കെ ശരിയായ സമയക്രമം ആയിരുന്നു. ഇന്നിപ്പോ ആ 6 മിനുട്ടിൽ വണ്ടി ഓടി എത്തുമെന്ന് തോന്നുന്നുണ്ടോ? സർക്കാരോ, ബന്ധപ്പെട്ട വകുപ്പ് തലവന്മാരോ ഇടപെട്ട് സമയക്രമീകരണം ഒന്നൂടെ ശരിയാക്കിയൽ കുറെയേറെ അമിത വേഗതയും അപകടങ്ങളും ഒഴിവാകും. ആരോട് പറയാൻ.. ആര് കേൾക്കാൻ…