ഗവിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഇന്ന് കേരളത്തിൽ ആരുമുണ്ടാകില്ലെന്നുറപ്പാണ്. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകുന്നേര സമയങ്ങളിൽ ഇവിടെ ചൂട് 10 ഡിഗ്രിയിലേക്ക് എത്താറുണ്ട്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ വിദൂര ദർശനം ലഭിക്കും എന്നതും എടുത്തു പറയാവുന്ന ഒരു കാര്യമാണ്.
പക്ഷേ ഗവി എന്ന സ്ഥലത്തെ ഇത്രയും പോപ്പുലറാക്കിയത് ‘ഓർഡിനറി’ എന്ന മലയാള ചിത്രമാണ്. സുഗീത് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ബിജു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം പത്തനംതിട്ടയിൽ നിന്നും ഗവി എന്ന ഗ്രാമത്തിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിലൂടെയാണ് കഥ പറയുന്നത്. സത്യത്തിൽ ഈ ചിത്രത്തിൽ ഗവിയായി കാണിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പലതും മറ്റു സ്ഥലങ്ങൾ ആണെങ്കിലും ഗവിയും അവിടേക്കുള്ള കെഎസ്ആർടിസി ബസ്സും ജനങ്ങൾക്കിടയിൽ താരങ്ങളായി മാറി. ചിത്രം വൻ വിജയമായതോടെ ഈ റൂട്ടിലുള്ള കെഎസ്ആർടിസി ബസ്സിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു.
പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് ആണ് ബസ് സർവ്വീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്നും ഒരു ബസ് കുമളിയിലേക്ക് പുറപ്പെടുമ്പോൾ അതേസമയം മറ്റൊരു ബസ് കുമളിയിൽ നിന്നും പത്തനംതിട്ടയിലേക്കും പുറപ്പെടും. കുമളി, പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോകളാണ് ഈ സർവ്വീസിന് ചുക്കാൻ പിടിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ്സുകളുടെ സമയവിവരങ്ങൾ – PATHANAMTHITTA to GAVI . കുമളിയിൽ നിന്നും ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ്സുകളുടെ സമയവിവരങ്ങൾ – KUMILY to GAVI .
കെഎസ്ആർടിസി ബസ്സുകൾ കൂടാതെ നിങ്ങൾക്ക് സ്വന്തം വാഹനങ്ങളിലും ഗവിയിലേക്ക് പോകാവുന്നതാണ്. പക്ഷേ അതിന് അൽപ്പം നിയന്ത്രണങ്ങളൊക്കെയുണ്ടെന്നു മാത്രം. ചെക്ക് പോസ്റ്റിൽ നിന്നും പാസ്സ് ലഭിക്കുന്ന ആദ്യത്തെ പത്തു സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് ഗവിയിലേക്ക് പ്രവേശനമുള്ളത്. ഒഴിവു ദിവസങ്ങളിൽ ഈ എണ്ണത്തിൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കാം. അത്തരം ദിവസങ്ങളിൽ മുപ്പതോളം വാഹനങ്ങളെ വരെ കടത്തി വിടാറുണ്ട്. പ്രവേശന പാസ്സ് രാവിലെ ഏഴു മണിമുതലാണ് കൊടുത്തു തുടങ്ങുന്നത്. ഇരുചക്രവാഹനങ്ങൾക്ക് ഈ റൂട്ടിൽ പാസ്സ് ലഭിക്കുവാൻ സാധ്യതയില്ല. അതുപോലെ തന്നെ ചെറിയ കാറുകളിൽ ഈ റൂട്ടിലൂടെ സഞ്ചരിക്കുവാൻ നല്ല ബുദ്ധിമുട്ടാണ്. ജീപ്പ് പോലുള്ള ഓഫ്റോഡ് വാഹനങ്ങളായിരിക്കും കൂടുതൽ ഉത്തമം. അല്ലെങ്കിൽ യാത്രയ്ക്കു ശേഷം നിങ്ങളുടെ കാറിനു തകരാറുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം കൊടുംകാട്ടിലൂടെ സഞ്ചരിക്കുന്ന റൂട്ടുകളിൽ ഒന്നായതിനാൽ ഇവിടേക്ക് വരുന്ന സഞ്ചാരികൾ ആവശ്യത്തിനു ഭക്ഷണവും വെള്ളവും കൂടെ കരുതുക. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക – പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ തുടങ്ങിയവ ഒഴിവാക്കുക. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. കാടല്ലേ, അൽപ്പം മദ്യപാനമൊക്കെ ആകാം എന്നു വിചാരിച്ചുകൊണ്ട് ദയവുചെയ്ത് ഗവിയിലേക്ക് ആരും വരരുത്. മനുഷ്യ ഇടപെടലിന്റെ ആധിക്യം ഇവിടത്തെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിക്കുന്നതിനാൽ സന്ദർശകർ ഈ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
സത്യത്തിൽ ഗവി എന്ന സ്ഥലം പറയത്തക്ക വലിയ സംഭവമൊന്നുമല്ല. പക്ഷേ അവിടേക്കുള്ള യാത്രയാണ് കിടിലൻ. അതുതന്നെയാണ് ആസ്വദിക്കേണ്ടതും. കിലോമീറ്ററുകളോളം ഭീകരാന്തരീക്ഷത്തിൽ കാടിനുള്ളിലൂടെ ഇവിടേക്കുള്ള യാത്ര ഏതൊരാളെയും മയക്കുന്നതാണ്. അഡ്വഞ്ചർ ട്രിപ്പുകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പറയുകയേ വേണ്ട. ഗവിയിലേക്കുള്ള ഏറ്റവും ആസ്വാദ്യകരമായ മാർഗം പത്തനംതിട്ടയിൽ നിന്നാണ്.
സഞ്ചാര പാതയിൽ ആനയിറങ്ങാനുള്ള സാധ്യത വളരെയേറെയാണ്. അതുകൊണ്ട് സ്വന്തം വാഹനങ്ങളിൽ ഇതുവഴി പോകുന്നവർ ജാഗ്രത പാലിക്കണം. യാത്ര കെഎസ്ആർടിസി ബസ്സിലാണെങ്കിൽ അത്ര പേടിക്കേണ്ടതില്ല. കാരണം ബസ്സും ആനകളും തമ്മിൽ ഒരു അഡ്ജസ്റ്റ്മെൻറ് റിലേഷൻഷിപ്പ് ആണത്രേ. അതിനാൽ ബസ് കണ്ടാൽ ആക്രമിക്കുവാൻ സാധാരണ ആനകൾ തുനിയാറില്ല. പോരാത്തതിന് പരിചയസമ്പന്നരായ ബസ് ജീവനക്കാരും കൂട്ടിനുണ്ടാകും.
ഗവിയിൽ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ടൂർ പാക്കേജുകൾ ലഭ്യമാണ്. ട്രെക്കിംങ്, വൈൽഡ് ലൈഫ് വാച്ചിങ്, ഔട്ട്ഡോർ ക്യാമ്പിംഗ്, സഫാരി തുടങ്ങിയ ആക്ടിവിറ്റികൾ അവിടെ ലഭ്യമാണ്. താമസം അടങ്ങിയതും ഇല്ലാത്തതുമായ പാക്കേജുകൾ www.gavi.kfdcecotourism.com എന്ന വെബ്‌സൈറ്റിൽ നിന്നും ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. തേക്കടിയിൽ വരുന്ന സഞ്ചാരികൾക്ക് അവിടെയുള്ള ഓഫീസിൽ നിന്നും ഗവി പാക്കേജ് കൂടി എടുക്കുവാനും സാധിക്കും.
ഗവി പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് : 1. കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെഎഫ്ഡിസി), ആരണ്യകം, കാരപ്പുഴ, കോട്ടയം – 686003. ഫോൺ : +91 481-2582640, 2581205. 2. കെ എഫ് ഡി സി എക്കോടൂറിസം ഗവി
ഗവി, വണ്ടിപ്പെരിയാർ മൊബൈൽ : +91 99474 92399. 3. ഇൻഫർമേഷൻ സെന്റർ, ഹോളിഡേ ഹോം ബിൽഡിംഗ്, കുളത്തുപാലം , കുമളി, ഫോൺ: +91 4869 223270. കവർചിത്രം : Syril T Kurian.