വിവരണം – ദയാൽ കരുണാകരൻ.
ആദ്യമായി ഗവി സന്ദർശിച്ചത് 1989 ലാണ്. അന്ന് വണ്ടിപ്പെരിയാർ- വളളക്കടവ് വഴിയാണ് ഗവിയിലെത്തിയത്. അന്നത്തെ ഗവി അല്ല ഇന്നത്തെ ഗവി. പെരിയാർ കടുവ സങ്കേതത്തിനകത്ത് ഈ അടുത്തകാലം വരെ പ്രകൃതി ഒളിപ്പിച്ചു വച്ച ഒരു നിധികുംഭമായിരുന്ന ഗവി ഇന്ന് സന്ദർശ്ശകർക്ക് മുന്നിൽ ഏറെക്കുറെ അനാവൃതമാണ്.
ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര പത്തനംതിട്ട- മണ്ണാർകുളഞ്ഞി- വടശ്ശേരിക്കര – പെരിനാട് – ആങ്ങാമൂഴി വഴിയുള്ളതായിരുന്നു. ഗവിയിലേക്ക് പോകുന്നെങ്കിൽ ഇതു വഴിതന്നെയാണ് പോകേണ്ടത്. എങ്കിലേ ഗവിയുടെ കാണാസൗന്ദര്യങ്ങൾ കാണാൻ കഴിയൂ. ഗ്രൗണ്ട് ക്ളിയറൻസ് കുറഞ്ഞ സ്വിഫ്റ്റ്, വാഗൺ-ആർ എന്നീ വാഹനങ്ങൾക്ക് വേണമെങ്കിൽ ഇതു വഴി പോകാമെന്നു മാത്രമേ പറയാൻ കഴിയു. നല്ലത് ജീപ്പ് അല്ലെങ്കിൽ നല്ല ഗ്രൗണ്ട് ക്ളിയറൻസുള്ള വാഹനങ്ങൾ തന്നെ.
ചില പ്രമുഖ ഇന്റ്റർനാഷണൽ ടൂറിസം ബ്രാൻഡുകൾ ഇന്ത്യയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഗവിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി റിസർവ്വ് ഫോറസ്റ്റിൽ പെട്ട സീതത്തോട് പഞ്ചായത്തിലാണ് ഗവി ഉൾക്കൊള്ളുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3399 അടി(1036 മീറ്റർ) ഉന്നതിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം. ആരണ്യകങ്ങൾ കടന്ന് അകത്ത് എത്തുമ്പോൾ ദൃശ്യമാകുന്ന വനഭംഗിയുടെ സമ്മോഹനമായ കാഴ്ച… അതത്രേ ഗവി!
ആനയും, പുളളപ്പുലിയും, കരടിയും, കടുവയും, കാട്ടുപോത്തും, മാനുകളും, വംശനാശത്തിന്റ്റെ വക്കിൽ നില്ക്കുന്ന സിംഹവാലൻ കുരങ്ങുകളും, വരയാടുകളും, മലയണ്ണാനുമൊക്കെയുളള വനസ്ഥലി. പക്ഷിനിരീക്ഷകരുടെ ഈ പറുദീസ 260 ൽ അധികം പക്ഷികളുടെ ആവാസവ്യവസ്ഥ കൂടിയാണ്. ഈ ആരണ്യകത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇന്ത്യയിൽ ഗോഫെർ മരങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുളള ഏക സ്ഥലം കൂടിയാണിത്.
എന്താണ് ഗോഫെർ മരങ്ങൾ? ബൈബിളിൽ ജനിസിസ് 6:14 ൽ പ്രതിപാദിക്കപ്പെട്ട ‘നോവയുടെ ആർക്ക് നിർമ്മിച്ചത് ഭൂമിയിൽ നിന്ന് വംശനാശപ്പെട്ടെന്ന് കരുതിയിരുന്ന ഗോഫെർ മരങ്ങൾ കൊണ്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരം രണ്ടു മരങ്ങൾ ഗവി മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ എണ്ണം കാടകങ്ങളിൽ കാണാനും സാദ്ധ്യതയുളളതായി പറയപ്പെടുന്നു. ഈ ഗോഫെർ എന്ന വാക്ക് ബൈബിളിൽ തന്നെ ഒരേയൊരു തവണയാണ് പ്രതിപാദിക്കപ്പെട്ടിട്ടുളളത്. അപൂർവ്വമായ വാക്ക്… അപൂർവ്വമായ മരം… അതുൾക്കൊളളുന്ന അത്യപൂർവ്വമായ നിബിഢവനം.
ഗവി എന്ന പേര് കേൾക്കുമ്പോൾ ഇപ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ബിജു മേനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച 2012 ലെ ഓർഡിനറി എന്ന മലയാള ചിത്രമാണ്. മനംമയക്കുന്ന ഗവി ദൃശ്യങ്ങൾ വഴിഞ്ഞൊഴുകിയ ആ ചിത്രം മുഖ്യമായി ഗവിയെ പശ്ചാത്തലമാക്കി ആയിരുന്നു. ഈ ചിത്രത്തിന് മുമ്പ് ഗവി എന്ന പേര് കേട്ടാൽ മലയാളികൾ വിചാരിച്ചിരിക്കുക ആ സ്ഥലം ഏതോ ദക്ഷിണ കിഴക്കനേഷ്യാ പ്രദേശമെന്നായിരിന്നു. പരിചിതമല്ലാത്ത മലയാള ദേശനാമം. അതെ ഈ ദേശവും ആളുകളും ഒന്നും മലയാളിക്ക് അത്ര പരിചിതമാകാൻ തരമില്ല. കാരണം മനുഷ്യവാസമില്ലാതിരുന്ന ഇടമായിരുന്നു ഈ വനാന്തർഭാഗം.
‘ഓർഡിനറി’ ഫിലിം കണ്ട് മോഹിച്ച് ഗവിയിലെത്തിയവരാകട്ടെ മനസ്സിൽ പ്രതീക്ഷിച്ചത് കാണാതെ പ്രതീക്ഷയുടെ അപ്പുറത്തെ കാഴ്ചകൾ കണ്ട് ഭ്രമിച്ച് പോയവരാണ്. സിനിമയിലെ സെറ്റുകൾ അപ്പടി ഗവിയിൽ പ്രതീക്ഷിച്ചെത്തുന്നവരുടെ നിരാശയെ ഗവി വനഭംഗികൊണ്ട് വിസ്മയിപ്പിക്കും. ആ സിനിമയിലെ നായകന്മാരും നായികയുമൊക്ക സഹവസിച്ച ഇടങ്ങളും മറ്റും തേടിയെത്തുന്ന ആ കെ.എസ്.ആർ.ടി.സി ബസ്സിലെ സന്ദർശകരുടെ പ്രവാഹം ഇപ്പോഴും ഗവിയിലേക്ക് തുടരുന്നുവെന്നതാണ് വാസ്തവം. പക്ഷേ ഗവി ആരെയും നിരാശിതരാക്കി മടക്കി അയക്കാറില്ല. മറിച്ച് വെളിച്ചം കടക്കാത്ത ഘോരവനത്തിന്റ്റെ നിശബ്ദ സൗന്ദര്യമാണ് ഗവി സന്ദർകർക്കായി കാത്തുവച്ചിരിക്കുന്നത്.
ഞങ്ങൾ രാവിലെ ആങ്ങമൂഴി ചെക്പോസ്റ്റിൽ എത്തിയപ്പോൾ ചിലർ കാർ യാത്രയെ നിരുൽസാഹപ്പെടുത്തി. എന്തായാലും ഗവിയിലേക്കുളള യാത്ര ഞങ്ങൾ കാറിൽ തന്നെ തുടരാൻ തീരുമാനിച്ചു. രാവിലെ തന്നെ ആങ്ങാമൂഴി ചെക്പോസ്റ്റ് കടന്നെങ്കിൽ മാത്രമേ ഗവിയിലെ ട്രെക്കിംഗ് ഷെഡ്യൂളിൽ കൃത്യമായി പങ്കെടുക്കാൻ കഴിയുകയുള്ളൂ. രാവിലെ എത്തുന്ന കുറച്ച് വണ്ടികൾ മാത്രമെ ഗവിയിലേക്ക് കടത്തി വിടുകയുളളു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഗവിയിലെ കെ.റ്റി.ഡി.എഫ്.സി യുമായോ കുമിളിയിലെ ഇൻഫോ സെന്റ്ററുമായോ ബന്ധപ്പെടാവുന്നതാണ്.
ഈ യാത്രയുടെ ഏറെ ദൂരത്തിലെയും വഴികൾ തകർന്നുകിടക്കുന്നത് യാത്രയെ സാരമായി ബാധിച്ചു. ഞങ്ങൾ ഗവിയിലെത്തിയപ്പോഴേക്കും ആദ്യം എത്തിയ യാത്രികരുടെ കൂട്ടങ്ങൾ ട്രെക്കിംഗിനും ബോട്ടിംഗിനുമൊക്കെയായി തിരിച്ചു കഴിഞ്ഞിരുന്നു. ബ്രേക്ഫാസ്റ്റ്, ലഞ്ച്, ബോട്ടിംഗ്, ട്രക്കിംഗ് എല്ലാം ഉൾപ്പെടുന്ന തുക കൗണ്ടറിൽ അടച്ച് ഞങ്ങൾ റസ്റ്ററന്റ്റിലെത്തിയപ്പോൾ അവിടെ നിറയെ സ്വദേശിയും വിദേശിയുമായ യാത്രികരെ കൊണ്ട് നിറഞ്ഞിരുന്നു. റസ്റ്ററന്റ്റിലേക്കുളള വഴി അത്യാകർഷകമായ ഒരു ലതാഗൃഹത്തിലൂടെയാണ് കടന്നുപോകുന്നത്. തൂങ്ങിക്കിടക്കുന്ന പൂങ്കുലകളിൾ മധുനുകരുന്ന അസംഖ്യം ചെറുകിളികൾ, തേൻകിളികൾ അവ ഉതിർക്കുന്ന കളകൂജനങ്ങൾ ആരെയും മോഹിപ്പിക്കുന്നതാണ്. ഗവിയുടെ മാസ്മരികതകളിൽ ഈ ലതാഗൃഹത്തിലെ തേൻകിളികളുടെ പങ്ക് സുപ്രധാനമാണ്.
ഞങ്ങൾ വേഗം ഭക്ഷണം കഴിച്ച് ട്രക്കിംഗിനായി തടാകത്തിന് അക്കരയിലേക്ക് പോകാനുളള തുഴച്ചിൽ ബോട്ടുകളിൽ സ്ഥാനം പിടിച്ചു. ഞങ്ങളുടെ മക്കൾ അക്ഷയും ആദിത്യയും ബോട്ടിന് അരികിൽ ചാഞ്ഞുകിടന്ന് വെളളം ചെപ്പി കളിച്ചുകൊണ്ടിരുന്നു. ഗൈഡ് ഞങ്ങളെ ഗവിയിലെ തടാകത്തിന്റെ അക്കരെയെത്തിച്ചു. കുളയട്ടകൾ പതിയിരിക്കുന്ന കാലടിപ്പാതയെ പ്രതി ആന്റ്റി ലീച്ച് സോക്സുകൾ ധരിച്ച് നടന്ന ആ യാത്ര ഗവിയുടെ വനാന്തർഭാഗത്തെ വിസ്മയങ്ങളെ ഞങ്ങൾക്ക് കാട്ടിതന്നു. കാട്ടുപോത്തിനെയും സിംഹവാലൻ കുരങ്ങിനെയും ആവോളം കാണിച്ചു തന്ന യാത്ര.
ഒരു സ്ഥലത്തെത്തിയപ്പോൾ താഴേക്ക് കൈചൂണ്ടി കടുവയുടെ കാൽപാദങ്ങൾ പതിഞ്ഞ ഇടങ്ങൾ കാട്ടി കടുവയുടെ സാന്നിദ്ധ്യത്തിനായി ഞങ്ങളെ ജാഗരൂകരാക്കി. മക്കൾ ഭയന്ന് എന്നെ പിടിച്ച് നില്ക്കാൻ തുടങ്ങി. പരിചയ സമ്പന്നനായ ഗൈഡിന്റ്റെ കൈയിലെ വടി ഏത് കടുവയെയും പായിക്കുന്നതാണെന്ന് അയാൾ മക്കൾക്ക് ഉറപ്പുകൊടുത്തു. അതോടെ മക്കൾ വർദ്ധിതവീര്യരായി ഇനി കടുവയെ കണ്ടിട്ടേ അടങ്ങുകയുളളുവെന്ന മട്ടിൽ കടുവ എവിടെയെന്ന് ഗൈഡിനോട് ചോദിച്ചു കൊണ്ടിരുന്നു. അവസാനം അകലെയായി ഒരു കൊക്കയുടെ അപ്പുറം പാറപ്പുറത്ത് രണ്ട് കടുവകളുടെ ദൃശ്യം ഗൈഡ് ഞങ്ങൾക്ക് കാട്ടിത്തന്നു. അവ മൃഷ്ടാന്നത്തിന് ശേഷം വെയിൽ കായുകയാണെന്ന് ഗൈഡിന്റ്റെ ഭാഷ്യം.
ഞങ്ങൾ ആ മനോഹര ദൃശ്യം നോക്കി ഏറെ നേരം നിന്നു. ആ കടുവകളുടെ ചേഷ്ടകൾ കണ്ട് മയങ്ങി നിന്ന ഞങ്ങളെ ഗൈഡ് വളിച്ചുണർത്തി മുന്നോട്ടു നടത്തി. അങ്ങനെ നടക്കുമ്പോൾ ഗൈഡ് ആ വനത്തിലെ ഓരോ മരങ്ങളെ കുറിച്ചും പക്ഷി ജന്തുജാലങ്ങളെ കുറിച്ചും വർണ്ണിച്ചു കൊണ്ടിരുന്നു. ട്രെക്കിംഗ് അവസാന പാദത്തിലേക്ക് കടക്കുകയാണെന്ന് അയാൾ ഓർമ്മപ്പെടുത്തുമ്പോഴേക്കും ഞങ്ങൾ ഒരു ടാർ പാത ക്രോസ് ചെയ്ത് അപ്പുറത്തേക്ക് എത്തിയിരുന്നു.
തൊട്ടു മുന്നിൽ സാമാന്യം ഉന്നതിയുളള ചെങ്കുത്തായ ഒരു കുന്ന്. ആ കുന്നിന്റ്റെ അടിവാരത്തായി കറുവപ്പട്ട മരങ്ങളുമുണ്ട്. ഗൈഡ് ഒരു മരത്തിൽ നിന്നും കറുവപ്പട്ട ഇളക്കിയെടുത്തു തന്നു. കറുവപ്പട്ടയുടെ നനുത്ത ഗന്ധം നാസികയുടെ അന്തർഭാഗങ്ങളിൽ എരിഞ്ഞുകയറുന്നു. ആ കറുവപ്പക്കാടുകളും കടന്ന് ഞങ്ങൾ കുന്നിന്റ്റെ ചരിവിലൂടെ മുകളിലേക്ക് കയറി. ആ കുന്നിന്റ്റെ നെറുകയിലെത്തിയപ്പോൾ സാമാന്യം വിശാലമായൊരു നിരപ്പാർന്ന ഇടം. അവിടെ നിന്ന് നോക്കിയാൽ നോക്കെത്താ ദൂരത്തിൽ പരന്നു കിടക്കുന്ന മലനിരകളെ കാണാം. വനത്തിന്റ്റെ ഹരിതാഭ ഒരു നീലമൂടുപടത്തിലൂടെ നോക്കിയാൽ എങ്ങനെയോ അങ്ങനെയെന്ന വണ്ണം തിളങ്ങിനില്ക്കുകയാണ്.
നിലയ്ക്കാത്ത കാറ്റിന്റ്റെ ആരവം… പുൽക്കൊടികൾ നിരന്തരമായ കാറ്റിൽ വളഞ്ഞുനില്ക്കുകയാണ്. അവിടെ നിന്നപ്പോൾ ശരീര ഭാരം ലഘൂകരിക്കുന്നതായി തോന്നി. ഞങ്ങളുടെ കുട്ടികൾ കുന്നിൻ നെറുകയിലെ കാറ്റിൽ പിടിച്ചു നില്ക്കാൻ തത്രപ്പെട്ടു. ഞങ്ങൾ കാറ്റിന്റ്റെ രൂക്ഷത കുറഞ്ഞ ഒരു ചരിവിലേക്ക് നീങ്ങി. പൊടുന്നനവെ ഗൈഡ് വിളിച്ചു പറഞ്ഞു “അതാ അവിടെ ആനകൾ”. അടുത്ത മലയുടെ ചരുവിൽ ആനക്കൂട്ടങ്ങൾ മേയുന്നു. നല്ല ചുവന്ന മണ്ണിന്റ്റെ നിറമുളള ഗജവീരന്മാർ. ആ ഗജരാജവിരാജിത മന്ദഗതി ഞങ്ങളുടെ കുറേ നിമിഷങ്ങൾ കവർന്നെടുത്തു.
ഞങ്ങൾ ആ കാട്ടാനകൂട്ടങ്ങളിൽ മദിച്ചു നില്ക്കുമ്പോൾ അങ്ങ് തെക്ക് പടിഞ്ഞാറുളള ഒരു ദൃശ്യത്തിലേക്ക് ഗൈഡ് കൈ ചൂണ്ടി. ഞങ്ങളുടെ കണ്ണുകൾ ആ ചൂണ്ടു വിരലിലൂടെ അവിടേക്ക് നീണ്ടു. വിശാലമായ ആ മലനിരകളിൽ അവ്യക്തതമായി നില്ക്കുന്ന സാക്ഷാൽ ശബരിമല. ശരണമന്ത്രങ്ങളുടെ അനിർവചനീയമായ അനുഭൂതിയുളവാക്കുന്ന പുണ്യസ്ഥലി. ചുറ്റും നീലമലകൾ. ശബരിമല വ്യൂ പോയൻറ്റ് ഗവി ട്രെക്കിംഗിന്റ്റെ ഒരു പ്രധാന കാഴ്ചയാണ്. ഏറെ നേരം ഞങ്ങൾ ആ ദൃശ്യങ്ങൾ നുകർന്ന് അവിടെ നിന്നു. ഞങ്ങൾക്ക് ലഞ്ച് കഴിക്കാനുളള സമയം ഏറെ അതിക്രമിച്ചിരിക്കുന്നുവെന്ന് ഗൈഡ് ഓർമ്മപ്പെടുത്തി.
അവിടെ നിന്നും ഞങ്ങൾ തിരിച്ചു ട്രെക്കിംഗ് തുടങ്ങിയ തടാകക്കരയിലെ റസ്റ്റ്റന്റ്റിൽ തന്നെയെത്തി.വെജിറ്റേറിയൻ ലഞ്ച് കഴിച്ചു. പിന്നെ ബോട്ടിംഗിനായി തടാകക്കരയിൽ ചാരുബഞ്ചുകളിൽ കാത്തിരുന്നു. ഗൈഡ് ഞങ്ങൾക്കുളള ബോട്ടുമായി എത്തി. നല്ല ഭംഗിയുളള തുഴ ബോട്ടുകൾ. മക്കൾ തുളളിച്ചാടി അതിൽ കയറി. തടാകം അത്ര വലിയതൊന്നുമല്ല; ചെറുതെങ്കിലും അത് കാനന കാഴ്ചകളാൽ ചേതോഹരമാണ്. ഞങ്ങളുടെ ഗൈഡ് ബോട്ടിനെ തീരത്തുകൂടി തടാകത്തിന്റ്റെ മറുകരയിലേക്ക് നയിച്ചു.
അവിടെ ചെറിയ പാറക്കൂട്ടങ്ങൾ ദൃശ്യമാകുന്നു. കുറച്ചുകൂടി അകത്തേക്ക് പോകുമ്പോൾ അതാ അവിടെ ഒരു ചെറിയ വെളളച്ചാട്ടം. ചെറുതെങ്കിലും ആ വെളളച്ചാട്ടം ഹൃദയഹാരിയായി തോന്നി. ഞങ്ങൾ അവിടെ ഇറങ്ങി; വഴുവഴുപ്പുളള പാറക്കെട്ടുകളും കടന്ന് ആ വെളളച്ചാട്ടത്തിന്റ്റ അരികിലെത്തി. കഷ്ടിച്ച് പത്ത് പതിനഞ്ച് അടി ഉയരമുളള വെളളച്ചാട്ടം. അവിടെ നില്ക്കുമ്പോൾ വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോകുകയായി. പാറക്കെട്ടുകളും കടന്ന് ബോട്ട് തടാകത്തിന്റ്റെ മദ്ധ്യത്തിലേക്ക് വന്നു. അവിടെ നിന്നു നോക്കുമ്പോൾ തടാകക്കരയിലെ ഉദ്യാനവും റസ്റ്ററന്റ്റ് പരിസരങ്ങളുമൊക്ക ഹൃദയഹാരിയായി ഭവിക്കുന്നു.
വിഖ്യാത ബ്രട്ടീഷ് ധനതത്വശാസ്ത്രഞ്ജനായ ഇ.എഫ്. ഷൂമാക്കർ ‘സ്മാൾ ഈസ് ബ്യൂട്ടിഫുൾ’ എന്ന് പറഞ്ഞത് ഗവിയിലെ ചെറിയ തടാകത്തിനെയും ചെറിയ വെളളച്ചാട്ടത്തിനെയും ചെറിയ ഉദ്യാനത്തിനെയും കണ്ടിട്ടാണോയെന്ന് ഗവിയിലെത്തുന്ന ഏതെങ്കിലും യാത്രികർക്ക് തോന്നിയെങ്കിൽ തെറ്റൊന്നുമില്ല. അത്രമാത്രം ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ടു നെയ്തെടുത്ത വലിയൊരു സംഭവമാണ് ഗവി.
യാത്രികരിൽ മാസ്മരികത ഉളവാക്കുന്ന ഗവി വേരുകളറ്റുപോയ കുറേ പാവപ്പെട്ട മനുഷ്യരുടെ ദീനവിലാപങ്ങളുടെയും സഹനത്തിന്റ്റെയും കൂടി പ്രതലമാണ്. 1964 ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയും ശ്രീലങ്കൻ പ്രസിഡൻറ്റ് ശ്രീമതി. സിരിമാവോ ബൻഡാര നായ്കെയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം സംസ്ഥാന സർക്കാർ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്ക് പാർക്കാനായി കണ്ടെത്തിയ സെറ്റ്ൽമെന്റ്റാണ് ഇത്. 1975 ലെ 136 അഭയാർത്ഥി കുടുംബങ്ങൾ 2009 ൽ നാനൂറ് കുടുംബമായി വളർന്നിരുന്നു. ഇപ്പോൾ അത് നാനൂറിനും മീതെ കടന്നിരിക്കുന്നു. ഇവരൊക്കെ കേരള വനം വികസന കോർപ്പറേഷന്റ്റെ ഏലത്തോട്ടങ്ങളിൽ തുശ്ചമായ വേതനത്തിന് ജോലിചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു.
നാമമാത്രമായ സൗകര്യങ്ങളിൽ തളയ്ക്കപ്പെട്ട ജനത. അടുത്ത പട്ടണങ്ങൾ യഥാക്രമം 104 ഉം 51 കി.മീറ്റർ അകലെയുളള പത്തനംതിട്ടയും കുമിളിയും. പത്തനംതിട്ട – ഗവി – കുമിളി റൂട്ടിൽ കെ.എസ്.ആർ.ടി.സി യുടെ നാലു ബസ് സർവ്വീസുകൾ (രണ്ടു ബസ്സുകൾ), ഗവിയിലെ രണ്ട് മൂന്ന് ഓട്ടോറിക്ഷകൾ, ബി.എസ് എൻ.എൽ ന്റ്റെ ഒരു ട്രാൻസ്റിസീവർ, കെ.എഫ്.ഡി.സിയുടെ ഏലത്തോട്ടം, ഒരു സ്കൂൾ, ഒരു ഫാർമസിസ്റ്റ് മാത്രമുളള ആരോഗ്യ കേന്ദ്രം ഇത്രയുമായാൽ ഗവി സെറ്റ്ൽമെന്റ്റിലെ പൊതുജന സൗകര്യങ്ങൾ അവസാനിച്ചുവെന്ന് പറയാം. ഗവിയിലേക്ക് ഒരു പോലീസ് വണ്ടിയെത്തണമെങ്കിൽ 70 കി.മീറ്റർ അകലെയുളള മൂഴിയാറിൽ നിന്നുമെത്തണം.
1964 ൽ ഒരുനാൾ ഉറക്കമുണർന്നപ്പോൾ പൗരത്വം ഇല്ലാതായിപ്പോയ ശ്രീലങ്കൻ തമിഴ് ജനത, അവരിൽ ഒരു പറ്റം മനുഷ്യർ ഇന്ന് ഗവിയിൽ പാർക്കുന്നു. ജന്മനാട്ടിൽ നിന്നും ബഹിഷ്കൃതരായ സാധു പുലികൾ. ഗവണ്മെൻറ്റുകൾ മനസ്സില്ലാ മനസ്സോടെ ഏറ്റെടുത്തപ്പോൾ വംശ വേരുകൾ പതിഞ്ഞ തമിഴകത്തിന് പോലും വേണ്ടാതായവർ. സ്വന്തം നാട്ടുകാരുടെ കാര്യങ്ങൾ പോലും നേരാംവിധം ചെയ്യാത്ത നമ്മുടെ ഗമൺമെന്റ്റ് അധികാരികളുടെ മുമ്പിൽ ഈ അഭയാർത്ഥി മനുഷ്യർക്ക് എന്തു വില? അവരുടെ അസൗകര്യങ്ങളും അസംതൃപ്തികളും ഈ കാടകങ്ങളിൾ ഒതുങ്ങിത്തീരുകയാണ്. തേക്കടിയിലേക്കുള്ള തുടർയാത്രയിൽ ഗവി തന്ന മാസ്മരികതയ്ക്കൊപ്പം എവിടെയോ വേരറ്റുപോയ ആ ശ്രീലങ്കൻ മനുഷ്യരും മനസ്സിൽ വേരുപിടിച്ചു നിന്നിരുന്നു.