കടലിനടിയിലെ കാഴ്ചകൾ കാണാൻ ലക്ഷദ്വീപിലെ ‘ഗ്ലാസ്സ് ബോട്ട്’ യാത്ര

ലക്ഷദ്വീപിലെ ബീച്ച് റിസോർട്ടിൽ എത്തിയ ഞങ്ങൾ ആദ്യം പോയത് ഗ്ളാസ് ബോട്ടിൽക്കയറി കടലിലൂടെ ഒരു യാത്ര നടത്തുവാൻ ആയിരുന്നു. ബീച്ചിലെ മണൽപ്പരപ്പിൽ ഞങ്ങൾ ബോട്ട് യാത്രയ്ക്കായി തയ്യാറെടുത്തു. കരയിൽ നിന്നും ശാന്തമായ കടലിലേക്ക് ഇറങ്ങി ഞങ്ങൾ തെല്ലകലെ നിർത്തിയിട്ടിരുന്ന ബോട്ടിലേക്ക് നടന്നു. നീലനിറത്തിലുള്ള തെളിഞ്ഞ വെള്ളമായിരുന്നു കടലിൽ. ആയതിനാൽ വെള്ളത്തിലൂടെ നടക്കുന്ന സമയത്ത് നമ്മുടെ കാലുകൾ അടിത്തട്ടിൽ കാണുവാൻ സാധിക്കും.

അതിനിടെ നാസറിക്ക കടലിലൂടെ അൽപ്പം നീന്തിത്തുടിക്കുവാൻ തുടങ്ങി. നീന്തൽ അത്രയ്ക്ക് വശമില്ലാതിരുന്നതിനാൽ ഞങ്ങൾ അത് നോക്കി രസിച്ചു. അങ്ങനെ ഞങ്ങൾ ഗ്ളാസ് ബോട്ടിൽ കയറി. നാസർ, തങ്ങക്കോയ എന്നീ രണ്ടു ഇക്കമാരായിരുന്നു ഞങ്ങളുടെ ബോട്ടിന്റെ സാരഥികൾ. ഞങ്ങൾ ബോട്ടിൽ കയറിക്കഴിഞ്ഞപ്പോൾ ബോട്ട് ജീവനക്കാരൻ നാസറിക്ക ബോട്ട് സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി.

യാത്ര തുടങ്ങിയപ്പോൾ ബോട്ടിന്റെ താഴെയുള്ള ഗ്ളാസ്സിലൂടെ കടലിനടിയിലെ കാഴ്ചകൾ കാണുവാൻ തുടങ്ങി. ബോട്ട് പോകുന്ന സ്ഥലങ്ങളിൽ കടലിനടിയിലുള്ള പവിഴപ്പുറ്റുകളും മറ്റുമൊക്കെ ആ ചില്ലിലൂടെ ഞങ്ങൾക്ക് ദൃശ്യമായി വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. ഇളംനീലനിറത്തിലുള്ള കടലിൽ അവിടവിടെയായി ചിലയിടത്ത് വെള്ളത്തിന് കറുത്ത നിറം കാണപ്പെട്ടു. അത് കടലിലെ കല്ല് കൂട്ടങ്ങൾ ആണെന്ന് നാസറിക്ക പറഞ്ഞു. അതിനു മേലെ ബോട്ട് സഞ്ചരിച്ചാൽ ചിലപ്പോൾ അടിയിടിച്ച് ബോട്ടിനു കേടുപാടുകൾ സംഭവിക്കും. അതുകൊണ്ട് കറുത്ത നിറമുള്ള ഭാഗം ഒഴിവാക്കിയായിരുന്നു ബോട്ട് സഞ്ചരിച്ചിരുന്നത്.

ഞങ്ങളുടെ റിക്വസ്റ്റ് പ്രകാരം ഒരു കൽക്കൂട്ടത്തിനരികിൽ ബോട്ട് നിർത്തി ഞങ്ങളെ അവിടെ ഇറക്കുകയുണ്ടായി. കല്ല് ആണെന്ന് ഒറ്റനോട്ടത്തിൽ പറയുകയേയില്ല. ഉരുളക്കിഴങ്ങ് പോലത്തെ കല്ലുകളും അതോടൊപ്പം പവിഴപ്പുറ്റുകളുമൊക്കെ ചേർന്നതായിരുന്നു ആയ കൂട്ടം. നാസറിക്ക അതിനിടയിൽ കടലിലൂടെ നീന്തുവാൻ സമയം കണ്ടെത്തി. ദ്വീപ് നിവാസിയാണെങ്കിലും നാസറിക്ക കടലിൽ നീന്തിയിട്ടു ഒരു വർഷത്തോളമായി എന്നു പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ ഒരവസരം ലഭിച്ചപ്പോൾ ഇക്ക നീന്തിത്തുടിക്കുവാൻ സമയം കണ്ടെത്തിയതും.

കടലിന്റെ വിവിധയിടങ്ങളിലൂടെ ഞങ്ങൾ ബോട്ടിൽ യാത്ര ചെയ്തുകൊണ്ട് ആസ്വദിക്കുകയുണ്ടായി. വളരെ മനോഹരമായ കാഴ്ചകളും കണ്ടുകൊണ്ടുള്ള ആ യാത്ര അവിസ്മരണീയമാണ്. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലേ ഇങ്ങനെയുള്ള യാത്രകളൊക്കെ കിട്ടുകയുള്ളൂ. ആ സമയത്തു തന്നെ അത് ആസ്വദിക്കുകയും വേണം. അല്ലെങ്കിൽ ചിലപ്പോൾ പിന്നീട് നിരാശപ്പെടേണ്ടി വന്നാലോ.

ലക്ഷദ്വീപിൽ ധാരാളം ബീച്ച്, സ്പോർട്സ് ആക്ടിവിറ്റികൾ ലഭ്യമാണ്. അതിലൊന്നാണ് ഈ ഗ്ലാസ്സ് ബോട്ട് യാത്രയും. എന്തായാലും ലക്ഷദ്വീപിൽ വരുന്നവർ ഗ്ലാസ്സ് ബോട്ടിലൂടെയുള്ള കടൽയാത്ര ഒന്ന് ട്രൈ ചെയ്തിരിക്കേണ്ടതു തന്നെയാണ്. അങ്ങനെ വെള്ളത്തിനു മുകളിലൂടെ വെള്ളത്തിനടിയിലെ കാഴ്ചകൾ കണ്ടുകൊണ്ടുള്ള ഗ്ലാസ്സ് ബോട്ട് യാത്ര ആസ്വദിച്ചു ഞങ്ങൾ തിരികെ കരയിലേക്ക് യാത്രയായി. പോകുന്ന വഴി ബീച്ചിനു തൊട്ടടുത്തുള്ള അഗത്തി എയർപോർട്ട് ഒക്കെ ബോട്ടിൽ നിന്നും ഞങ്ങൾക്ക് ദൃശ്യമായി.

അങ്ങനെ കരയിലേക്കുള്ള മടക്കയാത്രയിലാണ് കുറച്ചകലെയായി ഒരു ദ്വീപ് എൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. നാസറിക്കയോട് ചോദിച്ചപ്പോൾ അത് ‘കൽപ്പെട്ടി’ എന്ന ദ്വീപ് ആണെന്നു പറഞ്ഞു തന്നു. എങ്കിൽപ്പിന്നെ ആ ദ്വീപ് ഒന്ന് കണ്ടുകളയാം എന്നു ഞങ്ങളും.പിന്നെ ഒട്ടും വൈകാതെ ആരും താമസമില്ലാത്ത കൽപ്പെട്ടി ഐലൻഡിലേക്ക് ഞങ്ങൾ ബോട്ട് തിരിച്ചു. ബാക്കി വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ… ലക്ഷദ്വീപ് യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക്, Contact BONVO: 9446404216.