എഴുത്ത് – ഷാനിൽ മുഹമ്മദ്.
തീയറ്ററിൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് അരിച്ചു കയറുന്ന ഒരുതരം തണുപ്പുണ്ട്. അത് ആ സിനിമ കഴിഞ്ഞാലും തീയറ്റർ വിട്ട് നമ്മുടെ കൂടെ പോരും. അത്ര മനോഹരമായ സ്ഥലത്താണ് ആ സിനിമയുടെ ലൊക്കേഷൻ. അങ്ങനെ അതിന്റെ പുറകു പിടിച്ച അന്വേഷണത്തിനൊടുവിലാണ് ഈ പേര് ശ്രദ്ധയിൽപ്പെടുന്നത് – ഗ്ലെൻമോർഗൻ.
ഊട്ടിയുടെ തിക്കും തിരക്കും പൊടിയും ട്രാഫിക് ബ്ലോക്കും എല്ലാം കഴിഞ്ഞു ഗൂഡല്ലൂർക്കുള്ള റോഡിൽ നിന്ന് ഏതാണ്ട് എട്ട് കിലോമീറ്റർ അകത്തേക്ക് മാറിയാണ് ഗ്ലെൻമോർഗൻ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ. തിരക്കോ ബഹളമോ വണ്ടികളോ ഒന്നും ഇല്ലാത്ത സ്വച്ഛ സുന്ദരമായ ഗ്രാമം. ചുറ്റും പച്ചപ്പും തണുപ്പിന്റെ ആവരണവും കോടമഞ്ഞിന്റെ കുളിരും മാത്രം.
കണ്ണുകളിൽ കൂടി മാത്രമല്ല, ശരീരത്തിന്റെ എല്ലാ അണുവിലും, ശ്വാസത്തിലൂടെയും നല്ല സുഖകരമായ കുളിര് നമ്മുടെ അകത്തേക് വന്ന് നിറയുന്നു. അത്രമാത്രം സുന്ദരമാണ് ഇവിടത്തെ തണുത്ത കാറ്റും കാലാവസ്ഥയും കാഴ്ചകളും. യൂക്കാലിപ്റ്റസ് മണമുള്ള മരങ്ങൾ അതിരിടുന്ന, അതിസുന്ദര തടാകക്കരയിലൂടെയുള്ള നടത്തം തരുന്ന ആനന്ദം, ഈ നീലഗിരിക്കുന്നുകൾക്ക് മാത്രം നൽകാനാവുന്ന ഒന്നാണ്.
ഓണക്കാല അവധിയിൽ കുടുംബത്തിന് മാത്രമായി കുറച്ചു ദിവസം എന്ന ആഗ്രഹത്തോടെ വീട്ടിൽ നിന്ന് കാർ എടുത്ത് ഇറങ്ങിയതാണ്. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും ഫാമിലിയും കൂടെ ഉണ്ട്. ഊട്ടിയുടെ തിരക്കിൽ നിന്ന് രക്ഷ തേടി ചെന്നത് നീലഗിരി കുന്നുകളിൽ കൂനൂർ എന്ന സുന്ദരിയുടെ മടിത്തട്ടിലാണ്. സുഖകരമായ താമസവും ഭക്ഷണവും സമ്മാനിച്ച ഒരു നല്ല ദിവസത്തിന് ശേഷം അടുത്ത സ്ഥലത്തേക്കുള്ള യാത്രയാണ് ഗ്ലെൻമോർഗനിൽ എത്തിച്ചത്.
ഗൂഡല്ലൂർ റോഡിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു ഓടിത്തുടങ്ങിയപ്പോൾ തന്നെ റോഡ് വിജനമായി. റബ്ബറൈസ് ചെയ്ത് ഭംഗിയാക്കിയ റോഡിനിരുവശവും തേയിലതോട്ടങ്ങളും പച്ചപുതച്ച കുന്നിൻ പുറങ്ങളും വരി വരിയായി നിരന്ന് നിൽക്കുന്ന വൻ മരങ്ങളും അതിരിടുന്നു. അല്പദൂരം കഴഞ്ഞപ്പോൾ ‘ ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ് ‘ എന്ന ബോർഡ് കണ്ടു. വളരെ പുരാതനമായ ഈ തേയിലതോട്ടങ്ങളിൽ നിന്നാണ് ആദ്യമായി ‘ഗ്രീൻ ടി’ ഉൽപ്പാദനം തുടങ്ങിയതത്രെ. 500 ഏക്കറോളം ചുറ്റും തേയിലതോട്ടങ്ങളാണ്. അതിന്റെ അരികുപിടിച്ചു വീണ്ടും മുന്നിലേക്കുപോകുമ്പോൾ മഴ കൂട്ടുകൂടാനെത്തി.
അല്പം കഴിഞ്ഞപ്പോഴേക്കും കാർ തടഞ്ഞു പോലീസുമെത്തി. അവിടം വരെ മാത്രമേ പ്രവേശനമുള്ളൂ, ഫോട്ടോ എടുക്കരുത് എന്നൊക്കെ പറഞ്ഞു ജാഡ കൂട്ടി. സാവധാനം വണ്ടി ഒതുക്കി പുറത്തിറങ്ങി സംസാരിക്കുമ്പോഴാണ് ഇലട്രിസിറ്റി ബോർഡിന്റെ പ്രോപ്പർട്ടി ആണെന്നും, സഞ്ചാരികളെ അനുവദിക്കില്ല എന്നുമൊക്കെ അറിയുന്നത്. പൈക്കര ഡാമിന്റെ റിസർവോയർ ആണ് ഇവിടം. പൈക്കര ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റും ഇതിനോട് അനുബന്ധിച്ചാണ്. ഇലെക്ട്രിസിറ്റി ബോർഡിന്റെ അനുമതി ഇല്ലാതെ മുന്നോട്ട് പോകാൻ അനുവാദം തരില്ല.
അല്പനേരത്തെ പരിചയത്തിന്റെ പുറത്തു ഒന്ന് പോയി കറങ്ങി ഉടൻ തിരിച്ചു വരുവാൻ അനുവാദം കിട്ടി. ചാടി കാറിൽ കയറാൻ ഒരുങ്ങിയതും മഴ പോയി ചുറ്റും കോടമഞ്ഞുവന്ന് നിറഞ്ഞു. പിന്നീട് മുന്നോട്ടുള്ള ഓരോ ചുവടും വേറെ ഏതോ ലോകത്തിലൂടെ സഞ്ചരിക്കുന്ന പോലെ തോന്നി. അത്രക്ക് മനോഹരമായ ലൊക്കേഷൻ. ഡാമിന്റെ റിസർവോയറും, തണുത്ത ശക്തമായ കാറ്റിന്റെ ശബ്ദ ഘാംഭീര്യവും, യൂക്കാലിപ്റ്റസ് മരങ്ങളിൽ നിന്നുള്ള സുഗന്ധവും കോടമഞ്ഞിന്റെ ഒളിച്ചുകളിയും കൂടി ഞങ്ങളെ വേറെ ഏതോ ലോകത്തെത്തിച്ചു. കുറെ ദൂരം പോയി തടാകക്കരയിൽ കുറച്ചു നേരം ചിലവഴിച്ചപ്പോൾ മനസും ശരീരവും നന്നേ തണുത്തു.
തിരിച്ചു പോരാൻ മനസില്ലാമനസോടെ വണ്ടിയെടുത്തു ഗ്ലെൻമോർഗൻ എന്ന ബോർഡ് ഇരിക്കുന്ന സ്ഥലത്തെത്തി കുറച്ചുനേരം കൂടി പുറത്തു ചുറ്റിക്കറങ്ങി. പവർഹൗസും പരിസരവും തീർത്തും സംരക്ഷണയിൽ ആണ്. ഏഷ്യയിലെ ഏറ്റവും ഉയരെ സ്ഥിതി ചെയ്യുന്ന പവർഹൗസണെന്ന് പോലീസുകാരൻ പറഞ്ഞു തന്നു. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 3400 അടി ഉയരെ. പണ്ട് ഇവിടെ പൈക്കര, സിങ്കാര എന്നിവിടങ്ങളിൽ നിന്ന് പണിക്കാരെ കൊണ്ട് വരാൻ റോപ്പ് വേ ഒക്കെ ഉണ്ടായിരുന്നു എന്നും ട്രെക്കിങ്ങിന് അനുമതി ഉണ്ടായിരുന്നു എന്നും വ്യസനത്തോടെ കേട്ടിരുന്നു. അല്ലാതെന്തു ചെയ്യാൻ.
നല്ലൊരവധിദിവസം, നല്ല കുറച്ചു മണിക്കൂറുകൾ, ഒരിക്കലും മറക്കാത്ത കുറെ ഏറെ കാഴ്ചകളും സമ്മാനിച്ച് കൊണ്ട് പയ്യെ ഗ്ലെൻമോർഗനോട് വിടചൊല്ലാൻ സമയമായി. വിജനമായ വഴികൾ താണ്ടി വീണ്ടും ഗൂഡല്ലൂർ റോഡിൽ കയറിയിട്ടും വണ്ടിയിലുള്ള ആരും ഒന്നും സംസാരിക്കുന്നുപോലും ഇല്ല. എല്ലാരുടെയും മനസും ശരീരവും നിറയെ ഗ്ലെൻമോർഗൻ സമ്മാനിച്ച തണുപ്പ് അത് പോലെ തന്നെ കാത്തു സൂക്ഷിക്കാൻ വേണ്ടി, അല്ലെങ്കിൽ ആ തണുത്ത പച്ചപ്പട്ടിന്റെ ഓര്മ മായാതെ മറയാതെ ഇരിക്കാൻ എന്ത് ചെയ്യും എന്ന ആലോചനയിലായിരിക്കും എല്ലരും … ? അതോ ഇനി വീണ്ടും എന്ന് കാണുമെന്ന ചിന്തയിലോ …?
എന്തായാലും ഒരിക്കലെങ്കിലും കാണേണ്ട, അനുഭവിക്കേണ്ട ഒരു സ്ഥലമാണ് ഗ്ലെൻമോർഗൻ. ഒരു സാദാ ടൂറിസ്റ്റ് സ്ഥലത്തു പോകുന്ന ലാഘവത്തോടെ ചെന്നെത്തിപ്പെടേണ്ട സ്ഥലമല്ല അവിടം. കടകളും, ഫോണിന് റേഞ്ചും ഇല്ല. ഇലട്രിസിറ്റി ബോർഡിന്റെ അനുമതി കൂടാതെ പ്രവേശനം അനുവദിക്കില്ല എന്നും ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.