പഞ്ചാബിൻ്റെ ശൗര്യമുറങ്ങുന്ന ഗോബിന്ദ് ഗർഹ് കോട്ടയിലെ കാഴ്ചകൾ

വിവരണം – വിഷ്‌ണു പ്രസാദ്.

സുവർണക്ഷേത്രം സന്ദർശനത്തിനുശേഷം അമൃത്സറിലെ മറ്റു കാഴ്ചകൾ കാണുവാൻ പരതുമ്പോഴാണ് ധർമ്മേന്ദ്ര എന്ന സർദാർജി ഗോവിന്ദ് ഗർഹ് കോട്ടയെപ്പറ്റി പറഞ്ഞുതരുന്നത്. അങ്ങനെ പതിയെ സുവർണ ക്ഷേത്രത്തിലെ യൂറോപ്പിന് അനുസൃതമായ വീഥികളിലൂടെ ഞാൻ നടന്നു കൊണ്ടിരുന്നു. അങ്ങനെ നടക്കുമ്പോഴാണ് വഴിതെറ്റി ഒരു ചായക്കടയിൽ വെച്ച് സിക്കന്ദർ എന്ന സർദാർജിയെ പരിചയപ്പെടുന്നത്. കേരളത്തിലേക്ക് ധാരാളം തവണ തന്റെ കണ്ടെയ്നർ വണ്ടി കൊണ്ട് ഒറ്റയ്ക്ക് സഞ്ചാരം നടത്തിയ വ്യക്തിയാണ് അദ്ദേഹം.

ജനുവരി മാസം ആയതിനാൽ പഞ്ചാബിലെ തണുപ്പ് അസഹനീയമായിരുന്നു. അദ്ദേഹം തന്റെ വണ്ടിയിൽ നിന്നും എനിക്ക് പുതയ്ക്കാൻ ഒരു കരിമ്പടം സമ്മാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബൈക്കിൽ തന്നെ ആ പുരാതന കോട്ടയിലേക്ക് അദ്ദേഹമെന്നെ എത്തിക്കുകയും ചെയ്തു. ഏകദേശം സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്ററോളമാണ് ദൂരം. പതിയെ അദ്ദേഹമെന്നെ ആ കോട്ടയുടെ മുന്നിൽ എത്തിക്കുകയും അദ്ദേഹത്തോട് നന്ദി പറഞ്ഞു പതിയെ ഞാനാ കോട്ടയുടെ കവാടത്തിലേക്ക് നടന്നടുത്തു.

തണുപ്പ് അസ്സഹനീയമായിരുന്നതിനാൽ ആ കരിമ്പടം എനിക്ക് വളരെ ഉപകാരപ്പെട്ടു. പഞ്ചാബിലെ രാഷ്ട്രീയത്തിലും ചരിത്രത്തിലും ഒട്ടനവധി കഥകൾ പറഞ്ഞു തരുന്ന ഒരു പുരാതന കോട്ടയാണ് ഗോവിന്ദ് ഗർഹ് കോട്ട. പട്ടാളം പിടിച്ചെടുത്തെങ്കിലും 2017 ഫെബ്രുവരി മാസം പത്താം തിയ്യതി മുതലാണ് കോട്ട ജനങ്ങൾക്കു മുന്നിലേക്ക് സമർപ്പിതമായത്. ടിക്കറ്റ് കൗണ്ടറിൽ രണ്ടുതരത്തിലുള്ള ടിക്കറ്റുകളാണ് ഉള്ളത്. ഒന്ന് 180 രൂപയുടെയും, മറ്റൊന്ന് 690 രൂപയുമാണ് ടിക്കറ്റ്. സ്പെഷ്യൽ ഷോകളും പ്രത്യേകതരത്തിലുള്ള ലൈറ്റ് ലൈറ്റ് ആന്റ് സൗണ്ട് പ്രോഗ്രാമുകളുമുള്ള ടിക്കറ്റിനാണ് 690 രൂപ. ഞാൻ 180 രൂപയുടെ സാധാ ടിക്കറ്റാണ് എടുത്തത്.

പഞ്ചാബിലെ പ്രത്യേകതയാണ് ചെമ്മണ്ണ് കൊണ്ടുള്ള നിർമ്മിതി. പഞ്ചാബിലെ നിർമ്മിതികൾ പൊതുവേ ചുവന്ന നിറങ്ങളിലാണ് കാണപ്പെടുന്നത്. ഒരു പ്രത്യേകതരത്തിലുള്ള ചുവന്ന നിറമാണ് പഞ്ചാബിലെ കോട്ടകൾക്ക് കോട്ടയുടെ കവാടത്തിൽ നമ്മെ സ്വാഗതം ചെയ്യുവാനായി പുരാതന പഞ്ചാബി വേഷം ധരിച്ച് വാദ്യോപകരണങ്ങളുമായി ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. കോട്ടയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 10 മണി വരെയാണ് പ്രവേശനം.

43 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ കോട്ടയുടെ നിർമ്മാണം ആരംഭിച്ചത് ഗുർജാൻ സിംഗ് എന്ന വ്യക്തിയും പൂർണ്ണമായും കോട്ടയുടെ ഇന്നത്തെ രീതിയിലുള്ള പണിതീർത്തത് മഹാരാജ രഞ്ജിത്ത് സിംഗുമാണ്. അക്രമങ്ങളിൽ നിന്നും കൊള്ളയടികളിൽനിന്നും അമൃത്സറിനെ സംരക്ഷിക്കുക എന്നതായിരുന്നു ഈ കോട്ടയുടെ നിർമ്മാണോദ്ദേശ്യം. അതിനാൽ തന്നെ അമൃത്സറിന്റെ കാവൽക്കാരൻ എന്നാണ് ഈ കോട്ട അറിയപ്പെടുന്നതും. പത്താമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു ഗോവിന്ദ് സിങിന്റെ നാമത്തോട് ബഹുമാനസൂചകമായാണ് കോട്ടയ്ക്ക് ഈ നാമം കൈവന്നത്. പിന്നീട് ബ്രിട്ടീഷുകാരുടെ കയ്യിൽ അകപ്പെട്ട കോട്ട 1947-ലാണ് ഇന്ത്യ ഗവൺമെന്റ് ഏറ്റെടുത്തത്.

കോട്ടയ്ക്കകത്ത് പുരാതന പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന ധാരാളം എക്സിബിഷൻസും, ലൈറ്റ് ഷോകളും, മ്യൂസിയവും അതുപോലെ തന്നെ ധാരാളം പൈതൃക വ്യാപാര കേന്ദ്രങ്ങളും നമുക്ക് കാണുവാൻ സാധിക്കും. 180 രൂപയുടെ ടിക്കറ്റ് ആയതിനാൽ എനിക്ക് എക്സിബിഷനും ലൈറ്റ് ഷോയും കാണുവാൻ സാധിക്കുമായിരുന്നില്ല. കോട്ടയുടെ കവാടം തുണികളാൽ അലങ്കരിച്ചിരുന്നു. ഞാൻ കവാടം പിന്നിട്ട് മുന്നിലോട്ട് സഞ്ചരിക്കും തോറും രാജാവിന്റെ കാലത്ത് എത്തപ്പെട്ട പ്രതീതിയാണ് എന്നിലുളവായത്. അതിനുശേഷം എത്തപ്പെട്ട ഗേറ്റിനു മുന്നിൽ പുരാതന പഞ്ചാബി വീരന്മാരായ രണ്ട് കാവൽക്കാരുടെ പ്രതിമകൾ ശ്രദ്ധയിൽപ്പെട്ടു. ആ കവാടം കൂടി കടന്നുചെന്നാൽ നാമെത്തുന്നത് വിശാലമായ ഉദ്യാനത്തിന് മുന്നിലാണ്.

ഞാനെത്തിയ സമയം രാവിലെ 11 മണി ആയിരുന്നു. അവിടെ പുരാതന പഞ്ചാബി നൃത്തമായ ബംഗ്‌റ ഡാൻസ് അരങ്ങേറുന്നുണ്ടായിരുന്നു. ഏകദേശം പതിനഞ്ച് നിമിഷത്തോളം ഞാനത് ആസ്വദിച്ചു നിന്നു. പഞ്ചാബിലെ പ്രശസ്തി ലോകത്തിന്റെ നെറുകയിൽ എത്തിച്ച തനത് നൃത്തമാണ് ബംഗ്‌റ നൃത്തം. അത്രയേറെ മനസ്സും ശരീരവും ഒരേപോലെ പ്രവർത്തിച്ചാൽ മാത്രം ചെയ്യ്യുവാൻ സാധിക്കുന്ന ഒരു കലാരൂപമാണിത്. അതിനുശേഷം ഞാൻ പതിയെ കോട്ടയുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

അവിടെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് അവിടുത്തെ മ്യൂസിയം. ബ്രിട്ടീഷുകാർക്ക് മുന്നിലും വൈദേശിക ശക്തികൾക്ക് മുന്നിലും നെഞ്ചുവിരിച്ച് മുട്ടുമടക്കാതെ പോരാടിയ ധാരാളം വീര സിക്കുകാരുടെ വേഷവിധാനങ്ങളും കഥകളും അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റുമാണ് നമുക്കിവിടെ കാണുവാൻ സാധിക്കുക. ക്യാമറയ്ക്ക് ഉള്ളിലേക്ക് പ്രവേശനമില്ലായിരുന്നു. അതിനുശേഷം പുറത്തിറങ്ങുമ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്ന മറ്റൊരു കാഴ്ചയാണ് അവിടുത്തെ കിണർ. പുരാതന പഞ്ചാബി നിർമ്മാണ രീതിയിലുള്ള കിണർ നമ്മുടെ നാടുകളിൽ പണ്ട് കപ്പി ഉപയോഗിച്ച് ജലം മുകളിലെത്തിച്ചിരുന്നത് പോലെ ഇവിടെ മരത്തടികളാണവർ ഉപയോഗിച്ചിരിക്കുന്നത്.

കോട്ടക്കകത്തു തന്നെ ഒട്ടക സവാരി നടത്താനുള്ള സൗകര്യവുമുണ്ട്. പിന്നീട് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത് ധാരാളം പീരങ്കികളും കാവൽമാടങ്ങളും കുറ്റവാളികളെ തടവിലാക്കപ്പെട്ട ജയിലുകളുമാണ്. എല്ലാറ്റിനുമുപരി എനിക്കീ കോട്ടയിൽ ഇഷ്ടപ്പെട്ടത് ഇതിന്റെ നിർമ്മാണരീതി തന്നെയാണ്. അതുപോലെതന്നെ കോട്ടയുടെ മറ്റൊരു ഭാഗത്ത് പഞ്ചാബി തനത് പാരമ്പര്യ രീതിയിലുള്ള വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എല്ലാംകൊണ്ടും എന്റെ പഞ്ചാബ് സന്ദർശനത്തിൽ നിന്നും എനിക്ക് മനസ്സിലായത് ഇന്ത്യാ മഹാരാജ്യത്തെ വൈദേശിക ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ചതിന്റെ നല്ലൊരുപങ്കും പഞ്ചാബികൾക്കുള്ളതാണ്. അതിനു ശേഷം മുഖം കഴുകി വൃത്തിയാക്കാൻ നടന്നപ്പോൾ ബംഗ്‌റ നൃത്തം അവതരിപ്പിച്ച ഒരു കലാകാരൻ അരികിൽ വരികയും അദ്ദേഹത്തോടൊപ്പം ഒരു സെൽഫി എടുക്കുകയും ചെയ്തു. പതിയെ കോട്ടയുടെ കൽ ചുവരുകൾ കൂടി സന്ദർശിച്ചതിനുശേഷം പതിയെ ഞാൻ അട്ടാരി ബോർഡറിലേക് യാത്ര തുടർന്നു.