ദൈവത്തിൻ്റെ സ്വന്തം ദ്വീപായ ‘ബാലി’യിലേക്ക് ഒരു യാത്ര

വിവരണം – Dr. മിത്ര സതീഷ്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക്. അതേ, ദൈവത്തിന്റെ സ്വന്തം ദ്വീപായി‌ അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ ബാലി. പാരമ്പര്യത്തെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന ബാലി നിവാസികൾ. പച്ചപ്പ്, കടൽത്തീരം, കൃഷിയിടം, തെങ്ങിൻ തോപ്പ്‌‌ എല്ലാം ഓരോ നിമിഷവും കേരളത്തെ അനുസ്മരിപ്പിക്കും.

പക്ഷേ കേരളത്തിൽ നിന്നും വ്യത്യസ്തമായി നാഗരികത കടന്നാക്രമിക്കാത്ത മനോഹര ഗ്രാമങ്ങൾ ബാലിക്കാർക്ക്‌ മാത്രം ഇന്നും സ്വന്തം. പിന്നെയും ഉണ്ട്‌ സവിശേഷതകൾ. ശിൽപ ചാതുര്യം കൊണ്ട് മനം മയക്കുന്ന പുരാതന ക്ഷേത്രങ്ങളും, തലയെടുപ്പോടെ നിൽക്കുന്ന അഗ്നിപർവ്വതങ്ങളും എല്ലാം ഇതിൽ പെടും. കേരളത്തിൽ നിന്നും ബാലിയിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി വന്ന് ചേർന്നതാണ്. നിന്നുവിന്റെയും ഭാര്യ രശ്മിയുടെയും ക്ഷണം സ്വീകരിച്ചാണ് ബാലിക്കു പുറപ്പെട്ടത്. കൂട്ടിനു സുഹൃത്തുക്കളായ സീതയും ഉണ്ണിയും.

യാത്ര : കൊച്ചിയിൽ നിന്നും വെളുപ്പിനെ 12.30 മലേഷ്യക്ക്‌ പുറപ്പെട്ടു. 7 മണിക്ക് കോലാലമ്പൂർ എത്തി. അവിടെ നിന്നും 10.30നു അടുത്ത ഫ്ലൈറ്റ് ബാലിയിലേക്ക്‌ ഉച്ചക്ക് 1.30നു ബാലിയിലെ നഗുരാഹ്‌ രായ്‌ ഇന്റർ നാഷണൽ എയർ പോർട്ടിൽ എത്തി. ഇത് തലസ്ഥാനമായ ഡൻപസറിലാണുസ്ഥിതി ചെയ്യുന്നത്‌. റൺവേ കടലിലേക്ക് നീണ്ടു നിൽക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 4 അടി മാത്രമേ ഉയരുമുള്ളൂ റൺവേക്ക്‌. എയർപോർട്ട് സസ്യലതാതികളേയും പരമ്പരാഗത നൃത്ത രൂപങ്ങളെയും കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. ബാലിയിൽ പൊതുഗതാഗത സംവിധാനം ഇല്ലാത്തത് കൊണ്ട് നേരത്തേ തന്നെ നാല് ദിവസത്തേക്ക് ടാക്സി അറേഞ്ച് ചെയ്തിരുന്നു.

വിസ : ബാലിയുടെ സമ്പത്‌വ്യവസ്ഥ നിലനിന്നു പോകുന്നത് ടൂറിസത്തെ ആശ്രയിച്ചാണ്. അത് കൊണ്ട് തന്നെ മിക്ക രാജ്യക്കർക്കും വിസ ഓൺ അറൈവൽ ആണ്. അതായത് എയർപോർട്ടിൽ നിന്നും വിസ അടിച്ചു കിട്ടും. അതിനു താമസത്തിന്റെ വിശദാംശങ്ങൾ, പാസ്പോർട്ട്, തിരിച്ചുള്ള ടിക്കറ്റ് ഇത്രയും കാണിച്ചാൽ മതിയാകും.

കണ്ട സ്ഥലങ്ങൾ – കൂട്ട : ഡൻപസറിൽ നിന്നും 5km അകലെ സ്ഥിതി ചെയ്യുന്ന കൂട്ട നിശാ പാർട്ടികൾക്ക് ഏറെ പ്രശസ്തമാണ്. ഇതിന്റെ അടുത്താണ് ജിമ്പാരൻ ബീച്ച്. ആദ്യത്തെ ദിവസം മനോഹരമായ ഒരു സൂര്യാസ്തമയം കാണാൻ പറ്റി. ബീച്ചിൽ നൂറു കണക്കിന് റെസ്റ്റോറന്റുകൾ ഉണ്ട്. അവിടെനിന്നും രാത്രിയിൽ ഭക്ഷണം കടൽ തീരത്തിരുന്നു കഴിച്ചു. അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ താമസിച്ചു.

നുസ ലെമ്പോഗ്നൻ : രണ്ടാം ദിവസം രാവിലെ നുസ ലെമ്പോഗ്നൻ കാണാൻ പുറപെട്ടു. ബാലിയുടെ തെക്ക് കിഴക്കായി കിടക്കുന്ന ഒരു ദ്വീപാണ് നുസ ലെമ്പോഗൻ. Benoa തുറമുഖത്ത് നിന്നും ബൗണ്ട്യി ക്രൂയിസ് ഇനത്തിൽ പെടുന്ന ബോട്ടിൽ മുക്കാൽ മണിക്കൂർ യാത്ര ചെയ്തതാൽ ദ്വീപിൽ എത്തും. Water sports ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. water slide, banana boat ride, high diving, snorkelling, glass boat ride അങ്ങനെ നീളുന്നു അവിടത്തെ പരിപാടികൾ. ഇതിന് ഉച്ചക്കത്തെ buffet ഉൾപ്പടെ 2500 മുതൽ 4000 രുപയാകും. വൈകിട്ട് 3.30 നു തിരിച്ചെത്തി.

Padang padang ബീച്ച് : ഒരു ചെറിയ കുന്നിന്റെ പിറകിൽ ഒളിപ്പിച്ചു വെച്ചിരുന്ന മനോഹരമായ കടൽ തീരം. അധികം ശക്തമായ തിരമാലകൾ ഇല്ലാത്ത കൊണ്ട് കുട്ടികൾക്ക് കളിക്കാൻ പറ്റിയ സ്ഥലമാണ്. ഏറ്റവും എന്നേ ആകർഷിച്ചത് ചുണ്ണാമ്പ് കല്ല് കൊണ്ട് ഉണ്ടായ മലഞ്ചെരിവായിരുന്നൂ. നിറയെ പായൽ പിടിച്ചിരുന്ന limestone cliff കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ.

പുരാ ഉലുവാട്ടു : തെക്കൻ സമുദ്രതീരത്ത് മലമുകളിൽ പണിത ഒരു ചെറിയ അമ്പലം. ഇവിടുത്തെ സൂര്യാസ്തമയം അതിമനോഹരമാണ്, സൂര്യാസ്തമയ സമയത്ത് അവതരിപ്പിക്കപ്പെടുന്ന കെച്ചക് ഡാൻസ് വളരെ പ്രശസ്തവും. ഡാൻസ് കാണാൻ നല്ലതിരക്കാണ്, നേരത്തേ ടിക്കറ്റ് എടുക്കണം. . ഭാഗ്യവശാൽ രണ്ടും സാക്ഷ്യം വഹിക്കാൻ പറ്റി. അവിടുന്ന് 7.30 pm തിരിച്ച് 9.30 ആയപ്പോൾ ഉബുട്‌ എത്തി. അടുത്ത നാല് ദിവസവും ഉബുടിൽ നിന്നുവിന്റെയും രെഷ്മിയുടെയും ഒപ്പമായിരുന്നു താമസം.

Tengenguan വെള്ളച്ചാട്ടം : മുന്നാം ദിവസം രാവിലെ 6.30 നു നേരെ വെള്ളച്ചാട്ടം കാണാൻ പോയി. പകൽ സമയത്ത് നല്ല തിരക്ക് അനുഭവപ്പെടും എന്ന് വായിച്ച അറിവിലാണ് അങ്ങനെ ചെയ്തത്. 300 ഓളം പടി ഇറങ്ങി ചെന്ന് വേണം വെള്ളച്ചാട്ടം കാണാൻ. വളരെ നിരാശായി. അത്ര മികച്ചത് എന്നൊന്നും പറയാൻ വയ്യ.

ഗോ ഗജാ : 8.30 നു ഞങ്ങൾ ഗോ ഗജാ എത്തി. ആനമുഖം കൊത്തിയ ഒരു ഗുഹാ കവാടമാണ് ഇവിടെ ഏറ്റവും ആകർഷണീയം. അടുത്ത് ചെറിയ അമ്പലങ്ങളും, ഒരു താമര പൊയ്കയും, ഉദ്യാനവും മറ്റും ഉണ്ട്.

കോഫീ ലുവാക് ഫാം : ബാലിയുടെ അതി പ്രശസ്തമായ കാപ്പി ആണ് കോഫീ ലുവാക്‌. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി. Luwak എന്ന ഒരു തരം പൂച്ച കാപ്പി ചെടിയുടെ പഴം ഭക്ഷിക്കുന്നൂ. അതിന്റെ വിസർജ്യത്തിൽ നിന്ന് കാപ്പിക്കുരു പെറുക്കി, വൃത്തിയാക്കി, വറുത്ത് പൊടിച്ച് ആണ് കോഫീ ലുവാക് ഉണ്ടക്കുന്നത്‌. ഇവിടെ നമുക്ക് 300 രൂപ കൊടുത്താൽ ഈ കാപ്പി രുചിക്കാൻ തരും. നിർമ്മാണ രീതി നേരത്തേ മനസിലാക്കിയതിനാൽ ഞങ്ങൾ അതിനു മുതിർന്നില്ല. പകരം വേറേ 12 തരം കാപ്പി രുചിച്ചു.

തീർത്ത എമ്പുൽ : 11.30 നു ഞങ്ങൾ തീർത്ത എമ്പുൽ എത്തി. നല്ല തിരക്കായിരുന്നു ഇവിടെ. ഒത്തിരി പ്രത്യേകതകൾ ഒള്ള ഒരു അമ്പലമാണ്. തദ്ദേശ വാസികൾ പിതൃ ക്രിയ ചെയ്യാനാണ് ഇവിടെ വരുന്നത്. അവരുടെ ആചാര പ്രകാരം നമുക്കും പിതൃ തർപ്പണത്തീന് അവസരം ഒണ്ട്. അതിനു ശേഷം തീർത്ത കുളത്തിൽ ഇറങ്ങി, കുളത്തിന്റെ അരികിൽ 13 ആനമുഖമുള്ള ശിൽപത്തിൽ നിന്നും വരുന്ന വെള്ളം തലയിൽ വീഴ്ത്തണം. അതിനു ശേഷം വസ്ത്രം മാറി അമ്പലത്തിൽ തൊഴണം. ഒരു പ്രത്യേക അനുഭൂതിയായി ഈ അമ്പലവും ഇവിടത്തെ ആചാരവും.

ഉബുഡ് : അന്നേ ദിവസം വൈകിട്ട് ഞങ്ങൾ വെറുതേ ഉബുദ് പട്ടണത്തിൽ കറങ്ങി നടന്നു. ബാലിയുടെ സാംസ്കാരിക ഹൃദയമാണ് ഉബുഡ്. ചെറിയ വൃത്തിയുള്ള വഴികളും വീഥികളും, വീഥികളുടെ ഇരുവശത്തും പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ കെട്ടിടങ്ങളും കാണാൻ വളരെ ഭംഗിയാണ്.

മൗണ്ട് ബട്ടൂർ : നാലാം ദിവസം മൗണ്ട് ബട്ടൂരിലെ സൂര്യോദയം കാണാൻ പുറപ്പെട്ടു. ബാലിയിലെ പ്രശസ്തമായ രണ്ടു അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് ബട്ടൂർ. ഇത് ഉബുടിൽ നിന്ന് 45 km അകലെ കിന്തമാണി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ guided tour മാത്രമാണ് അനുവദനീയം. രാവിലെ 2.30 നു ഉബുടിൽ നിന്ന് ഇറങ്ങി 4 മണിക്ക് ട്രെക്കിങ്ങ് ആരംഭിച്ചു. 5.30 നു മുകളിൽ എത്തി. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മാസ്മരികമായ സൂര്യോദയം. അവിടെയെല്ലാം ചുറ്റി കണ്ടിറങ്ങി ഉബുടിൽ 12.30 നു എത്തി.

പുരാ ഉലുണ്ടാനു : ഉച്ചക്ക് 1.30 നു ഇറങ്ങി, 3 മണിക്ക് ഉലുണ്ടാനു എത്തി. 11 നിലയുള്ള ഉലുണ്ടാനു ക്ഷേത്രം ബാലിയുടെ തന്നെ ഒരു മുഖമുദ്രയാണ്. ശിവ പാർവതി ക്ഷേത്രമാണ് ഇത്. ഇതിന് ചുറ്റും തടാകമാണ്. തടാകത്തിൽ മുങ്ങിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേനൽ കാലമായതുകൊണ്ട് കൊണ്ട് വെള്ളം കുറവായിരുന്നു.

തനാഹ്‌ ലോട് : വൈകിട്ട് 5.30 ഞങ്ങൾ തനാഹ് ലോടിന് അരികിലെത്തി. ബാലിയുടെ പ്രതീകങ്ങളിൽ ഒന്നാണ് തനാഹ്‌ ലോട്‌. കടലിനകത്ത് വലിയൊരു പാറ കെട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന ക്ഷേത്രം. വരുണ ഭഗവാന്റെ ആരാധന ക്ഷേത്രം ആണിത്. വേലിയിറക്ക സമയത്ത് നടന്നു പോകാം. ഇവിടത്തെ സൂര്യാസ്തമയം വളരെ പ്രശസ്തമാണ്. ഏകദേശം 8 മണി വരെ ഞങ്ങൾ അവിടെ ചുറ്റി നടന്നു. ഉബുടിൽ രാത്രി 9.30 ക്ക്‌ തിരിച്ചെത്തി.

Paon cooking class : ആറാം ദിവസം വളരെ അധികം ആഗ്രഹിച്ച ബാലി cooking ക്ലാസിൽ പങ്കെടുത്തു വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്. നമ്മളെ മാർക്കറ്റിൽ കൊണ്ടു പോയി പാചകത്തിന് ഉപയോഗിക്കുന്ന പച്ചകറികളും, പലവ്യഞ്ജനവും എല്ലാം കാണിച്ചു തരും. പിന്നീട് ഒരു വീട്ടിൽ കൊണ്ടു പോയി പച്ചകറികൾ അരിഞ്ഞ്, അവരുടെ മേൽനോട്ടത്തിൽ അവരുടെ വിഭവങ്ങൾ നമ്മളെ കൊണ്ട് ഉണ്ടാക്കിക്കും. പല രാജ്യക്കാർ ഈ ക്ലാസ്സിന് ഉണ്ടാകും. എല്ലാവരും ഒന്നിച്ച് പാചകം ചെയ്യാൻ രസമായിരുന്നു. ബാലിയിൽ വെച്ച് കഴിച്ച ഏറ്റവും നല്ല ഭക്ഷണം cooking ക്ലാസിൽ വേച്ചുണ്ടക്കിയ ഭക്ഷണം ആയിരുന്നു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി തീർന്നപ്പോൾ 2 മണിയായി.

Tegelan rice terrace : വൈകിട്ട് tegelan rice terrace സന്ദർശിക്കാൻ പോയി. കുന്നിൻ ചെരുവിലേ നിലം തട്ട് തട്ടയിട്ട്‌ കൃഷി ചെയ്യുന്നത് കാണാൻ നല്ല ഭംഗിയാണ്. സഞ്ചാരികൾക്കായി നടപ്പാത ഒരുക്കിയിട്ടുണ്ട്. റോഡ് സൈഡിൽ രസകരമായ ഫോട്ടോ ബൂത്ത് സെറ്റ് ചെയ്തിട്ടുണ്ട്. തുച്ഛമായ പൈസക്ക് ഫോട്ടോ ബൂത്തിൽ നിന്നും മനോഹരമായ ദൃശ്യങ്ങൾ പകർത്താൻ പറ്റും.

Elahanka, Celuk village : ആറാം ദിവസം ഡൻപസർ അടുത്തുള്ള ഒന്നുരണ്ടു സുഹൃത്തുക്കളെ സന്ദർശിച്ചു, ഇലഹങ്കയിൽ ഷോപ്പിങ്ങും നടത്തി. നല്ല ക്വാളിറ്റിയുള്ള ബാലിയുടെ വിശിഷ്ട സാധനങ്ങൾ വില കുറച്ചു കിട്ടുന്ന ഒരു ഷോപ്പിംഗ് സെൻറർ ആണ് ഇലഹങ്ക. അവിടുന്ന് സെലുക് ഗ്രാമം സന്ദർശിച്ചു. വെള്ളി നിർമ്മാണം നേരിൽ കാണാൻ പറ്റി. അത് പോലെ തന്നെ വസ്ത്രങ്ങളിൽ batik painting ചെയ്യുന്നതും കാണാൻ ഈ ഗ്രാമത്തിൽ അവസരം ഉണ്ട്. അന്നേ ദിവസം പിന്നീട് ഉബുടിൽ കറങ്ങി.

Campuhan ridge walk : ഏഴാം ദിവസം രാവിലെ 6 മണിക്ക് campuhan ridge walk നടത്തി. ഉബുടിൽ ഒള്ള ഒരു ചെറിയ കുന്നിന്റെ അറ്റത്ത് കൂടിയുള്ള വീതി കുറഞ്ഞ നടപ്പതയ്യാണ് campuhan ridge. നല്ല ശുദ്ധ വായു ശ്വസിച്ച് , പ്രകൃതിയെ അടുത്തറിഞ്ഞു നടക്കാൻ പറ്റിയ ഒരു സ്ഥലം. തിരിച്ച് 8 മണിക്ക് എത്തി. 9 മണിക്ക് ഉബുടിനോട് വിട പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്ക് Denpasar നിന്നും Malaysia വഴിയുള്ള ഫ്ലൈറ്റിൽ തിരിച്ച് കൊച്ചിക്ക് പുറപെട്ടു.

അനുഭവം : ബാലിയിൽ ഏറ്റവും ആകർഷണീയമായി തോന്നിയത് ക്ഷേത്രത്തിലും വീടുകളിലും ഒക്കെ കൊത്തി വെച്ചിരുന്ന മനോഹരമായ ശില്പങ്ങൾ തന്നെ ആയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതലും ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ആണ് സ്ഥിതിചെയ്യുന്നത്. അത്ര മനോഹരമായ സ്ഥലങ്ങളിൽ ആയിരുന്നു ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും വലിയ അങ്കണങ്ങൾ ഉണ്ട്. അങ്കണത്തിൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനമുള്ളൂ. അവരുടെ പരമ്പരാഗത വസ്ത്രമായ സാരോങ് ധരിച്ച് മാത്രമേ പ്രവേശിക്കാൻ പറ്റൂ. സരോങ് ഫ്രീ ആയിട്ട്‌ ലഭിക്കും. പക്ഷേ ക്ഷേത്രത്തിൽ കയറാൻ ഫീസ് കൊടുക്കണം.ക്ഷേത്രങ്ങളിൽ നിത്യ പൂജയില്ല. വിശേഷ ദിവസങ്ങളിൽ മാത്രമാണ് പൂജ.

ഇവരുടെ വീട് നമ്മളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. അടുക്കള പ്രത്യേകം , കിടപ്പുമുറി പ്രത്യേകം, സ്വീകരണ മുറി വേറേ.. അങ്ങനെ പല വെവ്വേറെ കെട്ടിടങ്ങൾ ആയിട്ടാണ് വീട്. അവിടെ തന്നെ കുടുംബ ക്ഷേത്രവും പണിതിട്ടുണ്ട്. എല്ലാ വീടുകളും ഒറ്റനില മന്ദിരങ്ങൾ ആയിരുന്നു. വീടിന്റെ ചുമര് അതി മനോഹരമായ ശില്പ നിർമിതികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മേൽക്കൂരയും ഒരു പ്രത്യേക രീതിയിൽ ആയിരുന്നു പണിതു വെച്ചിരിക്കുന്നത്.

എടുത്ത് പറയേണ്ട വേറൊരു സംഗതി ഇവരുടെ മുഖം മൂടിയോടും , പട്ടത്തിനോടും ഒള്ള താൽപര്യമായിരുന്നു. എല്ലാ ഭാവത്തിലുമുള്ള മുഖമൂടി ലഭ്യമാണ്. പട്ടം പറത്തുന്നത് ഇവരുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നു. എല്ലാ വർഷവും ജൂലായ് മാസത്തിൽ അന്തർദേശീയ പട്ടം പറത്തൽ മത്സരം സനുർ ബീച്ചിൽ അരങ്ങേറും. പരമ്പരാഗതമായ പട്ടം – മത്സ്യത്തിന്റെ ആകൃതിയിലുള്ള ബെബ്ബീൻ, പക്ഷിയുടെ ആകൃതിയിലുള്ള ജംഗൻ, 9 ഇലയുടെ ആകൃതിയിലുള്ള പെച്ചുകൻ മുതലായ പട്ടം അന്ന് പറത്തും.

ബാലിയിൽ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്. അത് കൊണ്ട് തന്നെ പോലീസുകാരെ വിരളമായി മാത്രമേ കാണാൻ പറ്റൂ. ബാലിയിൽ ഞാൻ ഒരു ലക്ഷ പ്രഭു ആയത് വളരെ രസകരമായി തോന്നി. നമ്മുടെ ഒരു രൂപ അവരുടെ 200 രൂപക്ക് തുല്യമാണ്. ഒരു കരിക്ക്‌ കുടിക്കണമെങ്കിൽ രൂപ പതിനായിരം കൊടുക്കണം.

ചോറാണ് ഇവരുടെ പ്രിയപ്പെട്ട ഭക്ഷണം. മൂന്ന് നേരവും ചോറാണ് ഭക്ഷിക്കുന്നത്. fried rice നാസി ഗോരെങ്ങ് എന്ന് പറയുന്നു. സമ്പൽ എന്ന വിവിധ തരം ചട്‌നി. ഇറച്ചികഷണം അരച്ച്, മുള ചീലുക്കളിൽ ചുറ്റി ഗ്രിൽ ചെയ്തുണ്ടാക്കുന്ന സാട്ടെയ് എന്ന വിഭവം, നാസി അയം എന്ന് വിളിക്കുന്ന ഇറച്ചി ചോറ്, കപ്പലണ്ടി അരച്ച് ചേർത്ത് പച്ചകറികൾ ചേർത്ത് ഉണ്ടാക്കുന്ന ഗഡോ ഗഡോ അങ്ങനെ അങ്ങനെ വ്യത്യസ്തമായ ഭക്ഷണങ്ങൾ ഇവിടെ രുചിക്കാൻ പറ്റും. തട്ടുകടകളെ വാരുങ്ങ് എന്നാണ് വിളിക്കുന്നത്.

ബാലി സന്ദർശനം ഒരു നല്ല യാത്രയായിരുന്നു. മനോഹരമായ ക്ഷേത്രങ്ങളും, മനം മയക്കുന്ന കടൽതീരങ്ങളും, തലയെടുപ്പോടെ നിൽക്കുന്ന അഗ്നി പർവതവും , വഴി നീളെ കണ്ട തടി കൊണ്ടും ലോഹം കൊണ്ടും ഉള്ള കരകൗശല നിർമ്മാണവും എല്ലാം പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധം നല്ല ഒരു അനുഭൂതി ആയിരുന്നു. ഇൗ മനോഹര യാത്രക്ക് വഴിയൊരുക്കി തന്ന എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായ നിന്നുവിനോടും രെശ്മിയോടും എന്നും കടപ്പെട്ടിരിക്കും.

യാത്ര സംക്ഷിപതം (7day, 6 night) : Flight – 16,500 + 5400 (extra luggage)- Rs 21900, Taxi- Rs 5400 ( കൂടെയുള്ളവർ രണ്ടു ദിവസം മുന്നേ തിരികെ പോയത് കൊണ്ട് അവസാന ദിവസങ്ങളിൽ ടാക്സി ചിലവ് ഒറ്റക്കാണ് എടുക്കേണ്ടി വന്നത്), Food – Rs 4200, Stay – Rs 800 (1 രാത്രി മാത്രം ഹോട്ടലിൽ താമസിച്ചുള്ളു. ബാക്കി ദിവസം നിന്നുവിന്റെ വീട്ടിൽ), Bounty cruise – Rs 2500, Cooking class – Rs 1750, Trekking – Rs 2500, Kechak dance – Rs 500, Entry fee – Rs 1075. Total – Rs 40,625.

യാത്രാ ടിപ്സ് – സാധാരണ 7 kg luggage ആണ് flight ൽ അനുവദനീയം. നേരത്തേ തന്നെ എക്സ്ട്രാ ബാഗേജ് തുക അടച്ചില്ലെങ്കിൽ , ചെക്കിൻ ചെയ്യുമ്പോൾ ഭീമമായ തുക ഇടാക്കും. ഇരു ചക്ര വാഹനം വാടകക്ക് ലഭ്യമാണ്. 150- 300 Rs വരെ വാടക. ഇന്റർനാഷണൽ ലൈസൻസ് ഒണ്ടെങ്കിൽ നല്ലത്. ഇന്ത്യൻ ലൈസൻസ് വെച്ചും വാഹനം വാടകക്ക് ലഭിക്കും. 3 – 4 പേരെങ്കിലും ഉണ്ടെങ്കിൽ ടാക്സി reserve ചെയ്യുന്നതാണ് നല്ലത്. 2500 – 3500 Rs വരെ വാടക. 10 മണിക്കൂർ നമുക്ക് ടാക്സിയിൽ ചുറ്റി കറങ്ങാം

ഇന്ത്യൻ രൂപ exchange ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. നാട്ടിൽ നിന്ന് തന്നേ യുഎസ് ഡോളർ ആയി കൊണ്ട് പോകുന്നതാണ് നല്ലത്. അവിടെ ചെന്നാൽ യുഎസ് ഡോളർ മാറ്റാൻ എളുപ്പമാണ്. ക്ഷേത്രങ്ങളിൽ എൻട്രി ഫീ ഇനത്തിൽ 150 – 250 Rs വരെ ഇടാക്കും.