വിവരണം – Akhil Surendran Anchal.
ഈ യാത്ര കുടുംബത്തിനൊപ്പം ആയിരുന്നു. ഒരു പാട് നാളുകൾക്ക് ശേഷമാണ് കുടുംബത്തിനൊപ്പം ഒരു യാത്ര ചെയ്യുന്നത്. സൂര്യാസ്തമയം കാണാനായിരുന്നു ഈ മനോഹരമായ യാത്ര. വളരെ മനോഹരമായ സൂര്യാസ്തമയം ആണ് ഇവിടെ നമ്മുടെ നയന നേത്രങ്ങളാൽ കാണാൻ കഴിയുന്നത്. ഞാൻ ഉൾപ്പടെ പത്ത് പേരായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത് , ഒപ്പം ചേട്ടന്റെയും ,ചേച്ചിയുടെ കുടുംബം .
ഏകദേശം ഒരു 6 മണിക്ക് എത്തിയ ഞങ്ങൾ സൂര്യാസ്തമനം കാണാനായി നിന്നു , അസ്തമയ സൂര്യനെ കാണാൻ എന്താ ഭംഗി. അക്ഷര ലിപികളിൽ എഴുതി തീർക്കാൻ കഴിയില്ല . പക്ഷേ സൂര്യനെ ക്യാമറയിലും , ഫോണിലും പകർത്താൻ കഴിഞ്ഞില്ല നമ്മൾ പറയാറില്ലേ ചില സമയ സന്ദർഭങ്ങൾ. കുറച്ച് ചിത്രങ്ങൾ മാത്രം പകർത്താൻ സാധിച്ചു . എന്നാലും ഒന്ന് പറയാം സഞ്ചാരി സുഹൃത്തുക്കളെ എന്റെ മനസ്സിൽ പതിഞ്ഞ സൂര്യസ്തമയ ദൃശ്യം എന്നും ഹൃദയത്തിലുണ്ടാക്കും. അതു പോലെ തന്നെ എന്റെ കുടുംബമായുള്ള യാത്ര അത് എന്റെ മനസ്സിനെ വളരെ സന്തോഷ പൂർണ്ണമാക്കിയ സമയവും നിമിഷങ്ങളും .
അവധി ദിവസമായതിനാൽ കടൽ തീരത്ത് നല്ല തിരക്കുണ്ടായിരുന്നു. അപ്പോൾ ഒരു കാര്യം മനസ്സിലായി ഞങ്ങൾക്ക് എന്താണന്നോ ഇതിനോടകം തന്നെ ഈ പ്രദേശം ഇത്രയും വിദേശ ടൂറിസ്റ്റുകളുടെയും ആഭ്യന്തര ടൂറിസ്റ്റുകളുടെയും ഇഷ്ട സ്ഥലമായി മാറിക്കഴിഞ്ഞതിന്റെ കാരണം .അവധി ദിവസങ്ങളിലും മറ്റും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് പാലത്തില്‍ നിന്നുള്ള കടല്‍, കായല്‍ കാഴ്ചയ്ക്കായി പാലത്തിലേക്കും പെരുമാതുറ തീരത്തുമായി എത്തുന്നത്.
ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തിലെ പെരുമാതുറ -താഴംപള്ളി ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 259.7 മീറ്റര്‍ നീളത്തിലും പത്തര മീറ്റര്‍ വീതിയിലുമാണ് പെരുമാതുറ പാലം നിര്‍മ്മിച്ചിരിക്കുന്നത്. തീരദേശ ഹൈവേ നടപ്പാക്കലിനും മത്സ്യബന്ധന, ടൂറിസം, ഗതാഗതം തുടങ്ങി വിവിധ മേഖലകളുടെ സമഗ്ര വികസനത്തിനും പുതിയ പ്രതീക്ഷ നല്‍കുന്നതാണ് പാലം. വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ ഇഷ്ട തീരമായിരുന്ന പെരുമാതുറയിൽ ഇപ്പോൾ വിനോദ സഞ്ചാരികൾക്കും സ്വദേശികൾക്കും ചെറിയ ഒരു വേദന പറയാൻ ഉണ്ട് നമ്മളോട്.
കാരണം ഇതാണ് മുതലപ്പൊഴി തീരത്ത് അദാനിയുടെ പോര്‍ട്ട് നിര്‍മാണത്തിന് തുടക്കമായി. ഇതോടെ വര്‍ഷങ്ങളായി കടല്‍ കാഴ്ചയും സൗന്ദര്യവും മതി വരുവോളം ആസ്വാദിച്ചും കടല്‍ കാറ്റിന്റെ തലോടലേറ്റു വാങ്ങിയും ആയിരങ്ങള്‍ ഉല്ലസിച്ച തീരം ഇനി ഓര്‍മ്മയിലേക്ക് മറയുമോ? പെരുമാതുറക്കാര്‍ ഗോള്‍ഡന്‍ ബീച്ച് എന്ന് വിശേഷിപ്പിക്കുന്ന ഈ മനോഹരതീരം അദാനിയുടെ നിയന്ത്രണത്തിലാക്കുന്നതോടെ ഈ പ്രകൃതിയുടെ സന്തുലിതാവസ്ഥ മാറുമോ എന്ന ആശങ്ക എന്റെ മനസ്സിലും ഒരു ചോദ്യ ചിഹ്നമായി മാറി കഴിഞ്ഞു . എങ്കിലും ഇവിടത്തെ കടലോരവാസികള്‍ പുതിയ പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണ്.
മാസങ്ങള്‍ക്ക് മുന്‍പ് അദാനി സര്‍ക്കാറുമായി കരാറുണ്ടാക്കി വാര്‍ഫ് നിര്‍മാണത്തിന് മുതലപ്പൊഴിയിലെത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരിന്നു. ഒടുവില്‍ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും നല്‍കിയ പുതിയ പ്രതീക്ഷകള്‍ക്ക് മുന്നില്‍ കഴിഞ്ഞയാഴ്ച വാര്‍ഫ് നിര്‍മാണം തുടങ്ങാന്‍ ജനം പച്ചക്കൊടി കാണിച്ചത് എന്ന് സ്വദേശികളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പെരുമാതുറക്കാരുടെ പുതിയ സ്വപ്നവും , അസ്തമന സൂര്യന്റെ തിരിച്ച് വരവും പുതിയ നാളുകൾക്ക് ശുഭ പ്രതീക്ഷകൾ നൽക്കുമെന്ന അമിത പ്രതീക്ഷയിൽ ഞങ്ങൾ യാത്ര തിരിച്ചു.
പെരുമാതുറ കടൽ തീരത്ത് എത്തിച്ചേരാൻ ദേശീയപാതയിലൂടെ കൊല്ലം ഭാഗത്തു നിന്നു പെരുമാതുറ ബീച്ചിലെത്താൻ കല്ലമ്പലത്തുനിന്നു തിരിഞ്ഞു വർക്കലയെത്തി തീരദേശ പാതയിലൂടെ വിളഭാഗം–അഞ്ചുതെങ്ങ് വഴിയാണു സഞ്ചാരികൾ യാത്രയൊരുക്കുന്നത്. എന്നാൽ ദേശീയപാതയിൽ ആലംകോടുനിന്നു മണനാക്ക് കടയ്ക്കാവൂർ വഴി അഞ്ചുതെങ്ങിലെത്തിയോ കടയ്ക്കാവൂർ ചെക്കാലവിളാകത്തു നിന്നു ചിറയിൻകീഴ് പാതയിലൂടെ ആനത്തലവട്ടം ജംക്‌ഷനിലെത്തി മുഞ്ഞമൂട് പാലം–ബീച്ച് റോഡിലൂടെയോ എളുപ്പത്തിൽ പെരുമാതുറ–മുതലപ്പൊഴി പാലത്തിൽ എത്തിച്ചേരാനാകും.