വിവരണം – ദീപ ഗംഗേഷ്.
ഗോവിന്ദാപുരത്തെക്കുറിച്ച് കേട്ടിട്ടില്ലേ? വാൽസല്യം സിനിമയിൽ അവസാനംവീട്ടിൽ നിന്നും ഇറങ്ങിയ മമ്മൂട്ടി ജീവിതം വെട്ടിപ്പിടിക്കാൻ അവസാനം പോകുന്നത് ഗോവിന്ദാപുരത്തേക്കാണ് . ഗോവിന്ദാപുരത്തെക്കുറിച്ചുള്ള ആദ്യ ഓർമ്മ അതാണ്. പിന്നീട് എൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി അത്. ഗംഗേട്ടന് മുതലമടയിലേക്ക് സ്ഥലംമാറ്റം വന്നപ്പോൾ ആണ് ഗോവിന്ദാപുരത്തെ അടുത്തറിയാൻ കഴിഞ്ഞത്. ഏട്ടൻ അവിടെ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയപ്പോൾ എൻ്റെ ഗോവിന്ദാപുരം യാത്രകളുടെ തുടക്കമായി.എൻ്റെ ആദ്യത്തെ ലോംഗ് ഡ്രൈവും ഗോവിന്ദപുരത്തേക്കായിരുന്നു.
‘കേരളത്തിൻ്റെ മാംഗോസിറ്റി’ എന്നു വിളിക്കുന്ന മുതലമടയും ഗോവിന്ദാപുരവും ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളാണ്. സിറ്റിയൊന്നുമല്ലെങ്കിലും കൂടുതൽ തമിഴ് സംസാരിക്കുന്ന ആളുകളുള്ള അങ്കകോഴികൾ ഉള്ള, നിറയെ മാവുകൾ ഉള്ള, അതിനിടയിൽ ഓടിക്കളിക്കുന്ന മയിലുകൾ ഉള്ള ഒരു പാട് പശുക്കൾ ഉള്ള ഒരു മനോഹരമായ പാലക്കാടൻ അതിർത്തി ഗ്രാമം. കാളവണ്ടി ഗ്രാമീണരുടെ അഭിമാനമാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന കാളകളെ ഇവർ വളർത്തുന്നു.
പറഞ്ഞു കേട്ട് കൊതിച്ച സ്ഥലം കാണാനുള്ള ആദ്യയാത്ര 5 വർഷം മുൻപായിരുന്നു. കുതിരാൻ കയറി വടക്കുംഞ്ചേരി നെൻമാറ കൊല്ലങ്കോട് വഴിയായിരുന്നു യാത്ര. വിശാലമായ നെൽപാടങ്ങളുള്ള കൊല്ലങ്കോട് കാഴ്ചയിൽ അതിസുന്ദരിയാണ്. മലനിരകൾ അതിർത്തിയായുള്ള വിളഞ്ഞ പാടങ്ങൾ. മഴക്കാലത്ത് ഈ മലകളിലെല്ലാം വെള്ളി നൂൽ കെട്ടിയ പോലെ നിറയെ വെള്ളച്ചാട്ടങ്ങൾ രൂപം കൊള്ളും. അതും കണ്ടുള്ള യാത്ര തന്നെ എത്ര സുന്ദരം.
പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ രണ്ട് ഡാമുകൾ ഗോവിന്ദാപുരത്തുണ്ട്. മീൻങ്കരയും ചുള്ളിയാറും. ഡാമുകൾ വേനലിൽ വറ്റുമ്പോൾ പച്ച വിരിച്ച റിസർവോയറുകളുടെ സൗന്ദര്യം അനുഭവിച്ചറിയാം. ആദ്യ യാത്രയിൽ ചുള്ളിയാർ ഡാമിലെ വറ്റിയ റിസർവോയറിലേക്ക് ആളുകൾ വാഹനങ്ങൾ ഇറക്കിയിരിക്കുന്നത് കണ്ടു. ഇപ്പോൾ ആ വഴി പഞ്ചായത്ത് അടച്ചു കെട്ടി. ഡാമിനു സമീപത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആൽമരമുണ്ട്. പടർന്ന് കിടക്കുന്ന വേരുകളോട് കൂടിയ ആൽമരം പ്രസിദ്ധമായ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ്. ഡാമുകൾ ഉണ്ടെങ്കിലും ജലക്ഷാമം രൂക്ഷമാണ്. കുഴൽ കിണറുകളാണ് സാധാരണക്കാർ പ്രയോജനപ്പെടുത്തുന്നത്. ഇവിടുത്തെ ഉദയങ്ങൾക്കും അസ്തമയങ്ങൾക്കും ഒരു അസാദ്ധ്യഭംഗി തന്നെയാണ്. ഡാമുകളിൽ ചെന്ന് അസ്തമയം കാണൽ ഗോവിന്ദാപുരം യാത്രകളിൽ ഏറെ പ്രിയപ്പെട്ടതാണ്.
ഏക്കറുകളോളം വരുന്ന മാവിൻ തോപ്പുകൾ ഇവിടെ കാണാം. മാവുകളെല്ലാം അധികം ഉയരമില്ലാതെ നല്ല ഉരുണ്ട ആകൃതിയിലാണ് കാണപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രിയമുള്ള മാമ്പഴങ്ങൾ മുതലമടയിലെ ആണെത്രെ. സിന്ദൂരം, അൽഫോൺസ, മൽഗോവ തുടങ്ങി 15 തരത്തിലധികം മാങ്ങകൾ ഇവിടെയുണ്ട്. ഏക്കറുകൾ വരുന്ന മാന്തോട്ടങ്ങൾ ഓരോ വർഷംതോറും ലക്ഷകണക്കിന് രൂപയ്ക്കാണ് കച്ചവടക്കാർ ലീസിന് എടുക്കുന്നത്. ജനുവരിയിൽ തുടങ്ങുന്ന വിളവെടുപ്പ് മെയ് പകുതിയോളം നീളും.
ഈ സമയത്ത് ഗോവിന്ദാപുരത്ത് ചെന്നാൽ കാർ നിറയെ മാമ്പഴമില്ലാതെ ഇന്നുവരെ തിരിച്ചു വന്നിട്ടില്ല. നാട്ടുകാരുടെ സ്നേഹം പച്ചക്കറി ആയും മാമ്പഴമായും അനുഭവിച്ച നാളുകൾ. “കേരളാവില് എല്ലാവർക്കും സൗഖ്യം താനേ ” എന്നൊരു ചോദ്യമുണ്ട്. അവർ കേരളത്തിലാണ് എന്ന ചിന്തപോലും അവർക്കില്ല. ഓണം എന്നാണ് എന്നു പോലും അറിയാത്തവർ. മകര പൊങ്കലിനാണ് പ്രാധാന്യം. എന്തിനും ഏതിനും തൊട്ടടുത്ത പട്ടണമായ പൊള്ളാച്ചിയെ ആണ് അവർ ആശ്രയിക്കുന്നത്.
പശുക്കളുടെ ഒരു പാട് ഫാമുകൾ ഇവിടെയുണ്ട്. ഒരു വീട്ടിൽ മിനിമം മൂന്നോ നാലോ പശുക്കൾ കാണും. ഗംഗേട്ടൻ മൃഗസംരക്ഷണവകുപ്പിൽ ആയതിനാൽ ക്ഷീര കർഷകരുമായി നല്ല ബന്ധം ആയിരുന്നു. അവിടെ ചെന്നാൽ ഗംഗേട്ടൻ്റെ കൂടെ ഫീൽഡ് ഡ്യുട്ടിയിൽ ഞാനും കൂടാറുണ്ട്. അങ്ങനെ ഒരിക്കൽ ഒരു മലയടിവാരത്തിലുള്ള വീട്ടിലെത്തി. മലകയറണം എന്ന ആഗ്രഹം അവിടുത്തെ കർഷകൻ സാധിപ്പിച്ചു തന്നു. പാറയിലും മരത്തിലും പൊത്തിപ്പിടിച്ച് എത്ര ദൂരം മുകളിലേക്ക് കയറിയെന്നറിയില്ല. വഴിയിൽ പൊഴിഞ്ഞുകിടക്കുന്ന മുള്ളൻപന്നിയുടെ മുള്ളുകൾ, മയിൽ പീലികൾ… അവസാനം മുകളിലെത്തി നോക്കുമ്പോൾ ദൂരെ അസ്തമയശോഭയിൽ തിളങ്ങി നിൽക്കുന്ന ഡാമിൻ്റെ കാഴ്ച.
കോഴികളെ അഴിച്ചിട്ട പോലെ നിറയെ മയിലുകളെ ഇവിടെ കാണാൻ കഴിയും. ചില ഫാമുകളിൽ ഇവ കോഴികളുടെ കൂടെ മുറ്റത്ത് നടക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. മനുഷ്യനെ ഈ ടീംസിനു തീരെ പേടിയില്ല. ഒരിക്കൽ പുതിയതായി താമസത്തിനു വന്ന ഒരു തമിഴൻ്റെ വീടിനു മുമ്പിൽ ഇതിലെ ഒരുവൻ വന്നു. അടുത്തുവന്നിട്ടും പറക്കാതെ തന്നെ നോക്കിനിൽക്കുന്ന അവനെ കണ്ടപ്പോൾ തമിഴന് അത്ഭുതം. “എൻ്റെ മുറുഹാ… നീയെൻ്റെ വീട്ടിലും എന്നെ കാണാൻ വന്നോ” ഭയഭക്തി ബഹുമാനത്തോടെ ഈ കക്ഷിയുടെ മുന്നിൽ തമിഴൻ സാഷ്ടാംഗം നമസ്കരിച്ചു. കഷ്ടകാലത്തിന് മുരുഹൻ അല്പം കലിപ്പിലായിരുന്നു ആ സമയത്ത്. പറന്ന് ചാടി തമിഴൻ്റെ തലയിൽ ആഞ്ഞൊരു കൊത്ത്. തമിഴൻ ഓടെടാ ഓട്ടം. മുറുഹൻ പിന്നാലെ. കഥ കേട്ട് ചിരിക്കാത്തവർ ആരുമില്ല.
വേനലിൽ പൊള്ളുന്ന ചൂടാവുമെങ്കിലും ഡിസംബറിൽ ഊട്ടയിലെ കാലാവസ്ഥ പോലെയാവും. നല്ല മൂടൽമഞ്ഞും തണുപ്പും. ഇത് ആസ്വദിക്കാൻ ഡിസംബറിലെ യാത്രകൾ പതിവാണ്. കേരള നാളികേര വികസന ബോർഡിൻ്റെ നീര സോഫ്റ്റ് ഡ്രിംഗിൻ്റെ ഒരു പ്ലാൻ്റ് ഇവിടെയുണ്ട്. നമ്മുടെ കടകളിൽ കുപ്പിയിൽ കിട്ടുന്ന നീരയല്ല ഇത്. തെങ്ങിൻമേൽ നിന്ന് തുടങ്ങി, അവിടെ നിന്ന് കൊണ്ടുവരുന്ന വാഹനം വരെ ശീതീകരിച്ചതാണ്. പുളിച്ച് കള്ളായി മാറാൻ അനുവദിക്കില്ല. നീര കുടിക്കാൻ വേണ്ടവർക്കായി പ്ലാൻ്റിൽ ഒരു ഔട്ട്ലെറ്റ് ഉണ്ട്. പാഴ്സൽ തരില്ല. അവിടെ വച്ച് കുടിക്കണം. തണുപ്പ് വിട്ടാൽ രുചി വ്യത്യാസം വരും എന്നതാണ് കാരണം. നീരയുടെ രുചി, മധുരം അത് അനുഭവിച്ചു തന്നെ അറിയണം. അത്രക്ക് രസമാണ്.
കണ്ണെത്താത്ത ദൂരത്തിൽ തെങ്ങിൻ തോട്ടങ്ങൾ ചമ്മണാംപതിയിലുണ്ട്. തെങ്ങ് ചെത്തി കള്ള് എടുക്കൽ അവിടുത്തെ പ്രധാന വരുമാന മാർഗ്ഗമാണ്. ഒരിക്കൽ ഞാൻ ഏട്ടനോടൊപ്പം പോയപ്പോൾ ഒരു ഗൗണ്ടറെ പരിചയപ്പെട്ടു. 20 ഏക്കർ തെങ്ങിൻ തോട്ടത്തിൽ വീഴാൻ നിൽക്കുന്ന ഒരു ഷെഡിലാണ് ഗൗണ്ടറുടെ താമസം. കഷ്ടം തോന്നും അവസ്ഥ കണ്ടാൽ. സംസാരിച്ചു വന്നപ്പോൾ ഗൗണ്ടറുടെ മോൻ അമേരിക്കയിൽ വലിയ ഉദ്യോഗസ്ഥൻ, മകൾ JNU വിൽ പ്രൊഫസർ.
കോടീശ്വരനാണ് കീറ ടൗസറുമിട്ട് അവിടെ ഇരിക്കുന്നത്. ഇതാണവിടുത്തെ ഒരു വിധം ഗൗണ്ടർമാരുടെയും വേഷവിധാനം. പക്ഷെ കീറട്രൗസറിൻ്റെ പോക്കറ്റിൽ രണ്ടായിരത്തിൻ്റെ നോട്ടേ കാണൂ എന്നു മാത്രം. വീടുകളിൽ അറ്റാച്ച്ഡ് ബാത്ത് റൂം അപൂർവ്വമാണ്. കാരണം വീട് അവർക്ക് കോവിലിന് തുല്യമാണ്. വലിയ വീടുകൾ കുടിയേറ്റക്കാർക്ക് മാത്രമാണുള്ളത്. സ്ഥലവാസികളെ സംബന്ധിച്ച് വീട് എന്നാൽ ഒരു ഷെൽട്ടർ മാത്രമാണ്. മിക്കവീടിൻ്റെയും പുറത്ത് കട്ടിൽ കാണാം. അവിടെയാണ് മിക്കവരുടെയും ഉറക്കം.
യാത്രയിൽ സുഹൃത്തിൻ്റെ ഫാം ഹൗസിലും സ്ഥിരം പോവാറുണ്ട്. പതിനഞ്ച് ഏക്കറിൽ നെല്ലിയും സപ്പോട്ടയുമടക്കം ഇല്ലാത്ത കൃഷികളില്ല. ആത്മീയ ഗുരുവായ സുനിൽദാസിൻ്റെ ആശ്രമം മുതലമടയിലെ ചുള്ളിയാർ ഡാമിനടുത്താണ്. ജനങ്ങൾക്ക് കുടിവെള്ളം സൗജന്യമായി ഇദ്ദേഹം വിതരണം ചെയ്യുന്നത് കണ്ടു. ആശ്രമത്തിനടുത്ത് നിന്ന് നോക്കിയാൽ ദൂരെ കാണുന്ന മലകളിൽ ആന ഇറങ്ങി വരുന്നത് കാണാൻ കഴിയുമത്രെ. ആന മാത്രമല്ല കരടിയും പുലിയുമൊക്കെ ഇവിടെ കാണും എന്ന് നാട്ടുകാർ പറയുന്നു. ഒരിക്കൽ രാത്രിയിൽ പുറത്തിറങ്ങിയ ഒരു അമ്മാമ്മയുടെ മേൽമുണ്ട് ആരോ വലിച്ചെടുത്തെത്രെ. ദേഷ്യം കൊണ്ട് തിരിഞ്ഞപ്പോൾ മുണ്ടും പൊക്കി പിടിച്ച് നല്ലൊരു കൊമ്പൻ. ആളെ പിടിച്ചപ്പോൾ മുണ്ടാണ് കിട്ടിയതെന്ന് മാത്രം. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.
അഞ്ച് വർഷത്തോളം ഗോവിന്ദാപുരത്തെ സേവനങ്ങൾക്ക് ശേഷം ജനുവരിയിൽ ഗംഗേട്ടന് വീണ്ടും ട്രാൻസ്ഫർ. എങ്കിലും ഗോവിന്ദാപുരവും അവിടുത്തെ നല്ല സൗഹൃദങ്ങളും ഇന്നും നിലനിൽക്കുന്നു. വീണ്ടും തിരികെ വിളിച്ചു കൊണ്ട്.