കേരളത്തിൽ ഗുണ്ടായിസത്തിനും പകൽക്കൊള്ളയ്ക്കും ഏറ്റവും പേരുകേട്ട ടോൾ ബൂത്താണ് തൃശ്ശൂരിലെ പാലിയേക്കര ടോൾ. ഭീമമായ ടോൾ തുക നൽകുന്നതിനോടൊപ്പം ഇതുവഴി പോകുന്നവർക്ക് ബ്ലോക്കിൽപ്പെട്ടു സമയം കളയുകയും വേണം. വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടാലും തുറന്നു വിടുവാൻ ടോളുകാർ തയ്യാറാകാറില്ല. ഇതു ചോദ്യം ചെയ്താലോ ടോൾ ബൂത്ത് ജീവനക്കാരുടെയും മാനേജരുടേയുമൊക്കെ ഭീഷണിയും ഗുണ്ടായിസവും ഒക്കെ നേരിടുകയും വേണം.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിയാളുകൾ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ടോൾ ബൂത്തുകാരുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും അറുതി വന്നില്ല. പ്രതികരണശേഷിയുള്ള എംഎൽഎമാരിൽ ഒരാളായ പി.സി. ജോർജ്ജ് ഒരിക്കൽ ക്ഷമകെട്ട് പാലിയേക്കര ടോൾ ബൂത്തിലെ ബാരിക്കേഡ് തകർത്തെറിഞ്ഞു പോയപ്പോഴാണ് അൽപ്പമെങ്കിലും ടോളുകാർ ഒന്ന് തലകുനിച്ചത്.
ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി പാലിയേക്കര ടോൾ ബൂത്തിൽ നിന്നും വീഡിയോ സഹിതം പുറത്തു വന്നിരിക്കുകയാണ്. ക്യൂ നിന്നു ടോൾ കൊടുക്കാതെ ഡിജിറ്റലായി പേയ്മെന്റ് നടത്തുന്ന സംവിധാനമായ ‘ഫാസ്റ്റാഗ്’ ഘടിപ്പിച്ച കാർ പാലിയേക്കര ടോൾ ബൂത്ത് ജീവനക്കാർ തടയുകയും, കാറിന്റെ മുൻവശത്തെ ഗ്ളാസ് തല്ലിപ്പൊട്ടിക്കുകയും ചെയ്തിരിക്കുന്നു. കാറുടമ തന്നെയാണ് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിൽ ഫാസ്റ്റാഗ് വാഹനങ്ങൾക്കെതിരെ ടോൾ ബൂത്തുകാരുടെ ഇടപെടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫാസ്റ്റാഗ് സംവിധാനമുള്ള വാഹനങ്ങൾക്കായി ടോൾ ബൂത്തുകളിൽ പ്രത്യേകം ലെയ്ൻ ഉണ്ടായിരിക്കും. പാലിയേക്കരയിലും ഇതിനായി പ്രത്യേകം ലെയ്ൻ ഉണ്ടെന്നിരിക്കെയാണ് അതുവഴി കടന്നുപോയ ഫാസ്റ്റാഗ് സ്റ്റിക്കർ പതിച്ച കാർ ടോൾ പ്ലാസയിലെ ഗുണ്ടകളായ ജീവനക്കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും മുൻവശത്തെ ചില്ല് തല്ലിപ്പൊട്ടിക്കുകയും ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാലിയേക്കര ടോൾ ബൂത്തിനെതിരെ വീണ്ടും പൊതുജനവികാരം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വീഡിയോ താഴെ കൊടുത്തിരിക്കുന്നു. കണ്ടുനോക്കുക.
എന്താണ് ഈ ഫാസ്റ്റാഗ്? പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം. ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) റിസർവ് ബാങ്കിന്റെ കീഴിലുള്ള നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യും ചേർന്നാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
പ്രീപെയ്ഡ് ഡാറ്റാ കൂപ്പൺപോലെ നമുക്ക് ആവശ്യമുള്ള തുക അതിൽ നിക്ഷേപിക്കാം. ഒരുതവണ ടോളിലൂടെ പോകുമ്പോൾ ടോൾ ബൂത്തിലെ മുകൾക്യാമറ വഴി സ്കാൻചെയ്ത് ഇതിൽനിന്ന് ടോൾ തുക പിടിക്കും. ഇതിലെ തുക തീരുമ്പോൾ സ്റ്റിക്കർ റീചാർജ്ചെയ്യാം. അതത് ബാങ്കുകളുടെ ഫാസ് റ്റാഗ് സൈറ്റിൽ സ്റ്റിക്കറിലുള്ള നമ്പർ നൽകി ഡെബിറ്റ്, ക്രഡിറ്റ് കാർഡ്വഴി ഇഷ്ടമുള്ള തുക നിക്ഷേപിക്കാനാകും. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഈ സംവിധാനം സമയലാഭത്തിനും ടോള്‍ ജംങ്ഷനിലെ സുഗമ സഞ്ചാരത്തിനും സഹായകമാണ്.