എഴുത്ത് – Vinil Mk.
മകനെത്തേടി ഒരച്ഛൻ.. എന്റെ യാത്രയിൽ ദിവസവും ഞാൻ അന്വഷിക്കുന്ന രണ്ടു മുഖങ്ങൾ, ഏകദേശം 8 വർഷങ്ങളായി സ്ഥിരമായി ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന ഒരാളാണു ഞാൻ. രാവിലെ അമ്പലപ്പുഴ മുതൽ പുന്നപ്ര വരെയുള്ള യാത്രക്കിടയിൽ ഉറപ്പായും അവരെ കണ്ടുമുട്ടിയിരിക്കും. ആരോടും ഒന്നും സംസാരിക്കാതെ മകന്റെ പിറകെ വർഷങ്ങളായി നടക്കുന്ന ഒരച്ഛൻ,”ഹബീബ്.”
ഒരുപാടു നാളായി ഇവരോട് എന്തെങ്കിലും ഒന്നു ചോദിക്കണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട്. പലപോഴായി ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ പിടി തരാതെ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം മഴയത്ത് റോഡ് സൈഡിൽ മഴ കൊള്ളാതെ കയറി നിന്നപ്പോൾ ഞാൻ തേടി നടന്നവർ അവിടെ ഇരിക്കുന്നു. പതുക്കെ അവരോട് സൗഹൃദം സ്ഥാപിച്ചു. കാര്യങ്ങൾ ഓരോന്ന് ചോദിച്ചറിഞ്ഞു.
“ഭായ്, ഞങ്ങൾ ഔറംഗാബാദ് സ്വദേശികളാണ്. ഇതെന്റെ മകൻ മുക്താർ. ഇപ്പോൾ ഏകദേശം 25 വയസ്സ് ഉണ്ടാകും. കൃത്യമായി എനിക്ക് ഓർമ്മയില്ല. ഏകദേശം 8 വയസ്സുള്ളപ്പോൾ മകൻ നാടുവിട്ടു പോയതാണ്. അവനെ അന്വഷിച്ച് നടന്ന് 2 വർഷത്തിന് ഇപ്പുറം എനിക്ക് മുന്നയെ കർണ്ണാടകയിൽ നിന്നും കിട്ടി. അന്നുമുതൽ എന്റെ മുന്നിൽ അവൻ ഇങ്ങനെ നടക്കും, അവന്റെ പിറകെ ഞാനും.
രാവിലെ കിടക്കുന്നിടത്തു നിന്നും അവനു തോന്നിടത്തേക്ക് നടക്കും അതാണ് പതിവ് രാവിലെ മാത്രം നടക്കും. കുറച്ചു ദൂരം പോയിട്ട് അവിടെ നിന്നും തിരിച്ചും. ചിലപ്പോൾ ദിവസങ്ങളോളം ഒന്നും കഴിക്കാതെ.. ഇങ്ങനെ വർഷങ്ങായി തുടരുന്നു. കേരളത്തിൽ വന്നിട്ട് ഏകദേശം 10 വർഷമായി. ഒരുപാടിഷടമാണ് ഇവിടം. ആളുകൾ ശല്യം ചെയ്യില്ല, നല്ല സ്നേഹമാണ്. ആഹാരം കഴിച്ചോ എന്നൊക്കെ ചോദിക്കും. ചിലപ്പോൾ വാങ്ങിത്തരും. ആരുടേയും മുൻപിൽ കൈ നീട്ടാറില്ല അതവന് ഇഷ്ടമല്ല. ഒരുപാടു സമയം ഒരാളോട് സംസാരിച്ചാൽ അവന് നീരസമാണ്. കാരണം ഞങ്ങൾ രണ്ടുപേരല്ലേ വർഷങ്ങളായി ഇടപെഴകിയിട്ടുള്ളത് അതായിരിക്കും.”
ശരിയാണ്, അതെനിക്ക് ബോധ്യപ്പെട്ടു. മുക്താർ രൂക്ഷമായി അവന്റെ മാത്രം ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി. പിന്നെയും ചോദിച്ചപ്പോൾ, “ഉണ്ടായിരുന്നു ഇപ്പോൾ എവിടെയാണന്ന് അറിയില്ല.” അപ്പോൾ ഹബീബിന്റകണ്ണ് നനഞ്ഞിരുന്നു. കൂടുതൽ ചോദിച്ചില്ല.
“നിങ്ങൾക്ക് സ്വന്തം നാട്ടിൽ പോകണ്ടേ?” എന്നു ചോദിച്ചു. അപ്പോൾ മറുപടി “വേണ്ട.” എന്താണന്ന് ചോദിച്ചപ്പോൾ ഇവിടെ എന്റെ മകനെ ആരും “ഭ്രാന്തൻ” എന്ന് ഇതുവരേയും വിളിച്ചിട്ടില്ല. അതെനിക്ക് സഹിക്കുന്നതിനുമപ്പുറമാണ്. ഹബീബ് പറഞ്ഞത് സത്യമോ മിഥ്യയോ എന്നറിയില്ല. പറഞ്ഞതനുസരിച്ച് മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ 9 താലൂക്കുകളിൽ 1344 ഗ്രാമങ്ങൾ ചെറിയ ഒരു അന്വഷണം നടത്താൻ തീരുമാനിച്ചു. മഴ തോർന്നു യാത്ര തുടരാൻ സമയമായി. ഇനിയും കാണാം എന്നു പറഞ്ഞു ഇറങ്ങി. ഇപ്പോഴും എനിക്കവരേ കാണുമ്പോൾ എന്തോ ഒരു സങ്കടം…