ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ട് വനിതാ സഞ്ചാരിയുടെ ഹിച്ച് ഹൈക്കിംഗ്…

പലരും പല രീതിയിൽ യാത്രകൾ നടത്താറുണ്ട്. ചിലർ നല്ല കാശു ചെലവാക്കി യാത്രകൾ ആഡംബരമാക്കിത്തീർക്കുമ്പോൾ മറ്റു ചിലർ വളരെക്കുറവ് കാശു മാത്രം ചിലവാക്കി നാടു ചുറ്റുന്നു. ഇതിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ്. യാത്രകൾ പോകുവാനായി അധികം പണം ഒന്നും ആവശ്യമില്ല. ഇത്തരത്തിൽ യാത്രാച്ചെലവ് കുറച്ചുകൊണ്ട് യാത്ര ചെയ്യുന്നതിനായി സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ഒരു മാർഗ്ഗമുണ്ട് – ‘ഹിച്ച് ഹൈക്കിംഗ്.’

എന്താണ് ഈ ഹിച്ച് ഹൈക്കിംഗ്? എളുപ്പം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ വാഹനങ്ങളിൽ കാശുമുടക്കി
ടിക്കറ്റെടുത്തു യാത്ര ചെയ്യാതെ ലിഫ്റ്റ് അടിച്ചു പോകുന്ന രീതിയാണ് ഇത്. വിദേശരാജ്യങ്ങളിൽ വ്യാപകമായി സഞ്ചാരികൾ ഉപയോഗിക്കുന്ന ഈ രീതി ഇന്ത്യയിൽ പതിയെയാണ് പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളിൽ പലരും ഹിച്ച് ഹൈക്കിംഗ് രീതി ഇവിടെ തിരഞ്ഞെടുക്കാറുണ്ട്. ഇത്തരത്തിൽ ഇന്ത്യ കറങ്ങിയ ഒരു വനിതാ സഞ്ചാരിയുടെ കഥയാണ് ഇനി പറയുവാൻ പോകുന്നത്.

ആ സഞ്ചാരിയുടെ പേര് ഹന്നാ ബോൾഡർ. സ്വദേശം നെതർലാൻഡ്. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ഒരു സെമസ്റ്റർ പഠനത്തിനായാണ് ഹന്ന ഇന്ത്യയിലേക്ക് വരുന്നത്. ഒരു സഞ്ചാരി കൂടിയായ ഹന്നയുടെ മനസ്സിൽ ഇന്ത്യയുടെ പ്രധാന ഭാഗങ്ങളെല്ലാം ഹിച്ച് ഹൈക്കിംഗ് മുഖേന യാത്ര ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരിൽ നിന്നും വ്യത്യസ്തമായി ഹന്ന നേരിട്ട് ഡൽഹിയിലേക്ക് ചെല്ലാതെ തമിഴ്‌നാട്ടിലെ മധുരയിലേക്കാണ് ഫ്‌ളൈറ്റ് പിടിച്ചത്.

മധുരയിൽ നിന്നും ഇന്ത്യയുടെ വടക്കു ഭാഗത്തേക്ക് ഹിച്ച് ഹൈക്കിംഗ് ചെയ്യുക എന്നതായിരുന്നു ഹന്നയുടെ പ്ലാൻ. മധുരയിൽ എത്തിയ ഹന്നയ്ക്ക് അവിടം നന്നായി ബോധിച്ചു. ‘First impression is the best impression’ എന്നു പറയുന്നതു പോലെയായി കാര്യം. മധുരയിലെ തെരുവുകളും മീനാക്ഷി ക്ഷേത്രവും അവിടത്തെ ആളുകളുടെ സ്നേഹവും ഒപ്പം രുചികരമായ ഭക്ഷണവുമെല്ലാം ഹന്നയിലെ സഞ്ചാരിയുടെ മനസ്സു നിറച്ചു.

മധുരയിൽ നിന്നും ലിഫ്റ്റ് അടിച്ചുകൊണ്ട് ഹന്ന നേരെ പോയത് കേരളത്തിലേക്കാണ്, കേരളത്തിലെ പ്രശസ്തമായ മൂന്നാറിലേക്ക്. മൂന്നാറിൽ വെച്ച് പരിചയപ്പെട്ട ഒരാൾ ഹന്നയെ മൂന്നാറിലെ കാഴ്ചകളെല്ലാം ഫ്രീയായി കൊണ്ടു നടന്നു കാണിക്കുകയും ഒപ്പം അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ വീടും കുടുംബവും വിശേഷങ്ങളുമൊക്കെയായി ഒരു ദിവസം അവിടെ ചിലവഴിക്കുകയുണ്ടായി.

മൂന്നാറിൽ നിന്നും ഒരു ബസ്സിൽ കയറി കോയമ്പത്തൂരിലേക്ക് ആയിരുന്നു ഹന്നയുടെ അടുത്ത യാത്ര. കോയമ്പത്തൂർ ചെന്നിട്ട് അവിടെ നിന്നും മൈസൂരിലേക്ക് പോകുവാനായിരുന്നു അവരുടെ പ്ലാൻ. ഹിച്ച് ഹൈക്കിംഗ് രീതികളെക്കുറിച്ച് അറിവില്ലാത്തതിനാൽ ഇവിടങ്ങളിൽ ഹന്നയ്ക്ക് ആരും ലിഫ്റ്റ് നൽകുവാൻ തുനിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് യാത്ര ബസ്സിൽ ആക്കിയത്. കോയമ്പത്തൂരിൽ നിന്നും ഹിച്ച് ഹൈക്കിംഗ് യാത്ര സാധ്യമല്ലെന്നു ബോധ്യമായപ്പോൾ ബസ് തന്നെ തിരഞ്ഞെടുക്കുവാൻ അവർ നിർബന്ധിതയായി. അങ്ങനെ കോയമ്പത്തൂരിൽ നിന്നും 27 ഹെയർപിൻ വളവുകൾ താണ്ടി ധിമ്പം ചുരം കടന്ന് സത്യമംഗലം വഴി മൈസൂരിലേക്ക്.

മൈസൂരിൽ വെച്ച് രണ്ടാളുകൾ ഹന്നയ്ക്ക് തുണയായി. അവർ ഹന്നയെ പരിചയപ്പെടുകയും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയും കൂടാതെ അവിടം മൊത്തം ചുറ്റിക്കാണിക്കുകയും ചെയ്തു. കർണാടകയുടെ നല്ല സംസ്‌കാരം തനിക്ക് അവിടെ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു എന്നാണു ഹന്ന പറയുന്നത്.

മൈസൂരിൽ നിന്നും പിന്നീട് ഹിച്ച് ഹൈക്കിംഗ് തനിക്ക് വളരെ എളുപ്പമായിരുന്നു എന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്. അവിടെ നിന്നും ഹംപിയിലേക്കും പിന്നീട് ലോറികളിൽ ലിഫ്റ്റ് അടിച്ച് മഹാരാഷ്ട്രയിലേക്കും ഹന്ന സഞ്ചരിച്ചു. പൊതുവെ മോശക്കാരായി മാത്രം കേട്ടിട്ടുള്ള ലോറിക്കാരിൽ നിന്നും തനിക്ക് വളരെ മാന്യമായ പെരുമാറ്റമാണ് ലഭിച്ചതെന്നും ഹന്ന പറയുന്നു. ഭാഷകൾ മനസിലാക്കുവാൻ സാധിച്ചില്ലെങ്കിലും പരസ്പരം സംവദിക്കുവാൻ ഭാഷയും സംസ്കാരവും ഒന്നും ഒരു തടസ്സമായില്ല. മഹാരാഷ്ട്രയിൽ നിന്നും രാജസ്ഥാനിലേക്കും അവിടെ നിന്നും ഡൽഹിയിലേക്കും ഹന്ന യാത്ര ചെയ്തു.

കേൾക്കുമ്പോൾ വളരെ നിസ്സാരമാണെന്നു തോന്നുമെങ്കിലും 30 ദിവസങ്ങൾ കൊണ്ടാണ് ഹന്ന മധുരയിൽ നിന്നും ഡൽഹിയിൽ എത്തിച്ചേർന്നത്. 26 കാറുകൾ, 11 ടൂവീലറുകൾ, 10 ലോറികൾ, 3 ബസുകൾ, 3 പിക്കപ്പ് വാനുകൾ, 3 ഓട്ടോറിക്ഷകൾ (ഫ്രീ റൈഡ്) എന്നീ വാഹനങ്ങളിൽ യാത്ര ചെയ്താണ് 3200 നു മേൽ കിലോമീറ്റർ ദൂരം താണ്ടി ഹന്ന ഡൽഹിയിലെത്തിയത്.

“ഈ യാത്ര തനിക്ക് ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമല്ല ഹൈവേകൾ, ഗ്രാമങ്ങൾ, നഗരങ്ങൾ തുടങ്ങിയവയെല്ലാം കാണുവാനും അവിടത്തെ ജീവിതങ്ങൾ കണ്ടറിയുവാനും സാധിച്ചു. ഡ്രൈവർമാർ, പോലീസുകാർ, പാവപ്പെട്ട കർഷകർ, ലൈംഗിക തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ പലതട്ടുകളിലുള്ള പലതരത്തിലുള്ള ആളുകളെ പരിചയപ്പെടാനും സാധിച്ചു. ഒരിക്കൽപോലും തനിക്ക് ഇന്ത്യയിൽ നിന്നും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല.” ഹന്ന പറയുന്നു.

ഈ യാത്രയിൽ താൻ ലാഭിച്ച പണം നല്ല കാര്യങ്ങൾക്കായി സംഭാവന നൽകിയും ഹന്ന നന്മയുടെ പുതിയ പാതകൾ തുറന്നിട്ടു. ഡൽഹിയിൽ പഠനത്തിനിടെയും തൻ്റെ യാത്രകൾക്കായി ഹന്ന സമയം കണ്ടെത്തി. കയ്യിൽ പണമില്ലെന്നു കരുതി യാത്രകൾ ഒഴിവാക്കുന്ന സുഹൃത്തുക്കൾക്ക് ഹന്ന ഒരു മാതൃക തന്നെയാണ്.