എഴുത്ത് : T.v. Sidheeqe Kmd.
ട്രിമ്പക് ബസ്റ്റാന്റിന്റെ തെക്കുവടക്ക് വെറുതെ നടന്നു. നാട്ടുകാർക്കു ആർക്കും തന്നെ ഹരിഹർ ഫോർട്ട് നെ കുറിച്ച് വലിയ ധാരണ ഇല്ലെന്നുള്ള തിരിച്ചറിവോടെ പുറത്തേക്കിറങ്ങി. ടാക്സി സ്റ്റാൻഡിന്റെ അടുത്തേക്കെത്തുമ്പോയേക്കും അവർ എന്റെ അടുത്തേക്ക് ഓടി എത്തി. ഫോണിൽ സ്ക്രീൻ ഷോട്ട് എടുത്തു ഫോട്ടോസും മാപ്പും അവരെ കാണിച്ചു. ഹരിഹർ കല്ലു.. ! കൂട്ടത്തിൽ ഒരാൾ സ്ഥലം തിരിച്ചറിഞ്ഞു. 400രൂപ ടാക്സി ചാർജ് നൽകിയാൽ എത്തിച്ചു തരാം എന്ന അവരുടെ മറുപടി തീരും മുമ്പേ മുന്നിൽ കണ്ട റോഡിലേക്ക് ചൂണ്ടി ഇതാണോ റൂട്ട് എന്ന എന്റെ ചോദ്യത്തിന് അവർ തലയാട്ടി.. 1000രൂപയും അവിലും 2കൂട്ടം ഡ്രെസ്സുമായി 1200കിലോമീറ്റർ പിന്നിട്ടു ഇവിടെ എത്തിച്ചേർന്ന എന്റെ മുന്നിൽ കുറച്ചു നേരത്തേക്ക് എങ്കിലും 13കിലോമീറ്റർ മാത്രം ബാക്കിയുള്ള ഹരിഹർ ഫോർട്ട് തലകുനിക്കാൻ മടിച്ചു നിൽക്കുന്നതായി തോന്നി…. ആരും വണ്ടി നിർത്തി തരുന്നില്ല..
അപ്പോഴാണ് ഗൂഗിൾ മാപ് കാണിച്ചു തന്ന സപ്‌ഗോൺ വഴിയല്ലാതെ മറ്റൊരു റൂട്ട് കൂടെ ഉള്ളൊരു കാര്യം നാട്ടുകാരൻ പറഞ്ഞു തന്നത്. “നിർഗുഡ്പാണ്ഡ റൂട്ട് ” ഈ റൂട്ടിലേക്കുള്ള റോഡിൽ നിലയുറപ്പിച്ചു… അതിലെ വന്ന ബൈക്കിൽ സീറ്റുറപ്പിച്ചു… ഹരിഹർ ഫോർട്ടിലോട്ടാണ് എന്ന് പറഞ്ഞപ്പോൾ… രണ്ടു മറു ചോദ്യങ്ങൾ എന്റെ മുന്നിലോട്ടു ഇട്ടു… ഒറ്റക്കാണോ? 6 കിലോമീറ്റർ നടക്കാനുണ്ട് തിരിച്ചിറങ്ങുമ്പോയേക്കും വൈകും. എന്ത് ചെയ്യും…സമയം 2 മണിയോടടുക്കുന്ന കാര്യം ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. പുള്ളിയെ തൃപ്തിപ്പെടുത്താനെന്നോണം അവിടെയെത്തിയിട്ട് നോക്കാം എന്ന മറുപടി നൽകി…
ചുറ്റും മലകളാൽ നിറഞ്ഞ ഹരിത ഭംഗി തുളുമ്പുന്ന വഴിയിലൂടെ നിർഗുഡ്പാണ്ഡ ലക്ഷ്യമാക്കി ബൈക്ക് സഞ്ചരിച്ചു.. ദൂരെ തലയുയർത്തി നിൽക്കുന്ന കരിങ്കൽ മലയെ ചൂണ്ടി അയാൾ പറഞ്ഞു “”ഹരിഹർ കല്ലു “” ദൂരെ നിന്നെ കാണാവുന്ന പാറിപ്പറക്കുന്ന കാവി കൊടിയിൽ എന്റെ കണ്ണുടക്കി…. ലക്ഷ്യം മനസ്സിൽ പതിഞ്ഞു . ആല്മരച്ചോട്ടിലെ കൊച്ചു കടയുടെ മുൻപിൽ മൂന്നു പേരിരുന്നു ശീട്ട് കളിക്കുന്നു.അകത്തിരുന്ന കടക്കാരന് നേരെ ഒരു പുഞ്ചിരി എറിഞ്ഞു കൊടുത്തു കൊണ്ട് കയ്യിലുള്ള പകുതി നിറഞ്ഞ ബോട്ടിൽ പുറത്തെടുത്തു.. ഇതൊന്നു നിറച്ചോട്ടെ… സമ്മതം…അറിയാവുന്ന ഹിന്ദിയിൽ കാര്യങ്ങൾ ചോദിച്ചറിയാൻ തുനിഞ്ഞപ്പോൾ കടക്കാരൻ പുറത്തിരുന്ന ശീട്ട് കളിക്കാരനെ ചൂണ്ടി..ഹരിഹർ കല്ലു കയറാൻ വന്നതാണെന്നും മുകളിലോട്ടു മറ്റാരെങ്കിലും പോയിട്ടുണ്ടോ എന്നും വഴിയും ചോദിച്ചു മനസ്സിലാക്കി… 5 മണി കഴിഞ്ഞാൽ ട്രിംപകിലോട്ട് തിരിച്ചു വണ്ടി കിട്ടില്ലെന്ന ഉപദേശം തരാനും പുള്ളി മറന്നില്ല…
സുഹൃത്ത് ഷിബിനെ വിളിച്ചു ട്രെക്കിങ് തുടങ്ങുകയാണെന്നും 5 മണിക്ക് ശേഷം വണ്ടിയുണ്ടാവില്ല എന്ന കാര്യവും പറഞ്ഞപ്പോൾ മുൻപ് ഗ്രൂപ്പിൽ മറ്റൊരാൾ ഇട്ട പോസ്റ്റിൽ റിട്ടേൺ വരാനുള്ള വഴി പറഞ്ഞിരുന്നുവെന്നും അത് സങ്കടിപ്പിച്ചു വാട്സ്ആപ് ചെയ്‌തു തരാം എന്നും പറഞ്ഞു…. അവസരോചിതമായി ഒരു കാര്യം പറഞ്ഞോട്ടെ. ഹരിഹർ ഫോർട്ടിലോട്ടു വരുന്ന സഞ്ചാരികൾക് നിർഗുഡ്പാണ്ഡ വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്, ബസ് റൂട്ട് ആണ്… സപ്‌ഗോൺ വഴി വല്ലപ്പോഴുമുള്ള ജീപ്പ് മാത്രമാണ് ശരണം. ട്രെക്കിങ് പുരോഗതിയിലേക്ക് കടക്കുമ്പോൾ വഴിയിൽ എനിക്ക് വേണ്ടിയെന്നോണം ഒരു വടി കിടക്കുന്നു, മുകൾ ഭാഗം v ഷേപ്പിൽ പിടിയുള്ള വടി എന്റെ ഇഷ്ടം തിരിച്ചറിഞ്ഞു..
വിജനമായ കാട്ടു പാതയിൽ മുൻകാല സഞ്ചാരികൾ പണിതു വെച്ച നടവഴിയും മരങ്ങൾക്കിടെയിലൂടെ ദൂരെ കാണുന്ന ഹരിഹർ ഫോർട്ടിലെ മുകളിലത്തെ പാറി പറക്കുന്ന ചെങ്കൊടിയും (അങ്ങനെ കാണാൻ ആണ് എനിക്കിഷ്ടം )എന്നെ മുന്നോട്ട് നയിച്ചു വെയിലിന്റെ കാഠിന്യവും കയറ്റവും കാരണം ബോട്ടിലിലെ വെള്ളെത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. കയ്യിൽ അല്പം വെജിറ്റബിൾസുമായി അമ്മൂമ്മയുടെ എൻട്രി പ്രതീക്ഷിക്കാത്തതായിരുന്നു. ഹരിഹർ കല്ലു, അമ്മൂമ്മ കൈ കൊണ്ട് വഴി കാണിച്ചു തന്നു. പാരമ്പര്യ മറാത്തി വസ്ത്ര ധാരണം ചെയ്‌ത അവരോടൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. പൈസ പൈസ എന്ന മറുപടിക്ക് ഓക്കേ പറഞ്ഞിട്ട് മൂന്ന് 4 സെൽഫി എടുത്തിട്ട് പോക്കറ്റിൽ കയ്യിട്ടു.. അവലംബിച്ച നിമിഷം. രണ്ടു ഇരുനൂറു രൂപ നോട്ടുകൾ മാത്രം.. യാത്രയിൽ കയ്യിലുള്ള എന്റെ സമ്പാദ്യം.. വിഷമത്തോടെ അമ്മൂമ്മ തിരിച്ചിറങ്ങുന്നത് അതിലേറെ വിഷമത്തോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.. മലഞ്ചത്തെരുവിൽ അവർ അപ്രത്യക്ഷയാവും വരെ ഞാൻ അവരെ തന്നെ നോക്കി നിന്നു…
വീണ്ടും ഫോൺ പവർ ബാങ്കുമായി കണക്ട് ചെയ്‌തു യാത്ര തുടങ്ങി… മുകളിൽ ഒരുപാട് ഫോട്ടോസ് എടുക്കാൻ ഉള്ളതാണ്. മുന്നിൽ മുകളിലോട്ടു മൂന്നു നടവഴികൾ കണ്ടു.. കൂടുതൽ സഞ്ചാരികൾ ഉപയോഗിക്കുന്നത് എന്ന് തോന്നിയ വഴിയിലൂടെ നടന്നു,, കയറിക്കൊണ്ടിരുന്ന മലയുടെ മുകളിലായി ഒരു ചെറിയ ഷെഡ്, ഇരിക്കാനായി ഒരു കല്ലും,, ഒരു ഫോട്ടോ എടുത്തേക്കാം. മൊബൈലും പവർ ബാങ്കും പുറത്തെടുത്തപ്പോൾ ഉള്ളൊന്നു കാളി…. ഡാറ്റ കേബിൾ കളഞ്ഞു പോയിരിക്കുന്നു… വന്ന വഴിയിലോട്ട് വെറുതെ ഒന്ന് കണ്ണോടിച്ചു.. വെറുതെ എന്റെ സമാധാനത്തിനു… മൊബൈലിൽ 52%ചാർജെയുള്ളൂ.. ആ അമ്മൂമ്മയുടെ വിഷമത്തോളം വരില്ല ഇത് എന്ന ചിന്തയിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്‌തു ട്രക്കിങ് തുടർന്നു.. കയറ്റം കുറഞ്ഞു.. ലക്ഷ്യം അടുത്തായി കാണാൻ തുടങ്ങി.. മുകളിലുള്ള സഞ്ചാരികളുടെ ശബ്ദം കേട്ടു തുടങ്ങി.
ചെറിയ ഒരു പുൽ മൈതാനിയുടെ നടുവിൽ എത്തിയ എന്നെ ഈച്ചയുടെ കൂട്ടം വളഞ്ഞു.. ചെവിക്കു ചുറ്റുമുള്ള ഇരമ്പം അരോചകകമായി തോന്നി.. ഒന്ന് ഓടി നോക്കി.. കിതച്ചത് മിച്ചം.. മരങ്ങൾക്കിടയിലേക് മാറി നടന്നത് ഫലം കണ്ടു.. എന്നെ വെറുതെ വിട്ടിരിക്കുന്നു…. ഒരു കുഞ്ഞു കയറ്റം കൂടി കയറി ചെന്ന എന്നെ വരവേറ്റത് ഓല മേഞ്ഞ 4 ഷെഡുകൾക്കിടയിലെ ചുറ്റും കാഴ്ചകൾ നിറഞ്ഞ സുന്ദരിപ്രദേശമാണ്.. നടുവിലായി ഒരു പ്രതിഷ്ഠയും… 4 മണിയോടടുത്തിട്ടും വെയിൽ കുറവില്ല.. ഒരു ഇളം കാറ്റിന്റെ തലോടൽ ആസ്വദിച്ചു കൊണ്ട് ഹരിഹർ ഫോർട്ടിലേക്കു കണ്ണ് നട്ടു വെള്ളം പുറത്തെടുത്തു വെള്ളം തീരാറായിരിക്കുന്നു.. തൊട്ടു മുന്നിലെ ചെങ്കുത്തായ മല കൂടി കയറിയാൽ പിന്നെ ഹരിഹർ ഫോർട്ടിലെ കരിങ്കൽ മല കൂടി കയറാനുണ്ട് …. വെള്ളം തികയില്ല. ഉറപ്പ്.. മുകളിൽ നിന്നും സഞ്ചാരികൾ തിരിച്ചിറങ്ങുന്നതു കാണാം. ആരെങ്കിലും സഹായിക്കാതിരിക്കില്ല..
അപ്പോഴാണ് തൊട്ടു മുന്പിലെ മലയിറങ്ങി വരുന്ന ആളെ ശ്രദ്ധിച്ചത്.. നല്ല സ്പീഡിലാണ് ഇറക്കം. അടുത്തെത്തിയപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു.. എന്നോട് ചെറുതായൊന്നു ചിരിച്ചു കൊണ്ട് ആൾ പ്രതിഷ്ഠയെ തൊട്ടു തലോടി നന്നായൊന്നു വണങ്ങി…. വെള്ള ബനിയനിലും പ്രതിഷ്ഠയിലും കുംകുമം കണ്ടതോടെ ആൾ അവിടുത്തുകാരെൻ തന്നെയെന്ന് ഉറപ്പിച്ചു ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്ന ഈ ചെറുപ്പക്കാരനോട് എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് ഈ ഷേഡുകളിൽ രാത്രി കിടക്കാൻ പറ്റുമോ എന്നായിരുന്നു. ഒരു ചെറു ചിരിയോടെ എന്റെ കയ്യിലെ കുപ്പിയിലേക് നോക്കി കൊണ്ട്.. കുറച്ചു വെള്ളം ആവശ്യപ്പെട്ടു.. ഒരു മുറുക്ക് വെള്ളം കുടിച്ചു കൊണ്ട് പുള്ളി പറഞ്ഞു.. … രാത്രി ഇവിടെ തങ്ങുന്നത് കൊണ്ട് കുഴപ്പം ഇല്ല.. പക്ഷെ വെള്ളം..? ദൂരെ മലയടിവാരത്തിൽ മഞ്ഞ ഷീറ്റു വിരിച്ച വീട് ചൂണ്ടി കൊണ്ട് പുള്ളി തുടർന്നു.. അത് അവരുടെ വീട് ആണെന്നും അവിടെ വന്നാൽ വെള്ളം തരാം എന്നും പറഞ്ഞു.. തിരിച്ചിറങ്ങാൻ തുടങ്ങിയ അവരോട് ഉറങ്ങാൻ കൂടി സൗകര്യം ഉണ്ടാവുമോ എന്ന എന്റെ ആംഗ്യത്തിലൂടെയുള്ള ചോദ്യത്തിന് ചിരിച്ചു കൊണ്ട് തലയാട്ടി.. തിരിച്ചു നടന്ന അവരോടു ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു,, തുമാരാ നാം ക്യാഹെ….. “സാച്ചു.”
ഈ ചെങ്കുത്തായ മലകൂടി കയറിയാൽ സഞ്ചാരികളുടെ സ്വപ്നം കണ്മുന്നിൽ നിവർന്നു നില്കുന്നു.. കുറച്ചൊരു അഡ്വെഞ്ചർ ആയ മലയുടെ മുകൾ ഭാഗം പിന്നിട്ടു ചെന്നത് മറ്റൊരു ഷെഡ്ന്റെ മുന്പിലേക്കാണ്. ഓറഞ്ച് തൊപ്പിയും മങ്കി ക്യാപ് പിന്നിലൊട്ടിട്ട ഫുൾ സ്ലീവ് ടി ഷർട്ടും കാപ്പി കളർ പാന്റ്സും ഹവായ് ചെരുപ്പും ധരിച്ച മെലിഞ്ഞ ശരീര പ്രകൃതിയുള്ള 40 വയസ്സ് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു.. അയാൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.. ചിരിച്ചു കൊണ്ട് ഞാൻ അവിടേക്ക് കയറിച്ചെന്നു… കുറച്ചു ബിസ്ക്കറ്റും മാഗിയും എല്ലാം ഉള്ള കൊച്ചു കട…
ഞാൻ ചോദിച്ചത് വെള്ളമായിരുന്നു… ഉള്ളിലേക്ക് ചെന്ന് ഒരു സഞ്ചിയിൽ നിന്നും പുള്ളി മിനറൽ വാട്ടർ എടുത്തു തന്നപ്പോൾ സന്തോഷം അറിയാതെ പുറത്തേക്ക് ചാടി… ഒരു ബിസ്‌ക്കറ് പാക്കും എടുത്തു… മുകളിൽ നിന്നും ഒന്നുരണ്ടുപേർ ഇവിടേക്കിറങ്ങി വന്നു.. എല്ലാരും എന്നെ തന്നെ നോക്കുന്നു… എവിടെ നിന്നാണ്…. കേരള ! യാത്രക്കിടയിൽ പലതവണ കണ്ട മുഖഭാവം… അഖേലാ…. യെസ് അഖേലാ….. അപ്പോഴും ഷോപ്പ് ഓണർ എന്നെ തന്നെ നോക്കി നില്പുണ്ടായിരുന്നു. മുകളിൽ പോയി വരാം… സ്വപ്ന വഴികളിലൂടെ മുകളിലോട്ട്….. സ്വപ്ന കവാടത്തിന്റെ തൊട്ടു താഴെ കുറച്ചു ഫോട്ടോസ് എടുക്കാനായി മോട്ടോ g3 പുറത്തെടുത്തു… പറഞ്ഞത് വെറുതെയല്ല… എന്റെ സഞ്ചാരി സുഹൃത്തുക്കൾ അത്രയേ ഫോട്ടോ ക്ലാരിറ്റി പ്രതീക്ഷിക്കാവൂ….
കരിങ്കല്ലിൽ കൊത്തിയെടുത്ത പല വലിപ്പത്തിലുള്ള സ്റ്റെപ്പുകൾക്കു സൈഡിലായി പിടിച്ചു കയറാനായി ചെറിയ ഹോൾ ഇട്ടിരിക്കുന്നു…. കുത്തനെയുള്ള കയറ്റം.. പിടി വിട്ടാൽ ഞാനും എൻജിനും തവിടു പൊടി… തോളിലുള്ള ബാഗ് തിരിച്ചിറങ്ങുമ്പോൾ പണിയാകും എന്നത് മറ്റൊരു സത്യമല്ലേ എന്ന ഒരു ചിന്ത….. കവാടം കടന്നു കല്ലിൽ കൊത്തിയ വഴികൾ ശെരിക്കും അത്ഭുതം തന്നെ. ഒരു ഭാഗത്തു കാഴ്ചകളുടെ അത്ഭുതം തീർത്ത കാഴ്ചകൾ ,,, വലിയ പാറയുടെ ഉള്ളിലൂടെ കൊത്തിയെടുത്ത വഴിയിൽ കൂടി മുകളിൽ എത്തി. . ശിവാജി രാജാവ് പണി കഴിപ്പിച്ച ഈ കോട്ട നിങ്ങൾ ഓരോരുത്തരും കണ്ടിരിക്കണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
വിശാലമായ നാല് ഫുട്ബോൾ ഗ്രൗണ്ടുകൾ ചേർത്ത് വെച്ചാൽ ഉണ്ടാവുന്ന സ്ഥലം മുകളിൽ ഉള്ളത് പോലെ തോന്നി.. സഞ്ചാരികൾ നടന്നു വെച്ച വഴികളിലൂടെ മുന്നോട്ടു നീങ്ങി.. ഒരു ചെറിയ കുളത്തിനരികിലൂടെ മറ്റൊരു ത്രിശൂലം സാക്ഷിയായുള്ള കുളത്തിനരികിൽ എന്റെ ഫോൺ ക്യാമറ ക്ലിക്ക് ചെയ്തു… അപ്പോഴും എന്റെ ശ്രദ്ധ ആ പാറികളിക്കുന്ന ചെങ്കൊടിയിലായിരുന്നു. എത്ര വലിയ ഉയരമാണെങ്കിലും അവിടേയ്‌ക്കെത്തുമ്പോൾ അത് നമ്മുടെ കാൽചുവട്ടിൽ ആകും… ചുറ്റുമുള്ളടെല്ലാം കാൽചുവട്ടിലായിരിക്കുന്നു… ഇത് തന്നെയാവാം ഒരു പക്ഷെ രാജാവിനും ഇവിടം ഇഷ്ട്പ്പെടാൻ കാരണം എന്നെനിക്കു തോന്നി. അൽപനേരം അവിടെ ചിലവഴിച്ചു… കൊടിയുടെ കീഴിലെ ഫോട്ടോസ് പകർത്തി.. കയറി വരുമ്പോഴുണ്ടായിരുന്ന 2പേരെ കൂടി കാണാതായി… തിരിച്ചിറങ്ങാം…
ഹരിഹർ ഫോർട്ടിന്റെ ഉയരങ്ങളിൽ നിന്നും തായോ്ട്ടിറങ്ങാൻ സമയമായി… വരുമ്പോൾ കാണാതെപോയ കാഴ്ചകൾ കൂടെ തിരിച്ചിറങ്ങുന്പോൾ ഫ്രെയിംലോട്ടു വന്നു.. കോട്ടയുടെ കവാടത്തിൽ നിന്നും കുറച്ചുകൂടെ സെൽഫികൾ പകർത്തി പതുക്കെ ഇറങ്ങി തുടങ്ങി… ബാഗ് തോളിൽ ഉള്ളത് കാരണം പിന്നിലോട്ടു ഇറങ്ങേണ്ടി വന്നു… വരുന്ന വഴിയിൽ ഭാരമെന്നു കരുതി ഇറക്കി വെച്ച നമ്മുടെ v ഷേപ്പ് വടി അപ്പോഴും അവിടുണ്ടായിരുന്നു…. താഴെ നിന്നും കവാടത്തിലേക്ക് നോക്കി മനസ്സുകൊണ്ടൊരു സലാം പറഞ്ഞു തിരിച്ചിറങ്ങി… അപകടകരമായ ഫോറെസ്റ്റ് റൂട്ടിലൂടെ ഇറങ്ങുന്ന ഒരു കൂട്ടം സഞ്ചാരികളെ നോക്കി എന്റെ മനസ്സ് പറഞ്ഞു. നാട്ടുകാരാണെന്നതിന്റെ അഹങ്കാരമാവാം. ആ ആൾക്കൂട്ടത്തെ തിരുത്തണമെന്ന് എനിക്കാഗ്രഹമുണ്ട്. സ്നേഹം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടേക്കാം…തിരിച്ചിറങ്ങുന്ന എന്നെ രണ്ടു കണ്ണുകൾ അപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ മലമുകളിൽ എനിക്ക് ഏറ്റവും ഉപകാരപ്രദമായ ആ ഒരു കുപ്പി വെള്ളം തന്ന മനുഷ്യൻ. മലയിറങ്ങുന്ന അവസാനത്തെ ആൾ കൂടി സുരക്ഷിതമായി ഇറങ്ങി പോകാൻ എന്നവണ്ണം.
അദ്ദേഹത്തിന്റെ അടുത്തെത്തിയ ഞാൻ ദൂരെ തായ്‌വാരത്തിൽ കാണുന്ന മഞ്ഞ ഷീറ്റിനാൽ മറച്ച വീട് ചൂണ്ടി പറഞ്ഞു അവിടേക്കു വന്നാൽ വെള്ളവും കിടക്കാൻ ഒരിടവും ശെരിയാക്കി തരാം എന്ന് ഞാൻ ഇങ്ങോട്ടു കയറിവരുമ്പോൾ തയൊട്ടിറങ്ങിപ്പോയ സാച്ചു എന്ന ചെറുപ്പക്കാരൻ പറഞ്ഞു. അത് അവരുടെ വീട് ആണ്. നിങ്ങൾ അവരെ അറിയുമോ? മറുപടി പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. അതെ തായ്‌വാരത്തിൽ കുറച്ചുമാറി ഒരു കൂട്ടം വീടുകളിലേക്കു ചൂണ്ടി പുള്ളി പറഞ്ഞു. അതെന്റെ വീട് ആണ്. ഇന്ന് അവിടെ എന്റെ വീട്ടിലോട്ട് വരുന്നോ? ഞങ്ങൾ കുടിക്കുന്ന വെള്ളം നിങ്ങൾക്കു പറ്റുമോ എന്നറിയില്ല, ഭക്ഷണവും… സന്തോഷത്താലും ആകംഷയാലും ഒരു നിമിഷം ഞാൻ നിശബ്തനായി. ദൂരെ നിന്നുള്ള കാഴ്ചയിൽ തന്നെ അത് ഒരു കൊച്ചു സ്വർഗ്ഗമായി എനിക്ക് ഫീൽ ചെയ്‌തു.. എന്റെ ചിരിയിൽ തന്നെ പുള്ളിക്കതു ഫീൽ ചെയ്തപോലെ തോന്നി. എങ്കിലും ഞാൻ പറഞ്ഞു.. “എന്റെ ബാഗിൽ എനിക്കുള്ള ഫുഡ് ഉണ്ട്. നിങ്ങൾ കുടിക്കുന്ന വെള്ളം ഞാനും കുടിക്കും. നമ്മളെല്ലാം മനുഷ്യർ തന്നെയല്ലേ.”
പീടികയിലുള്ള ബിസ്കറ്റും മാഗിയും മറ്റു പാത്രങ്ങളും ചാക്കുകളിലാക്കി അവശേഷിക്കുന്ന വെള്ളം ഒരു പാത്രത്തിലേക്ക് നിറച്ചു എല്ലാം താഴെ കാടിനുള്ളിൽ മറച്ചു വെച്ച് പെട്ടെന്ന് തന്നെ ആൾ തിരിച്ചു വന്നു. ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു… സ്റ്റോക്ക് റൂം? തലയാട്ടികൊണ്ടുള്ള ചെറു ചിരി തന്നെയായിരുന്നു മറുപടി.. വെള്ളം താഴെ നിന്നും ചുമന്നു കൊണ്ട് വരുന്നു,, മിനറൽ വാട്ടറും മറ്റു ഷോപ്പിലേക്കുള്ള വസ്തുക്കളും ആഴ്ചയിൽ ഒരിക്കൽ ട്രിംപകിൽ പോയി വാങ്ങി വരുന്നു…. ആപ് കാ നാം ക്യാഹെ? “കൈലാസ്.” എന്റെ അടുത്ത ലക്ഷ്യം ഹിമാലയത്തിലെ കൈലാസം തന്നെയാണെന്ന് അറിയാതെ നല്ല പച്ച മലയാളത്തിൽ പറഞ്ഞു പോയി… ഹിന്ദിയേയും ഇംഗ്ലീഷിനേയും ആംഗ്യത്തെയും കൂട്ടുപിടിച്ചു പറഞ്ഞ കാര്യത്തെ പുള്ളിക്കു വിവർത്തിച്ചു കൊടുത്തപ്പോൾ നല്ല മനസ്സറിഞ്ഞ ചിരി സമ്മാനമായി കിട്ടി…..
ഇത് വരെ എഴുതിയത് നിങ്ങൾ വായിച്ചെങ്കിൽ (സഹിച്ചെങ്കിൽ ) ഇനിയുള്ളത് ഒരു പുതിയ അനുഭവത്തിലേക്കുള്ള യാത്രയാണ്…. അതിനെ സന്തോഷത്തിന്റെ ഉറവിടം എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം… തിരക്കുകളും പ്രശ്നങ്ങളും പ്രയാസങ്ങളും നിറഞ്ഞ നമ്മുടെ ജീവിതത്തിനു പലതും പറഞ്ഞു തരാൻ തിരുത്തി തരാൻ ഇവരുടെ ജീവിതത്തിനു കഴിയും……. ഒന്ന് കൂടി തിരിഞ്ഞു നോക്കി. ഹരിഹർ ഫോർട്ട്. കരിങ്കല്ലിൽ പണിത അത്ഭുതം… ഇതിന് താഴെ സുന്ദര ഭൂമി എനിക്കായ് കാത്തിരിക്കുന്നു. കൈലാസ്‌ജി മുൻപിലായി നടന്നു. ആകംഷയാൽ സംശയങ്ങൾ ഉടലെടുത്തു.. ഇവിടെ വരുന്ന സഞ്ചാരികളിൽ നിന്നല്ലാതെ ഹിന്ദി കേൾക്കുന്നത് പോലും അപൂർവമായ വ്യക്തിയാണ് കൈലാസജിയെന്നു പെട്ടെന്ന് തന്നെ ബോധ്യമായി… ആഗ്യം മിക്സ് ചെയ്‌തു സംസാരിക്കുകയല്ലാതെ മറ്റു വഴിയില്ല… എന്റെ ആകാംഷയെ പുള്ളി ടെൻഷൻ ആയി തെറ്റിദ്ധരിച്ചത് കൊണ്ടാവാം.. അവിടെ ഒരു പ്രശ്നവുമില്ല. ഞാനും ഭാര്യയും രണ്ടു പിള്ളേരും മാത്രമേയുള്ളൂ. ധൈര്യമായി വന്നോളൂ എന്ന മറുപടിയാണ് കിട്ടിയത്….
നാല് ദിവസമായി പണമില്ലാതെ സഞ്ചരിച്ചാണ് ഇവിടെ എത്തിയതെന്നും.. ഈ ദിവസങ്ങളിൽ എല്ലാം തന്നെ പരിചയമില്ലാത്ത ഇടങ്ങളിൽ തന്നെയാണ് ചിലവഴിച്ചതെന്നും ഇനിയുള്ള ദിവസങ്ങളിലും അങ്ങനെ തന്നെയായിരിക്കുമെന്നും. ഒരു വിധ ടെൻഷനും എന്നെ അലട്ടുന്നില്ലെന്നും നിങ്ങളുടെ സുന്ദര ഗ്രാമത്തിനെ അടുത്ത് കാണാൻ നടന്നു കാണാൻ കൊതിക്കുകയാണെന്നും പറഞ്ഞു….. .. സ്വർണ്ണ പുല്ലുകൾക്കിടയിലൂടെയുള്ള ജിയുടെ നടത്തം ക്യാമറയിൽ പതിഞ്ഞപ്പോൾ അതുപോലൊരെണ്ണം എടുത്തു തരാൻ ഞാൻ ജിയോട് ആവശ്യപ്പെട്ടു… ക്ലിക്ക് ചെയ്യേണ്ടത് എങ്ങനെയെന്നും കാണിച്ചു കൊടുത്തു.. നാല് സുന്ദര ഫ്രെമിൽ എന്റെ ചെറുശരീരവും പതിഞ്ഞു… അടിവാരത്തെത്തിയപ്പോൾ കൃഷിയെ ചൂണ്ടി ജി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. എല്ലാം മനസ്സിലായെന്ന മട്ടിൽ ഒരു അച്ഛാ പറയാൻ ഞാൻ മറന്നില്ല..
കൈലാസജിയുടെ കൂടെയുള്ള മുടിയും താടിയും നീട്ടിവളർത്തിയ മറ്റൊരു തരം വസ്ത്രം ധരിച്ച പൊക്കം കുറഞ്ഞ ആ ആളിൽ തന്നെയായിരുന്നു കാളയെ മേച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ ശ്രദ്ധ. അടുത്തെത്തിയതും എന്നെ നോക്കി മറാത്തി ഭാഷയിൽ അവരെന്തൊക്കെയോ സംസാരിച്ചു. എന്നെ കുറിച്ചാണെന്ന് മാത്രം എനിക്ക് മനസ്സിലായി… ഒരു കാട്ടരുവിക്ക് ഇരു വശവുമായി 15ഓളം കുടുംബങ്ങൾ താമസിക്കുന്ന ചുറ്റും മലകളാൽ ചുറ്റപ്പെട്ട കൃഷി ഭൂമിയുടെ ഒത്ത നടുക്കായുള്ള മൂന്നു കുടിലുകളുടെ മുൻപിലേക്ക് കയറി വരുമ്പോൾ അവിടെ എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ട് ഒരുകൂട്ടം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. എന്നെ അവരെ പരിചയപ്പെടുത്തി കൈലാസ്‌ജി വീടിന്റെ അകത്തേക്ക് പോയി.. അവരിൽ ഒരാളായി അവരോടൊപ്പം തീ കുണ്ഡത്തിനു അരികിലായി ഇരിക്കാൻ എനിക്കധികം സമയം വേണ്ടി വന്നില്ല…
ഓല മേഞ്ഞ കൊച്ചു കൂരയുടെ വാതിലിൽ വന്നു അകത്തേക്ക് വരാൻ കൈലാസ്‌ജി മാടി വിളിച്ചു.. ചാണകം മെഴുകിയ തറയിൽ എനിക്കിരിക്കാനായി പായ വിരിച്ചിരുന്നു. ഒരു അടുക്കളയും ഹാളും തൊഴുത്തും ചേരുന്ന കൊച്ചു വീട്. 2ഗ്ലാസ് കട്ടനുമായി പുള്ളിയുടെ ഭാര്യ വന്നു… എന്നെ നോക്കി കൊണ്ട് അവരുടെ ചെറിയ മോൻ അവിടെ നില്പുണ്ടായിരുന്നു.. അവനെ അടുത്തേക്ക് വിളിച്ചു പരിചയപെട്ടു.. ‘വിജയ് ” 5വയസ്സ് പ്രായം തോന്നിക്കുന്ന അവനൊരു കുട്ടികുറുമ്പനാണു… എന്റെ താടിയിൽ പിടിച്ചോട്ടെ എന്നാണ് അവനു ചോദിക്കാനുണ്ടായിരുന്നത്… ഞങ്ങൾ പെട്ടെന്ന് കൂട്ടായി…… ഇനി ഒന്ന് കുളിക്കണം.. ജിയും വിജയും എന്നെ അനുഗമിച്ചു . ഇട്ടിരുന്ന ഡ്രെസ്സെല്ലാം അലക്കി നന്നായൊന്നു മുങ്ങി കുളിക്കും വരേയ്ക്കും അവർ ക്ഷമയോടെ കരക്കിരുന്നു.. അപ്പോയെക്കും സൂര്യൻ പടിഞ്ഞാറു മലകൾക്കിടയിലേക്ക് തായ്‌നിറങ്ങിയിരുന്നു. മുറ്റത്തൊരു സോളാർ പാനൽ ഫിറ്റ് ചെയ്‌തിട്ടുണ്ട്.. സർക്കാർ വകയാണ്.. അതിൽ നിന്നും ഓരോ ബൾബ് വീതം മൂന്നു വീടുകളിലേക്കും ഒന്ന് മുറ്റത്തും ഫിറ്റ് ചെയ്‌തിട്ടുണ്ട്. ഒരു പ്ലഗ് പോയിന്റ് ഉള്ളിടത്തു എന്റെ ഫോൺ സ്ഥലം പിടിച്ചു. ഇവിടെ ഒട്ടും തന്നെ റേഞ്ച് ഇല്ല എന്നത് എനിക്ക് ശെരിക്കും ഇഷ്ട്പ്പെട്ടു.. ഒരു പുതിയ ലോകത്തു എത്തിപ്പെട്ട പോലെ…
പ്രാദേശിക മറാത്തി ഭാഷയല്ലാതെ അല്പം ഹിന്ദി വശമുള്ള വിഷ്ണു എന്റെ പരിഭാഷകനായി അടുത്തിരുന്നു.. ട്രിംപകിൽ പോയി പ്ലസ് 2 വിദ്യാഭ്യാസം നേടിയ വിഷ്ണു തന്നെയാണ് ഊരിലെ വിദ്യാ സമ്പന്നൻ. മുത്തശ്ശി മുതൽ ഏറ്റവും ചെറിയ പേരകിടാവ് വരെയുള്ള എല്ലാവരും തന്നെ തീ ക്കുചുറ്റും നിലത്തു ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. അവരിൽ ഒരാളായി ഞാനും. ഇത് എന്നും ഇരുട്ടി കഴിഞ്ഞാലുള്ള പതിവ് തന്നെയാണ്… പരസ്പരം നർമം പങ്കിട്ടുള്ള ഈ ഇരുത്തം 10:30വരെ നീളാറുണ്ടത്രെ. ഇന്ന് എന്നെ കുറിച്ചും കേരളത്തെ കുറിച്ചും അറിയാനാണ് ഇവർക്കു താല്പര്യം.എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ ആവശ്യകത, കൃഷി, ഭക്ഷണം തുടങ്ങി, ഉപയോഗ ശൂന്യമായ ഇവരുടെ ബാത്രൂം വരെ ചർച്ചാവിഷയമായി.. എന്റെ വാക്കുകൾ അവർ എത്രത്തോളം മനസ്സിലാക്കി എന്നതിനപ്പുറം നമ്മൾ അനുഭവിക്കുന്ന സുഖങ്ങളിൽ ചിലതെങ്കിലും അവർക്കും കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി..
നിങ്ങൾക്കു ധാരാളം മീനുകൾ ഭക്ഷണമായി കിട്ടില്ലേ. ഞങ്ങൾക്ക് ഇവിടെ അതൊന്നുമില്ലെന്ന് പണ്ടൊരിക്കൽ നാസിക്കിൽ പോയി വന്ന അനുഭവം വച്ചു ആ യുവാവ് പറയുമ്പോൾ അതിലുണ്ട് ഈ നാടിന്റെ ഇന്നത്തെ മുഖം. തങ്ങൾക്കു വേണ്ട എല്ലാം തന്നെ അവർ ഇവിടെ കൃഷി ചെയ്യുകയാണ്… ഇനിയൊരിക്കൽ കൂടി ഇവിടെകു വരുമ്പോൾ കുറച്ചു മൽത്സ്യ വിത്തുകൾ ഇവരുടെ കുളത്തിലേക്കു വിക്ഷേപിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു… ഫോണിൽ ഉണ്ടായിരുന്ന ഉമ്മയുടെയും വൈഫിന്റെയും ഫ്രണ്ട്സിന്റെയുമെല്ലാം ഫോട്ടോസ് വളരെ താല്പര്യ പൂർവ്വം എല്ലാവരും കണ്ടു കൊണ്ടിരുന്നു… കഥകൾ പറഞ്ഞും പിള്ളേരെ കൊഞ്ചിച്ചും സമയം പോയതറിഞ്ഞില്ല. സ്ത്രീകൾ വീടുകളിൽ കയറി ഭക്ഷണവുമായി പുറത്തേക്കു വന്നു… പച്ചരി കൊണ്ടുണ്ടാക്കിയ ചോറും ഒരു പ്രത്യേക തരം കറിയും. ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്റെ ട്രാൻസ്ലേറ്റർ വിഷ്ണു യാത്രപറഞ്ഞിറങ്ങി…
അൽപനേരം കൂടി പിള്ളേരോടൊപ്പം പാട്ടിനൊപ്പം ഡാൻസ് കളിച്ചു ഞാനും എനിക്കായ് വിരിച്ച പായയിലെത്തി… എനിക്ക് കിടക്കാൻ നടുത്തളം റെഡിയാക്കി തന്ന കൈലാസജിയും കുടുംബവും അടുക്കളയോട് ചേർന്ന് സ്ഥലം അട്ജെസ്റ് ചെയ്യുന്നു….. യാത്രാ ക്ഷീണം ഉള്ളതല്ലേ. സുഖമായി ഉറങ്ങിക്കോ എന്ന സ്നേഹത്തോടെയുള്ള നിർദ്ദേശവും… നാളെ രാവിലെ നേരത്തെ എണീക്കണം.. ഇവിടം മുഴുവനായി ഒന്ന് നടന്നു കാണണം.. പിന്നെ ഇവരോടൊപ്പം ചിത്രങ്ങൾ പകർത്തണം.. അത് നാളെ.. ഇപ്പോൾ നന്നായൊന്നുറങ്ങണം.
കുട്ടികളുടെ കളി ചിരികൾ കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. സമയം എട്ടു മണിയോടടുക്കുന്നു… . . കഴിഞ്ഞ ദിവസങ്ങളിൽ റയിൽവേ സ്റ്റേഷനിലും യാത്രകളിലുമായി കംപ്ലീറ്റ് ആകാതെ പോയ ഉറക്കത്തോടുള്ള വാശി തീർക്കുവാനെന്നോണം നന്നായിട്ടുറങ്ങി.. എല്ലാവരും ഓരോ ജോലിയിൽ തിരക്കിലാണ്. ഇവരുടെ എല്ലാ കാര്യങ്ങൾക്കും ഒരു കൃത്യ നിഷ്ഠ ഉണ്ട്.. സ്ത്രീകളും കുട്ടികളും പാത്രങ്ങളുമായി വെള്ളം എടുക്കാൻ പോകുമ്പോൾ ഞാനും അവരോടൊപ്പം കൂടി.. 15 കുടുംബങ്ങളിലെയും ആളുകൾ അരുവിക്ക് ചുറ്റും ഉണ്ടായിരുന്നു. കുട്ടികൾ അവരുടെ വെയ്‌റ്റിന്റെ ഇരട്ടിയിൽ അതികം വെള്ളം ചുമക്കുന്നു.. കൈലാസ്‌ജിയുടെ മോൾ എന്നെ ഊരുകാർക് പരിചയപ്പെടുത്തി.. അവർകു എന്നോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്.. ഭാഷയില്ലാതെ സംസാരിക്കാനുള്ള ടെക്‌നിക് അവരെ പഠിപ്പിക്കാൻ നിൽക്കാൻ എനിക്ക് സമയം കിട്ടിയില്ല..
മോളുടെ തലയിൽ വെച്ച കുടങ്ങളിൽ ഒന്ന് എടുത്തു ഞാൻ വീട്ടിലോട്ടു നടന്നു. കാളയെ മേയ്ക്കുന്ന ചേച്ചി അപ്പോയെക്കും ഡ്യൂട്ടിയിൽ കയറിയിരുന്നു. ചേച്ചി മാത്രമല്ല എല്ലാവരും തന്നെ അവരവരുടെ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. എല്ലാവരോടും കൂടെ ഫോട്ടോയെടുക്കണം എന്ന എന്റെ ആഗ്രഹവും ഇല്ലാതായിരിക്കുന്നു.. വെള്ളവുമായി വീട്ടിലോട്ട് കയറി വരുമ്പോൾ എനിക്കുള്ള ചായയുമായി കൈലാസ്‌ജി കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾ കടവിലോട്ട് പോകുമ്പോൾ കൈലാസ്‌ജി പറഞ്ഞു. ട്രിംപകിലോട്ടുള്ള ജീപ്പ് 10 മണിക്ക് എടുക്കുമെന്നും 2 കിലോമീറ്റർ ദൂരം നടക്കാനുണ്ടെന്നും..
ഇവിടം വിട്ടു പോകാൻ മനസ്സ് മടിക്കുന്ന പോലെ തോന്നി. ഈ ഒരു ദിവസം അവസാനിക്കാതിരുന്നെങ്കിൽ.. ചുറ്റും മലകളാൽ ചുറ്റപ്പെട്ട ഈ കൊച്ചു സ്വർഗത്തിൽ ഞാൻ അതിയായ സന്തോഷവാൻ ആയിരുന്നു. മറക്കാനാവാത്ത ഒരു പിടി ഓർമകളും അനുഭവങ്ങളും അതിലേറെ സ്നേഹവും നൽകി ഈ നാട് എന്നെ യാത്രയാക്കുന്നു… നിറഞ്ഞ ചിരിയോടെ… പതിവ് പോലെ കൈലാസ്‌ജി മുൻപിലായി നടന്നു. വഴിയിൽ കണ്ട ഗ്രാമവാസികൾക്കെല്ലാം എന്നെ പരിചയപ്പെടുത്തി കൊണ്ട്. അര മണിക്കൂർ നേരത്തെ നടത്തം. ഒരു കൊച്ചു കവലയിലെത്തി. രാവിലത്തെ ജീപ്പിനു വെയിറ്റ് ചെയ്‌യുന്നവരെ വഴിനീളെ കണ്ടിരുന്നു. ജി എന്നെ ജീപ്പ് കിടക്കുന്ന വീട്ടിലോട്ടു കൊണ്ട് ചെന്നു.. രാവിലെ വണ്ടിയെടുക്കുന്നതിനു മുൻപുള്ള പൂജയിലായിരുന്നു ഡ്രൈവർ.. ഞങ്ങൾ അവിടെ ഇരുന്നു…
2 ക്ലാസ്സ് ചായയുമായി തൊട്ടടുത്ത വീട്ടിലെ ചേച്ചി വന്നു. ആതിഥ്യ മര്യാദ… ജീപ്പ് കവലയിലോട്ട് എടുത്തു. ഞങ്ങൾ ചായ കുടിച്ചു പതുക്കെ അവിടേക്കു ചെന്നു.. എനിക്ക് വേണ്ടി മുമ്പിലെ സീറ്റ് ഒഴിച്ചിട്ടിരുന്നു.. ജിയെ ആലിംഗനം ചെയ്‌തു കൊണ്ട് ഞാൻ പറഞ്ഞു… നിങ്ങളെ കാണണമെന്ന് എന്റെ മനസ്സ് പറയുമ്പോൾ ഞാനിവിടെയെത്തും. വീട്ടിലേക്കുള്ള വഴി ആരും മറക്കാറില്ല… ജീപ്പ് സ്റ്റാർട്ട് ചെയ്‌തു. പിന്നിലോട്ട് തിരിഞ്ഞു നോക്കിയില്ല….. ആ ചിരി എന്റെ മനസ്സിലുണ്ട് ട്രിമ്പക് സ്റ്റാൻഡിനു പുറത്തു ശൂന്യതയിലേക്ക് കണ്ണുനട്ടു കുറച്ചു നേരം ഇരുന്നു… അടുത്ത ലക്ഷ്യം മനസ്സിൽ പതിഞ്ഞു. ലോഹഗഡ്..