വ്ലോഗർമാരിൽ എൻ്റെ ഏറ്റവുമടുത്ത സുഹൃത്തും ജേഷ്ഠതുല്യനുമാണ് ഹാരിസ് അമീറലി എന്ന ഹാരിസ് ഇക്ക. അതുകൊണ്ടു തന്നെ ‘ട്രാവൽ വിത്ത് വ്ലോഗേഴ്സ്’ എന്ന സീരീസിനു തുടക്കം കുറിച്ചത് ഹാരിസ് ഇക്കയുടെ കൂടെയാണ്. ഹാരിസിക്കയെ ഞാൻ പരിചയപ്പെടുന്നത് 2017 അവസാനമാണ്. അന്ന് ഒരു ക്ളാസിൽ വെച്ചു തുടങ്ങിയ പരിചയം ഞങ്ങൾ ഒന്നിച്ചുള്ള തായ്ലൻഡ് യാത്രയിലാണ് എത്തിച്ചത്.
തായ്ലൻഡ് യാത്രയ്ക്കിടെയാണ് ഞാൻ ഹാരിസിക്കയുമായി കൂടുതൽ അടുക്കുന്നതും ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം വളരുന്നതും. ഒരു ട്രാവൽ ഏജൻസി മുതലാളി എന്നതിലുപരി ഒരു സുഹൃത്ത്, സഹോദരൻ എന്നിങ്ങനെയൊക്കെയാണ് ഹാരിസിക്ക എന്നോട് ഇടപെട്ടത്. ആ ബന്ധം വളർന്നു… ഞങ്ങളുടെ INB (ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ) ട്രിപ്പിൽ നേപ്പാൾ, കാശ്മീർ എപ്പിസോഡുകളിൽ ഹാരിസിക്ക ഞങ്ങളോടൊപ്പം കട്ടയ്ക്കു നിന്നുകൊണ്ട് അടിച്ചു പൊളിച്ചത് നിങ്ങളെല്ലാം ഓർക്കുന്നുണ്ടാകും.
ഹാരിസ് ഇക്കയെക്കുറിച്ച് കൂടുതലായി പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റോയൽസ്കൈ ഹോളിഡേയ്സിനെക്കുറിച്ചും പറയേണ്ടി വരും. അനുഭവം വെച്ചു പറയുകയാണ് – കേരളത്തിൽ മികച്ച ടൂർ പാക്കേജുകൾ പ്രദാനം ചെയ്യുന്ന ചുരുക്കം ചില ട്രാവൽ ഏജൻസികളിൽ ഒന്നാണ് ഹാരിസിക്കയുടെ റോയൽസ്കൈ ഹോളിഡേയ്സ്. കളമശ്ശേരിയിലാണ് ഹാരിസിക്കയുടെ കേരളത്തിലെ ഓഫീസ്. ഇതുകൂടാതെ വിശാഖപട്ടണത്തും ഹാരിസിക്കയ്ക്ക് ഓഫീസുണ്ട്.
ഞാൻ മുന്നേ പറഞ്ഞതുപോലെ ഹാരിസ് ഇക്ക തൻ്റെ സ്റ്റാഫുകളോട് ഒരു മുതലാളി ഭാവം ഇല്ലാതെ അവരിൽ ഒരാളായിത്തന്നെയാണ് നിൽക്കുന്നത്. അങ്ങനെ ഒരു കുടുംബം പോലെയാണ് റോയൽസ്കൈ ഹോളിഡേയ്സ് ജീവനക്കാർ. പലപ്പോഴും ഹാരിസിക്കയുടെ ഓഫീസിൽ ചെല്ലേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴത്തെ അനുഭവങ്ങൾ വെച്ചാണ് ഞാനിത് തറപ്പിച്ചു പറയുന്നതും.
നമുക്ക് നമ്മുടെ നാട്ടിലെ ഇടവഴികളും മുക്കും മൂലയുമൊക്കെ കാണാപ്പാഠമായിരിക്കും. അതുപോലെ തന്നെയാണ് ഹാരിസ് ഇക്കയ്ക്ക് തായ്ലൻഡും. മാസത്തിൽ ഒന്നിലേറെ തവണ ഹാരിസിക്ക തായ്ലൻഡിൽ പോയി വരാറുണ്ട്. ചിലപ്പോൾ ഗസ്റ്റുകളുടെ കൂടെയുള്ള യാത്രയായിരിക്കും. ഇപ്പോൾ വ്ലോഗിങ് കൂടി തുടങ്ങിയതോടെ അതിനു വേണ്ടി മാത്രമായി ഹാരിസിക്ക തായ്ലൻഡ് ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കാറുണ്ട്.
ഒരു ട്രാവൽ ഏജൻസി നടത്തുന്നയാൾ ഒരു യാത്രാപ്രേമി കൂടിയായിരിക്കണം. അപ്പോൾ അത് വേറെ ലെവൽ ആകും. ഹാരിസിക്കയുടെ കാര്യം ഇതുപോലെയാണ്. ഓരോരോ രാജ്യത്തെയും പുതിയ പുതിയ ലൊക്കേഷനുകളിലൊക്കെ ഒറ്റയ്ക്ക് പോയി താമസിച്ച്, അവിടെ ടൂറിസം ബന്ധങ്ങൾ സ്ഥാപിച്ച്, എല്ലാം സെറ്റ് ചെയ്തതിനു ശേഷമാണ് ഹാരിസിക്ക അവിടേക്ക് പാക്കേജുകൾ കസ്റ്റമേഴ്സിന് നൽകുന്നത്.
ഒരു യാത്രാപ്രേമി എന്നതോടൊപ്പം തന്നെ ഹാരിസിക്ക ഒരു ഭക്ഷണപ്രിയനും കൂടിയാണ്. ഓരോരോ രാജ്യത്തു പോകുമ്പോഴും അവിടത്തെ സ്പെഷ്യൽ വിഭവങ്ങളാണ് ഹാരിസിക്ക രുചിക്കുവാൻ താല്പര്യപ്പെടുന്നത്. നമ്മുടെ സാധാരണ ചോറ് മുതൽ മുതലയും, തേളും, പുഴുവും, പാമ്പുമൊക്കെ ഹാരിസിക്ക യാതൊരു മടിയും കൂടാതെ രുചിക്കുന്നത് അദ്ദേഹത്തിൻ്റെ വീഡിയോകളിലൂടെ നിങ്ങളെല്ലാം കണ്ടിട്ടുണ്ടാകും.
ഹാരിസിക്കയുടെ കുടുംബത്തെക്കുറിച്ച് അൽപ്പം പറയാം. തൃശ്ശൂർ ജില്ലയിലെ മാളയിലാണ് ഹാരിസിക്കയുടെ വീട്. വീട്ടിൽ ഹാരിസിക്കയും, ഉമ്മയും, ഭാര്യയും പിന്നെ മൂന്നു മക്കളുമാണുള്ളത്. എല്ലാവരും ഹാരിസിക്കയുടെ യാത്രകൾക്കും, വ്ലോഗിങ്ങിനുമൊക്കെ ഫുൾ സപ്പോർട്ടാണ്. പ്രത്യേകിച്ച് ഹാരിസിക്കയുടെ ഉമ്മ.
ഫേസ്ബുക്കിലും യൂട്യൂബിലും കൂടി അഞ്ചു ലക്ഷത്തോളം ഫോളോവേഴ്സ് ഇപ്പോൾ ഹാരിസിക്കയ്ക്കുണ്ട്. തിരക്കുകൾക്കിടയിലും വ്ളോഗ് ചെയ്യുവാൻ സമയം കണ്ടെത്തുന്ന ഹാരിസിക്കയ്ക്ക് അഭിനന്ദനങ്ങൾ… ഹാരിസിക്കയെക്കുറിച്ച് പറയുവാനാണെങ്കിൽ ഒരു ലേഖനത്തിൽ അത് ഒതുങ്ങില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു സകലകലാവല്ലഭൻ തന്നെയാണ് ഞാനടക്കം എല്ലാവരും ഹാരിസ് ഇക്കയെന്നു സ്നേഹത്തോടെ വിളിക്കുന്ന ഹാരിസ് അമീറലി എന്ന ആ നല്ല മനുഷ്യൻ.
തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, ദുബായ്, ഇൻഡോനേഷ്യ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള മികച്ച ടൂർ പാക്കേജുകൾക്ക് ഹാരിസിക്കയെ നിങ്ങൾക്ക് വിളിക്കാം. വിളിക്കേണ്ട നമ്പർ – 9846571800 (Royalsky Holidays).