എഴുത്ത് – ജൂലിയസ് മാനുവൽ.
2013 മെയ് 26 രാവിലെ അഞ്ചുമണി. നൈജീരിയൻ തീരത്തുനിന്നും ഏകദേശം ഇരുപത് മൈൽ അകലെ പുറംകടലിൽ ജാക്സൺ 4 എന്ന തഗ് ബോട്ടാണ് രംഗം . പതിവില്ലാതെ ഇളകിമറിഞ്ഞ കടലിൽ മറ്റൊരു ഓയിൽ ടാങ്കറിനെ കെട്ടിവലിക്കാനുള്ള ശ്രമത്തിലാണ് അതിലെ ജോലിക്കാർ . വാഷ്‌റൂമിൽ പോകാനായി എഴുന്നേറ്റ ബോട്ടിലെ ഷെഫ് , നൈജീരിയക്കാരൻ ഹാരിസൺ ഓക്ക്നെ (Harrison Odjegba Okene) ഇളകിയാടുന്ന ബോട്ടിൽ അതേ താളത്തിൽ നടന്ന് റൂമിലെത്തി മുഖം കഴുകി . ബാക്കി പതിനൊന്ന് ജോലിക്കാരും അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നും കൂകിവിളിച്ചും തങ്ങളുടെ പണിയിൽ മുഴുകിയിരിക്കുകയാണ് .
ഓക്ക്നെ മുഖം കഴുകി മുറിയിൽ നിന്നും പുറത്തിറങ്ങിയതേയുള്ളൂ , പൊടുന്നനെ വലിയൊരു ശബ്ദം ചെവിയിൽ വന്നലച്ചു. ബോട്ടാകെ ഇളകിയാടി. എന്താണ് സംഭവിക്കുന്നത് എന്ന് ഓക്നെക്ക് പിടികിട്ടിയതേയില്ല. പാഞ്ഞെത്തിയ കടൽവെള്ളത്തിൽ ഡെക്കിൽ നിന്നിരുന്ന തന്റെ രണ്ട സഹപ്രവർത്തകർ കടലിലേക്ക് എടുത്തെറിയപ്പെടുന്നത് ഒരു മിന്നായം പോലെ ആയാൾ കണ്ടു . ബോട്ട് കീഴ്മേൽ മറിയുന്നതായി തോന്നി . തല ചെന്ന് എവിടെയോ ഇടിച്ചു . ആർത്തിയോടെ ഇരച്ചെത്തിയ ഉപ്പുവെള്ളത്തിൽ നിന്നും രക്ഷപെടാൻ അയാൾക്കായില്ല . അറ്റ്ലാൻറ്റിക്കിലെ ഏതോ ഒരു കോണിൽ തലകീഴായി മുങ്ങിയ ബോട്ടിനൊപ്പം അതിലെ പന്ത്രണ്ട് ജോലിക്കാരെയും കടൽ വിഴുങ്ങി .
കടൽപ്പരപ്പിൽ രംഗം തീരെ ശാന്തമായിരുന്നില്ല . ആകെ വിരണ്ടു പോയ ഓയിൽ ടാങ്കറിൽ നിന്നും രക്ഷാപ്രവർത്തനത്തിനുള്ള മെയ്‌ഡേ സന്ദേശം പുറപ്പെട്ടു . പക്ഷെ പ്രത്യാശക്ക് വകയില്ല . സന്ദേശം സ്വീകരിച്ച് ആരെങ്കിലും എത്തുമ്പോഴേക്കും എല്ലാവരും മരിച്ചിരിക്കും . അല്ല , ഇപ്പോൾ തന്നെ അവർ മരണപ്പെട്ടിട്ടുണ്ടാവും . ബോട്ടിനെ കടൽ വിഴുങ്ങിക്കഴിഞ്ഞു . ഒന്ന് രണ്ടു പേരുടെ ശരീരങ്ങൾ ഒഴുകിനടക്കുന്നുണ്ട് . എല്ലാം അവസാനിച്ചിരിക്കുന്നു .
മൈലുകൾക്കകലെ മറ്റൊരു ബോട്ട് . അതിൽ ദക്ഷിണാഫ്രിക്കക്കാരായ ഒരുകൂട്ടം ആഴക്കടൽ പര്യവേഷകർ . ലോകത്തിലെ ഏറ്റവും മികച്ച ഡൈവർമാരുടെ സംഘമാണിത് . മെയ്‌ഡേ സന്ദേശം കിട്ടിയപ്പോഴേ അവർ തയ്യാറായി . പക്ഷെ അവിടെ ചെന്ന് കടൽത്തട്ടിൽ നിന്നും ബോട്ട് തപ്പിയെടുത്ത് , ജഡങ്ങൾ കരയ്‌ക്കെത്തിക്കുക എന്ന ഒരു ജോലിയേ തങ്ങൾക്ക് ബാക്കിയുണ്ടാവൂ എന്നവർക്കറിയാമായിരുന്നു . ബോട്ടിലുള്ളവരെയും പ്രതീക്ഷിച്ച് കരയിലിരിക്കുന്നവർക്ക് അവരുടെ ശരീരമെങ്കിലും എത്തിച്ചുകൊടുക്കണം എന്ന കടലിലെ അലിഖിതനിയമം പാലിക്കാൻ അവർ തയ്യാറെടുത്തു.
മോശമായ കാലാവസ്ഥയിൽ സമയമെടുത്ത് അവിടെ എത്തിയപ്പോഴേക്കും ഏറെ താമസിച്ചിരുന്നു . ഒഴുകിനടന്നിരുന്ന മൂന്നോ നാലോ ശരീരങ്ങൾ അവർ വീണ്ടെടുത്തു. അങ്ങിനെ ഒരു ദിവസം കഴിഞ്ഞു . ഇനിയാണ് ശരിയായ ജോലി . കടൽ വിഴുങ്ങിയ ജാക്സൺ 4 എന്ന ബോട്ടിനെ അടിത്തട്ട് വരെ ചെന്ന് കണ്ടെത്തണം. അതിൽ കുടുങ്ങിക്കിടക്കുന്ന ശരീരങ്ങൾ കേടുപാട് കൂടാതെ മുകളിൽ എത്തിക്കണം. പരിചയസമ്പന്നരായ ആറ് ഡൈവർമാർ അതിനായി ആഴക്കടലിലേയ്ക്ക് ഊളിയിട്ടു. രണ്ടാം ദിവസം ഉച്ചയോടെ അവർ ബോട്ട് കണ്ടെത്തുകതന്നെ ചെയ്തു. ഏകദേശം മുപ്പത് മീറ്റർ താഴെ കടൽത്തട്ടിനും മുകളിൽ അവൻ അതിസമ്മർദത്തിൽ കുടുങ്ങിക്കിടപ്പാണ് .
അവർ പതുക്കെ അതിനുള്ളിലേക്ക് ഊളിയിട്ടു . പലമുറികളിലും നിശ്ചലമായ ശരീരങ്ങൾ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു . അവ ഓരോന്നായി അവർ കെട്ടി മുകളിലേയ്ക്ക് കയറ്റിവിട്ടു . കണക്കനുസരിച്ച് ഇനിയും ആളുകൾ ഉണ്ട്. തകർന്നുകിടക്കുന്ന പലകകൾക്കിടയിൽ ഉണ്ടാവാം . ഓരോന്നും ശ്രദ്ധയോടെ മാറ്റണം. ഇനി ക്യാപ്റ്റന്റെ മുറികൂടി ബാക്കിയുണ്ട് . അല്ല ! അതിനകത്തെന്തോ ഒരു അനക്കം ! എന്തൊക്കെയോ അടിക്കുന്ന ഒരു ശബ്ദം ! ഏതെങ്കിലും മീനോ മറ്റോ ആകാം . ഒരു ഡൈവർ പതുക്കെ അങ്ങോട്ടേക്ക് ഊളിയിട്ടു . അപ്പോഴതാ കലങ്ങിയ ജലത്തിനുള്ളിലൂടെ ഒരു കൈ നീണ്ടു വരുന്നു ! വിരലുകൾ അനങ്ങുന്നുണ്ട് ! അത്‌ഭുതത്തോടെ ഡൈവർ ആ കൈകളിൽ വിരലുകൾ അമർത്തിപ്പിടിച്ചു . ആയാൾ മുകളിലേക്ക് വിളിച്ചുപറഞ്ഞു . “അവിശ്വസനീയം ! ഇതിനകത്ത് ഒരാൾ ജീവനോടെയുണ്ട് !”
ഫ്ലാഷ് ബാക്ക് : കടൽവീഴുങ്ങിയ ബോട്ടിൽ കിടന്ന് ഓക്ക്നെ തലകുത്തി മറിഞ്ഞു. അയാൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു . മരണവെപ്രാളത്തിൽ ഓക്ക്നെ എങ്ങോട്ടെന്നില്ലാതെ നീർക്കാംകുഴിയിട്ടു . പെട്ടന്ന് ഇടതുവശത്തെ വാതിൽ തുറന്നു . ഒന്നും നോക്കാതെ അകത്തേക്ക് ഊളിയിട്ട ആയാൾ മുകളിലേക്ക് പൊന്താനൊരു ശ്രമം നടത്തി . ഉയർന്നുപൊങ്ങിയപ്പോൾ തല മുകളിലെവിടെയോ ഇടിച്ചു. അത്ഭുതം! അവിടെ മുകളിൽ വെള്ളമില്ല! ശ്വസിക്കാൻ സാധിക്കുന്നുണ്ട് . അതിശയമെന്ന് തോന്നാം, ആ ബോട്ടിലെ എൻജിനീയർ റൂമിൽ കുടുങ്ങിക്കിടന്ന സാമാന്യം വലിപ്പമുള്ള ഒരു വായൂ അറയ്ക്കുള്ളിലാണ് ഓക്ക്നെ ചെന്നെത്തിയിരിക്കുന്നത്. ഏകദേശം 1.5 x 3 m വലിപ്പമുള്ള ആ വായൂപിണ്ഡം മുറിയുടെ മൂലയിലാണ് കുടുങ്ങിക്കിടന്നിരുന്നത് .
അവിടെ സുരക്ഷിതമായി നിൽക്കാനായി ഓക്ക്നെ താഴെ കയ്യിൽ കിട്ടിയ കസേരയും മറ്റും താഴെ വെച്ചിട്ട് അതിനു മുകളിൽ കയറി ഇരുന്നു . ഇപ്പോൾ ശ്വസിക്കുകയും ചെയ്യാം , ശരീരം ഏറെക്കുറെ ചൂടാക്കി നിർത്തുകയും ചെയ്യാം . കടലിനടിയിൽ മുപ്പതുമീറ്റർ താഴെയാണ് താനെന്ന് സത്യത്തിൽ അയാൾക്കറിയില്ലായിരുന്നു . കുറ്റാകൂരിട്ടത്ത് ആരെങ്കിലും തന്നെ തേടി വരുമെന്നയാൾ പ്രത്യാശിച്ചു . ഒഴുകിനടന്ന കോളാ കാനുകൾ പൊട്ടിച്ച് കുടിച്ച് ദാഹം ശമിപ്പിച്ചു . രണ്ടര ദിവസങ്ങൾ ഓക്ക്നെ കടലിനടിയിൽ ഈ വിധം കഴിച്ചുകൂട്ടി . ഉറച്ച മതവിശ്വാസിയായിരുന്ന ആയാൾ സങ്കീർത്തനത്തിലെ വാചകങ്ങൾ ചൊല്ലിക്കൊണ്ടേയിരുന്നു .
അങ്ങനെയിരിക്കെയാണ് എവിടെയോ ചുറ്റികയ്ക്കടിക്കുന്ന ശബ്ദം കേട്ടത്. ആരോ രക്ഷാപ്രവർത്തനത്തിനെത്തിയിരിക്കുന്നു ! ഓക്ക്നെ വെപ്രാളപ്പെട്ട് അറയ്ക്കുള്ളിൽ നിന്നും വെളിയിലിറങ്ങി നീന്തി നോക്കി. അകലെയതാ ഒരു ടോർച്ച് തെളിയുന്നു ! ആ ഡൈവറുടെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല . ഉടൻ തന്നെ കയ്യിൽ കിട്ടിയതെന്തോ വെച്ച് ഭിത്തിയിലിടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി . അപ്പോഴാണ് രണ്ടാം ഡൈവർ അടുത്തെത്തിയതും ഓക്ക്നെയെ കണ്ടതും .
പക്ഷെ ഓക്ക്നെ ചിന്തിക്കാത്ത ഒരു പ്രശ്‌നം ആയാൾക്കുണ്ടായിരുന്നു (Decompression sickness). കടലിൽ താഴേക്ക് ഓരോ പത്ത് മീറ്ററിലും മർദം ഓരോ (Bar) അറ്റ്മോസ്ഫെറിക് പ്രഷർ വെച്ച് കൂടും . അതായത് ഓക്ക്നെ ഇപ്പോൾ മൂന്ന് അറ്റ്മോസ്ഫെറിക് പ്രഷറിൽ ആണ് നിൽക്കുന്നത് . അത്രയും സമ്മർദത്തിലുള്ള വായുവാണ് ആയാൾ രണ്ടു ദിവസമായി ശ്വസിക്കുന്നത് . ഈ പ്രഷറിൽ ശ്വാസവായുവിലുള്ള നൈട്രജൻ രക്തത്തിൽ കൂടുതലായി കലരും . അങ്ങിനെ ആവശ്യത്തിലധികം നൈട്രജൻ വിലിച്ചുകയറ്റിയ ഓക്ക്നെ പൊടുന്നനെ മുകളിലെത്തിയാൽ സോഡാകുപ്പി പൊട്ടിക്കുന്ന അവസ്ഥയാണ് സംജാതമാവുക .
രക്തത്തിലെ നൈട്രജൻ കുമിളകളായി മാറുകയും രക്തയോട്ടത്തെ തടസപ്പെടുത്തുകയും അതുവഴി ആൾ മരണപ്പെടുകയും ചെയ്യും . അതൊഴിവാക്കാനായി ഡൈവർമാർ അയാളെ ആദ്യം അതെ മർദത്തിലുള്ള വായൂ ശ്വസിക്കാനുള്ള ഹെൽമെറ്റ് കൊടുക്കുകയും ഒരു ഡൈവിംഗ് ബെല്ലിലേയ്ക്ക് മാറ്റുകയും ചെയ്തു . അപ്പോഴയ്ക്കും ഓക്ക്നെയുടെ ബോധം മറഞ്ഞിരുന്നു . സാവധാനം മുകളിലെത്തിച്ച അയാളെ അവർ ഡികംപ്രഷൻ ചേമ്പറിലേക്ക് മാറ്റി . അവിടെ രണ്ടു ദിവസങ്ങളോളം കിടത്തി ശരീരം പഴയപടിയാക്കിയശേഷം അദ്ദേഹത്തെ അവർ ആകാശം കാണിച്ചുകൊടുത്തു !
ഒരു നെടുവീർപ്പോടെ മുകളിലേക്ക് നോക്കിയ ഓക്നെ തന്റെ ഭാര്യക്കുള്ള ടെക്സ്റ്റ് മെസേജിൽ ഇങ്ങനെയെഴുതി .. “Oh God, by your name, save me. … The Lord sustains my life.”
ഓക്നെയുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ ഒഴിച്ച് മറ്റെല്ലാവരുടെയും ശരീരങ്ങൾ ഡൈവർമാർ കരക്കെത്തിച്ചിരുന്നു . ഓക്‌നെയെ കണ്ടെത്തുന്ന വീഡിയോ ഫുട്ടേജ് കൂടി കാണാതെ പോകരുത്.
അതിജീവനം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഫിക്ഷനേ വെല്ലുന്ന അനുഭവങ്ങളുള്ള എത്രയോ മനുഷ്യർ ഈ ലോകത്തുണ്ടെന്നു നമുക്ക് മനസ്സിലാക്കി തരുന്ന ഒരുദാഹരണം മാത്രമാണ് ഈ സംഭവം.