എഴുത്ത് – അരുൺ പുനലൂർ (ഫോട്ടോഗ്രാഫർ, സിനിമാതാരം).
കുട്ടിക്കാലത്ത് നിങ്ങക്ക് ‘തുരിശടിക്കുന്ന പ്ലെയിനി’നെ ഇഷ്ടമായിരുന്നോ? അതൊരു കാലമായിരുന്നു. 80 കളുടെ തുടക്കത്തിലേ കുട്ടിക്കാലത്ത് ഞങ്ങളങ്ങിനെയായിരുന്നു ഹെലിക്കോപ്റ്ററിനെ വിളിക്കുക. “തുരിശടിക്കുന്ന പ്ലെയിൻ..” അടുത്ത് വലിയ റബ്ബറും തോട്ടം ഉള്ളവർക്കറിയാം. അക്കാലത്തു ഞങ്ങടെ നാട്ടിലെ പിള്ളേര് ആരും വേറൊരു പ്ലെയിനിനെ അടുത്ത് കണ്ടിട്ടില്ല.
ഏറെക്കുറെ വെക്കേഷൻ തുടങ്ങാറാകുമ്പ ആണെന്ന് തോന്നുന്നു പ്ലെയിൻ വരാനായുള്ള കാത്തിരിപ്പ് തുടങ്ങുക.
പ്ലെയിൻ വരാൻ പോകുന്നു എന്നതിന്റെ സൂചനയായി തോട്ടക്കാർ അവരുടെ അതിർത്തി നിർണ്ണയിക്കാൻ അതിരുകളിലുള്ള വലിയ റബ്ബർ മരങ്ങൾക്ക് മുകളിൽ കൊടി കെട്ടും. ആ കൊടിയാണ് പൈലറ്റിന്റെ തോട്ടങ്ങളുടെ അതിര് അറിയാനുള്ള സിഗ്നൽ. ആ കൊടി ഉയരുന്ന നാൾ മുതൽ നമ്മളിങ്ങനെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. അന്തരീക്ഷത്തിൽ എവിടെയെങ്കിലും ഒരു ഇരമ്പം കേൾക്കുന്നുണ്ടോ? ഇടക്കിടക്ക് വീടിനു വെളിയിലിറങ്ങിയും കുന്നുംമുകളിൽ പോയി നിന്നും പ്ലെയിൻ വരാൻ സാധ്യതയുള്ള ദിശയിലേക്കു നോക്കി നിക്കും.
അങ്ങിനെ കാത്തു കാത്തിരിക്കുമ്പോ അങ്ങകലെ എവിടെയോ ഒരു മൂളൽ കേട്ടു തുടങ്ങും. വെളിയിൽ ചാടി ഒരൊറ്റ ഓട്ടമാണ് ഏറ്റവും ഉയരമുള്ളിടത്ത് ചെന്നു നിക്കുമ്പോൾ അതാ വലിയ മരങ്ങൾക്കിടയിലൂടെ ഉയർന്നു പൊങ്ങി അവനങ്ങനെ പറന്നു വരികയാണ്. അതോടെ തുള്ളിച്ചാട്ടമായി. തലയ്ക്കു മുകളിലൂടെ ഇരമ്പി പാഞ്ഞു പോകുന്ന വലിയ തുമ്പിയേ നോക്കി എല്ലാരും ചേർന്ന് ഉച്ചത്തിൽ സായിപ്പേ ഇങ്ങോട്ട് നോക്കൂ എന്നൊക്കെ ഓളിയിടും.
അങ്ങിനെ ട്രയൽ നോക്കാനായി പല തവണ പറന്നു പോവുകയും വരുകയുമൊക്കെ ചെയ്യുമ്പോ ചിലപ്പോ കുന്നിന്റെ മുകളിൽ നിന്ന് കൈപൊക്കി കാണിക്കുന്ന നമ്മളെ നോക്കി പൈലറ്റും കൈ കാണിച്ചിട്ടുണ്ട്. അപ്പൊ കിട്ടുന്ന സന്തോഷം. ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല. ആദ്യ രണ്ടു ദിവസത്തെ അതിർത്തി നിരീക്ഷണ പറക്കലിന് ശേഷം മരുന്നടി തുടങ്ങുകയായി (തുരിശ്).
വെക്കേഷൻ ആയാൽ രാവിലെ പഴങ്കഞ്ഞി കലത്തിൽ തലയിട്ടിട്ട് എല്ലാരും ചേർന്ന് പ്ലെയിൻ ഇറങ്ങുന്നിടത്തേക്കു പോകും. പിള്ളേര് മാത്രമല്ല വലിയവരും വരും പ്ലെയിൻ കാണാൻ. രാവിലെ ചെല്ലുമ്പോ H വരച്ചിട്ട ട്രാക്കിൽ വിമാനം ടാർപ്പാളിൻ കൊണ്ട് മൂടിയിട്ടേക്കുവാകും. നമ്മളെല്ലാവരും കയറു കെട്ടിത്തിരിച്ച ഒരു ഡിസ്റ്റൻസിൽ നിപ്പും ഇരുപ്പും തുടങ്ങും. കുറെ കഴിയുന്പോ പൈലറ്റിന്റ സഹായികൾ വന്നു ടാർപ്പാ മാറ്റി വണ്ടി കഴുകി ഗ്ലാസൊക്കെ തുടച്ചു കുട്ടപ്പനാക്കി വക്കും. എന്നിട്ട് പിറകിലെ ടാങ്കിൽ തുരിശ് നിറയ്ക്കും.
കുറെ കഴിയുമ്പോ പൈലറ്റ് സായിപ്പ് വരും. പുള്ളി ഈ തോട്ടത്തിന്റെ മേനേജരോട് ന്തൊക്കെയോ ഇന്ഗ്ലീഷിൽ സംസാരിച്ചു കൊണ്ടാകും വരുക. ഇടക്ക് നമ്മള് മൂക്കള ഒലിപ്പിച്ചു കുണ്ടി കീറിയ നിക്കറൊക്കെ ഇട്ടു വന്നുനിൽക്കുന്ന പ്ലെയിൻ ഫാൻസിനെ നോക്കി ഒന്നു കൈകാണിക്കും. എന്നിട്ട് കേറി വണ്ടി സ്റ്റാർട്ടാക്കും. പതിയെ വലിയ പങ്ക കറങ്ങാൻ തുടങ്ങും. ആ കറക്കത്തിന്റെ മൂളൽ പിന്നൊരു ഭീകര എരപ്പായി മാറും. അതോടെ ശക്തമായ കാറ്റ് അടിച്ചു പൊടി പറന്നു നമ്മളൊക്കെ കണ്ണ് പൊത്തി ഓടി മാറും.
അതങ്ങിനെ കുറച്ചു നേരം നിന്നിട്ട് സായിപ്പ് അണ്ണൻ ഗിയർ പിടിച്ചിട്ട് വണ്ടി മെല്ലെ പൊങ്ങുകയായി. ആരെ വാഹ്.. ഒരു മൂന്നു മൂന്നര കാഴ്ചയാണത്. നൈസിനെ പൊങ്ങി വളവു തിരിച്ചു ഒരൊറ്റ പോക്കാണ്. ആ പോക്കിലെ മരുന്നടിച്ചു തീരുമ്പോൾ തിരിച്ചു വരും. അപ്പോഴും അതേ.. കാറ്റിൽ പരിസരത്തുള്ള മരങ്ങളുടെയെല്ലാം ചില്ലകൾ ആടിയുലഞ്ഞു പരിസരത്തുള്ള കാക്കയും കിളിയുമൊക്കെ ജീവൻ കയ്യില് പിടിച്ചു കണ്ടം വഴി പാഞ്ഞു ആകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് വരവ്. നമ്മള് രാവിലെ പോണ പോക്ക് വൈകിട്ട് വരെ ആ പരിസരത്ത് കറങ്ങി നിക്കും. ഉച്ചക്ക് പൈലറ്റ് ഉണ്ണാൻ പോകുമ്പോ നമ്മളും വീട്ടിൽ ഓടിപ്പോയി ഉണ്ടിട്ട് വരും.
അക്കാലത്തു പ്ലെയിനിനെയും പൈലറ്റ് സായിപ്പിനെയും പറ്റിയൊക്കെയാകും ജങ്ഷനുകളിൽ ചർച്ച. പൈലറ്റോക്കെ അന്ന് സൂപ്പർ സ്റ്റാറുകളെക്കാൾ വാല്യൂ ഉള്ള ആളാണ്. പലതരം കഥകൾ ഓരോരുത്തരും അടിച്ചിറക്കും. അതിൽ തോട്ടത്തിൽ ജോലിക്കൊക്കെ പോണ ചേട്ടന്മാർ വന്നു പറയുന്ന കഥകൾ കേൾക്കാനായി എല്ലാരും ചുറ്റും കൂടി നിൽക്കും. തോട്ടം മേനേജർ ആഗ്രഹം കൊണ്ട് പ്ലെയിനിൽ കേറിയെന്നും മുകളിൽ എത്തിയപ്പോ പേടിച്ചു കിളി പോയി തിരിച്ചു ഇറക്കിയെന്നുമൊക്കെ കഥ ഇറങ്ങി.
അങ്ങിനെ എത്രയോ വർഷം ഞങ്ങളുടെ ജീവിതത്തിൽ വർഷത്തിൽ ഒരിക്കൽ വരുന്ന സൂപ്പർ പരിവേഷമുള്ള താരമായി ഹെലിക്കോപ്റ്ററും അതിന്റെ പൈലറ്റും അവരെ ചുറ്റിപ്പറ്റിയുള്ള അപസർക്കപ കഥകളും നിറഞ്ഞു നിന്നിരുന്നു.
പിൽക്കാലത്തു പ്ലെയിനിനെ കാണാതെയായി. അതെങ്ങിനെയായിരുന്നു എന്നോർമ്മയില്ല. ഒരുപക്ഷെ കുട്ടിക്കാലത്തെ കൗതുകങ്ങൾ അവസാനിച്ചപ്പോൾ അതൊക്കെ ശ്രദ്ധയിൽ നിന്നും ഓർമ്മകളിൽ നിന്നും വിട്ടുപോയതായിരിക്കാം. അല്ലെങ്കിൽ അതിന്റെ വരവ് ഇല്ലാതായതാകാം. കൃത്യമായി പിടികിട്ടുന്നില്ല. എങ്കിലും ഇപ്പോഴും മനസിലുണ്ട് ആ പ്ലെയിനും അതിന്റെ പൊങ്ങി വളഞ്ഞുള്ള വരവും കാതടിപ്പിക്കുന്ന ഇരമ്പവുമൊക്കെ.