വെന്റിലേറ്ററിൽ നിന്ന് ഹിമാലയത്തിൻ്റെ നെറുകയിലേക്ക് ഒരു റോഡ് യാത്ര…

Total
1
Shares

വിവരണം – നിതിൻ ബോബൻ.

അപ്പനും അമ്മയും റിട്ടയർ ആയിട്ടു വര്ഷം മൂന്നായി. ഇതിനിടയിൽ അമ്മ വീണു കാലൊടിച്ചു hip screw ഇട്ടു നടക്കുന്നു. അപ്പൻ മൂന്നുമാസം മുൻപ് ആക്സിഡന്റ് ആയി രണ്ടു ദിവസം വെന്റിലെറ്ററിലും. പയറുപോലെ ഓടിനടന്ന രണ്ടുപേരും മൂന്നു വര്ഷം കൊണ്ട് വാർദ്ധക്യത്തിന്റെ മൂര്ധന്യാവസ്ഥ എത്തി. മുഖവര എഴുതി ബോർ ആകുന്നില്ല. പറഞ്ഞുവരുന്നത് മാതാപിതാക്കൾ മക്കൾക്കുവേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയ ഒരു തലമുറയിലെ രണ്ടുപേരുടെ കഥയാണ്. ഏറെക്കുറെ അവരുടെ തലമുറ മൊത്തത്തിൽ അങ്ങനെതന്നെ. അപ്പന് ദിനചര്യകൾ മടുത്തുതുടങ്ങി, കൂടാതെ കഴിക്കണ മരുന്നുകളുടെ ഹാങ്ങോവറും.

ആശാൻ ഒരു ദിവസം ഫോൺ എടുത്തു ഏതോ ഒരു പള്ളിലച്ചനെ വിളിച്ചു വിശുദ്ധ നാട് തീർത്ഥാടനത്തിന്റെ പാക്കേജ് തിരക്കുന്നതു കേട്ടു. അതൊരു വഴി തിരിവായിരുന്നു.”എന്റെ പപ്പാ ഭൂമിയിലെ സ്വർഗം കാണാതെ ആണോ വിശുദ്ധ നാട്ടിലോട്ട് വെച്ച് പിടിക്കാൻ പോണേ? പോരാത്തതിന് വിശുദ്ധ നാടെന്നൊക്കെ പേരെ ഒള്ളു. അവിടെ മൊത്തം isis തീവ്രവാദികളാ. മൊത്തം വെടിയും പോകയും ആയിരിക്കും.” ഡയലോഗ് അപ്പന് അത്ര പിടിച്ചില്ല. സദാസമയം പള്ളിയും പട്ടക്കാരനും കൂടാതെ ഭക്തസങ്കടനകളുടെ അംഗവുമായ അപ്പന്റെ “മതവികാരം” ഒട്ടു മിക്ക മലയാളീസിന്റേം പോലെ അങ്ങ് പെട്ടന്ന് “വ്രണപെട്ടു”. കൌണ്ടർ വിചാരിച്ചതിലും വേഗം വന്നു “നീ പോടാ ചെക്കാ നീ പറയണ കശ്മീരിൽ പിന്നെ ഇതൊന്നും ഇല്ലല്ലോ”. “അല്ല പപ്പാ അവിടെ ഇന്ത്യൻ പട്ടാളം ഉള്ളപ്പോ നമ്മൾ എന്തിനു പേടിക്കണം?” അമ്മയും അത് ഏറ്റു പിടിച്ചതോടെ സംഭവം ഉഷാറായി. ഒരു സ്വപ്ന യാത്രയുടെ തുടക്കം അവിടെ തുടങ്ങി.

അനിയച്ചാര് ഒരു വര്ഷം മുൻപ് അവന്റെ ബുള്ളറ്റിൽ ഒരു സോളോ റൈഡ് നടത്തിയിരുന്നു. ആലപ്പുഴയിൽ നിന്ന് ലേഹ് ലെഡെക്കിലോട്ടു. അതുകൊണ്ടു പിന്നെ ആരോടും തയ്യാറെടുപ്പുകളെ പറ്റി ചോദിക്കേണ്ടി വന്നില്ല. അകെ അപ്പന്റേം അമ്മേടേം മെഡിക്കൽ കണ്ടിഷൻ മാത്രം ആയിരുന്നു വെല്ലുവിളി. പോകുന്നത് 10000 km മുകളിൽ, 16 സംസ്ഥാനങ്ങൾ താണ്ടി 31 ദിവസത്തെ യാത്ര. അതും ഹിമാലയത്തിന്റെ നെറുകയിലേക്ക്. ലോകത്തിലെ ഏറ്റവും ഉയരം കുടിയ റോഡ് നിര, ദുർഘടമായ പാത, പ്രാണവായുന്റെ കുറവ്.. വെല്ലുവിളിയുടെ ലിസ്റ്റ് നോക്കിയാൽ ഒന്നും തന്നെ നടക്കാൻ പോകുന്നില്ല. പഠിച്ച ശാസ്ത്രത്തിലുള്ള വിശ്വാസവും അത്യാവശ്യം എമർജൻസി മെഡിസിനും സ്റ്റെത്തും ബിപി അപ്പാര്ട്സ് തുടങ്ങി ഒരു മിനി ആംബുലൻസ് സെറ്റ് അപ്പിൽ സതന്ത സഹചാരി “ടെറാനോ” കുട്ടനെ ഇറക്കി. ഇവന്റെ ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോ കിട്ടുന്ന കോൺഫിഡൻസ് ഒന്ന് വേറെ തന്നാണ്. എനിക്ക് തെറ്റിയാലും അവനു തെറ്റില്ല എന്ന് ഒരു വിശ്വാസം.

ബാംഗ്ലൂർ വഴി ഗോവ ആണ് ആദ്യ ലക്ഷ്യം. ഇതിനു മുൻപ് പലപ്പോഴായി പോയ സ്ഥലം ആണ് എങ്കിലും സഞ്ചാരികളുടെ പറുദീസയിലോട്ടുള്ള ഈ യാത്ര ഒരു വെറൈറ്റി ആയിരുന്നു. ബാംഗ്ലൂർ കഴിഞ്ഞാൽ നേരെ കേറുന്നത് ഏഷ്യൻ ഹൈവേ 47 ൽ ആണ് , 6 വരി പാത , മിക്കയിടത്തും ഫെൻസ് കെട്ടിയിട്ടുണ്ട്. ആയതിനാൽ കന്നുകാലികളുടെ ശല്യം കുറവ്. നമ്മുടെ നാടിനെ അപേക്ഷിച്ചു ഏറെക്കുറെ വിജനമായ പ്രദേശത്തുകൂടെ പോകുന്നത്കൊണ്ട് പരിസരവാസികളുടെ തിരക്ക് റോഡിൽ ഇല്ല. സ്പീഡ് 100 kmph കുറയുന്നത് അപൂർവം, 120 – 140 kmph ആണ് ഒട്ടുമിക്ക എല്ലാവണ്ടികളുടെയും സ്പീഡ്, ക്യാമറയോ പൊലീസോ ഇല്ലാത്ത റോഡ്.. എന്നാണാവോ കേരളത്തിൽ ഇതുപോലൊരു ഐറ്റം വരുന്നത്. ഒരു മണിക്കൂറിൽ 100 നു മുകളിൽ കിലോമീറ്റര് കവർ ആകും.

ധാർവാഡ് കാസ്റ്റർലോക്ക് മോളിയം വഴി പനാജി എത്തിയപ്പോ മണി 6 അടുപ്പിച്ചെത്തി. പനാജി ടൗണിൽ കറങ്ങി മണ്ഡോവി നദിയിലെ ഒഴുക്കൻ കാസിനോകളും കണ്ടു സായാഹ്ന സവാരി ഒതുക്കി. ഗോവയിൽ മൊത്തം 10 കാസിനോകളിൽ 4 എണ്ണം ഫ്ലോട്ടിങ് ആണ്. അതിൽ deltin royale കാസിനോയിൽ കൂട്ടുകാരുമൊത്ത് വന്നപ്പോ കേറിയിരുന്നു. എന്താ സെറ്റ് അപ്പ് , ജെയിംസ് ബോണ്ട് മൂവിയിൽ കാണുന്ന പോലോര് ഐറ്റം. ഗോവ കൂടാതെ സിക്കിമിലും ദാമനിലും കാസിനോകൾ ഉണ്ട്. ചപ്പോറാ നദിക്കരയിലെ മൊറൈജിയം ബീച്ചിൽ സ്റ്റേ എടുത്തു. ‘ദിൽ ചാത്തേ ഹെ’ സിനിമയിൽ കാണിക്കുന്ന ചപ്പോറാ ഫോർട്ട് ഈ നദിക്കരയിൽ ആണ്. റൂമിലോട്ടു പോകുന്ന വഴി പാതിരാത്രിയും പള്ളിപെരുന്നാളിന്റെ ആൾകൂട്ടം ഉള്ള ബാഗ ബീച്ചിലും കേറി വരവറിയിച്ചു. ഗോവയിലെ ഒരു പ്രധാന ബീച്ച് ആണ് ബാഗ .

രാവിലെ എണീറ്റ് ഭക്തിമാർഗം ജസ്യൂട്ട് വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന. കത്തീഡ്രലിലോട്ടു തിരിച്ചു. 1552 ൽ മരിച്ച ഫ്രാൻസിസ് പുണ്യളന്റെ ശരീരം ഇന്നും അഴുകാതെ സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ഈ ബസിലിക്കയെ പ്രശസ്തമാക്കുന്നതു. കാലങ്കോട്ടു ബീച്ചിലും ചപ്പോറ ഫോർട്ടിലും ഒക്കെ പോയി ഗോവൻ തീർത്ഥാടനം ഒതുക്കി. ഗോവയിൽ നിന്ന് അമ്പൊലി, നിപണി, കോലാപ്പുർ പുണെ വഴി മുംബൈ ലക്ഷ്യമാക്കി പാഞ്ഞു. പുനെ മുംബൈ എക്സ്പ്രസ്സ് ഹൈവേ കേറി ഇരുട്ടി തുടങ്ങും മുൻപ് “ഗേറ്റ് വേ ഓഫ് ഇന്ത്യ” എത്തി. 1911 ൽ King George V നെയും Queen Mary യെയും സ്വീകരിക്കാൻ ഉണ്ടാക്കിയതാണെങ്കിലും ഇരുവർക്കും ഇതിന്റെ കാർഡ്ബോർഡ് മോഡൽ കണ്ടു മടങ്ങാൻ ആയിരുന്നു വിധി. 26 മീറ്റർ പൊക്കം ഉള്ള “മുംബൈ താജ് മഹൽ” 1924 ൽ ആണ് പണിതു തീർന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ആണ് താജ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഏതാനം വര്ഷങ്ങള്ക്കു മുൻപു കടൽ കടന്നെത്തിയ ഭീകരാക്രമണത്തിൽ ഈ ഹോട്ടൽ വാർത്ത പ്രാധാന്യം നേടിയിരുന്നു. അഡമ്പര വസ്തുകളും ഫ്ലാറ്റുകളും കൂടാതെ ചേരി പ്രദേശങ്ങളും നിറഞ്ഞ ഒരു നഗരമാണ് മുംബൈ. ഞായറാഴ്ച ആയത്കൊണ്ട് പകൽ തിരക്ക് താര്യതമെന്ന കുറവായിരുന്നു. അലസമായി പെയ്ത മൺസൂണിന്റെ ചാറ്റൽ യാത്രയുടെ രസം കെടുത്തി. മറൈൻ ഡ്രൈവിൽ അല്പം നേരം ഇരുന്നു. Bandra–Worli Sea Link ലക്ഷ്യം ആക്കി വണ്ടി എടുത്തു. കടലിനു മുകളിലൂടെ കാർ ഓടുന്ന വിരലിൽ എണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന് ഈ കടൽ പാലം ആണ്. 40 മിനിറ്റ് വേണ്ടിയിരുന്ന യാത്ര ഇപ്പൊ 8 മിനിറ്റ് ആയി കുറക്കാൻ ഈ പാലത്തിനു കഴിഞ്ഞു എന്നത് ഏറെ പ്രാധാന്യം ഉള്ള കാര്യം ആണ്.

ഗോവൻ ബീച്ചും മുംബൈ അധോലോകവും കഴിഞ്ഞു അടുത്ത ഡെസ്റ്റിനേഷൻ താർ മരുഭൂമി ആണ്. സ്ക്കുളിൽ കേട്ട് പഠിച്ച കാലം തൊട്ടുള്ള ആഗ്രഹം ആണ് മരുഭൂമി കാണണം എന്നത്. വഡോദര, അഹമദാബാദ്, പാലൻപുർ, സാഞ്ചോർ, ബർമെർ വഴി ജൈസാൾമീർ ആണ് ലക്ഷ്യം. ഗുജറാത്തിൽ മെയിൻ ഹൈവേ ഒഴിച്ചാൽ റോഡിൻറെ കാര്യം കേരളത്തിലേക്കാൾ കഷ്ടമാണ്. മെഹ്സാന തൊട്ടു രാജസ്ഥാൻ ബോർഡർ വരെ റോഡ് എന്ന പേരെ ഉള്ളു. രാജസ്ഥാൻ ബോർഡർ കഴിഞ്ഞാൽ പിന്നെ വിജനമായ ഹൈവേ ആണ്. മിക്കപ്പോഴും റോഡിൽ നമ്മൾ മാത്രേ കാണു എന്നത് രാജസ്ഥാനിലെ പ്രത്യേകത ആണ്. രണ്ടു വരി റോഡ് ആണെങ്കിലും സ്പീഡ് 120 kmph+ ആയിരിക്കും. ഇടക്ക് ആകെ കാണാൻ പറ്റുന്നത് ചരക്കു ലോറികളും പട്ടാള ട്രൂക്കും മാത്രം.

രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണ് ജയ്സൽമേർ. എന്നാൽ രാജസ്ഥാനിലെ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ലയും ഇത് തന്നെ . ജൈസാൾമീർ കോട്ട ആണ് പ്രധാന ആകർഷണം. ഇന്നും നാലിൽ ഒരുഭാഗം ജനത കോട്ടയ്ക്കുള്ളിൽ വസിക്കുന്നു. ലോകത്തിലേ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നും, ഇന്ത്യയിലെ തന്നെ ഏക ‘ലിവിങ് ഫോർട്ടും’ ആണ് ജൈസാൾമീർ കോട്ട. രജപുത്ര രാജാവയിരുന്ന റാവു ജൈസാൽ AD 1156 ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. രാജാവിന്റെ പേരിൽ നിന്നു തന്നെയാണ് ജൈസാൽമീർ എന്ന വാക്ക് ഉൽത്തിരിഞ്ഞതും. താർ മരുഭൂമിയിലെ ത്രികൂട എന്ന് ഒരു കുന്നിന്മേലാണ് പ്രൗഢഗംഭീരമായ ഈ കോട്ട നിർമിച്ചിരിക്കുന്നത്. ജൈസാൾമീറിൽ തന്നെ കിട്ടുന്ന മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് കോട്ടമതിൽ പണിതിരിക്കുന്നത്. സൂര്യാസ്ത്മയ സമയത്ത് ഈ കോട്ടയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം തോന്നുന്നു. കോട്ടമതിൽ സ്വർണ്ണനിറത്തിലായി കാണപ്പെടുന്നു. ഇതിനാൽ സുവർണ്ണ കോട്ട എന്നും അറിയപ്പെടുന്നു.

കോട്ടപോലെതന്നെ മറ്റു കെട്ടിടങ്ങളും വീടുകളും എല്ലാം തന്നെ ഇവിടുന്നു കിട്ടുന്ന മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, കൊത്തുപണികളും അലങ്കാരങ്ങളും ഉള്ള പഴയതും പുതിയതുമായ മഞ്ഞ കെട്ടിടങ്ങൾ നഗരത്തിനു ചാർത്തികൊടുത്തതാണ് ഗോൾഡൻ സിറ്റി എന്ന നാമം. റോയൽ പാലസും, ജൈന ക്ഷേത്രങ്ങളും ലെക്ഷ്മിനാഥ് ക്ഷേത്രം നിരവധി ഹവേലി (പഴയ വീടുകൾ) ഒക്കെ കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്നു. കോട്ടയ്ക്കു പുറത്തു താർ മരുഭൂമിയിലെ ഡെസേർട് ഓഫ് റോഡ് സവാരിയും ഒട്ടകസവാരിയും രാജസ്ഥാന്റെ തനതു cultural ഫെസ്റ്റും ഒക്കെ ആയി adventure & cultural വിരുന്നു വേറെയും. മരുഭൂമി നഗരം ഒന്ന് കാണേണ്ട കാഴച തന്നാണ്.

താർ മരുഭുമിയോട് വിട പറഞ്ഞു എത്തിപ്പെട്ടത് പൊക്രാൻ വഴി അമൃതസറിലേക്കാണ്. പഞ്ചാബിലെ റോഡുകൾ അതിസുന്ദരം ആണ്. നമ്മുടെ കുട്ടനാട്ടിലെ ആലപ്പുഴ – ചങ്ങനാശേരി റോഡ് പോലെ മിക്കയിടത്തും രണ്ടു സൈഡിലും പാടങ്ങൾ. സൗത്ത് ഇന്ത്യ കഴിഞ്ഞു ഒരു പച്ചപ്പ് കാണണം എങ്കിൽ ഇങ്ങു സിങ്ങുമാരുടെ നാട്ടിൽ എത്തണം. ജമ്മു കേറുന്നതിനു മുൻപ് കാർ ചെക്ക് അപ്പ് ചെയ്യണം എന്ന് നേരത്തെ തീരുമാനിച്ചു നിസ്സാൻ ഇന്ത്യക്കു മെയിൽ അയച്ചിരുന്നു. വേണ്ട സഹായം ചെയ്തു തന്ന നിസ്സാൻ ഇന്ത്യയോടുള്ള നന്ദി ഇവിടെ രേഖപെടുത്തുന്നു. വിളിച്ചു അപ്പോയ്മെന്റ് എടുത്തതിലും രണ്ടു മണിക്കൂർ കഴിഞ്ഞാണ് കൊടുക്കാൻ പറ്റിയതെങ്കിലും അവരുടെ തിരക്കുകൾ മാറ്റിവെച്ചു ഭാരത പര്യടനം നടത്തുന്ന കാറിനു പ്രതേക പരിഗണന നൽകി പറഞ്ഞതിലും നേരത്തെ ഫുൾ സർവീസ് തീർത്തു തന്നു. സിങ്ങുമാര് ഒരു രക്ഷയില്ല. പോരാത്തതിന് അവരുടെ വക ചെറിയൊരു ഉപഹാരം നൽകി ആണ് ഞങ്ങളെ യാത്ര ആക്കിയത്.

സിങ്ങുമാര് അങ്ങനാണ് സ്നേഹിച്ചു കൊല്ലും, റോഡിൽ മിക്കപ്പോളും ആഹാര വിതരണം ഒക്കെ കാണാം. റോസ് മിൽക്ക് പോലുള്ള എന്തോ വെള്ളം എല്ലാ യാത്രക്കാർക്കും കൊടുക്കുന്നതും പതിവ് കാഴചയാണ്. ഫുഡ് പോയ്സൺ പേടിച്ചു അത് സ്നേഹപൂർവ്വം ഒഴിവാക്കി. കാർ ഇല്ലായിരുന്നത്കൊണ്ട് അമൃതസറിലെ യാത്ര ഇലക്ട്രിക്ക് റിക്ഷകളിൽ ആയിരുന്നു. നമുക്ക് തീരെ പരിചയം ഇല്ലാത്തതും നോർത്ത് ഇന്ത്യ മൊത്തത്തിൽ കാണാൻ പറ്റുന്നതുമായ ഒരു വെറൈറ്റി വാഹനം. ബൈക്കിന്റെ പുറത്തു നാലുപേർക്കിരിക്കാൻ പറ്റിയ ചാസിസ് കെട്ടിയപോലൊരു ഐറ്റം.

സുവർണ ക്ഷേത്രവും ജാലിയൻ വാല ബാഗും ആണ് അമൃതസർ ടൗണിലെ പ്രധാന ആകർഷണം. ടൗണിൽ നിന്ന് 28 km അകലത്തിൽ ആണ് വാഗാ അതിർത്തി. ഒരു ഇന്ത്യക്കാരൻ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് വാഗാ പരേഡ്. പാകിസ്ഥാന്റെ സൈഡിൽ ചെറിയൊരു പാവലിയനും കുറച്ചു ആളുകളും മാത്രേ ഉള്ളു. എന്നാൽ ഇന്ത്യൻ സൈഡിൽ ഏകദേശം അഞ്ചിരട്ടിക്കു മുകളിൽ വലുപ്പം വരുന്ന അർദ്ധ വൃത്താകൃതിയിൽ ഉള്ള പവിലിയനും നിറച്ചു ആളുകളും ആണ് എന്നും. പരേഡ് തുടങ്ങും മുൻപ് പാകിസ്താനിലെ സ്ത്രീ സ്വാതന്ത്രം കളിയാക്കാൻ വേണ്ടി മാത്രം ഇന്ത്യൻ വനിതകളെ കൊണ്ട് ത്രിവർണ പതാക ഏന്തി ഓടിക്കലും ആനന്ദ നൃത്തം ആടിക്കലും ഒക്കെ രസകരമായ കാഴച തന്നാണ്.

അമൃതസർ വിട്ടു പത്താൻകോട്ട് വഴി ശ്രീനഗർ ആണ് അടുത്ത ടാർഗറ്റ്. ഏറെനേരത്തെ ഡ്രൈവിന് ശേഷം കാർ ഒന്ന് നിർത്തി പുറത്തിറങ്ങിയതാ. ജമ്മു കാശ്മീർ കേറീട്ടു കുറച്ചായി. പുറത്തിറങ്ങയപ്പോ റോഡ് ഫുൾ ഒരു പ്രത്യേക തരം കള പിടിച്ചു നിക്കണത് ശ്രദ്ധയിൽ പെട്ടു. ഇതെന്താ സാധനം എന്ന് നോക്കി ചെന്നപ്പോ കാറിന്റെ പുറകിന്നു അനിയച്ചാരുടെ ഡയലോഗ് “ഇത് മറ്റവനാ…” ഹൈ വോൾട്ടാജിൽ ഒരു ചിരിയും. അപ്പന് അപ്പൊ കാര്യം അറിയണം ഇതെന്തു പുല്ലെന്നു. “എന്റെ പപ്പാ ഇതാണ് സാക്ഷാൽ പരമശിവൻ തൊട്ടു ചെഗുവേര വരെ വലിച്ചു തള്ളിയ ഐറ്റം.” ജമ്മു – ഹിമാചൽ റോഡ് ഫുൾ ഇത് പിടിച്ചു നിക്കുവാണ്. ഇത് കേരളത്തിൽ ആയിരുന്നേൽ പൊളിച്ചേനെ!! ഭാഗ്യം അങ്ങനെ ഉണ്ടാകാഞ്ഞത്.

വിശ്രമം കഴിഞ്ഞു യാത്ര തുടർന്നു. കത്വ, സാമ്പ ഒക്കെ കഴിഞ്ഞു സാമ്പ – മന്സർ – ഉധംപൂർ റോഡിൽ കേറിയപ്പോ കളിയൊക്കെ മാറി. മലയൊക്കെ കണ്ടു തുടങ്ങി. സമാധാനം റോഡിനു അത്യാവശ്യം വീതി ഉണ്ട് എന്നതായിരുന്നു. ഏതാനും വർഷങ്ങൾ ഉള്ളിൽ ഇത് നാലുവരി ആക്കാനുള്ള പണിയൊക്കെ നടക്കുന്നുണ്ട് . ഉധംപൂർ കഴിഞ്ഞു നേരെ ചെന്നത് ചെനാനി നസ്രി ടണലിലോട്ടാണ്. ഏകദേശം 4000 അടി ഉയരത്തിൽ ആണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ ടണൽ സ്ഥിതി ചെയ്യുന്നത്. 2 മണിക്കൂർ യാത്ര സമയം ആണ് 9 .3 കിലോമീറ്റര് ഉള്ള ഈ വിദ്വാൻ കാരണം നമുക്ക് ലാഭം. കൂടാതെ പനിറ്റോപ് മേഖലയിലെ മഞ്ഞുവീഴ്ച കാരണം ഉണ്ടാകുന്ന റോഡ് ബ്ലോക്കിനും, മലയിടിച്ചിൽ ഒക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, ശ്രീനഗറിലോട്ടുള്ള സൈനിക നീക്കങ്ങൾ വേഗം കൂട്ടാനും തന്ത്ര പ്രധാനമായ ഈ ടന്നൽ ചുക്കാൻ പിടിക്കുന്നു.

ഏകദേശം 7 മണി അടുപ്പിച്ചു ദാൽ തടാകം എത്തി. വേമ്പനാട്ടു കായലിൽ സഞ്ചരിക്കുന്ന വഞ്ചിവീടു പോലല്ല ദാൽ തടാകത്തിൽ. ഓടാത്ത ഒരിടത്തട്ടു കെട്ടി ഇട്ടിരിക്കുന്ന രീതിയിൽ ആണ് പണികഴിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീളുന്നു വഞ്ചിവീടിന്റെ നിര. ഒരെണ്ണത്തിൽ സ്റ്റേ അറേഞ്ച് ചെയ്തു. നല്ല തണുപ്പ്. ഡിന്നറും കഴിഞ്ഞു ഡാൽ തടാക കരയിലെ രാത്രി കാഴ്ചയും കണ്ടു വഞ്ചിവീട്ടിൽ തിരിച്ചു കയറി. രാവിലെ വഞ്ചിവീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്നുള്ള ഡാൽ തടാക കാഴ്ച ഒരു രക്ഷ ഇല്ലാത്ത ഫീൽ ആണ്. കീർത്തിചക്ര സിനിമയിലെ “മേരാ കാശ്മീർ” പാട്ടിൽ കാണുന്നപോലെ സഞ്ചരിക്കുന്ന പൂക്കടയും , നിറയെ സഞ്ചാരി വള്ളങ്ങളും, തണുപ്പൻ ക്ലൈമറ്റും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആണ്.

പറഞ്ഞുവെച്ചപോലെ തന്നെ രാവിലെ തടാകത്തിലൂടെ ഉള്ള ബോട്ടിങ്ങിനു സഞ്ചാരി വള്ളക്കാരൻ വന്നു. രണ്ടു മണിക്കൂർ തടാകത്തിൽ. കുങ്കുമ പൂ ആണ് പ്രധാന കച്ചവടം. അനിയച്ചാര് ഒരു വട്ടം വന്നുകൊണ്ടു ഉഡായിപ്പുകൾ ഒക്കെ പഠിച്ചു. ഒരു തീപ്പെട്ടി കൊള്ളിക്കകത്ത് ഉള്ള കുങ്കുമപ്പൂ 250 rs ആണ് പറഞ്ഞത്. അത് കേട്ടപോലെ അവൻ പറപ്പിച്ചു അയാളെ. അവസാനം 500 ഗ്രാം വെറും 500 രൂപയ്ക്കു അവൻ വാങ്ങി. കാശ്മീരികൾ ഫുൾ ഉടായിപ്പാണ്. ആദ്യമേ ചാടി കേറി വാങ്ങരുത് ഒന്നും. എല്ലാം ഒരേ ക്വാളിറ്റി സാധനം ആണ്. അവന്മാര് ലോ ക്വാളിറ്റി എന്നൊക്കെ തളളും. നമ്മള് തിരിച്ചു കട്ടക്ക് നിന്നാൽ സാധനം കുറഞ്ഞ ചിലവിൽ കിട്ടും. ശ്രീനഗറിൽ നിന്ന് നേരെ സോനം മാർഗ് വഴി കാർഗിലിലേക്കാണ് തിരിച്ചത്. സോനം മാർഗ് വരെ റോഡ് അത്യാവശ്യം വീതി ഒക്കെ ഉണ്ട്.

സോനാമാർഗ് കഴിഞ്ഞതും NH 1 ഹിമാലയൻ സ്റ്റാൻഡേർഡ് കാണിച്ചു തുടങ്ങി. പലയിടത്തും നമ്മുടെ പഞ്ചായത്തു റോഡിൻറെ വീതി പോലും ഇല്ല. ഒരു വണ്ടി എതിരെ വന്ന സൈഡ് കൊടുക്കലൊക്കെ അല്പം പണി ആയി തുടങ്ങി. റോഡിനൊന്നും ബാരിക്കേടില്ല. അതുപിന്നെ ഇനി മനാലി വരെ റോഡിനു ബാരിക്കേടില്ല. തെന്നിയാൽ പണി പാളും. വണ്ടി ഓടിക്കുന്നത് അത്ര വല്യ പാടൊന്നും അല്ല. അത്യാവശ്യം 200 MM കൂടുതൽ ഗ്രൗണ്ട് ക്ലീറൻസ് ഉള്ള വാഹനം ഉണ്ടെങ്കിൽ അടിത്തട്ടാതെ രക്ഷപെടാം. മിക്കയിടത്തും ഓഫ് റോഡ് ട്രാക്ക് പോലാണ് റോഡ്. ഇത് പ്രതീക്ഷിച്ചു തന്നെ ഞാൻ ടയർ അപ് സൈസ് ചെയ്തിരുന്നു. 3 മണി അടുപ്പിച്ചു ദ്രാസ്സിൽ എത്തി. ലോകത്തിലെ ഏറ്റവും തണുപ്പുകൂടിയ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ രണ്ടാമൻ.

ഫുഡ് കഴിച്ചിട്ട് കഴുകാൻ നന്നായി പാടുപെട്ടു. വെള്ളം കയ്യിൽ ഒഴിച്ചാൽ കൈ മരവിക്കും. വായിൽ വെച്ച വായ മരവിക്കും. അകെ മൊത്തത്തിൽ വെറൈറ്റി. ദ്രാസ്സിനപ്പുറം ആണ് കാർഗിൽ വാർ മെമ്മോറിയൽ. കാർഗിൽ – ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കാർഗിൽ യുദ്ധം. അന്ന് ഓർത്തില്ല വർഷങ്ങൾക്കിപ്പുറം ആ യുദ്ധഭൂമിയിൽ കാലുകുത്തുമെന്നു. സ്വന്തം നാടിനു വേണ്ടി ജീവൻ തെജിച്ച ഒട്ടേറെ സൈനികർ അന്ത്യ നിദ്ര കൊള്ളുന്ന ഭൂമി. തൊട്ടപ്പുറം പാക്കിസ്ഥാൻ. സൈനിക മ്യൂസിയത്തിൽ പഴയകാല യുദ്ധ ചരിത്രങ്ങളും, war സ്ട്രാറ്റജി ഒക്കെ എഴുതി വെച്ചിട്ടുണ്ട്. പാക്കിസ്ഥാൻ പട്ടാളക്കാരുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത സാധനകളുടെ ഡിസ്പ്ലേയും ഉണ്ട്.

യുദ്ധത്തിൽ വീരമൃത്യു വരിച്ച നമ്മുടെ സൈനികരുടെ പോലെ തന്നെ പാക്കിസ്ഥാൻ പട്ടാളക്കാരുടെയും ഖബർ ഇന്ത്യ സൂക്ഷിക്കുന്നു എന്നത് നമ്മുടെ രാജ്യത്തിന്റെ യശസ് വാനോളം ഉയർത്തുന്ന ഒന്നുതന്നെ. ഇന്ത്യൻ മണ്ണിൽ മരിച്ചു വീഴുന്ന പാക്കിസ്ഥാൻ പട്ടാളക്കാരനെ തീവ്രവാദി എന്നും പറഞ്ഞു പാകിസ്ഥാൻ തള്ളുമ്പോ, അവനു കിട്ടേണ്ട പൂർണ സൈനിക ബഹുമതിയോടെ ഒരു പട്ടാളക്കാരനെ അടക്കം ചെയ്യുന്നപോലെ അടക്കി മാതൃക കാണിക്കുന്ന നമ്മുടെ രാജ്യം. ഏതു യുദ്ധത്തിലും ഡിഫെൻസ് റോൾ മാത്രം ചെയ്യുന്ന ഒരു രാജ്യം ഒരുപക്ഷെ വേറെ കാണില്ല. പോരാത്തതിന് ശത്രു സൈനികന് പോലും പിടിക്കപ്പെട്ടാൽ മാന്യമായ യുദ്ധ തടവുകാരൻ എന്ന പരിഗണന. കൊല്ലപ്പെട്ടാൽ അവനു പൂർണ സൈനിക ബഹുമതിയോടെ അന്ത്യോപചാരം. കുരുക്ഷേത്ര സിനിമയിൽ മേജർ മഹാദേവൻ സിദ്ദിഖിന്റെ കഥാപാത്രത്തോട് പറയണ ഡയലോഗ് ഉണ്ട് “ഇസ്ലാം മത പ്രകരം ഒരു സൈനികന് കിട്ടേണ്ട ബഹുമതിയോടെ അടക്കം ചെയ്യണം, give me some Pakistani flags.” അതൊക്കെ ഉള്ളകാര്യം തന്നെയാണെന്ന് ഈ ഖബർ കണ്ടപ്പോഴാണ് മനസ്സിലായത്.

കാർഗിലിൽ നിന്ന് ലമായുരു വഴി ലേഹ് എത്തി. റോഡ് ആകെ മോശം. പലയിടത്തും പാറകൾ മാത്രേ ഒള്ളൂ. ചെറിയ കാറും സെഡാനുമൊക്കെ അടി തട്ടി നാശമായി പോകുന്നു. പട്ടാളക്കാരും സഞ്ചാരികളും മാത്രേ റോഡിൽ ഉള്ളു. ലേഹ് 11562 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരികളുടെ സ്വപ്ന ഭൂമി. ശ്രീനഗർ വഴി വന്നതുകൊണ്ട് പയ്യെ പയ്യെ ആണ് ഇത്രെയും ഉയരത്തിൽ എത്തുന്നത്. മനാലി വഴി ആണെങ്കിൽ പെട്ടെന്ന് അൾട്ടിട്യൂട്ട് കേറുന്നതു കൊണ്ടു ‘അൾട്ടിട്യൂഡ് സിക്ക്നെസ്സ്’ ചാൻസ് കുടും. ലേഹ് എത്തിയാൽ മിനിമം ഒരു ദിവസം എങ്കിലും കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ചിലവിടണം. ഒരാഴ്ച എന്നൊക്കെയാണ് പറയുന്നത്. അമൃതസർ തൊട്ടു മൗണ്ടൈൻ സിക്ക്നെസ്സ് പ്രോപ്ഹൈലക്സിസ് ആയി. Acetazolamide ടാബ്ലറ്റ് കഴിച്ചകൊണ്ട് ബുദ്ധിമുട്ടു കുറവായിരുന്നു.

തന്ത്രപ്രധാനമായ സ്ഥലങ്ങളായതിനാൽ innerline permit എടുക്കണം ബോർഡർ റോഡിലൂടെ സഞ്ചരിക്കാൻ. ജമ്മു കാശ്മീർ ബാങ്കിന് ഓപ്പോസിറ്റ് ആയുള്ള ഓഫീസിൽ നിന്നാണ് ഇന്ത്യക്കാർക്ക് പെര്മിറ്റ് കിട്ടുന്നത്. ഓൺലൈൻ ആയിട്ടു രജിസ്റ്റർ ചെയ്തു ഓഫീസിൽ പോയ് പണം അടക്കണം. വഴിയിലുള്ള ഏതെങ്കിലും ഇന്റൻർനെറ്റ് കഫേയിൽ തിരക്കിയാൽ അവര് ഓൺലൈൻ പ്രിന്റ് എടുത്തു തരും. ആദ്യ ദിവസം innerline പെർമിറ്റ് എടുക്കാനും ഷോപ്പിംഗ് ഒക്കെ ആയി സമയം കളഞ്ഞു. അക്റക്ലൈമറ്റിസെഷനു വല്യ പ്രാദാന്യമുണ്ട്. കഴിഞ്ഞ സീസണിൽ ഒരു മലയാളി ഡോക്ടർ മൗണ്ടൈൻ സിക്ക്നെസ്സ് അടിച്ചു മരണം സംഭവിച്ചു എന്ന് പറഞ്ഞുകേട്ടു.

രണ്ടാം ദിനം khardungla ടോപ്പിലോട്ടാണ് പോയത്. സഞ്ചാരികളുടെ destination എന്നറിയപ്പെടുന്ന “mighty khardungla” 17582 അടി ഉയരത്തിൽ നിക്കുന്ന റോഡ്. പണ്ടത്തെ കണക്കാണ് സ്തൂപത്തിൽ ഉള്ളത്. ആ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള motarable റോഡ് ആണ് khardhungla . ഇന്ന് പത്താം സ്ഥാനമേ khardungla യ്ക്കൊള്ളൂ. Umlingla പാസ് ആണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ motarable റോഡ് 19300 അടി. 2017 ൽ ആണ് ബോർഡർ റോഡ് ഓർഗനൈസേഷൻ ഈ റോഡ് തുറന്നുകൊടുത്തത്. പാന്ഗോങ് തടാകത്തിലോട്ടുള്ള വഴിയേ ക്രോസ്സ് ചെയ്യുന്ന changla പാസ് 17586ft , പാന്ഗോങ് തടാകത്തിനു സമീപം ഉള്ള മരസമിക് ല 18313ft (highest motarable pass, 4th highest road) ഒകെ khardungla യെക്കാൾ ഉയരത്തിൽ ആണെങ്കിലും സഞ്ചാരികൾ ഇന്നും ഉയരം കുടിയ റോഡ് എന്ന നിലയിൽ khardung ന്റെ മുന്നിൽ ഫോട്ടോ എടുത്ത് മടങ്ങാറാണ് പതിവ്.

khardung ൽ നിന്നും നേരെ പോയത് നുബ്ര താഴ്വാരത്തിലെ പനമിക്കിലോട്ടാണ്. പൂക്കളുടെ താഴ്വാരം എന്നാണ് പേരിനു അർഥം. ലഡാക്കിനെയും കാരക്കോറം മലനിരകളെയും വേർതിരിക്കുന്നത് നുബ്ര താഴ്വാരം ആണ്. വിവിധ നിറങ്ങളിലുള്ള പൂക്കളും ചെടികളും റോഡ് സൈഡിൽ കാണാം. മിക്കയിടത്തും റോഡ് നുബ്ര നദിക്കു സമീപത്ത് കൂടെയാണ് പോകുന്നത്. നിറഞ്ഞൊഴുകുന്ന നുബ്രയും വർണാഭമായ പൂക്കളും മരങ്ങളും നുബ്രയുടെ പ്രതേകതയാണ്. സഞ്ചാരികൾ പലരും നുബ്ര കാണാൻ പോകാറില്ല. മിക്കവാറും ഡിസ്കിട് ഹുൻഡർ ഓടെ യാത്ര നിർത്തും.

പനമിക് ഒരു കൊച്ചു ഗ്രാമം ആണ്. ചൈന അധിനിവേശ കാശ്മീരാണ് തൊട്ടപ്പുറം. തണുത്ത് മരവിക്കുന്ന തണുപ്പിലും തിളക്കണ വെള്ളത്തിന്റെ ശബ്ദത്തോടെ ഉള്ള ഹോട്ട് സ്പ്രിങ്ങിന്റെ ഉത്ഭവം ആശ്ചര്യം ഉണർത്തുന്നത് തന്നെ. താഴെ ഒരു ടബ് ഉണ്ടാക്കി ഇട്ടിട്ടുണ്ട് കുളിക്കാൻ. ചൂടുവെള്ളം വീടുകളിൽ എത്തിക്കാൻ സർക്കാർ തന്നെ സംവിധാനവും ഏർപെടുത്തിയിട്ടുണ്ട്. പൈപ്പ്‌ലൈൻ വഴി ഹോട്ട് സ്പ്രിങ്ങിലെ വെള്ളം ഓരോരോ വീടുകളിലും റിസോർട്ടുകളിലും എത്തും. ബോർഡർ റീജിയനിലെല്ലാം കറന്റ് ലഭ്യത ഒരു ഇഷ്യൂ ആണ്. രാത്രി 7 മണി തൊട്ടു 11 മണി വരെയേ കറന്റ് ഉള്ളു. വെളുപ്പിനെ നാലുമണി തൊട്ടു രാത്രി എട്ടുമണിവരെ സൂര്യവെളിച്ചം ഉള്ളത്കൊണ്ട് വെട്ടത്തിനും തണുപ്പായതുകൊണ്ടു ഫാനിന്റേയും ആവശ്യമില്ല. അതുകൊണ്ടു കറന്റ് ഈ നാട്ടുകാർക്ക് വല്യ പ്രശ്നം അല്ല. മൊബൈലിനൊന്നും റേഞ്ച് ഇല്ല.

പിറ്റേദിവസം പനമിക്കിൽ നിന്ന് നേരെ ഡിസ്കിറ് മൊണാസ്റ്ററിലേക്കു പോയി. 14 ആം നൂറ്റാണ്ടിൽ നിർമിച്ച മൊണാസ്റ്ററി ആണ്. 10315 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ഈ മൊണാസ്റ്ററിയും 106 അടി പൊക്കം ഉള്ള ബുദ്ധന്റെ പ്രതിമയും ആണ് ഡിസ്കിറ്റിലെ പ്രധാന ആകർഷണം. ഡിസ്കിറ്റിൽ നിന്ന് നേരെ ശ്യോക് നദിയുടെ തീരത്തൂടെ ഉള്ള ഡിസ്കിട് തുർത്തുക്കു ദേശീയ പാതയിലൂടെ തുർതുക് ലക്‌ഷ്യം ആക്കി ഇറങ്ങി മരണത്തിന്റെ നദി എന്ന അർത്ഥമുള്ള ശ്യോക് നദിയുടെ തീരത്ത്‌ ആണ് പച്ചപ്പ് നിറഞ്ഞു കിടക്കുന്ന ഈ ഗ്രാമം. റോഡിൽ ഒരിടത്ത് “നിങ്ങൾ ശത്രുവിന്റെ നിരീക്ഷണത്തിൽ ആണ് ” എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടു. അപ്പുറത്തു പാകിസ്ഥാൻ നിയന്ത്രിക്കുന്ന ഗിൽഗിത് ബാൾടിസ്ത്താൻ ആണ്. പോകുന്ന വഴിക്കു മലയാളികളായ കുറെ സഞ്ചാരികളെ കണ്ടുമുട്ടി. എല്ലാരുടെയും ലക്ഷ്യം തുർതുക് വില്ലജ് ആണ്.

1971 ലെ യുദ്ധത്തിൽ ഇന്ത്യ പിടിച്ചടക്കിയ പാകിസ്ഥാൻ ഗ്രാമം , 2009 ൽ ആണ് ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തത്. ഒരിക്കൽ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ഈ ഗ്രാമത്തിൽ ആണ് ഇന്നത്തെ ഉറക്കം. തുർതുകിന് അപ്പുറം 3 ഗ്രാമങ്ങൾ ധോതാങ്, ത്യാക്ഷി, ചാലുങ്ക. അവിടേക്ക് ഇന്ത്യൻ ആർമിക്ക് മാത്രമേ പ്രവേശനമുള്ളൂ. കാശ്മീരിൽ വരുന്ന സഞ്ചാരികൾക്ക് പലർക്കും അറിവില്ലാത്ത സുന്ദരമായ ഭൂമിയാണ് തുർതുക്. ലോകത്തിലെ രണ്ടാമത്തെ കൊടിമുടിയായ കാരക്കോറം പർവത നിരകളുടെ മടിത്തട്ടിലിലാണ് ഈ ഗ്രാമം. തേനൂറും മധുരമുള്ള ആപ്രിക്കോട് (Apricot ) പഴത്തിന്റെ സ്വന്തം നാടാണ് ഇവിടം. ഞങ്ങൾ താമസിച്ച ബാൾട്ടി ഹോംസ്റ്റേയുടെ മുറ്റത്ത് മുഴുവൻ ആപ്രികോട്ട് പഴങ്ങൾ നിറഞ്ഞു നിൽക്കുന്നു. ഡ്രൈ ആയ ആപ്രികോട് ഉടമസ്ഥൻ കുർബാൻ ഭായ് കൊണ്ട് തന്നു.

പ്രാതൽ കഴിഞ്ഞു നടക്കാനിറങ്ങി. ഈ ഗ്രാമം നടന്ന് കാണേണ്ട കാഴ്ച തന്നെ. വർണാഭമായ ചെടികളും മരങ്ങളും ആണ് തുർത്തുക്കു ഗ്രാമത്തിൽ. ആകെമൊത്തം ഒരു panited scenary ടെ അകത്തൂടെ നടക്കുന്ന ഫീൽ. ആപ്പിൾ സീസൺ ആയി വരുന്നു. മരങ്ങളിൽ പലതരം ഫലവർഗങ്ങൾ കായ്ച്ചു കിടക്കുന്നു. ഓരോ വീടുകൾക്കിടയിൽ കൂടെയുള്ള ഇടുങ്ങിയ വഴിയും സൈഡിൽ ഒഴുക്കുന്ന നേരിയ നീർച്ചാലും തുരത്തുക്കിന്റെ പ്രത്യേകതയാണ്. കാറ്റത്ത് ആടുന്ന ചില്ലകളുടെയും നീർച്ചാലിലെ ഒഴുക്കിന്റെ മാസ്മരിക ശബദ്ധവും എഴുതി അറിയിക്കാൻ പറ്റാത്ത ഒന്നാണ്. നടന്ന് കുറച്ചു പിന്നിട്ടപ്പോൾ ഒരു പഴയ കൊട്ടാര വാതിൽക്കൽ എത്തിച്ചേർന്നു. ചെറിയ ഒരു രണ്ടു നില വീട്. 16 ആം നൂറ്റാണ്ടിൽ ബാൾട്ടിസ്ഥാൻ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ രാജ്യമായിരുന്നു യാഗ്‌ബോ. രാജവംശത്തിലെ നിലവിലെ അവകാശി മുഹമ്മദ് ഖാൻ കാച്ചോ ഇവിടാണ് താമസിക്കുന്നത്. ചെറിയ വാതിലുകൾ കടന്ന് മുകളിലേക്ക് കയറിയാൽ ആദ്യം കാണുന്നത് മട്ടുപ്പാവിൽ വളർന്ന് പന്തലിച്ചു കിടക്കുന്ന പച്ച നിറത്തിലുള്ള മുന്തിരിയാണ്. മുന്തിരിക്കപ്പുറം ആപ്പിൾ ശിഖരങ്ങൾ താഴ്ന്നു കിടക്കുന്നു. ആപ്പിൾ സീസൺ ആയിട്ടില്ല, പിടിച്ചു വരുന്നതേ ഉള്ളു. പച്ച ആണെങ്കിലും കഴിക്കാൻ നല്ല മധുരം.

ഇന്നലെ കണ്ട മലയാളി സഞ്ചാരികളും കൊട്ടാരം കാണാൻ വന്നിട്ടുണ്ട്. കയറി വന്ന എല്ലാവരെയും നിറഞ്ഞ ചിരിയോടെ കാച്ചോ സ്വാഗതം ചെയ്തു. രാജവംശ പരമ്പരയുടെ ചരിത്രം പറഞ്ഞു തരുന്ന വലിയൊരു ചാർട്ട് ചുമരിന്റെ ഒരു ഭാഗത്ത് വരച്ച് വെച്ചിട്ടുണ്ട്. യോഗ്‌ബോ രാജവംശത്തെ കുറിച്ചുള്ള മുഴുവൻ ചരിത്രവും ചുരുങ്ങിയ സമയം അദ്ദേഹം നമുക്ക് പറഞ്ഞു തരും. ഇന്ത്യയുടെ ഭാഗമായതിന് ശേഷം മുഹമ്മദ് ഖാൻ കാചോ ഇതൊരു മ്യൂസിയം ആക്കി മാറ്റി. ടിക്കറ്റ് ഒന്നും ഇല്ല, പകരം ഒരു സംഭാവന പെട്ടി ഉണ്ട്. ഇഷ്ടമുള്ളവർക്ക് നിക്ഷേപിക്കാം. യോഗ്‌ബോ രാജവംശത്തിലുള്ളവർ ഉപയോഗിച്ചിരുന്ന പല സാധനങ്ങളുടെയും ശേഖരം ആണിവിടെ ഈ വലിയ മുറിയിലുള്ളത്. എല്ലാം ഭംഗിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആയുധങ്ങളും വസ്ത്രങ്ങളും തലപ്പാവും പത്രങ്ങളും ചിത്രങ്ങളും എല്ലാമുണ്ട് ഇവിടെ.

1947 ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് ഇദ്ദേഹത്തിന്റെ ചെറിയ കൊട്ടാരം അഞ്ച് വർഷത്തേക്ക് പാകിസ്ഥാൻ പട്ടാളം കൈവശം വെച്ചു. കൊട്ടാരം തിരിച്ചു നൽകുമ്പോൾ വിലപിടിച്ച ഒരുപാട് വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു. ചെറിയൊരു മ്യൂസിയം ആണെങ്കിലും തുർതുക് കാണാൻ വരുന്നവർ ഇവിടെ വരാതെ പോവില്ല. ആളുകൾ വരുന്നും പോവുന്നുമുണ്ട്. വിദേശികളും ധാരാളം. കൊട്ടാര ദർശനം കഴിഞ്ഞു. എങ്ങും ഹാരിതാഭവും പച്ചപ്പും തിങ്ങി നിറഞ്ഞു നിക്കണ ഈ സ്വർഗഭൂമി കണ്ടു തീർക്കണം എന്ന ലക്ഷ്യവുമായി. നേരം സന്ധ്യ ആകുന്നു, ഇനിയും വൈകിയാൽ ഹുൻഡർ എത്തിച്ചേരാൻ ബുദ്ധിമുട്ടാകും.

ഹിമാലയൻ മലനിരകളിലെ മരുഭുമിയാണ് ഹുൻഡർ. ഈ മഞ്ഞുപാളിക്കിടയിൽ എങ്ങനെ മണൽ വന്നു എന്നത് കൗതുകം തന്നെ. ഇന്ത്യൻ ഉപഭൂഖണ്ഡം വന്നു ഏഷ്യൻ പ്ലേറ്റിൽ ഇടിച്ചു കയറിയപ്പോ അന്ന് കടൽ തട്ട് ആയിരുന്ന ഭാഗം ഇന്ത്യൻ പ്ലേറ്റിന്റെ മുകളിൽ ആയി പോയെന്നും അതാണ് കടൽ മണ്ണുപോലെ ഇവിടെയും ശ്യോക് നദി തീരം മുഴുവനും പാന്ഗോങ് തീരം വരെയുള്ള റോഡ് സൈഡിൽ കാണുന്നതെന്നും ഒരു പക്ഷം ഉണ്ട്. ജോഗ്രഫിയിൽ വല്യ പിടി ഇല്ലാത്തത്കൊണ്ട് വലിച്ചു നീട്ടുന്നില്ല. എന്തായാലും മണ്ണും കക്കയും ഒക്കെ ഇത് ഒരുനാൾ കടൽ ആയിരുന്നു എന്നതിന്റെ തെളിവുകൾ ആവാം. അറിയ്യാത്ത കാര്യം പറഞ്ഞു കോൺട്രോവേർസി ആകുന്നില്ല.

ഏകദേശം 10000 അടി മുകളിൽ നിക്കുന്ന ഈ മരുഭൂമിക്ക് സമീപം ആണ് ശ്യോക് നദി നുബ്ര നദിയുമായി സംഗമിക്കുന്നത്. മുതുകിൽ രണ്ടു ഹംപ് ഉള്ള ബാക്ട്രീയൻ ഒട്ടകങ്ങൾ ഹുൻഡർ മരുഭൂമിയുടെ പ്രത്യേകതയാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് ബാക്ട്രീയൻ ഒട്ടകം. നാടൻ ഒട്ടകത്തിന്റെ പൂർവികരാണ് ഇവ. ചൈനയിലും മംഗോളിയയിലുമായ് ഏകദേശം 1000 എണ്ണമേ ബാക്കിയുള്ളു. ക്യാമൽ സവാരിയും കഴിഞ്ഞു ആ ദിവസം ഹുൻഡറിൽ സ്റ്റേ എടുത്തു. ഹിമാലയൻ മലനിരകളിലെ നീലത്തടാകമായ പാന്ഗോങ് കാണുകയാണ് അടുത്ത ലക്‌ഷ്യം. 13,900 അടി ഉയരത്തിൽ ഇന്ത്യയിലും ചൈനയിലുമായിയാണ് തടാകം സ്ഥിതി ചെയ്യുന്നത്.

കൽസാർ ദുർബക് ടാങ്സ്റ്റ വഴി പാന്ഗോങ് തടാകക്കരയിലെ ആദ്യ വില്ലജ് ആയ സ്പാൻഗമിക് എത്തി. റോഡൊക്കെ നന്നേ മോശം. ഇടയ്ക്കു പല റിവർ ക്രോസിങ്. പാങ്കോങ്ങിലേക്കു വരുന്നവഴി ആണ് 17586 ft അടി ഉയരത്തിൽ ഉള്ള changla പാസ്. പാങ്കോങിന് സമീപം ആണ് മരസമിക്ല 18313ft (highest motarable pass, 4th highest road) നിലവിൽ ഇതൊക്കെ khardungla യെക്കാൾ ഉയരത്തിൽ ആണെങ്കിലും സഞ്ചാരികൾക്കു പ്രിയം “the old mighty khardungla ” തന്നെ . അമീർഖാൻ സിനിമയായ 3 idiots ന്റെ ക്ലൈമാക്സ് ഈ തടാക കരയിലാണ് ഷൂട്ട് ചെയ്തതത്. അതിലെ സ്‌ക്യൂട്ടറിന്റെയും കസേരയുടെയും ഡമ്മി മോഡൽസ് സന്ദർശകർക്ക് ഫോട്ടോ എടുക്കാൻ ഒരുക്കിവെച്ചിട്ടുണ്ട്. ഷാരൂഖാന്റെ ദിൽസേ യും ഇവിടെ ഷൂട്ട് ചെയ്തതാണ്.

പാങ്കോങ്ങിന്റെ ഭൂരിഭാഗവും ചൈനയിലും, ചൈന അധിനിവേശ കാശ്മീരിലും ആണ്. നദിക്കരയിലെ റോഡിലൂടെ (റോഡ് എന്ന് പറയപ്പെടുന്ന കല്ലും പാറയും നിറഞ്ഞ വഴി) പോയാൽ അപ്പുറം ചൈന അധിനിവേശ കശ്മീരിലെ മലകൾ കാണാം. പാക്കിസ്ഥാൻ ബോർഡർ അപേക്ഷിച്ചു ഇവിടെ ശാന്തമായത്കൊണ്ടാവാം അതിർത്തിക്ക് തൊട്ടടുത്ത് വരെ ടൂറിസം. പാന്ഗോങ് തടാകക്കരയിൽ റൂമെടുത്ത് കിടന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ചപോലെ പൂര്ണചന്ദ്രന്റെ ദിവസം ആണ് പാന്ഗോങ് എത്തിയത്. നല്ല തൂവെള്ളനിറത്തിൽ ചന്ദ്രൻ ഹിമാലയ നിരകളിൽ പാങ്കോങ്ങിന്റെ തീരത്ത് ഉദിച്ചു നിക്കുന്നതും ആ ശോഭയിൽ കുളിച്ചുനീക്കുന്ന പാന്ഗോങ് താടകവും കാണാനുള്ള ഭാഗ്യവും അങ്ങനെ ഉണ്ടായി. പാങ്കോങിൽ നിന്ന് ലേഹ് യിലോട്ടാണ് കാർ തിരിച്ചത്. ഓടിച്ചതിൽ ഏറ്റവും മോശം റോഡുകളിൽ ഒന്ന്. മിക്കയിടത്തും പാറയും ചെളിക്കുണ്ടും മാത്രേ ഉള്ളു.

ഉച്ച ആയപ്പോ ലേഹ് എത്തി. ലേഹ് പാലസിലോട്ടാണ് നേരെ പോയത്. 9 നിലയുള്ള ഈ കോട്ടരം 17 ആം നൂറ്റാണ്ടിൽ ഉണ്ടാക്കിയതാണ്. മുകളിലെ മാട്ടൂപ്പാവിൽ നിന്ന് നോക്കിയാൽ ലേഹ് നഗരവും ചുറ്റുമുള്ള മലനിരകളും കാണാം. ഇന്ന് ആർക്കിയോളജി ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഒരു മ്യൂസിയം ആയി ആണ് കൊട്ടാരം പ്രവർത്തിക്കുന്നത്‌. രാജ ഭരണത്ത് ഉപയോഗത്തിൽ ഇരുന്ന പലതും ഇന്നും സന്ദർശകർക്കായി പ്രദർശിപ്പിച്ചു വെച്ചിട്ടുണ്ട്. ലേഹ് നഗരത്തോടും നുബ്രയോടും പാങ്കോങിനോടും ഒക്കെ വിടപറയാൻ സമയമായി. ലേഹ് – മനാലി ഹൈവേയിലൂടെ കാർ ഇന്ത്യയുടെ വടക്കേയറ്റത്തു നിന്നു മടക്കയാത്രയ്‌ക്കൊരുങ്ങി. പാങ് വരെ നല്ല റോഡ് ആണ്. 17,480 ft ഉയരത്തിൽ ഉള്ള tanglang la കേറിയാണ് ലേഹ് – മനാലി ഹൈവേ കടന്നുപോകുന്നത്.

പാങ് കഴിഞ്ഞു സർച്ചു വരെ റോഡ് ഒന്നും ഇല്ല. പിന്നങ്ങോട്ടും കണക്കാണ് എന്നത് വഴിയേ അറിഞ്ഞു. എല്ലാരും സർച്ചുവിലാണ് സ്റ്റേ എടുക്കുന്നത്. നമ്മുടെ “ഗപ്പി” സിനിമ ക്ലൈമാക്സിൽ ടോവിനോ ബൈക്ക് ഓടിക്കുന്ന സീൻ സർച്ചുവിലാണ് ഷൂട്ട് ചെയ്തത്. Oxygen സർച്ചുവിൽ വളരെ കുറവാണു. 14000 അടി മുകളിൽ നിക്കുന്ന ഈ പ്രദേശത്തു കുറച്ചു ടെന്റുകൾ മാത്രമാണ് ഉള്ളത്. ഏകദേശം ഒന്ന് രണ്ടു കിലോമീറ്റര് ദൂരത്തിൽ റോഡിനു ഇരുവശവും ടെന്റുകൾ കാണാം. സർച്ചു വിട്ടാൽ അടുത്ത സ്റ്റേ ജിസ്പയിലെ ഉള്ളു. ഉച്ചയടുപ്പിച്ചു സർച്ചു എത്തിയത് കൊണ്ടും, അപ്പനും അമ്മയുമായി oxygen ഇല്ലാത്തിടത്തു കിടന്നു റിസ്ക് എടുക്കണ്ടായെന്നും വെച്ച് ഞങ്ങൾ ജിസ്പയിലോട്ടു തിരിച്ചു. ഏകദേശം 6 മണിയോടെ ജിസ്പ എത്തി. നല്ല പച്ചപ്പുള്ള സ്ഥലം, അടുപ്പിച്ചു കെട്ടിടങ്ങൾ, നമ്മുടെ മൂന്നാർ ടൌൺ പോലെ തോന്നും. തേയില ഇല്ല എന്നെ ഒള്ളു. ലേഹ് കഴിഞ്ഞാൽ കെയ്‌ലോങ് ഇൽ ആണ് അടുത്ത പെട്രോൾ പമ്പ്. അവിടെ കേറി ഇന്ധനം നിറച്ചു റോട്ടങ് പാസ് വഴി മനാലികു തിരിച്ചു.

പാസിൽ ഏകദേശം ഒരു കിലോമീറ്റര് മുകളിൽ ചെളികുണ്ടാണ്. ലേഹ് മനാലി ഹൈവേയിൽ ആകെ പേടിക്കാൻ ഇടം ഈ ചെളിക്കുണ്ടും ഇടയ്ക്കിടെ കേറുന്ന ഇടുങ്ങിയ പാസ്സുകളും ആണ്. ഹിമാലയൻ സര്ക്യൂട് എന്ത്വാന്നു അറിയണമെങ്കിൽ ശ്രീനഗർ കാർഗിൽ ലേഹ് റൂട്ട് നാഷണൽ ഹൈവേ 1 തന്നെ പിടിക്കണം. മനാലി മലയാളികൾക്ക് ഇപ്പൊ ഏറെ സുപരിചിതം ആയ സ്ഥലത്തെ പറ്റി ഒരുപാടു എഴുതണം എന്ന് തോന്നുന്നില്ല. മനാലി എന്ന് പറയുമ്പോ തന്നെ സഞ്ചാരികളുടെ ജിന്നായ Dr babz sager നെ ആവും ആദ്യം മലയാളി മനസ്സിൽ ഓർക്കുക. സ്റ്റെത്തും കോട്ടും ഉപേക്ഷിച്ചു “കേറിവാടാ മക്കളെ” എന്നും പറഞ്ഞു ബോർഡ് തൂകി പാട്ടത്തിനെടുത്ത ഭൂമിൽ കൃഷി ചെയ്യുന്ന വെറൈറ്റി ഡോക്ടറെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. നടന്നില്ല, പിന്നൊരിക്കൽ ആകട്ടേയെന്നു വെച്ചു.

അടിക്കടി terrain മാറുന്ന ഹിമാലയൻ മലനിരക്കിലുടെ ഉള്ള സഞ്ചാരത്തിന്റെ ക്ഷീണം എല്ലാരിലും കണ്ടുതുടങ്ങി. അലസമായ മനസോടെ മനാലി ചുറ്റിത്തിരിഞ്ഞു നടന്നു. രാജ്യതലസ്ഥാനമായ ഡൽഹി ആണ് അടുത്ത ഡെസ്റ്റിനേഷൻ. തണുപ്പൊക്കെ മാറി നല്ല ചുടാൻ കാലാവസ്ഥയിലോട്ടു. ചാന്ദിനി ചൗക്കിലുടെ നേരെ ചെന്നത് ജുമാ മസ്ജിദിലാണ്. പണ്ട് ഹിസ്റ്ററി പുസ്തകത്തിൽ വായിച്ചു മറന്ന ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളാണ് ഡൽഹിയിൽ പലതും. ചുവന്ന മൺകല്ല് കൊണ്ടാണ് ജുമാ മസ്‌ജിദും ചെങ്കോട്ടയുമെല്ലാം പണിതിരിക്കുന്നത്. മസ്ജിദിൽ കേവലം കുറച്ചു ദൂരത്തിൽ ആണ് ചെങ്കോട്ട സ്ഥിതി ചെയ്യുന്നത്. ഡൽഹി സന്ദർശിക്കാൻ ഒട്ടും പറ്റാത്ത കാലാവസ്ഥയാണ് വേനൽക്കാലം. ഡൽഹിയിലെ പൊരിവെയിലിൽ കാഠിന്യം എല്ലാരും നന്നായി അറിഞ്ഞു. വെയിലിന്റെ കാഠിന്യം ഡൽഹി സഞ്ചാരത്തിന് ഒട്ടും പറ്റിയതല്ല എന്ന് മനസിലാക്കി ഉച്ച വെയിലിനു തലവെക്കാതെ യമുന എക്സ്പ്രസ്സ് ഹൈവേ കേറി ആഗ്രയിലോട്ടു പുറപ്പെട്ടു. ഇതിനിടയിൽ മയൂർവിഹാറിലെ തൃശ്ശൂര്ക്കാരനായ ജോസേട്ടന്റെ “കേരള കഫെയിൽ” കയറി ഊണും കഴിക്കാനും മറന്നില്ല.

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ താജ് മഹൽ. താജിൽ എവിടെ നോക്കിയാലും സുന്ദരമായ കൈയക്ഷരം കൊണ്ടുള്ള വാസ്തുവിദ്യ പ്രകടമാണ്. കൂടാതെ നിലാവെളിച്ചത്തും സൂര്യ ശോഭയിലും ലിഖിതങ്ങൾ പ്രസരിക്കും എന്നതും ആശ്ചര്യം ഉണർത്തുന്ന ഒന്നാണ്. നിലാവുള്ള രാത്രിയിൽ പ്രത്യേക ടിക്കറ്റ് എടുത്ത് നിലശോഭയിൽ തെളിഞ്ഞു നിക്കുന്ന താജ് കാണാം എന്നൊക്കെ ഗൈഡ് പറയുന്നത് കേട്ടു. താജ് കണ്ടു നേരെ ഡൽഹിക്കു മടങ്ങി. എല്ലാ മതസ്ഥർക്കും പ്രാർത്ഥിക്കാൻ ഉണ്ടാക്കിയിട്ടിരിക്കുന്ന ലോട്ടസ് ടെംപിൾ സന്ദർശിച്ചു. എയർപോർട്ടിന് അടുത്തായി റൂം ബുക്ക് ചെയ്തു.

തിങ്കളാഴ്ച അപ്പനും അമ്മയ്ക്കും കൊച്ചിക്കു ടിക്കറ്റ് ബുക് ചെയ്തിട്ടുണ്ട്. ഒരു ദിവസം കൂടെ ഡൽഹി കണ്ടു തീർക്കാൻ കിടപ്പൂണ്ട്. ഞായറാഴ്ച രാവിലെ തന്നെ കുത്തബ് മിനാർ കാണാൻ പോയി. ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ. 72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. 1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരിച്ചതിനെത്തുടർന്ന് ഇപ്പോൾ മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. വെയിലിന്റെ കാഠിന്യം കുറഞ്ഞത് നോക്കി ഇന്ത്യ ഗേറ്റ് ലക്ഷ്യമാക്കി ഇറങ്ങി .ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യ ഗേറ്റിനു സമീപം ആണ് പാര്ലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും ഉദ്യാനങ്ങളും. കൊണാട്ട് പ്ലേസിലെ ഷോപ്പിങ്ങും നടത്തി ഡൽഹി യാത്രക്ക് വിരാമം ഇട്ടു.

തിങ്കളാഴ്ച രാവിലത്തെ ഫ്ലൈറ്റിനു അപ്പനേം അമ്മയേം കേറ്റി വിട്ടു . ഇനി ആഗ്ര, ഝാൻസി, സാഗർ, നാഗ്പുർ, ഹൈദരാബാദ്, ബാംഗ്ലൂർ വഴി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. കോയമ്പത്തൂർ ബോർഡർ ആകും മുൻപ് നാഷണൽ ഹൈവേയുടെ ദിശാബോർഡ് കണ്ടു ആലപ്പുഴ 217 km. കുറച്ചങ്ങു ചെന്നതും “വെൽക്കം ടു കേരള” സ്റ്റേറ്റ് ബോർഡും കണ്ടു. വെൽക്കം ബോർഡ് ആകെ തുരുമ്പിച്ച ശോചനീയ അവസ്ഥയിലാണെങ്കിലും 31 ദിവസത്തെ 10000 km യാത്ര കഴിഞ്ഞു അത് കാണുമ്പോഴുള്ള ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. വാളയാർ ബോർഡർ കേറി ആദ്യ ഹോട്ടലിനു തന്നെ കുരുമുളകിട്ടു വരട്ടിയ പോത്തിറച്ചി കഴിച്ചു ഉത്തേരേന്ത്യക്കാരോടുള്ള കലിപ്പ് തീർത്തു. നമ്മുടെ നാട്ടിലുള്ള സ്വാതന്ത്ര്യം, ശെരിക്കും കേരളം പോലെ ജീവിക്കാൻ പറ്റിയ ഒരു സംസ്ഥാനം ഇന്ത്യയിൽ വേറെ ഇല്ല. 31 ദിവസങ്ങൾക്കു ശേഷം ഉണ്ടായ തിരിച്ചറിവ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post