ഓർമ്മവെച്ചനാൾ മുതൽ കേൾക്കുന്ന വാക്കാണ് ബോംബ് എന്നത്. ബോംബ് സ്ഫോടന വാർത്തകൾ എന്നും നമ്മളെയെല്ലാം ഞെട്ടിച്ചിട്ടേയുള്ളൂ. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവനനെടുത്തതും ഈ ബോംബ് തന്നെയാണ്. അതിനു ശേഷവും ഇന്ത്യയുൾപ്പെടെ ലോകത്തെമ്പാടുമായി ഒട്ടേറെ ബോംബ് സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുണ്ട്. ശരിക്കും എന്താണ് ഈ ബോംബ്? എങ്ങനെയാണ് ഇത് പൊട്ടിത്തെറിക്കുന്നത്? ഇത് പൊട്ടിയാൽ മനുഷ്യർ ഛിന്നഭിന്നമായിപ്പോകുന്നത് എന്തുകൊണ്ടാണ്? ഇതിനുള്ള ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.
താപമോചക പ്രവർത്തനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഫോടകവസ്തുവാണ് ബോംബ് (ഇംഗ്ലീഷ്: Bomb). ബോംബിൽ നിറച്ചിരിക്കുന്ന സ്ഫോടനശേഷിയുള്ള പദാർത്ഥം താപമോചക പ്രവർത്തനത്തിനു വിധേയമാകുമ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ഊർജ്ജം പുറന്തള്ളുന്നു. ഈ അമിത ഊർജ്ജപ്രവാഹത്തിന്റെ ഫലമായി ബോംബ് സ്ഫോടനം നടക്കുന്ന പ്രദേശത്ത് ധാരാളം നാശനഷ്ടങ്ങളുണ്ടാകുന്നു. ചൈനയിലെ സോങ് രാജവംശം പതിനൊന്നാം നൂറ്റാണ്ടു മുതൽ തന്നെ വെടിമരുന്നുകൊണ്ടുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിരുന്നു.
ഖനനത്തിനോ നിർമ്മാണപ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ ചിലപ്പോഴൊക്കെ ‘ബോംബ്’ എന്നുവിളിക്കാറുണ്ട്. പ്രധാനമായും സൈനികാവശ്യങ്ങൾക്കായാണ് ബോംബുകൾ ഉപയോഗിച്ചുവരുന്നത്. സൈനികരംഗത്ത് വ്യോമമാർഗ്ഗേണ പ്രയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ പൊതുവെ ബോംബ് എന്നുവിളിക്കുന്നു. എന്നിരുന്നാലും ഷെല്ലുകൾ, ഡെപ്ത്ത് ചാർജ്ജസ് (ജലത്തിനടിയിൽ ഉപയോഗിക്കുന്നവ), മൈനുകൾ എന്നിവ ബോംബുകളായി കണക്കാക്കുന്നില്ല. യുദ്ധഭൂമിക്കു പുറത്തും ബോംബുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. വീടുകളിൽ നിർമ്മിക്കുന്ന ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IEDs) എന്ന സ്ഫോടകവസ്തു മധ്യേഷ്യയിലെ കലാപബാധിത പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഗ്രീക്ക് ഭാഷയിലെ ‘ബോംബോസ്’, ലാറ്റിൻ ഭാഷയിലെ ‘ബോംബസ്’ എന്നീ പദങ്ങളിൽ നിന്നാണ് ‘ബോംബ്’ എന്ന വാക്കുണ്ടായതെന്നു കരുതുന്നു. ‘മുഴങ്ങുന്നത്’, ‘മൂളുന്നത്’ എന്നൊക്കെയാണ് ഈ വാക്കുകളുടെ അർത്ഥം.
എ.ഡി. 1221-ൽ ചൈനയിലാണ് ആദ്യമായി ബോംബുകൾ പ്രയോഗിക്കപ്പെട്ടത്. ചൈനയിലെ ജിൻ രാജവംശത്തിലെ (1115–1234) സൈനികർ സോങ് രാജ്യത്തിലെ ഒരു നഗരത്തെ ആക്രമിക്കുന്നതിനായാണ് ബോംബ് പ്രയോഗിച്ചത്. ഇരുമ്പുകൊണ്ടുള്ള പുറന്തോടിനുള്ളിൽ വെടിമരുന്ന് നിറച്ചുള്ള ബോംബുകൾ പതിമൂന്നാം നൂറ്റാണ്ടു മുതൽ തന്നെ ചൈനയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നു. 1231-ൽ ജിൻ രാജവംശവും മംഗോളിയന്മാരും തമ്മിൽ നടന്ന നാവികയുദ്ധത്തിലും ബോംബുകൾ (thunder-crash bombs) ഉപയോഗിച്ചിരുന്നു. 1345-ൽ സമാഹരിക്കപ്പെട്ട ‘ദ ഹിസ്റ്ററി ഒഫ് ജിൻ’ എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ജപ്പാൻ കീഴടക്കുന്നതിനായി മംഗോളിയൻമാരും ഈ ബോംബുകൾ ഉപയോഗിച്ചിട്ടുണ്ട്. ജപ്പാൻ തീരത്തു നിന്നു കണ്ടെത്തിയ ഒരു കപ്പലിൽ നിന്ന് ഇത്തരം ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്.
ബോംബ് സ്ഫോടനത്തിന്റെ ആഘാതത്താലുണ്ടാകുന്ന തരംഗങ്ങൾ ശരീരത്തിനു പലതരത്തിലുള്ള കേടുപാടുകൾ സൃഷ്ടിക്കുന്നു. ആഘാത തരംഗങ്ങളുടെ ശക്തികൊണ്ട് ശരീരം വായുവിലേക്ക് ചുഴറ്റിയെറിയപ്പെടാം. ഇത് അംഗഭംഗത്തിനും ആന്തരികരക്തസ്രാവത്തിനും കാരണമാകുന്നു. ബോംബ് സ്ഫോടനഫലമായി ഉണ്ടാകുന്ന ഉയർന്ന ശബ്ദം കർണ്ണപടത്തെ തകരാറിലാക്കുവാൻ സാധ്യതയുണ്ട്. സ്ഫോടനം നടക്കുന്ന സ്ഥലത്തു നിന്നും പരമാവധി അകലെ നിൽക്കുക എന്നതാണ് ബോംബ് സ്ഫോടനത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.
സ്ഫോടനം നടക്കുമ്പോൾ ബോംബിനുള്ളിലെ വസ്തുക്കൾ ചിന്നിച്ചിതറുന്നു. അതിവേഗം സഞ്ചരിക്കുന്ന ഈ വസ്തുക്കൾ മറ്റു വസ്തുക്കളിൽ തട്ടുമ്പോൾ അവയും തകർക്കപ്പെടുന്നു. സ്ഫോടനത്തന്റെ ആഘാതം കൂട്ടുന്നതിനായി ഇരുമ്പ് ഗോളങ്ങൾ ബോംബിൽ നിറയ്ക്കാറുണ്ട്. ഇവ പൊട്ടിത്തെറിക്കുമ്പോൾ ചുറ്റുമുള്ള വസ്തുക്കളും ഛിന്നഭിന്നമാക്കപ്പെടുന്നു. ചിന്നിച്ചിതറിയ ഈ വസ്തുക്കൾ കണ്ണിൽ തുളച്ചുകയറിയാൽ കാഴ്ചശക്തി നഷ്ടപ്പെടാം.
ബോംബ് സ്ഫോടനം ജീവികളെ പലരീതിയിൽ ബാധിക്കാറുണ്ട്. ബോംബ് സ്ഫോടനഫലമായുണ്ടാകുന്ന ഉന്നത മർദ്ദം ആന്തരികാവയവങ്ങൾക്കു കേടുവരുത്തുന്നു. ഇത് മരണത്തിലേക്കു നയിച്ചേക്കാം. ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തിൽ ഏതെങ്കിലും മൂർച്ചയേറിയ വസ്തുക്കൾ ശരീരത്തിൽ തുളച്ചുകയറിയാലോ ഭാരമേറിയ വസ്തുക്കൾ തലയിൽ വീണാലോ മരണം സംഭവിക്കാം. ബോംബ് സ്ഫോടനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രത്യേകം നിർമ്മിച്ച ആവരണങ്ങൾ, ഹെൽമറ്റുകൾ, കവചങ്ങൾ എന്നിവ ഉപയോഗിച്ചുവരുന്നു.
വിവിധ തരം ബോംബുകൾ : ബോംബുകളെ പ്രധാനമായും സിവിലിയൻ ബോംബുകൾ എന്നും മിലിട്ടറി ബോംബുകൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതലായി നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും വികസിപ്പിക്കുന്നതുമായ ബോംബുകളാണ് മിലിട്ടറി ബോംബുകൾ. യുദ്ധരംഗത്താണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ് വിഭാഗത്തിൽ വരുന്ന ബോംബുകളെ മൂന്നായി തിരിച്ചിരിക്കുന്നു. ഒരു സ്യൂട്ട് കേസിലോ പെട്ടിയിലോ വയ്ക്കുന്ന ബോംബുകളാണ് ടൈപ്പ് 76 ബോംബുകൾ. ബോംബർ വിമാനങ്ങളിലൂടെ പ്രയോഗിക്കുന്നവയാണ് ടൈപ്പ് 80 ബോംബുകൾ.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളെ ബോംബുകളായി ഉപയോഗിക്കാറുണ്ട്. വെഹിക്കിൾ ബോൺ ഐ.ഇ.ഡി. അഥവാ VBIED എന്നറിയപ്പെടുന്ന ഇത്തരം ബോംബുകൾ അത്യധികം വിനാശസ്വഭാവമുള്ളവയാണ്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് മെറ്റീരിയൽസ് പൊതുവെ അസ്ഥിരമാണ്. ഘർഷണം മുതൽ ഇലക്ട്രോസ്റ്റാറ്റിക് ഷോക്ക് വരെയുള്ള ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ട് ഇവ പൊട്ടിത്തെറിക്കാം. റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ബോംബുകൾ ചിലപ്പോൾ താപനിലയിലുണ്ടാകുന്ന വ്യത്യാസം കൊണ്ടോ മൊബൈൽ ഫോണുകൾ, റോഡിയോ എന്നീ ഉപകരണങ്ങളുടെ സാന്നിദ്ധ്യം കൊണ്ടോ പൊട്ടിത്തെറിക്കാം. വിദഗ്ദരല്ലാത്തവരുടെ ഇടപെടൽ കൊണ്ടും ബോംബ് സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഏറ്റവും അപകടകരമായ ബോംബുകളാണ് ആറ്റംബോംബുകളും ഹൈഡ്രജൻ ബോംബുകളും. വലിയ ഒരു ആറ്റം വിഘടിക്കുമ്പോൾ വൻതോതിൽ ഊർജ്ജം പുറത്തുവിടുന്നു എന്ന അണുവിഘടന (ന്യൂക്ലിയാർ ഫിഷൻ) സിദ്ധാന്തം അടിസ്ഥാനമാക്കിയാണ് ആറ്റം ബോംബുകൾ പ്രവർത്തിക്കുന്നത്. ഹൈഡ്രജൻ ബോംബുകളുടെ പ്രവർത്തന തത്വം ന്യൂക്ലിയാർ ഫ്യൂഷനാണ്. ന്യൂക്ലിയാർ ഫിഷനിലൂടെ സൃഷ്ടിക്കുന്ന വൻതോതിലുള്ള ഊർജ്ജം ഉപയോഗിച്ചാണ് ഹൈഡ്രജൻ ബോംബുകളിൽ സ്ഫോടനം ആരംഭിക്കുന്നത്.
വിശാലമായ പ്രദേശത്ത് വിനാശകരമായ പദാർത്ഥങ്ങൾ വിതറുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടനശേഷി കുറഞ്ഞ ബോംബുകളാണ് ‘ഡേട്ടി ബോംബുകൾ’ (dirty bomb). അണുപ്രസരമുള്ള പദാർത്ഥങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയാണ് ഇത്തരം ബോംബുകളിൽ ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളെ കൊല്ലുന്നതിനോ മുറിവേൽപ്പിക്കുന്നതിനോ അല്ലെങ്കിൽ ആ പ്രദേശത്തേക്കു ശത്രുക്കൾ വരാതിരിക്കാനോ ആണ് ഡേർട്ടി ബോംബുകൾ പ്രയോഗിക്കുന്നത്.
വലിയ ബോബുകളുടെ പ്രഹരശേഷി അളക്കുന്നതിനായി കിലോ ടൺസ് ഓഫ് ടി.എൻ.ടി. (kt), മെഗാ ടൺസ് ഓഫ് ടി.എൻ.ടി. (Mt) എന്നീ ഏകകങ്ങൾ ഉപയോഗിക്കുന്നു. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങൾക്കുമേൽ അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചിട്ടുണ്ട്. യുദ്ധരംഗത്തു പ്രയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഹരശേഷിയുള്ളവയായിരുന്നു ഈ ബോംബുകൾ. ഇന്നുവരെ പരീക്ഷിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഹരശേഷിയുള്ള ബോംബാണ് സാർ ബോംബ. റഷ്യയുടെ “ഫാദർ ഓഫ് ഓൾ ബോംബ്സ്” (ഔദ്യോഗിക നാമം ATBIP) ആണ് ന്യൂക്ലിയർ അല്ലാത്ത ബോംബുകളിൽ വച്ച് ഏറ്റവും ശക്തി കൂടിയ ബോംബ്. അമേരിക്കയുടെ ‘മദർ ഓഫ് ഓൾ ബോംബ്സിനാണ് രണ്ടാം സ്ഥാനം.
കടപ്പാട് – വിക്കിപീഡിയ.