കടപ്പാട് – മാർട്ടിൻ ജോസ്, നിഖിൽ എബ്രഹാം, ബാസിം സിദാൻ. ചിത്രങ്ങൾ – Nisar Kolakkadan, Albin Manjalil, Bus Kerala.
ഇതാ നിരത്തിലിറങ്ങാൻ പോകുന്നു കേരളത്തിലെ ആദ്യ ടാറ്റാ 1618c നിർമിത സ്വകാര്യ സ്റ്റേജ് കാരിയേജ് ബസ്… അതും വയനാട് ചുരത്തിലെ 80 ആണ്ടു പഴക്കമുള്ള രാജപെർമിറ്റിൽ തന്നെ, ഇന്നും CWMS എന്ന ഇതിഹാസ നാമവും പേറികൊണ്ട്… ഈ റൂട്ടിലെ യാത്രക്കാർ CWMS എന്ന വിഖ്യാത നാമം നെഞ്ചിൽ പേറിയിട്ട് ഇത് 80 ആം വർഷം… Since_1939…നമുക്ക് കൂടുതൽ അറിയാം ആ ഇതിഹാസ രാജാവിന്റെ ചരിത്രം.
കാട്ടുമൃഗങ്ങളോടും മാറാരോഗങ്ങളോടും പടവെട്ടി വയനാടൻ മണ്ണിൽ പൊന്നു വിളയിച്ച കുടിയേറ്റക്കാരുടെ മനസ്സിൽ പഴയ കാല സ്മരണ കുത്തിനിറയ്ക്കുന്ന ഒരു ബസ് ഉണ്ട്…
ബ്രിട്ടീഷ് ഭരണകാലത്ത് തൊഴിലിനും കൃഷിക്കുമായി നിരവധി പേർ വയനാട്ടിലേക്ക് കുടിയേറിയിരുന്ന കാലം . 1939 ൽ കോഴിക്കോട് സി സി ആൻഡ് കമ്പനിയും കെ പി ബസ് സർവ്വീസും മൈസൂരിലെ മാരുതി മോട്ടോഴ്സുമായി ചേർന്ന് തുടങ്ങിയ കാലിക്കട്ട് വയനാട് മോട്ടോർ സർവ്വീസ് ലിമിറ്റഡ് (CWMS) ആരംഭിച്ചു . ഇവർ മുൻപ് കാലിക്കട്ട്, വയനാട്, നീലഗിരിയെ ഒക്കെ ബന്ധിപ്പിച്ച് ഊട്ടി വരെ സർവ്വീസ് നടത്തിയിരുന്നു. കൂടാതെ കോഴിക്കോട് ജില്ലക്കുള്ളിലും ജില്ലയിൽ നിന്ന് സമീപജില്ലകളിലേക്കും സർവീസ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
സ്വന്തമായി വർക്ഷോപ് തുടങ്ങിയ അനുബന്ധങ്ങളും CWMS വണ്ടി കമ്പനിക്ക് ഉണ്ടായിരുന്നു. ഈ മേഖലയിലേക്കുള്ള കുടിയേറ്റക്കൾക്ക് ആക്കം കൂട്ടിയതും ഈ സർവ്വീസുകൾ ആയിരുന്നു. പക്ഷെ CWMS കമ്പനി കടുത്ത സാമ്പത്തിക ബാധ്യതയിൽ പെട്ടതിനാൽ ബസ് സർവീസുകൾ ചുരുങ്ങി. ദേവാല ബസ് ഉൾപ്പെടെ മൂന്നെണ്ണം ആയി ചുരുങ്ങി. രണ്ട് മൈസൂർ ബസുകൾ കർണ്ണാടക സ്വദേശികളുടേതായി, ഒപ്പം പേരും മാറി. അതുപോലെ ദേവാല CWMS ഉം കൈമറിഞ്ഞു. എങ്കിലും പുതിയ ഉടമ പാരമ്പര്യം അതേപോലെ കാത്തു സൂക്ഷിക്കുന്നു, ഒപ്പം ആ പേരും നിറക്കൂട്ടും.. നീലഗിരിയുടെ പച്ചപ്പ് പോലെ തന്നെ…
ചെമ്മണ്ണ് പറക്കുന്ന പഴയ ടിപ്പു സുൽത്താൻ റോഡിലൂടെ ബസിന്റെ കരിപ്പുകയുടെ അകമ്പടിയുമായി വന്നിറങ്ങി അവിടം വെട്ടി പിടിച്ചവർക്കും അവരുണ്ടാക്കിയ നാടിനും CWMS എന്ന ദേവാല ബസിനോടുള്ളത് തികഞ്ഞ വാത്സല്യം മാത്രമാണ്. പലരും ഇപ്പോഴും സ്വന്തം ബസ് സർവ്വീസ് പോലെയാണ് CWMS നെ കാണുന്നത്. അന്നത്തെ ബസിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് വീടുകളിൽ സൂക്ഷിക്കുന്നവർ അവിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഇപ്പോഴത്തെ ദേശീയപാതയായ ടിപ്പു സുൽത്താൻ റോഡിലൂടെ ഓടുന്ന ബസ് കാണുവാനായി പണ്ട് കവലകളിൽ ആളുകൾ കൂടുമായിരുന്നു.
ആവി എൻജിനായിരുന്നു ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. കൽക്കരി കത്തിച്ച് വെള്ളം ചൂടാക്കുന്നത് ക്ലീനറുടെ ജോലിയായിരുന്നു. താമരശ്ശേരി ചുരം കേറുന്നതിന് മുൻപ് അടിവാരത്ത് ബസ് നിർത്തി എൻജിൻ തണുപ്പിച്ച ശേഷമാണ് യാത്ര തുടരുക. ചുരത്തിലെ അപകടം പിടിച്ച ഹെയർ പിൻ വളവുകളിൽ സ്റ്റിയറിംഗ് തിരിക്കുന്നത് രണ്ടും മൂന്നും പേർ ചേർന്നായിരുന്നു പോലും. ഇന്ന് അതൊക്കെ മാറി, ബസുകളും ഒപ്പം താമരശ്ശേരി ചുരവും ആധുനികമായി… പക്ഷെ അന്നുമിന്നും മാറാതെ നിലനിൽക്കുന്ന ഒന്നുണ്ട്, CWMS എന്ന പേരിൽ എട്ട് പതിറ്റാണ്ടായി തങ്ങൾക് ലഭിച്ചുകൊണ്ടിരിക്കുന്ന സേവനത്തോട് നാട്ടുകാർക്ക് ഉള്ള മമത.. ദേവാല ബസിന് സീറ്റ് ബുക്ക് ചെയ്ത് ഊഴംകാത്ത് ദിവസങ്ങളോളം ചിലവഴിച്ചവർ പഴയ തലമുറയിൽ ഉണ്ട്.
കാട്ടാനകളും കരടികളുമടക്കം വന്യ ജീവികൾ ബസിന് തടസ്സം സൃഷ്‌ടിച്ചിരുന്ന കാലത്തുപോലും കൃത്യമായി കോഴിക്കോട് എത്തി തിരിച്ചു പോയിരുന്ന സേവനം പതിറ്റാണ്ടുകളായി തുടരുന്നതിനാൽ തന്നെ ദേവാലക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഈ ബസ് സർവീസ്. അടുത്ത കാലത്ത് KSRTC യും തമിഴനാട് സർക്കാർ ബസുകളും സർവീസുകൾ തുടങ്ങിയിട്ടും CWMS ബസിന് കാത്തു നിൽക്കുന്നവർ ഇന്നും ധാരാളമുണ്ട്. പതിവ് സംഭവങ്ങളെ സൂചിപ്പിക്കാൻ ‘ദേവാല ബസ് പോലെ’ എന്ന ചൊല്ലും കോഴിക്കോട് വയനാട് ജില്ലകളിൽ കേൾക്കാറുണ്ട്.
ജീവനക്കാരിൽ മിക്കവരും വർഷങ്ങൾ ആയി ഈ ബസിൽ തന്നെ ജോലി ചെയ്യുന്നവർ ആണ്. നാല്പത് വർഷത്തിലേറെയായി കണ്ടക്റ്റർ ആയി ജോലി ചെയുന്ന പടനിലം സ്വദേശി ഹരിദാസ് പഴയതെല്ലാം ഇന്നലെയെന്ന പോലെ ഓർമിക്കുന്നു. ടെലിഫോൺ ഉൾപ്പടെ ആധുനിക സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് വയനാട്ടിലും നീലഗിരിയിലുമുള്ളവർ ബസ് ജീവനക്കാരിലൂടെ സന്ദേശങ്ങളും പണവും കൈമാറിയിരുന്നു. അത്രക്ക് വിശ്വാസം ആയിരുന്നു അവർക്ക് ഈ സർവീസിനോട്. മരണ വിവരങ്ങൾ ഉൾപ്പടെയുള്ള നിരവധി കാര്യങ്ങൾ അക്കാലത്തു ദിവസവും കവലകളിൽ ബസ് നിർത്തി പറയാറുണ്ടായിരുന്നു. അതിനാൽ നാട്ടുകാർക്ക് ബസ് ജീവനക്കാരോട് കുടുംബാംഗങ്ങളോടെന്നപോലെയുള്ള ബന്ധമായിരുന്നു. ഇന്നും അതിനു കൈമോശം വന്നിട്ടില്ല.
CWMS സർവീസിൽ നീരാവി ഫാർഗോ എൻജിനുകളായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് അശോക് ലെയ്ലാന്റ് ബസിലേക്ക് മാറി. ഇപ്പോളഴിതാ ഇന്ത്യക്കാരന്റെ അഭിമാനം ആയ ടാറ്റയും. Calicut – Wayanad Motor Service 1939 ൽ ദേവാല – കോഴിക്കോട് റൂട്ടിൽ ഈ പെർമിറ്റ് ആരംഭിച്ചെങ്കിലും ആദ്യമായിട്ടാകണം ഒരു ടാറ്റാ ബസ് CWMS പെർമിറ്റിൽ വരുന്നത്. അത് ഏറ്റവും മികച്ച 1618c BS4 എന്ന 12 മീറ്റർ വാഹനം തന്നെ ആയതിൽ ഏറെ സന്തോഷം. മികച്ച യാത്ര സുഖമുള്ള ഒരു ബസ് മോഡൽ ആണ് 1618c എന്നത് അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം. 180 bhp കരുത്തും ഉണ്ട്. പൊള്ളാച്ചിയിലെ AE കോച്ച് ആണ് ബോഡി നിർമാണം. അതായത് മുൻകാല ടാറ്റാ ഡീലർമാർ ആയിരുന്ന ശക്തി മോട്ടോർസിന്റെ കുടുംബത്തിൽ നിന്ന് തന്നെ.
ഇന്ന് ദേവാല ബസിന്റെ ഓണർ മേപ്പാടി സ്വദേശിയായ ഷാജഹാൻ (MSA ഗ്രൂപ്പ്) ആണ്. കുടിയേറ്റ ജനതയുടെ പിൻതലമുറക്കാരനായ ഷാജഹാൻ കൗതുകവും ആവേശവും നിറഞ്ഞ മനസോടെയാണ് ഈ ബസ് സ്വന്തമാക്കിയത്. അതിനാൽ ആ പേരും നിറവും ഇന്നും സൂക്ഷിക്കുന്നു. അന്തർ സംസ്ഥാന LSFP പെർമിറ്റ് ആയതിനാൽ ഈ ബസ്സിന് ഇന്നും കളർ കോഡ് ആവശ്യമില്ല. ദേവാലയിൽ നിന്ന് 6:30 ന് പുറപ്പെടുന്ന ബസ് ആദ്യ കാലങ്ങളിൽ 12:30 ന് ആയിരുന്നു എത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് പത്തരയാകുമ്പോഴേക്കും എത്തും.
യാത്രക്കാർക്കും ബസ് പ്രേമികൾക്കുമെല്ലാം എന്നും എല്ലാ പിന്തുണയും നൽകിയിട്ടുള്ള മേപ്പാടി MSA ഗ്രൂപ്പിന് വിജയാശംസകൾ…