‘കോമ്രേഡ്’ – എന്നെന്നേക്കുമായി വിടപറഞ്ഞ ബസ് പ്രസ്ഥാനത്തിലെ അതികായൻ

കേരളത്തിലെ സ്വകാര്യ ബസ്സുകളിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു പേരാണ് ‘കോമ്രേഡ്.’ എങ്ങനെയാണ് കോമ്രേഡ് ബസ്സുകൾ ഇത്രയും പ്രസിദ്ധിയാർജ്ജിച്ചത്? അത് അറിയണമെങ്കിൽ കുറച്ചുനാളുകൾക്ക് മുൻപ് അന്തരിച്ച കോമറേഡ് ബസ് ഉടമ ബേബി പോളിനെക്കുറിച്ചും അറിയണം. Kothamangalam Vartha എന്ന ഓൺലൈൻ മാധ്യമത്തിൽ ബിബിൻ പോൾ എബ്രഹാം എഴുതിയ ലേഖനം വായിക്കാം.

ഒരു കാലത്തു സ്വകാര്യ ബസ് പ്രസ്ഥാനത്തിലെ അതികായനായിരുന്നു ‘കോമറേഡ് ബേബി’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പാണാട്ട് ബേബി പോൾ. കോമറേഡ് എന്ന പേരിൽ ബസ് സർവീസ്, സുമ ഫ്യുവൽസ്, പാണാട്ട് റോഡ് വെയ്‌സ്, വഞ്ചിനാട് ഓട്ടോ ഫിനാൻസ്, സുമ ട്രാൻസ്‌പോർട്സ് എന്നി സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. പല വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ജീവനക്കാരുടെ ആശ്രയമായിരുന്നു കോമറേഡ് ബേബി. പരിചയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും സമകാലീനർക്കും ഒരുപോലെ പ്രിയങ്കരനാവാൻ കെല്പും നേതൃത്വപാടവും ഉള്ള അസാധാരണ പ്രതിഭ. ബസ് പ്രസ്ഥാനത്തിലും ജീവിതത്തിലും കണ്ടു പഠിക്കേണ്ട ഒരു പാഠ പുസ്തകമാണ് ഇവിടെ അവസാനിക്കുന്നത്.

നാൽപ്പത്തിരണ്ടു വർഷങ്ങൾക്കു മുൻപ്, അതായത്‌ 1975 ഡിസംബർ 28 നു ചെറുകുന്നത്തിനു അടുത്തു അശമന്നൂരുള്ള പാണാട്ടു വീട്ടിൽ ബേബി പോൾ എന്ന ആൾ ഒരു KLR 5251 ബസുമായി പൊതു ഗതാഗത രംഗത്തേക്ക് വന്നു. ആദ്യം അദ്ദേഹം സർവിസ് തുടങ്ങിയത് കോമറ്റ് എന്ന പേരിൽ തട്ടേക്കാട് കാലടി റൂട്ടിൽ ആണ്. പിന്നീട് വെള്ളാരംകുത്തു ആലുവ ലിമിറ്റഡ് സ്റ്റോപ്പ് ആയി. കാലക്രമേണ മികച്ച സെർവീസുകളുമായി അയാൾ ഹൈറേഞ്ചിലേക്ക് കയറി.

പൊന്മുടി പാലാ, പത്തനംതിട്ട നെടുങ്കണ്ടം, പൂപ്പാറ എറണാകുളം, നെടുങ്കണ്ടം തൊടുപുഴ, പണിക്കൻകുടി എരുമേലി, കൈലാസപ്പാറ എറണാകുളം, ശാന്തൻപാറ എറണാകുളം, വട്ടപ്പാറ എറണാകുളം അങ്ങനെ പേരെടുത്തു പറയുന്ന സർവീസുകൾ. സൂപ്പർക്ലാസ്സ് പെർമിറ്റുകൾ കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിയതോടെ ഈ സർവ്വീസുകൾ ഒന്നൊന്നായി നിർത്തിപ്പോയി.

നാല്പതു കൊല്ലത്തോളം ജനങ്ങൾ നൽകിയ സ്നേഹവും വാത്സല്യവും എല്ലാം മനസ്സിൽ വച്ചുകൊണ്ട് കോംറൈഡും പടിയിറങ്ങിയപ്പോൾ ഒരു കൂട്ടം ജനത നിറഞ്ഞ കണ്ണുകളോടെയാണ് ആ സത്യം ഏറ്റു വാങ്ങിയത്. ബസ്‌ ഓടാൻ ടാറിട്ട റോഡ് ഇല്ലാതെ ഇരുന്ന കാലത്തു പൊന്നും വില കൊടുത്തു ഉണ്ടാക്കിയ പെർമ്മിറ്റുകൾ. കാടും മലയും കാട്ടാറും കാട്ടു മൃഗങ്ങളെയും വക വെക്കാതെ വനമേഖലയിൽ ഉണ്ടായിരുന്ന ജനങ്ങളെ അവരുടെ കുടുംബങ്ങളെ ഒരു കരക്കെത്തിക്കാൻ വലിയ പ്രയത്നം ചെയ്തവർ. അതുകൊണ്ടാണ് ഈ ബസുകളും ജീവനക്കാരും മുതലാളിമാരും ആ ജനങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ ആയതു. പി പി കെ യും, പിഎംഎസും, എൻ എം എസും, സംഗമവും, കോംമേറെഡ്, പൗർണമി ഇവരൊക്കെ ഹൈറേഞ്ചിന്റെ രാജാക്കന്മാരും രാജകുമാരികളും ആയി മാറിയത്.

പല ബസ് മുതലാളിമാരും അവരുടെ ജീവിതം കെട്ടിപ്പെടുത്തിയത് ബസ് പ്രസ്ഥാനം കൊണ്ടാണ് എന്നു പലരും പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒന്നിൽക്കൂടുതൽ ബസുകൾ ഹൈറേഞ്ച് പോലുള്ള മേഖലയിൽ ഓടിച്ചു വരുമാനം ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് കൃത്യമായ ഇടവേളകൾ ഇല്ലാതെ ഓടുന്ന സർക്കാർ ബസുകളും അല്ലാതെ ഉള്ള ഓട്ടോ ജീപ്പ് സർവീസും സൂപ്പർ ക്ലാസ് പെർമിറ്റുകൾ പോയതും എല്ലാം വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചു എന്നും വിലയിരുത്തുന്നു. ഇനിയുള്ള കാലം ആരൊക്കെ ഈ പ്രസ്ഥാനത്തിൽ നില നിൽക്കും എന്നു നമുക്ക് അറിഞ്ഞൂടാ എങ്കിലും ഒന്നോർത്ത് സമാധാനിക്കാം ഹൈറേഞ്ച് രാജകുമാരന്മാരെ ആരു വാങ്ങിയാലും അവന്റെ പേരു മാറ്റാൻ ഒന്നു മടിക്കും അതാണ് അവന്റെ ശക്തി. തങ്ങളുടെ കീഴിൽ ഉള്ള എല്ലാ വണ്ടികളും വിറ്റു കോമേറെഡ് പ്രൈവറ്റ് ബസ് പ്രസ്ഥാനത്തിൽ നിന്നു മാത്രമല്ല ലോകത്തോടും വിടപറഞ്ഞിരിക്കുന്നു.

ഒരു വ്യാഴവട്ടം മുഴുവൻ സേവനത്തിനു മാറ്റിവെച്ച നാമമായിരുന്നു കോമ്രേഡിന്റേതു. പടിയിറങ്ങി പോകുമ്പോൾ ഇനി മടക്കയാത്രയ്ക്ക് ഉണ്ടാവില്ല എന്ന് കേൾക്കുമ്പോൾ പിടിയുന്നുണ്ട് കോതമംഗലം നിവാസികളുടെ മനസ്. കോമ്രേഡ് കടന്നു പോകുന്ന വീഥികളിലുള്ളവർക്ക് ഏറെ പ്രിയപ്പെട്ട നിന്നെ ഇനി ഈ വഴികളിൽ എവിടെയും കണ്ടുമുട്ടാൻ സാധിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയാൻ മനസ്സ് സമ്മതിക്കുന്നില്ല. ‘കോമ്രേഡ്’ എന്നു പറഞ്ഞാൽ ‘സഖാവ്’ എന്നാണർത്ഥം. ഒരു യഥാർത്ഥ സഖാവ് എന്നത് ന്യായത്തിനു വേണ്ടി വിപ്ലവവഴികൾ താണ്ടുന്നവൻ ആണ്. കൂടെ എസ്കോര്ട് വന്ന ആനവണ്ടിയോടും, പിന്നെ പലതിനോടും വഴിയിൽ പൊരുതി പോരാടി നോക്കി. പിടിച്ചുനിൽപ്പിന്റെ അവസാന മാർഗവും തടസ്സം ആയപ്പോൾ ഇനി ഒരു അങ്കത്തിനു മുതിരാതെ സഖാവും 2016 ൽ കളം വിടുകയായിരുന്നു.

തണുത്തുറഞ്ഞ നെടുങ്കണ്ടത്തുനിന്നും ആരെയും കൂസാതെയുള്ള സഖാവിന്റെ കോതമംഗലം ബസ്റ്റാന്ഡിലേക്കുള്ള വരവ്, രാവിലെ നിർമ്മല കോളേജിൽ പോകുവാൻ നിൽക്കുന്ന വിദ്യാർത്ഥികളെ മാത്രമല്ല സ്റ്റാൻഡിലെ വണ്ടി പ്രേമികളുടെയെല്ലാം ഹരമായിരുന്നു. റാന്നിയിയിലെ റബ്ബർ ബോർഡിന്റെ നഴ്‌സറിയിൽ പോയിട്ടുള്ള ഒരു കർഷകൻ പോലും മറക്കില്ല ഇവന്റെ സേവനം. അടുത്ത കാലം വരെ വീട്ടിൽ നിന്നും എവിടെയെത്തി എന്ന് വിളിച്ചു അന്വേഷിക്കുന്നവരോട് , ഞാൻ കോംമേറെഡിൽ വന്നുകൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോൾ കിട്ടുന്ന മറുപടി മറ്റുള്ളവർക്ക് ഒരു ആശ്വാസവും , ഒരു വിശ്വാസവും ആയിരുന്നു. ആരൊക്കെ നിന്നെ മറന്നാലും ഞങ്ങൾ കോതമംഗലംകാർക്ക് പ്രിയങ്കരനായ പോരാളി തന്നെ ആയിരിക്കും സഖാവ് . അങ്ങനെ വിളിക്കുവാനാണ് ഞങ്ങൾക്ക് ഇഷ്ടവും എന്നാണ് ബസ് പ്രേമികളും യാത്രക്കാരും പറയുന്നത്.

യാത്രക്കാർ നെഞ്ചിലേറ്റിയ ആ നാമം സ്വീകരിച്ചു ഇന്ന് പലരും സർവീസ് നടത്തുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല ആ വിശ്വാസം കോമറേഡ് ബേബി എന്ന ആളുടെ ആത്മ ധൈര്യത്തിന്റെയും അർപ്പണ ബോധത്തിന്റെയും പ്രതീകമാണ് ആ പേര്. ബേബി ചേട്ടൻ ഈ ലോകത്തു നിന്നെ പോയിട്ടുള്ളൂ, കോതമംഗലംത്തെയും, ഹൈറേഞ്ച് ജനതയുടെയും മനസ്സിൽ നിന്ന് ഒരിക്കലും മരിക്കില്ല, എന്നുമുണ്ടാകും മരിക്കാത്ത ഓർമ്മകളുമായി തങ്ങളുടെ ജീവിതത്തെ കര കയറ്റിയതിന്റെ കടപ്പാടുമായി.