കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ് ജില്ല. 1956 നവമ്പർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂർ-കൊച്ചിയിലേക്ക് മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസറഗോഡ് താലൂക്കും വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു.
കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിൽനിന്നാണ് കാസറഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാം.സംസ്കൃതപദങ്ങളായ കാസാര- (കുളം, തടാകം), ക്രോദ (kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളിൽ നിന്നാണ് ഈ പേരു വന്നതെന്നും വാദമുണ്ട്.
ചരിത്രം : ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ഹർക്‌വില്ലിയ (Harkwillia) എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംബള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാര സാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്‌ക്കൻമാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി . കുംബള, ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകൾ ശിവപ്പ നായ്ക്നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻമാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായി.
ബഹുഭാഷാപ്രദേശമാണ് കാസറഗോഡ്. കേരളത്തിന്റെ അതിർത്തിപ്രദേശത്തു കിടക്കുന്ന കാസറഗോഡ്, ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും കന്നട, തുളു, കൊങ്കണി, ബ്യാരി, മറാത്തി, കൊറഗഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകളും സംസാരിക്കുന്നു. മലയാളഭാഷയുടെ കാസറഗോഡ് വകഭേദം തനിമയുള്ളതാണ്. തുളു, കന്നഡ ഭഷകളുടെ സ്വാധീനം ഈ പ്രത്യേക ഭാഷാഭേദത്തെ രൂപപ്പെടുത്തി.
ചെറുതും വലുതുമായ നിരവധി കോട്ടകൾ കാസറഗോഡ് ജില്ലയുടെ പ്രത്യേകതയാണ്. ബേക്കൽ, ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുൾല കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്. ചന്ദ്രഗുപത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടാരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ് ചന്ദ്രഗിരിപ്പുഴയ്‌ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റർ നീളമുള്ള കാര്യങ്കോട് പുഴയാണ് നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്‌ക്കു കുറുകേയാണ്. മറ്റുള്ള പുഴകൾ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റർ), ഉപ്പള പുഴ (50 കിലോമീറ്റർ), മൊഗ്രാൽ പുഴ(34 കിലോമീറ്റർ), ചിത്താരിപ്പുഴ(25 കിലോമീറ്റർ), നീലേശ്വരം പുഴ (47 കിലോമീറ്റർ), കവ്വായിപ്പുഴ(23 കിലോമീറ്റർ), മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ), കുമ്പള പുഴ(11 കിലോമീറ്റർ), ബേക്കൽ പുഴ(11 കിലോമീറ്റർ) കളനാട് പുഴ(8 കിലോമീറ്റർ).
വിനോദസഞ്ചാര കേന്ദ്രങ്ങൾ : ബേക്കൽ കോട്ട, നിത്യാനന്ദാശ്രമം, ചന്ദ്രഗിരി കോട്ട, ആനന്ദാശ്രമം, റാണിപുരം, കോട്ടഞ്ചേരി മലനിരകൾ, ആനക്കല്ല് വെള്ളച്ചാട്ടം, എടക്കാനം വെളളച്ചാട്ടം, പള്ളിക്കര ബീച്ച്, തേൻവാരിക്കല്ല് വെള്ളച്ചാട്ടം.