കേരളം ഉണ്ടാകുന്നതിനു മുന്നേ ഓടിത്തുടങ്ങിയ കെഎസ്ആർടിസി

കെഎസ് ആർടിസി ബസ്സുകളിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. യാത്രകൾ ചെയ്യുന്നവർക്ക് പ്രിയങ്കരനാണെങ്കിലും കെഎസ്ആർടിസിയുടെ ചരിത്രം ഇന്നും ഭൂരിഭാഗം ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. ഇത് പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഒരു മ്യൂസിയം പോലും നമുക്കില്ല. അറിയാത്തവർക്കായി ഇതാ നമ്മുടെ ആനവണ്ടിയുടെ ചരിത്രം.

കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. ഒരിക്കലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ കയറാത്ത മലയാളികള്‍ കുറവായിരിക്കും. ഒറ്റപ്പെട്ടു കിടക്കുന്ന മലനാടുകളെയും കുഗ്രാമങ്ങളെയും പട്ടണങ്ങളുമായും റെയില്‍വേ സൗകര്യമില്ലാത്ത കിഴക്കന്‍ മലയോരമേഖലകളെ നഗരങ്ങളുമായും ബന്ധപ്പിക്കുന്ന കണ്ണി. ഒട്ടേറെപ്പേര്‍ക്ക് ജീവിതയാത്ര ഒരുക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍.

കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം – കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻ‌ഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു. നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.

സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.

പിന്നീട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാ‍പന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി. പിന്നെയങ്ങോട്ട് കെഎസ്ആർടിസി മലയാളക്കരയുടെ റോഡുകളിൽ ഭാഗമാകുവാൻ തുടങ്ങി. പ്രൈവറ്റ് ബസ്സുകൾ പോലും കടന്നു ചെല്ലാത്ത ഗ്രാമപ്രദേശങ്ങളിലെ യാത്രാദുരിതങ്ങൾക്ക് കെഎസ്ആർടിസി മറുവാക്കായി മാറി.

ആനവണ്ടി എന്നാണു കെഎസ്ആർടിസിയെ അന്നുമിന്നും ആളുകൾ വിളിക്കുന്ന ചെല്ലപ്പേര്. ആനയുടെ ചിത്രമുള്ള സർക്കാർ മുദ്ര കെഎസ്ആർടിസി ബസ്സുകളിൽ ഉള്ളതുകൊണ്ടായിരിക്കണം ഇത്തരമൊരു പേര് വന്നതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ഇന്ന് കെ.എസ്.ആർ.ടി.സി-ക്ക് അശോക് ലെയ്ലാൻഡ്, ടാറ്റാ മോട്ടോർസ്, ഐഷർ, വോൾവോ, സ്കാനിയ എന്നീ‍ കമ്പനികളുടെ ബസ്സുകൾ സ്വന്തമായി ഉണ്ട്. കെ.എസ്.ആർ.ടി.സി.യിലെ വിവിധ തരം ബസ് സർവ്വീസുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്നു.

ഓർഡിനറി : ചെറിയ ദൂരങ്ങളിൽ ഓടുന്ന സാധാരണ സർവ്വീസുകളാണിവ.സൂപ്പർ ക്ലാസ്സ് ബസ്സുകളുടെ പെർമിറ്റ് കാലാവധി കഴിയുമ്പോൾ അവ ഓർഡിനറി സർവ്വീസുകൾക്ക് വേണ്ടി തയ്യാറാക്കുന്നു. ഫീഡർ സർവ്വീസുകൾ ഓർഡിനറിയിൽപ്പെടുന്നു. ഫാസ്റ്റ് പാസ്സഞ്ചർ : ദീർഘദൂരത്തിലുള്ള സർവ്വീസുകൾക്ക് ഉപയോഗിയ്ക്കുന്നതാണ് ഫാസ്റ്റ് പാസ്സഞ്ചർ.ഓർഡിനറിയെ അപേക്ഷിച്ച് ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്. ചാർജ് ഓർഡിനറിയേക്കാൾ കൂടുതൽ ആണ്.

സൂപ്പർ ഫാസ്റ്റ് : വളരെ കൂടിയ ദൂരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന വാഹനങ്ങളാണിവ.അതിവേഗം നിഷ്കർച്ചിട്ടുള്ള ഈ ബസ്സുകൾ ഏറ്റവും പ്രധാന സ്ഥലങ്ങളിൽ നിർത്തുന്നതാണ്. സൂപ്പർ എക്സ്പ്രസ്സ് : പച്ച നിറമുള്ള സൂപ്പർ ക്ലാസ്സ് ബസ്സുകളാണിത്. ഇടയ്ക്ക് നിർത്തിവച്ചിരുന്നെങ്കിലും പുനരാരംഭിച്ചു. സൂപ്പർ ഡീലക്സ് : വെള്ള നിറത്തിൽ കാണപ്പെടുന്ന ദീർഘദൂര സർവീസുകളാണ് സൂപ്പർ ഡീലക്‌സുകൾ. പുഷ് ബാക്ക് സൗകര്യത്തോടെയുള്ള സീറ്റുകൾ ഉള്ള ഈ ബസ്സുകളിൽ ഭൂരിഭാഗവും ബെംഗളൂരു പോലുള്ള ദൂരദേശങ്ങളിലേക്ക് ആണ് സർവ്വീസ് നടത്തുന്നത്. ശബരി എന്ന പേരിലും ഡീലക്സ് സർവ്വീസുകൾ നടത്തുന്നുണ്ട്. മിന്നൽ സർവ്വീസ് : ഉയർന്ന യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി ട്രെയിനുകളേക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുദ്ദേശിച്ചു തുടങ്ങിയതാണിവ. സിൽവർ ലൈൻ ജെറ്റ് സർവീസുകളുടെ പരിഷ്കരിച്ച പതിപ്പാണ് മിന്നലുകൾ.

സ്‌കാനിയ/ വോൾവോ ലക്ഷ്വറി സർവ്വീസുകൾ : കെഎസ്ആർടിസിയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള ബസ് സർവ്വീസുകളാണ് ഇവ. ടിവി, മ്യൂസിക് സിസ്റ്റം, എസി, പുതപ്പ്, വെള്ളം തുടങ്ങി യാത്രക്കാർക്ക് ഉയർന്ന തലത്തിലുള്ള സൗകര്യങ്ങൾ ഈ സർവീസുകളിൽ ലഭിക്കും. വോൾവോ ബസ്സുകൾക്ക് ഗരുഡ കിംഗ് ക്‌ളാസ്സ് എന്നും സ്‌കാനിയ ബസ്സുകൾക്ക് ഗരുഡ മഹാരാജ എന്നുമാണ് പേര്.

കുറ്റങ്ങളും കുറവുകളുമൊക്കെയുണ്ടെങ്കിലും കെഎസ്ആർടിസി മലയാളികൾക്ക് എന്നും ഒരു നൊസ്റ്റാൾജിയ ആണ്. കടക്കെണിയിൽ മുങ്ങിയിരിക്കുകയാണെങ്കിലും കെഎസ്ആർടിസി എന്ന മലയാളികളുടെ സ്വന്തം ആനവണ്ടി ഇന്നും ഓടിക്കൊണ്ടിരിക്കുന്നു.