കേരളത്തിൽ ഏറ്റവുമധികം ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിൽ പോകാത്ത മലയാളി സഞ്ചാരികൾ ഉണ്ടായിരിക്കാനും വഴിയില്ല. മൂന്നാറിൽ ചെന്ന് അവിടത്തെ പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു, ഫോട്ടോകളും എടുത്ത് തിരികെ വരുന്നവർ അറിഞ്ഞിരിക്കണം മൂന്നാറിന്റെ ചരിത്രം. നിങ്ങളിൽ മൂന്നാറിന്റെ ചരിത്രം അറിയാത്തവർക്കായി ഇതാ അവ വിവരിക്കാം.
ഇടുക്കി ജില്ലയിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
മൂന്നാറിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മോണോറെയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജലവൈദ്യുതി പദ്ധതിക്ക് വഴികാട്ടിയായതും കന്നുകാലി വർഗോർദ്ധരണത്തിന് തുടക്കമിട്ടതും ഈ മണ്ണിൽ നിന്നാണ്. 1790ലാണ് ബ്രിട്ടിഷുകാർ ആദ്യം കണ്ണൻ ദേവൻ കുന്നുകളിൽ വന്നത്. അന്നത്തെ സായ്പിന്റെ വരവ് ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും അത് വേണ്ടി വന്നില്ല. 1817ൽ ഈ പ്രദേശത്ത് സർവേക്കായി മദിരാശി ആർമിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തെി.
1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്സ് അസോസിയേഷൻറ പിറവി. അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു. ആദ്യ റബ്ബർ തൈ നട്ടതും അടുത്ത കാലം വരെ മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളത്താണ്. മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടത്തെിയതോടെ മൂന്നാറിന്റെ കുതിപ്പിന് തുടക്കമായി. 1915ൽ മൂന്നാറിൽ ധാരാളം തേയിൽ എസ്റ്റേറ്റുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു. ചരക്ക് നീക്കത്തിന് വേണ്ടിയാണ് റോഡുകൾ നിർമ്മിക്കപ്പെട്ടത്.
1902 ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയിൽ സ്ഥാപിച്ചു. ടോപ്പ് സ്റ്റേഷനിൽ നിന്ന് റോപ്‌വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽ നിന്ന് കാളവണ്ടി മാർഗ്ഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിന് വേണ്ടി 500 കാളകളെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. ഒപ്പം ഇംഗ്ളണ്ടിൽ നിന്ന് വെറ്ററനറി സർജനും രണ്ട് സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികൾക്കായി ഷെഡ് ഒരുക്കിയത്.
പിന്നിട് കുണ്ടളയിൽ സാൻഡോസ് കോളനി ആരംഭിക്കാൻ കാരണമായതും അന്നത്തെ സംഭവമാണ്. പിന്നീട് മാടുപ്പെട്ടിയിൽ ഇൻഡോ-സ്വീസ് പ്രോജക്ട് സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലമാകുകയും ചെയ്തു. മാടുകളുടെ ഗ്രാമം എന്നർഥം വരുന്ന മാടുപ്പെട്ടിയിൽ വികസിപ്പിച്ചെടുത്ത ‘സുനന്ദനി’എന്ന സങ്കരയിനം ബീജമാണ് കേരളത്തിൽ ധവള വിപ്ലവത്തിന് വഴിയൊരുക്കിയത്.
മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാടുപെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, 1924ലെ വെള്ളപ്പൊക്കത്തിൽ തീവണ്ടിപാത തകർന്നു. മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. തീവണ്ടിപാതയുടെ തകർച്ചയെ തുടർന്ന് റോപ്‌വേയെ ആശ്രയിച്ചാണ് തേയില ടോപ്‌സ്റ്റേഷനിൽ എത്തിച്ചത്. പിന്നിടാണ് പാതകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗ്ഗമാക്കിയതും.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്. മൂന്നാറിലെ മനോഹരമായ മലനിരകൾ സന്ദർശിക്കുന്നതിനോടൊപ്പം ആസ്വദിക്കാൻ സാധിക്കുന്ന ചുറ്റുപാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഇരവികുളം നാഷണൽ പാർക്ക് : മൂന്നാറിനടുത്തുള്ള പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇരവികുളം നാഷണൽ പാർക്ക്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ പ്രസിദ്ധമാണ് ഈ സ്ഥലം. 97 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് അപൂർവ്വങ്ങളായ നിരവധി ചിത്രശലഭങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്നു. ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ് പാർക്ക്. മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ആകർഷണീയത ഇവിടെ കാണാം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പശ്ചിമഘട്ട മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കുന്നതോടെ ഈ പ്രദേശം നീല പുതച്ച് ധാരാളം സന്ദർശകരെ ആകർഷിക്കും.
ആനമുടി : ഇരവികുളം ദേശീയ ഉദ്യാനത്തിനകത്ത് 2700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. ഈ കൊടുമുടിയിൽ ട്രെക്കിങ് അനുവദിക്കുന്നത് എരവികുളം വനം വന്യജീവി അധികൃതരുടെയും അനുമതിയോടെയാണ്.
മാട്ടുപ്പെട്ടി : മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി സന്ദർശകർക്ക് മറ്റൊരു പ്രധാന ആകർഷണകേന്ദ്രമാണ്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ഡാമും മനോഹരമായ തടാകവും അതിലെ ബോട്ട് സവാരിയും സന്ദർശകർക്ക് ചുറ്റുപാടുമുള്ള മലനിരകളും പുല്മേടുകളും ആസ്വദിക്കാൻ അവസരമൊരുക്കുന്നു. ഇൻഡോ-സ്വിസ് ലൈവ് സ്റ്റോക്ക് പ്രോജക്ട് നടപ്പിലാക്കുന്ന മാട്ടുപ്പെട്ടി പശുവളർത്തൽ കേന്ദ്രത്തിൽ ഉല്പാദന ശേഷി കൂടിയ വ്യത്യസ്ത ഇനം പശുക്കള കാണാൻ സാധിക്കും.
പള്ളിവാസൽ : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയുടെ വേദിയാണ് മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കിലോമീറ്റർ അകലെയുള്ള പള്ളിവാസൽ. പ്രകൃതി ഭംഗി നിറഞ്ഞ ഇവിടം സന്ദർശകകർക്ക് പ്രിയപ്പെട്ട പിക്നിക് കേന്ദ്രമാണ്.
ചിന്നക്കനാലും ആനയിറങ്കലും : പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം മൂന്നാർ ടൗണിന് സമീപത്താണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീ. ഉയരമുള്ള കുത്തനെയുള്ള പാറക്കൂട്ടത്തിൽ നിന്ന് നിപതിക്കുന്ന ഈ വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചിന്നക്കനാൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനയിറങ്കലിൽ എത്താം. തേയിലത്തോട്ടങ്ങളുടെ പച്ച പുതച്ചുകിടക്കുന്ന സ്ഥലമാണ് മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെ മൂന്നാർ-കുമളി റൂട്ടിലുള്ള ആനയിറങ്കൽ ജലാശയം. മനോഹരമായ റിസർവോയറിലേക്കുള്ള യാത്ര ഒരു അവിസ്മരണീയമായ അനുഭവമാണ്. ആനയിറങ്കൽ അണക്കെട്ട് തേയിലത്തോട്ടങ്ങളാലും നിത്യഹരിത വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു.
ടോപ്പ് സ്റ്റേഷൻ : മൂന്നാറിൽ നിന്നും 32 കിലോമീറ്റർ അകലെ സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൂന്നാർ-കൊടൈക്കനാൽ റോഡിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് ഇത്. മൂന്നാറിലെത്തുന്ന സന്ദർശകർ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ ദൃശ്യം ആസ്വദിക്കാൻ ടോപ്പ് സ്റ്റേഷൻ സന്ദർശിക്കാറുണ്ട്. 12 വർഷത്തിലൊരിക്കൽ നീലകുറിഞ്ഞി പൂവിടുമ്പോൾ അത് ആസ്വദിക്കാനുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇത്.
ടീ മ്യൂസിയം : തേയിലത്തോട്ടങ്ങളുടെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് മൂന്നാറിന് സ്വന്തമായി ഒരു പാരമ്പര്യമുണ്ട്. തേയിലത്തോട്ടങ്ങളുടെ ഉത്ഭവവും വളർച്ചയും സംബന്ധിച്ച ചില മികച്ചതും രസകരവുമായ വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ഏതാനും വർഷങ്ങൾക്കു മുമ്പ് മൂന്നാറിലെ ടാറ്റ ടീ ആരംഭിച്ചു. ഈ ചായ മ്യൂസിയത്തിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് മനസ്സിലാക്കാനുതകുന്ന ശില്പങ്ങൾ, ചിത്രങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. മൂന്നാറിലെ ടാറ്റ ടീയിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ഏത് കാലാവസ്ഥയിലും സന്ദര്‍ശിക്കുവാൻ പറ്റിയ സ്ഥലമാണ് മൂന്നാര്‍. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് മൂന്നാറിലെ സീസൺ. ഈ സമയത്ത് ഇവിടെ നല്ല തിരക്കായിരിക്കും അനുഭവപ്പെടുക. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തമിഴ്‌നാട്ടില്‍ (ചിന്നാർ വഴി, ബോഡിമെട്ട് വഴി) നിന്നും മികച്ച ഗതാഗത സൗകര്യമുണ്ട് ഇവിടേയ്ക്ക്. പല ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളും മൂന്നാറിലേക്ക് ടൂര്‍ പാക്കേജുകള്‍ നടത്തുന്നുണ്ട്. ഒട്ടേറെ മികച്ച റിസോര്‍ട്ടുകളും റെസ്റ്റ് ഹൗസുകളും ഹോംസ്‌റ്റേകളുമെല്ലാം മൂന്നാറിലും പരിസരപ്രദേശങ്ങളിലുമെല്ലാം താമസസൗകര്യം നല്‍കുന്നുണ്ട്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എറണാകുളത്തു നിന്നും കെഎസ്ആർടിസി – പ്രൈവറ്റ് ബസ്സുകൾ മാർഗ്ഗം മൂന്നാറിലേക്ക് എത്തിച്ചേരാവുന്നതാണ്. കെഎസ്ആർടിസി ബസ് സമയങ്ങൾ അറിയുവാൻ www.aanavandi.com സന്ദർശിക്കുക. അപ്പോൾ ഇനി മൂന്നാറിലേക്ക് അടുത്ത തവണ യാത്ര പോകുമ്പോൾ ഈ കാര്യങ്ങളൊക്കെ ഒന്നോർക്കുക.
കടപ്പാട് – വിക്കിപീഡിയ, idukki.nic.in, Photos – Nikhil Appu, Syril T Kurian.