പീച്ചക്കര പൈലി കുര്യാക്കോസ് ആൻഡ് സൺസ്. ഇങ്ങനെ പറഞ്ഞാൽ അധികം ആർക്കും മനസ്സിലാവണം എന്നില്ല പി പി കെ ആൻഡ് സൺസ് എന്നു പറഞ്ഞാൽ മധ്യകേരളത്തിലെയും അങ്ങ് ഹൈറേഞ്ചിലേയും മലയാളികൾക്ക് സുപരിചിതം.. അതെ നമ്മുടെ പി പി കെ ബസ് സർവീസിന്റെ കാര്യമാണ് പറഞ്ഞു പറഞ്ഞു വരുന്നത്…
ഇടുക്കിയുടെ ഹൈറേഞ്ച് മണ്ണിലേക്ക് വഴി തെളിച്ചു ബസ് സർവീസുമായി കയറി ചെന്നവരിൽ മുൻപന്തിയിലാണ് പീച്ചക്കര പൈലി കുര്യാക്കോസ് എന്ന കോതമംഗലംകാരൻ. റോഡ് ഇല്ലാത്ത ഹൈറേഞ്ചിലെ പല സ്ഥലങ്ങളിലേക്കും ആദ്യമായി സർവീസ് നടത്തിയ അഭിമാനത്തിന്റെ കഥകൾ, കെഎസ്ആർടിസിയും മറ്റു പ്രൈവറ്റ് ബസുകളും കടന്നു വരാൻ മടിച്ചിരുന്ന മലയോരമേഖലയെ കീഴടക്കിയ കഥകൾ, ഒക്കെ PPK യ്ക്ക് പറയുവാനേറെയുണ്ട്.
1950 കളിൽ ആണ് പി കെ കുര്യാക്കോസ് എന്ന മുതലാളി ബസ് വ്യവസായത്തിലേക്കു കടന്നു വരുന്നത് അന്ന് ഹൈറേഞ്ചിലേക്ക് വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.. അതും ഇന്നത്തെ പോലത്തെ നീളൻ വണ്ടികൾ അല്ല മൂക്ക് നീണ്ട കുഞ്ഞൻ വണ്ടികൾ രണ്ട് വശത്തേക്കുമായി ഇരിക്കുന്ന സീറ്റുകളോട് കൂടിയവ ആദ്യകാലങ്ങളിൽ ഇന്നത്തെപ്പോലെ ചുറ്റും തകിട് അടിച്ചതൊന്നുമാരുന്നില്ല കോഴിക്കൂട് പോലെ ചുറ്റും ഫ്രെയിം മാത്രം പടുത ഇട്ടു മൂടും മഴ വന്നാൽ… പിൽക്കാലത്താണ് പകുതി തകിടും അതിൽ പെയിന്റ് അടിച്ചും ബസ് ഇറങ്ങാൻ തുടങ്ങിയത്. അന്ന് ഇവിടെ ആളുകൾ കണ്ടിരുന്നത് മൂക്കുള്ള ഫോർഡിന്റെയും ബെൻസിന്റെയും ഷെവർലെയുടെയും ബസുകളാണ്. പൊതുഗതാഗതം വളരെ മോശമായിരുന്നു.
റോഡുകൾ ഗതാഗതസഞ്ചാരയോഗ്യമല്ലാത്ത കാലത്ത് ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ വഴിയൊരുക്കിയെന്നതിൽ അഭിമാനിക്കുന്നവരാണ് PPK. അന്നത്തെ കാലത്ത് മോശപ്പെട്ട വഴികളിലൂടെ സമയത്തു ഓടിയെത്തുകയെന്നത് വളരെ ദുർഘടം പിടിച്ച പണിയായിരുന്നു. പല ദിക്കിലേക്കും ബസുകൾക്ക് എത്തിച്ചേരാൻ ജനങ്ങളുടെ ഭാഗത്തുനിന്നും മികച്ച സഹകരമുണ്ടായിരുന്നു. യാത്രയിലുടനീളം വഴിയിലുണ്ടാകുന്ന തടസങ്ങൾ നീക്കം ചെയ്യാനുതകുന്ന ആയുധങ്ങൾ ബസുകളിൽ സൂക്ഷിച്ചായിരുന്നു കാരണവന്മാർ സർവീസുകൾ നടത്തി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്. കോതമംഗലം, ഇടുക്കി പ്രദേശത്തെ ജനങ്ങളുടെ നിത്യജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത ഒരു കുടുംബാംഗം പോലെയായിരുന്നു പി പി കെ ബസ്.
“യാത്രക്കാരന്റെ സമയത്തിന്റെ വില” എന്നതിനെ അടിസ്ഥാനമാക്കി പീച്ചക്കര തുടങ്ങിയ പെർമിറ്റ് ആണ് കോതമംഗലം – എറണാകുളം എക്സ്പ്രസ്. സമയക്ലിപ്തതയിലൂടെ വിജയം കണ്ട സർവീസ് ജനങ്ങളുടെ ആവശ്യപ്രകാരം പൂയംകുട്ടി വനമേഖലയിലേക്ക് നീട്ടി. തട്ടേക്കാട് ഭാഗത്ത് പെരിയാർ നദി കുറുകെ കടക്കാൻ പാലം ഇല്ലായെന്നത് വെല്ലുവിളി ആയി പീച്ചക്കരക്ക് മുന്നിൽ. കൂട്ടായ്മയുടെ വിജയം, തട്ടേക്കാട് ജങ്കാർ സർവീസ് തുടങ്ങി. അതിലൂടെ ബസ് പൂയംകുട്ടിയിലേക്ക്. നഗരവികസനം വേഗത കൈവരിച്ചു, ഗതാഗത തിരക്കിലമർന്ന റോഡുകൾ പൂയംകുട്ടി – എറണാകുളം എക്സ്പ്രസ് സമയക്ലിപ്തത പാലിക്കാനാവാതെ നിർത്തിയെന്ന് പറയപ്പെടുന്നു.
സ്വന്തം ബസുകൾക്കു ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യത്തിനായി മൂന്നാറിലും അടിമാലിയിലും കോതമംഗലത്തുമായി ഇന്ത്യൻ ഓയിൽ പമ്പുകളും തുടങ്ങി. ബസുകളുടെ എണ്ണം കൂടിയപ്പോ മുന്നാറിൽ സ്വന്തമായി ഒരു ഗ്യാരേജും ഒരു ഡിപ്പോയും അവർ തുടങ്ങി. വണ്ടികൾക്ക് എന്തെങ്കിലും തകരാറുകൾ വന്നാൽ അത് അന്നന്ന് പരിഹരിച്ചു പോന്നിരുന്നു.. അതിനായി ചിലപ്പോ മുന്നാറിൽ നിന്നും കോവിലൂരിൽ നിന്നും ബൈസൺ വാലിയിൽ നിന്നുമെല്ലാം കാലിക്കു മലയിറങ്ങുകയും കയറുകയും ചെയ്തിരുന്നു. അന്ന് ജനങ്ങൾക്ക് ആശ്രയിക്കാൻ മറ്റു വാഹനങ്ങള് ഇല്ലായിരുന്നതിനാൽ ബിസിനസ് എന്നതിലുപരി ഇതൊരു സേവനംകൂടി ആയിരുന്നു അവർക്ക്.
പിൽക്കാലത്തു പി എം എസ് പോലെ ഒരുപാട് ഓപ്പറേറ്റർസ് മലകയറിയെങ്കിലും പി പി കെയുടെ ജനസമ്മതി കുറഞ്ഞതേയില്ല. എന്നിരുന്നാലും കാലത്തിന്റെ കുത്തൊഴുക്കിലും കെ എസ് ആർ ടി സിയുടെ കടന്നുകയറ്റത്തിലും മറ്റു ഓപ്പറേറ്റർമാർക്ക് എന്ന പോലെ അനിവാര്യമായ ആ വിടപറയൽ ഇവരെയും തേടിയെത്തി. ഉണ്ടായിരുന്ന മിക്ക സർവീസുകളും ഇന്ന് നിന്നുപോവുകയോ മറ്റാളുകൾക്കു വിൽക്കുകയോ ചെയ്തു. പഴയ പ്രതാപ കാലത്തിന്റെ ഓർമക്കായി മുണ്ടക്കയം സേനാപതി റൂട്ടിൽ ഓടുന്ന ബസ് മാത്രം നിലനിർത്തി. കോതമംഗലം ടൗണിൽ തന്നെ ഇന്നും ചെന്നാൽ കാണാം കെട്ടുകഥകളെ വെല്ലുന്ന പ്രൗഢിയുടെ പുരാണം വിളിച്ചുപറയുന്ന പ്രായം ചെന്ന ഒരു ഓഫീസും പകുതിയിലേറെയും നശിച്ച വർക്ക്ഷോപ്പും ദ്രവിച്ചു തീരാറായ ഒരു ബസിന്റെ അസ്ഥികൂടവും.
2018 ൽ കോതമംഗലത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന P.P.K & SONS ബസ് പോലെ പീച്ചക്കരയിൽ പി.കെ.പൗലോസ് ചേട്ടനും കാലത്തിന്റെ യവനികയിൽ മറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സർവീസ് നടത്തി ജനങ്ങൾക്കിടയിൽ പേരെടുത്ത കൊമ്പന്മാരിൽ ഒരാളായി PPK & SONS ഓർമ്മയിൽ എന്നും നിലനിൽക്കും.
വിവരണം : ശരത് ശശി, www.privatebuskerala.com, ബേസിൽ ബെന്നി മാറഞ്ചേരി. ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : PPK &സൺസ് ഉടമ, ജോൺ ചേട്ടൻ – ചെക്കർ, ബിനോയ് – അടിമാലി അസോസിയേഷൻ, പ്രകാശ് – PPK യിലെ പഴയ കണ്ടക്ടർ.