റേഡിയോ ഒരു നൊസ്റ്റാള്‍ജിയ – അറിയാമോ റേഡിയോ ചരിത്രം?

ശബ്ദ പ്രക്ഷേപണത്തിനുള്ള ഒരു ഉപാധിയാണ് റേഡിയോ. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റേഡിയോ പ്രക്ഷേപകരാണ്‌ ആകാശവാണിഎന്ന All India Radio. റേഡിയോ പ്രക്ഷേപണത്തിനായി വിവിധ സങ്കേതങ്ങൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ അഥവാ (AM), ഫ്രീക്വൻസി മോഡുലേഷൻ അഥവാ എഫ്.എം. – (FM) , ഫേസ് മോഡുലേഷൻ തുടങ്ങിയവ ഇത്തരം ഉപാധികളാണ്. ഇതിൽ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ ആണ് കൂടുതൽ പ്രചാരം. SW (Short Wave – ഹ്രസ്വതരംഗം), MW (Medium Wave – മധ്യതരംഗം) എന്നീ ഫ്രീക്വൻസികളിൽ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ ആണ് കൂടുതൽ ഉപയോഗിക്കുന്നത്. ദീർഘദൂരപ്രക്ഷേപണത്തിന് അനുയോജ്യമാണെങ്കിലും വിദ്യുത്കാന്തിക തടസ്സങ്ങൾക്ക് (EMI) എളുപ്പം വിധേയമാകും എന്നതിനാൽ കൂടുതൽ വ്യക്തതയുള്ള ശബ്ദം ഇതിൽ ലഭ്യമല്ല.

ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഗൂഗ്ലിയെൽമോ മാർക്കോണിയാണ് 1859 പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. 1895-ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി.

തൊട്ടടുത്ത വർഷം 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തു. എന്നാൽ ഈ കണ്ടുപിടിത്തം ടെസ്ല കോയിൽ എന്ന ടെസ്ലയുടെ തന്നെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത് എന്നതിനാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് മാർക്കോണി നല്കിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടു. മൂന്നു വർഷങ്ങൾക്ക് ശേഷം മാർക്കോണിയുടെ നിരന്തര ശ്രമങ്ങളെ തുടർന്നു, ഈ പേറ്റൻറ് അദ്ദേഹം നേടിയെടുത്തു.

1909-ൽ ഈ കണ്ടുപിടിത്തത്തിന് മാർക്കോണി നോബൽ സമ്മാനവും നേടി. ഇത് ടെസ്ലയിൽ വാശിയുണ്ടാക്കുകയും മാർക്കോണിയുമായി ഒരു നിയമയുദ്ധത്തിന് ഇറങ്ങി പുറപ്പെടുകയും ചെയ്തു. തുടർന്നു നടന്ന കുറെ രാഷ്ട്രീയ-നിയമ കോലാഹലങ്ങളെ തുടർന്നു അമേരിക്കൻ സുപ്രീം കോടതി 1943-ൽ ടെസ്ലയെ തന്നെ ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പൊഴും പലരും മാർക്കോണിയെയാണ് റേഡിയോയുടെ പിതാവായി അറിയുന്നത്. ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉൾപ്പെടെ മറ്റ് പല പ്രമുഖശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാൾവഴിയിൽ മുഖ്യസംഭാവനകൾ നല്കിയിട്ടുണ്ട് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്.സാംസ്‌കാരിക പുരോഗതിയുടെ ചരിത്രത്തിൽ ശാസ്ത്രം നൽകിയ മികച്ച സംഭാവന ആണ് മാർക്കോണിയുടെ റേഡിയോ കണ്ടുപിടുത്തം.1920 കളുടെ ആരംഭത്തോടെ പല രാജ്യങ്ങളിലും പ്രേക്ഷേപണം ആരംഭിച്ചു.ഇന്ത്യയിൽ തുടർച്ചയായതും ക്രമവുമായതുമായ പ്രേക്ഷേപണം ആരംഭിക്കുന്നത് 1927 ൽ ആണ്.

പ്രക്ഷേപണ ബാൻഡുകൾ : ദീർഘതരംഗം (LW – Long Wave) 148.5 kHz മുതൽ 283.5 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു. LW വിൽ സംപ്രേഷണം മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകൾ, മംഗോളിയ, ജർമ്മനി, ചില ആഫ്രിക്ക രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ ഉള്ളൂ. നാവിക-വ്യോമഗതാഗതത്തിൽ സ്ഥലനിർണയത്തിനുപയോഗിക്കുന്ന ബീക്കണുകൾ പ്രക്ഷേപണം ചെയ്യുന്നത് ഈ ബാൻഡിലാണ്. ടൈം സ്റ്റേഷനുകളും സൈനികാവശ്യങ്ങൾക്കുള്ള ആശയവിനിമയത്തിനും ഈ ബാൻഡ് ഉപയോഗിക്കുന്നുണ്ട്.

മധ്യതരംഗം (MW – Medium Wave) – 530 kHz മുതൽ 1700 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു. പ്രാദേശിക പരിപാടികളുടെ സംപ്രേഷണത്തിനു വളരെ യോജിച്ചതാണ് ഈ ബാൻഡ്. നമ്മുടെ നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ബാൻഡാണിത്. ആകാശവാണിയുടെ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് നിലയങ്ങളുൾപ്പെടെ 145ലധികം സ്റ്റേഷനുകൾ ബാൻഡിലുണ്ട്.

ഹ്രസ്വതരംഗം (SW – Short Wave) – 2300 kHz മുതൽ 26100 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു.

ഫ്രീക്വൻസി മോഡുലേഷൻ (FM – Frequency Modulation) : 87.5 MHz മുതൽ 108 MHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു. ഫ്രീക്വൻസി മോഡുലേഷൻ ആണ് ഇപ്പോൾ പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന പ്രക്ഷേപണ സങ്കേതം. കൂടുതൽ വ്യക്തതയാർന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകൾക്ക് എളുപ്പം വിധേയമാകില്ല എന്നതും ഇതിന് പ്രചാരം ലഭിക്കാൻ സഹായകരമായി. ടെലിവിഷൻ മൂലം കുറഞ്ഞു പോയ ശ്രോതാക്കളെ റേഡിയോയിലേക്ക് തിരിച്ചെത്തിക്കാൻ ഫ്രീക്വൻസി മോഡുലേഷൻ സങ്കേതമാണ് സഹായകരമായത്. പ്രക്ഷേപണ പരിധി കുറവാണ് എന്നത് FM സങ്കേതത്തിന്റെ ഒരു ന്യൂനതയാണ്.

ഉപഗ്രഹസംപ്രേഷണം (Satellite) : കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണം. XM സാറ്റലൈറ്റ് റേഡിയോ, സിറിയസ് സാറ്റലൈറ്റ് റേഡിയോ, വേൾഡ് സ്പേസ് സാറ്റലൈറ്റ് റേഡിയോ തുടങ്ങിയവ ഉദാഹരണം.

ഡി.ആർ.എം : റേഡിയോ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സംരംഭമാണ് ഡി.ആർ.എം (Digital_Radio_Mondiale). ആംപ്ലിറ്റ്യൂഡ് മോഡുലേഷനിലെ 30 MHz ന് താഴെയുള്ള തരംഗങ്ങളാണ് പ്രക്ഷേപണത്തിനുപയോഗിക്കുന്നത്. കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിവുള്ളതിനാൽ ഹ്രസ്വതരംഗ-ബാൻഡ് (Short Wave Band) ആണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഡിജിറ്റൽ സിഗ്നലുകളാണ് പ്രക്ഷേപണത്തിനുപയോഗിക്കുന്നത്. FM നു തൂല്യമായ ശബ്ദവ്യക്തത, ശബ്ദത്തിനുപുറമെ സ്റ്റേഷൻ വിവരങ്ങൾ, പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടിയുടെ പേര്, കാലാവസ്ഥാ വിവരങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കാനും ഇത്തരം റേഡിയോ വഴി സാധിക്കും.

ഡി-എക്സിങ് : ഡി-എക്സിങ് ജനപ്രിയവും ശാസ്ത്രീയവുമായ ഒരു ഹോബിയാണ്. വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ചും ഷോർട്ട് വേവിലുള്ളവ, റേഡിയോ സ്റ്റേഷനുകൾ ശ്രവിക്കുകയും അവയുമായി കത്തിടപാടുകൾ നടത്തുകയുമാണ് ഈ ഹോബിയിസ്റ്റുകൾ ചെയ്യുന്നത്. സ്റ്റേഷനിൽ നിന്നും കിട്ടുന്ന വെരിഫിക്കേഷൻ കാർഡുകൾ (QSL) ശേഖരിക്കുകയാണ് ഒരു ഡി-എക്സറുടെ ഹോബി.

ഇന്നിപ്പോള്‍ വാര്‍ത്തകള്‍ സെക്കന്റുകളുടെ വേഗത്തില്‍ മൊബൈല്‍ ആപ്പുവഴി ലഭ്യമാകുമ്പോള്‍, എത്ര പേര്‍ റേഡിയോയെ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നുണ്ടെന്ന്് ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇരുപത്തിനാല് മണിക്കൂറും സജീവമായ വൈവിധ്യമാര്‍ന്ന ഒരു പാട് റേഡിയോ ചാനലുകള്‍ ഇന്ന് കേരളത്തിലുണ്ടെങ്കിലും ആ പഴയ കാലത്തിന്റെ ഗൃഹാതുരത തിരിച്ചുവരില്ലല്ലോ!

കടപ്പാട് – വിക്കിപീഡിയ.