തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൻ്റെ ചരിത്രവും ഐതിഹ്യങ്ങളും

വടക്കുംനാഥ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ആരുംതന്നെ ഉണ്ടാകുകയില്ല. തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ.

ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്.

വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്.

വടക്കുംനാഥക്ഷേത്ര നിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.

മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടകാലത്ത് വടക്കുംനാഥൻ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. അതിൽ നിന്നും മനസ്സിലാവുന്നത് നിരവധിക്ഷേത്രങ്ങൾ നശിപ്പിച്ച ടിപ്പു, തൃശ്ശൂർ കടന്നു പോയിട്ടും ക്ഷേത്രേശബഹുമാനാർത്ഥം നശീകരണ പ്രവൃത്തികളിൽ നിന്നും മാറിനിന്നിരുന്നുവെന്നാണ്.

ശക്തൻ തമ്പുരാനാണ് തൃശ്ശിവപേരൂരിന്റെ സാംസ്കാരിക തനിമയിൽ തിലകക്കുറിയായി ശോഭിക്കുന്ന തൃശൂർപൂരം തുടങ്ങിവെച്ചത്. ക്രി. വർഷം 1797 (കൊ.വർഷം 972 മേടം മാസം) ലാണ് ആദ്യമായി തൃശ്ശൂർപൂരമെന്ന മഹോത്സവം വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നത്.

ശിവപെരുമാളിന്റെ സ്ഥലം എന്നർത്ഥമുള്ള തിരു-ശിവ-പേരൂർ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീർന്നത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തികൾ മൂന്നാണ്; ശ്രീപരമശിവൻ, ശ്രീരാമസ്വാമി ശങ്കരനാരായണമൂർത്തി. ശിവപെരുമാൾ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമൻ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപ്പെരുമാൾക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരിൽ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു.

20 ഏക്കറിലധികം വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ഇത്രയും വലിയ മതിലകം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ല. ഗംഭീരമായ ആനപ്പള്ളമതിലാണ് ക്ഷേത്രത്തിനുചുറ്റും പണിതീർത്തിരിയ്ക്കുന്നത്. ക്ഷേത്രസങ്കേതത്തിൽ ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനാൽ ക്ഷീണം തോന്നുന്ന ഭക്തർക്ക് അവയുടെ തണലിലിരുന്ന് വിശ്രമിയ്ക്കാവുന്നതാണ്. നാലുഭാഗത്തും വലിയ ഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. അതിമനോഹരമായ നിർമ്മിതികളാണ് അവയിലെല്ലാം. നാലുഗോപുരങ്ങൾക്കും കൂറ്റൻ ആനവാതിലുകളുണ്ട്. പടിഞ്ഞാറേ ഗോപുരമാണ് അവയിൽ പ്രധാനം.

ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥൻ. വടക്കുന്നാഥൻ ക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവാഘോഷമോ പൂരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു. ഒരിയ്ക്കൽ ഇന്ദ്രാദിദേവന്മാരെല്ലാവരും കൂടി ഒരു ഗംഭീര ഉത്സവം നടത്തിയെന്നും അത് അതിഗംഭീരമായതിനാൽ പിന്നീട് അത്തരത്തിലൊന്ന് ആവശ്യമില്ലെന്ന് ശിവൻ പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്.

ലോക പ്രസിദ്ധമായ തൃശ്ശൂർ പൂരം ശ്രീ വടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശ്ശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽനിന്നു ദേവീദേവന്മാർ എഴുന്നള്ളിയെത്തും. തൃശ്ശൂർ പൂരമെന്നത് പല പല ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. അതിൽ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥൻ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു, വരുന്നു. അത്രമാത്രം.