എന്താണ് ഹിച്ച് ഹൈക്കിംഗ്? വളരെ ലളിതമായി പറഞ്ഞാല്‍ വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ച് ഫ്രീയായി യാത്ര ചെയ്യുക.. അത് ചിലപ്പോള്‍ ബൈക്ക് ആകാം കാര്‍ ആകാം ലോറി ആകാം… വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് കൂടുതലായും അമേരിക്കയില്‍ ഹിച്ച് ഹൈക്കിംഗ് വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. എന്തായാലും കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത ട്രാവല്‍ മോഡായ ഹിച്ച് ഹൈക്കിംഗ് ഞാന്‍ ഒന്നു പരീക്ഷിക്കട്ടെ…കാഴ്ചകളെ പ്രണയിക്കുന്ന കണ്ണുകളും യാത്രകളില്‍ സന്തോഷിക്കുന്ന ഒരു മനസും മതി, കാശില്ലാതെ സഞ്ചാരിയാകാന്‍. ഹിച്ച് ഹൈക്കിംഗ് അഥവാ ഫ്രീ ലിഫ്റ്റ് ട്രാവലിംഗ് എന്ന ഹിപ്പി സംസ്‌കാരത്തിന്റെ ആവേശം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ് ഞാന്‍ ഈ പുതിയ എപ്പിസോഡ് മുഖേന.
എന്റെ ആദ്യത്തെ ഹിച്ച്ഹൈക്കിങ് അനുഭവം. കോഴഞ്ചേരി മുതൽ എറണാകുളം വരെ, ബൈക്ക്, ബസ്സ്, ജീപ്പ്, ലോറി, കാർ തുടങ്ങി വിവിധ ഇനം വാഹനങ്ങൾ, പല പല ആളുകൾ, അടിപൊളി ഭക്ഷണം. ആദ്യത്തെ പരീക്ഷണം ആണ്. ഇഷ്ടമായെങ്കിൽ വീഡിയോ ഷെയർ ചെയ്യുക. പ്രോത്സാഹിപ്പിക്കുക.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി മുതല്‍ മംഗലാപുരം വരെ ലിഫ്റ്റ് അടിച്ച് പോകണം എന്ന ആഗ്രഹത്തോട് കൂടി രാവിലെ കുറച്ച് വൈകിയിട്ടാണെങ്കിലും ഞാന്‍ ഇറങ്ങി. കോഴഞ്ചേരിയില്‍ നിന്നും ലിഫ്റ്റ് ഒന്നും കിട്ടാത്തതിനാല്‍ ഒരു ആനവണ്ടി പിടിച്ച് ചങ്ങനാശ്ശേരി വരെ യാത്രചെയ്തു. ചങ്ങനാശ്ശേരിയില്‍ നിന്നും എനിക്ക് ആദ്യമായി കിട്ടിയത് ഒരു ലോറിയായിരുന്നു. ഒരു പാവം ചേട്ടനായിരുന്നു ലോറി ഡ്രൈവര്‍. ജീവിതത്തില്‍ ആദ്യമായി ലോറിയില്‍ യാത്ര ചെയ്യുന്ന ത്രില്ലിലായിരുന്നു ഞാന്‍. ഡ്രൈവര്‍ ചേട്ടനുമായി വിശേഷങ്ങളൊക്കെ പറഞ്ഞ് കോട്ടയത്തിനടുത്തുള്ള ഒരു സ്ഥലത്ത് ഞാന്‍ ഇറങ്ങി.
ഇനി ഇവിടുന്ന് കോട്ടയം അല്ലെങ്കില്‍ ഏറ്റുമാനൂര്‍ വരെ ഏതെങ്കിലും വണ്ടി കിട്ടുമോന്നു നോക്കാം. കുറേ വാഹനങ്ങള്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ചിലരൊക്കെ എന്നെ തിരിച്ചറിഞ്ഞു വന്നിട്ട് പരിചയപ്പെടുന്നുമുണ്ടായിരുന്നു. പക്ഷേ അവരാരും കോട്ടയം ഭാഗത്തേക്ക് ആയിരുന്നില്ല. കുറച്ചുസമയത്തിന് ശേഷം ഒരു പിക്കപ്പ് വാന്‍ എന്‍റെയരികില്‍ നിര്‍ത്തി. കൊച്ചുമോന്‍ എന്നുപേരുള്ള ഒരു ചേട്ടനായിരുന്നു ഡ്രൈവര്‍. പുള്ളിയുമായി അത്യാവശ്യം കമ്പനിയൊക്കെയടിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. കോട്ടയം അടുത്ത് എത്തിയപ്പോള്‍ ഞാന്‍ കൊച്ചുമോന്‍ ചേട്ടനോട് യാത്ര പറഞ്ഞുകൊണ്ട് ഇറങ്ങി. പിന്നീട് അവിടുന്ന് കോട്ടയം ടൌണ്‍ വരെ പ്രഭു എന്നൊരു ചേട്ടനാണ് ലിഫ്റ്റ് തന്നത്. സാധാരണ പ്രൈവറ്റ് കാറുകള്‍ ലിഫ്റ്റ് കൊടുക്കാറില്ല. പക്ഷേ പ്രഭുചേട്ടന്‍ എനിക്ക് നിര്‍ത്തിത്തന്നു.
കോട്ടയം വരെ ഞാന്‍ അങ്ങനെ പോയി. കോട്ടയം ടൌണില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് ലിഫ്റ്റ് കിട്ടുക പ്രയാസമാണ്. അതിനാല്‍ ഞാന്‍ കോട്ടയത്തു നിന്നും ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പര്‍ എക്സ്പ്രസ്സില്‍ കയറി ചിങ്ങവനത്ത് ചാടി. ആ ബസ്സിന്‍റെ ഡ്രൈവര്‍ നമ്മുടെ ഒരു സുഹൃത്ത് കൂടിയായിരുന്നു. പിന്നൊരു കാര്യം.. ബസ്സിലെ യാത്ര ഫ്രീയല്ല കെട്ടോ…
സൂപ്പര്‍ എക്സ്പ്രസ്സിനോട് ടാറ്റ പറഞ്ഞ് ചിങ്ങവനത്ത് അടുത്ത ലിഫ്റ്റിനായി കാത്തു നില്‍ക്കുമ്പോഴാണ് ഒരു പുതുപുത്തന്‍ സ്കോഡ കാര്‍ എന്‍റെ മുന്നില്‍ നിര്‍ത്തുന്നത്. ഓടിക്കുന്നയാളെ കണ്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. എന്‍റെ ഒരു സുഹൃത്തായ ശേഖര്‍ സ്വാമി. അടിപൊളി… പരിചയക്കാരന്റെ കയ്യില്‍ നിന്നും എറണാകുളം വരെ ഒരു ലിഫ്റ്റ്. കിടിലന്‍ തന്നെ. അങ്ങനെ ഞങ്ങള്‍ കഥകളൊക്കെ പറഞ്ഞുകൊണ്ട് എറണാകുളത്ത് എത്തി. എറണാകുളത്ത് ഗാന്ധിനഗറിലെ ശ്രീബാലാജി കഫേയില്‍ കയറി ചായയും കടിയും കഴിച്ച ശേഷം ഞാനും ശേഖറും പിരിഞ്ഞു. ശ്രീബാലാജി കഫേയുടെ കഥ മിക്കവര്‍ക്കും അറിയാമായിരിക്കും എന്നു കരുതുന്നു. ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാരെക്കുറിച്ച് കേട്ടിട്ടില്ലേ? അതുതന്നെ… ഇവരെക്കുറിച്ച് വിശദമായി വീഡിയോ നമ്മള്‍ ചെയ്യുന്നതായിരിക്കും.
എറണാകുളത്ത് പ്രമുഖ വ്ലോഗറും എന്‍റെ സുഹൃത്തുമായ ഇബാദ് ഇക്ക ഉണ്ടായിരുന്നു. ഇനി ഇന്നു എറണാകുളത്ത് തങ്ങണം. രാത്രി ഡിന്നര്‍ ഇബാദ് ഇക്കയോടൊപ്പം…എന്നിട്ട് എറണാകുളം സരിത തിയേറ്ററിനു സമീപത്തുള്ള ഒരു ഹോട്ടലില്‍ ഒരു റൂമെടുത്തു തങ്ങി. നാളെ രാവിലെ വീണ്ടും യാത്ര തുടരണം… ബാക്കി യാത്രാവിശേഷം അടുത്ത എപ്പിസോഡില്‍…