#HOME സിനിമയിലെ ആ മനോഹരമായ ലൊക്കേഷൻ ഇതാ ഇവിടെയാണ്

വിവരണം – മുജീബ് അന്ത്രു.

‘ഹോം’ എന്ന സിനിമയിലൂടെ നമ്മൾ കണ്ട ആ മനോഹര ഭൂമിയിലൂടെ നാല് വർഷം മുൻപ് പോയപ്പോൾ കണ്ട കാഴ്ചകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ODK എന്ന പേരിൽ അറിയപ്പെടുന്ന ഓൾഡ് ദേവികുളവും പരിസരവുമാണ്, കൊടകമ്പി എന്ന് നമ്മൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന ഇന്ദ്രൻസിലെ അഭിനേതാവ് സ്നേഹം കൊണ്ട് നയിച്ച #HOME എന്ന സിനിമയിലെ ഔട്ട്ഡോർ ഭാഗങ്ങളായി നമ്മൾ ആസ്വദിച്ചത്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ സ്വർഗ്ഗം സിനിമാ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്. അതുകൊണ്ടു തന്നെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ മുപ്പതോളം സിനിമകൾക്ക് ചാരുത പകർന്നിട്ടുണ്ട് ഇവിടുത്തെ പ്രകൃതി. ചെന്നൈ എക്സ്പ്രസ്, ഉദയനാണ് താരം, ഓർഡിനറി തുടങ്ങിയവ അതിൽ ചില സിനിമകൾ മാത്രം.

അതി മനോഹരമായ പുൽമേടുകളും, അതിനെ ചുറ്റി ഹരിത പ്രഭയോടെ കാവൽ നിൽക്കുന്ന മലനിരകളും തണുത്ത കാലാവസ്ഥയും, നീലിമയോടെ തെളിഞ്ഞ നിൽക്കുന്ന ആകാശവും ഈ സ്ഥലത്തെ സ്വർഗ്ഗതുല്യമാക്കുന്നു. മൂന്നാർ മേഖലയിൽ എറ്റവും തണുപ്പുകൂടിയ പ്രദേശവുമാണ് ODK.

സഞ്ചാരികൾക്ക് നേരിട്ട് ഇവിടേക്ക് പ്രവേശനം ഇല്ലാത്തത് കൊണ്ട് തന്നെ, വളരെ വിരളമായ സന്ദർശകർ മാത്രമാണ് ഇവിടെ എത്താറുള്ളത്. പൂർണ്ണമായും കണ്ണൻദേവൻ (KDHP) കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ പ്രദേശം സന്ദർശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്.

ODK ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് പ്രശസ്തമായ സീതാദേവി തടാകം (seetha lake) സ്ഥിതിചെയ്യുന്നത്. വർണ്ണനകൾക്ക് എല്ലാം ഒരു പരിധി ഉണ്ടല്ലോ… അനുഭവിച്ചു തന്നെ അറിയേണ്ട മാസ്മരിക സൗന്ദര്യമാണ് ഇവിടെ പ്രകൃതിക്ക്. നിശബ്ദത നിറഞ്ഞ ഈ നീലജലാശയവും പരിസരവും ശരിക്കും ഒരു കന്യകയായ്‌ തന്നെ ഈ ഭൂമിയെ നിലനിർത്തിയിരിക്കുന്നു. ഒരു മാലിന്യവും ഇല്ലാതെ ഇത് കാത്ത് സൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. ആ ഓർമ്മയോടെ മാത്രം ആവട്ടെ എവിടേക്കും ഉള്ള യാത്രകൾ.

ശ്രീരാമനും സീതാ ദേവിയും തങ്ങളുടെ വനവാസകാലത്ത് ഇവിടം സന്ദർശിച്ചുവെന്നും, അന്ന് ദേവി കുളിച്ച കുളമാണ് പിന്നീട് ദേവികുളം എന്ന പേരിൽ അറിയപ്പെട്ടത് എന്നുമാണ് ഐതീഹ്യം. മനോഹരമായ ഈ സ്ഥലം സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ബ്രിട്ടീഷുകാരുടെ പ്രധാന വിനോദകേന്ദ്രമായിരുന്നു. വിശ്രമവേളകൾ ഇവിടെ നിന്നും മീൻ പിടിച്ചും അവർ ആഘോഷിച്ചിരുന്നു. ആ കാലത്ത് നിർമിച്ച ഒരു കെട്ടിടം ഇപ്പോഴും ജലാശയത്തിന് അരികെ ഏതോ ചിത്രകാരൻ വരച്ച ചിത്രമെന്ന പോലെ മായാതെ, പഴയതുപോലെ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.

#ഹോം എന്ന സിനിമ പോലെ തന്നെ മനസും കണ്ണും നിറച്ചു കാഴ്ചകൾ സമ്മാനിച്ചു തന്നെയാവും ഈ കാനന ഭൂമിയും നമ്മേ അവിടന്ന് യാത്ര അയക്കുകയുള്ളൂ. കൂടുതൽ കാഴ്ചകൾക്ക് ഈ വീഡിയോ കാണുക – https://youtu.be/gt4XdELNgOM.