കേരളത്തിൽ ഹണിമൂൺ ആഘോഷിക്കുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

വിവാഹത്തിനു ശേഷമുള്ള ഹണിമൂൺ യാത്രകൾ എവിടേക്ക് പോകണമെന്ന് പ്ലാൻ ചെയ്യൽ വളരെ സങ്കീർണമായ ഒരു പരിപാടിയാണ്. എല്ലാംകൊണ്ടും ഒത്തിണങ്ങിയ ഒരു സ്ഥലം കണ്ടുപിടിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല. ചിലർക്ക് ആ സമയത്ത് എവിടെ പോകണം? എങ്ങനെ പോകണം? എവിടെ താമസിക്കണം? എന്നൊന്നും യാതൊരു ധാരണയും ഉണ്ടാകില്ല. അവർക്കു കൂടി ഉപകാരപ്രദമായ രീതിയിൽ തയ്യാറാക്കിയിട്ടുള്ളതാണ് ഈ വിവരങ്ങൾ. ഹണിമൂൺ ആഘോഷിക്കുവാനായി കേരളത്തിന് പുറത്തേക്ക് പോകണം എന്നൊന്നുമില്ല. നമ്മുടെ നാട്ടിൽത്തന്നെ ഒത്തിരി സ്ഥലങ്ങൾ ഉള്ളപ്പോൾ പുറത്തേക്ക് പോകുന്നത് എന്തിനാ?(പുറത്തേക്ക് പോകണം നിന്നുള്ളവർക്ക് അങ്ങനെ ആകാം കേട്ടൊ. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.

ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്ന സ്ഥലത്തിനും ഉണ്ടായിരിക്കണം ഏറെ പ്രത്യേകതകള്‍. ആദ്യമായി വേണ്ടത് സ്വകാര്യതയും അതുപോലെ തന്നെ സുരക്ഷിതത്വവുമാണ്. അതിമനോഹരമായ പ്രണയാതുരമായ സ്ഥലങ്ങളായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടതും. ഗ്രാമീണമായ തനിമയ്ക്കും വൈവിധ്യമാര്‍ന്ന പ്രകൃതിക്കും പേരുകേട്ട കേരളം മധുവിധു യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂൺ പറുദീസകളെ ഒന്നു പരിചയപ്പെടാം.

1) മൂന്നാർ : കേരളത്തിലെ ഏറ്റവും മനോഹരമായതും റൊമാന്റിക്കുമായ ഹണിമൂൺ കേന്ദ്രമാണ് മൂന്നാർ. സാധാരണനിലയില്‍ 14 നും 26 നും ഇടയ്ക്കായിരിക്കും മൂന്നാറിലെ താപനില. ഇവിടത്തെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കോടമഞ്ഞിനെ വകഞ്ഞുകൊണ്ട് പങ്കാളിയുമൊത്തുള്ള നടത്തവും ട്രീ ഹൗസുകളിലെയോ റിസോർട്ടുകളിലെയോ താമസവും നിങ്ങളുടെ മധുവിധു നാളുകൾ അവിസ്മരണീയമാക്കിത്തീർക്കും. മൂന്നാർ ടൗണിന്റെ തിരക്കുകളില്‍ നിന്നും മാറി ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍ക്കും, ഹോം സ്‌റ്റേകള്‍ക്കും ഇന്ന് വൻ ഡിമാൻഡ് ആണ്. പല തരത്തിലുള്ള ആളുകൾക്ക് അനുയോജ്യമായ നിരവധി റിസോർട്ടുകളും കോട്ടേജുകളും മൂന്നാറിലുണ്ട്. അവയിൽ ഒന്നിനെ നമുക്ക് ഒന്ന് പരിചയപ്പെടാം.

ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട് : തേയിലത്തോട്ടത്തിന് നടുവിൽ, ഓറഞ്ച് മരങ്ങൾക്കിടയിൽ, മൂന്നാറിലെ ഒരു മനോഹര റിസോർട്ട്.. അതാണു ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട്. മൂന്നാറിൽ നിന്ന് 19 കിലോമീറ്റർ അകലെയായാണ് ഡ്രീം ക്യാച്ചർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ ടൗണില്‍ നിന്ന് അരമണിക്കൂറോളം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. മലയിടുക്കിനും തേയിലത്തോട്ടത്തിനും ഇടയിലായാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. റൂമുകൾക്കൊപ്പം ഇവിടെ മരത്തിനു മുകളിൽ തയ്യാറാക്കിയിരിക്കുന്ന ട്രീ ഹൗസുകളും ഉണ്ട്. ഹണിമൂൺ സഞ്ചാരികൾ ട്രീ ഹൗസുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. റിസോർട്ടിൽ മികച്ച വൈഫൈ സംവിധാനവും ലഭ്യമാണ്. മൂന്നാറിലെ ഏലം, തേയിലത്തോട്ടങ്ങളുടെ നടുവിലായുള്ള സുന്ദരമായ ഈ റിസോർട്ടിലേക്ക് വരുമ്പോള്‍ കലക്കനൊരു യാത്രയും ആസ്വദിക്കാം… കൂടുതല്‍ വിശേഷങ്ങള്‍ക്ക് വീഡിയോ കണ്ടുനോക്കൂ…

2) ആലപ്പുഴ : കുന്നും മലകളും ഒക്കെ കണ്ടു മടുത്തവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ മധുവിധു യാത്ര ആലപ്പുഴയിലേക്ക് പ്ലാൻ ചെയ്തോളൂ. കുറച്ച് ലക്ഷ്വറി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു ദിവസത്തേക്ക് ഒരു ഹൗസ് ബോട്ട് വാടകയ്ക്ക് എടുക്കുന്നതായിരിക്കും നല്ലത്. കായലോളങ്ങളിൽ ഒഴുകി നീങ്ങുന്ന ആ വഞ്ചിവീട്ടിൽ നിങ്ങൾ മാത്രം. (ജോലിക്കാർ ഉണ്ടാകും കേട്ടോ.. പക്ഷെ നിങ്ങൾക്ക് പൂർണ്ണമായും സ്വകാര്യത ഉറപ്പുവരുത്താൻ സാധിക്കുന്നതാണ്). ചെലവ് അൽപ്പം കൂടുമെങ്കിലും കായലോളങ്ങളിൽ ചാഞ്ചാടിയുള്ള ആ യാത്ര ഒരിക്കലും മറക്കാനാകില്ല. ഒപ്പം നല്ല ആലപ്പി മീൻകറി ഉൾപ്പെടെയുള്ള അടിപൊളി നാടൻ ഭക്ഷണവും ഹൗസ്ബോട്ടിലെ യാത്രയ്ക്കിടയിൽ രുചിക്കാം.ഹൗസ്‌ബോട്ട് വാടകയ്ക്ക് എടുക്കുമ്പോൾ അതിൽ ഒരു ദിവസം താമസിക്കാവുന്ന പാക്കേജ് നോക്കി എടുക്കുക. ബോട്ടില്‍ നിന്നുകൊണ്ട് രാത്രിയുടെ കായല്‍ സൗന്ദര്യവും കാറ്റും ആസ്വദിക്കാം. ഹണിമൂണ്‍ കപ്പിള്‍സിനു നല്ല പ്രണയാതുരമായ അനുഭവങ്ങള്‍ ലഭിക്കും ഇവിടെ. ഇനി ബോട്ട് യാത്ര വേണ്ടെന്നാണെങ്കിൽ ധാരാളം റിസോർട്ടുകളും ആലപ്പുഴയിൽ ഉണ്ട്.

3) വയനാട് : പ്രണയിക്കാൻ അനുയോജ്യമായ കാലവസ്ഥ ഒരുക്കി വച്ചിരിക്കുന്ന കേരളത്തിലെ സുന്ദരമായ സ്ഥലമാണ് വയനാട്. എത്ര തവണ കണ്ടാലും മതിവരാത്ത ഒരു സ്ഥലം എന്ന് വേണമെങ്കിൽ വയനാടിനെ വിശേഷിപ്പിക്കാം. വയനാട്ടിൽ വൈത്തിരി ഭാഗത്താണ് ഹണിമൂൺ ആഘോഷിക്കുന്നവർക്ക് പറ്റിയ റിസോർട്ടുകൾ ഉള്ളത്. പ്രകൃതിയെ അറിഞ്ഞ് പ്രണയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒട്ടും സംശയിക്കാതെ വയനാട് തിരഞ്ഞെടുക്കാവുന്നതാണ്. വയനാടിന്റെ വഴിത്താരയില്‍ എങ്ങ് നോക്കിയാലുംപ്രകൃതി കനിഞ്ഞരുളിയ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനാവും. പൂക്കോട് തടാകത്തിലൂടെ ഒരു ബോട്ട് സവാരിയും, മുത്തങ്ങാ വനത്തിലൂടെ ഒരു ജീപ്പ് സഫാരിയുമെല്ലാം വയനാട്ടിൽ വരുന്നവർക്ക് ലഭിയ്കുന്ന പ്ലസ് പോയിന്റുകൾ ആണ്.

4) തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹണിമൂൺ ആഘോഷിക്കുവാനായി രണ്ടു വിധത്തിലുള്ള സ്ഥലങ്ങളുണ്ട്. മഞ്ഞും മലയുമൊക്കെയായ ഒരു ഹിൽ സ്റ്റേഷൻ ആഗ്രഹിക്കുന്നവർക്ക് പൊന്മുടിയിലേക്ക് വണ്ടി വിടാം. 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്ത്‌വെച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്. നിമിഷ നേരങ്ങൾ കൊണ്ട് പ്രകൃതയുടെ രൂപവും ഭാവവും മാറുന്ന കാഴ്ചയും നിങ്ങൾക്ക് പങ്കാളിയോടൊത്ത് ആസ്വദിക്കാം. പൊൻ‌മുടിയിൽ സ്വകാര്യ റിസോർട്ടുകളോ ഹോട്ടലുകളോ ഇല്ല. താമസം, ഭക്ഷണം എന്നിവയ്ക്ക് ടൂറിസം വകുപ്പ് ഗസ്റ്റ്ഹൗസുമായി 04722890230 എന്ന നമ്പരില്‍ ബന്ധപ്പെടാം. മുറി ബുക്കുചെയ്യാന്‍ ടൂറിസം ഭരണവിഭാഗം ഓഫീസ്, തിരുവനന്തപുരം, ഫോണ്‍: 04712327366 എന്ന വിലാസത്തിലും ബന്ധപ്പെടാം.

ഇനി നിങ്ങൾക്ക് ബീച്ച് സൈഡിലാണ് ഹണിമൂൺ ആഘോഷിക്കുവാൻ ആഗ്രഹമുള്ളതെങ്കിൽ അതിനായി തയ്യാറെടുത്തു നിൽക്കുകയല്ലേ നമ്മുടെ കോവളം എന്ന സുന്ദരി. കോവളത്തെക്കുറിച്ച് അധികം വിശദീകരണം ആർക്കും വേണ്ടി വരില്ല. ദാ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.

5) ചെറായി ബീച്ച് , എറണാകുളം : എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ ഭാഗമായ മനോഹരമായ ചെറായി ബീച്ചിനെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ആഴക്കുറവും വൃത്തിയുള്ളതുമായ 15 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണ് ചെറായിയുടെ വലിയ പ്രത്യേകത. ബീച്ചിനോട്‌ ചേർന്ന്‌ കേരളീയ ശൈലിയിൽ പണിതിരിക്കുന്ന റിസോർട്ടുകൾ ബീച്ചിനെ കൂടുതൽ സുന്ദരിയാക്കുന്നു. ഇവിടെ ഹണിമൂൺ ആഘോഷിക്കുവാൻ കൂടുതലായും നോർത്ത് ഇന്ത്യൻ സഞ്ചാരികളാണ് വരാറുള്ളത്. ഇവിടെയുള്ള മികച്ച റിസോർട്ടുകളിൽ മധുവിധു ആഘോഷിക്കുന്നവർക്കായി സ്പെഷ്യൽ പാക്കേജുകളും ഒന്ന് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്. ബീച്ചിൽ നിന്നും കുറച്ചു മാറി വെള്ളം നിറഞ്ഞ പാടത്തുകൂടി (കായൽ എന്ന് വേണമെങ്കിലും പറയാം) ബോട്ടിംഗ് ഒക്കെ ഇപ്പോൾ ലഭ്യമാണ്.

ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ ഒരു സാമ്പിൾ മാത്രം. ഇതുപോലെ കിടിലൻ സ്ഥലങ്ങൾ നമ്മുടെ കേരളത്തിൽ അധികമാരും അറിയപ്പെടാതെ കിടക്കുന്നുണ്ട്. എങ്കിലും പ്രധാനമായി ഹണിമൂൺ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ഇവയാണ്. അതുകൊണ്ട് ഇവിടത്തെ റിസോർട്ടുകളിൽ ഹണിമൂൺ സ്പെഷ്യൽ പാക്കേജുകളും ലഭിക്കും. എല്ലാം വ്യക്തമായി പ്ലാൻ ചെയ്തതിനു ശേഷം നിങ്ങളുടെ സ്വപ്നതുല്യമായ ആ യാത്ര ആരംഭിക്കാം. വിഷ് യു ഓൾ ദി ബെസ്റ്റ്..