പ്രളയത്തിന് ശേഷം മൂന്നാറിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ്…

ഞങ്ങളുടെ ഗോവൻ ഹണിമൂൺ ട്രിപ്പിനു ശേഷം പിന്നീട് ഞങ്ങൾ പോയത് മൂന്നാറിലേക്ക് ആയിരുന്നു. കേരളത്തിലെ ഏറ്റവും മനോഹരമായ ഹണിമൂൺ സ്പോട്ടായ മൂന്നാറിലേക്ക് പോയില്ലെങ്കിൽ എന്ത് ഹണിമൂൺ? ഭാര്യ ശ്വേതയുടെ തുറവൂരിലെ വീട്ടിൽ നിന്നുമായിരുന്നു ഞങ്ങൾ യാത്രയാരംഭിച്ചത്. ഈ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇത്തവണ ഞങ്ങളുടെ സന്തതസഹചാരിയായ ഫോർഡ് ഇക്കോസ്പോർട്ടിനു അൽപ്പം വിശ്രമം നൽകി. കാരണം വേറെയാണ്.. ഹ്യുണ്ടായ് കമ്പനി ഞങ്ങൾക്കായി റിവ്യൂ ചെയ്യുവാൻ വേണ്ടി ഒരു ഹ്യുണ്ടായ് വെർണ കാർ നല്കിയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ഇക്കോസ്പോർട്ടിന്റെ അതെ നിറമായ ഓറഞ്ചു കലർന്ന ചുവപ്പു തന്നെയായിരുന്നു ഞങ്ങൾക്ക് കിട്ടിയ വെർണ കാറിനും.

അങ്ങനെ ഞങ്ങൾ യാത്രയാരംഭിച്ചു. ഹ്യൂണ്ടായ് വെർണ ഓട്ടോമാറ്റിക് ആയിരുന്നതിനാൽ ഗിയർ ഉപയോഗിച്ച് ശീലിച്ച എനിക്ക് ആദ്യം അൽപ്പം ബുദ്ധിമുട്ടു പോലെ തോന്നിയിരുന്നു. അഞ്ചാറു കിലോമീറ്ററുകൾ കഴിഞ്ഞപ്പോഴേക്കും ഓട്ടോമാറ്റിക് സിസ്റ്റവുമായി ഞാനും പൊരുത്തപ്പെട്ടു. അത്രേയുള്ളൂ കാര്യം. ഈ കാറിന്റെ എടുത്തു പറയേണ്ട പ്രധാനപ്പെട്ട ഒരു സവിശേഷത എന്തെന്നാൽ റൂഫ് ടോപ്പ് തുറക്കാൻ സാധിക്കും എന്നതാണ്. പോകുന്ന വഴി കുണ്ടന്നൂർ സിഗ്നലിൽ ഞങ്ങൾക്ക് അൽപ്പം ബ്ലോക്കിൽ കിടക്കേണ്ടി വന്നു. ടോൾ കൊടുക്കുകയും വേണം ബ്ളോക്കിലും കിടക്കണം. എന്തൊരു വിരോധാഭാസം അല്ലേ? ഇതിനൊന്നും പ്രതികരിക്കാൻ ഒരുത്തനും ഇല്ല. കഷ്ടം തന്നെ.

അങ്ങനെ കുണ്ടന്നൂർ ബ്ലോക്ക് ഒക്കെ സാഹസികമായി മറികടന്നുകൊണ്ട് ഞങ്ങൾ വൈറ്റിലയിൽ എത്തി. പക്ഷെ പ്രതീക്ഷിച്ചപോലെ അവിടെ അത്രയ്ക്ക് ബ്ലോക്ക് ഒന്നും തന്നെ അനുഭവപ്പെട്ടില്ല. ഭാഗ്യം തന്നെ. ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാനായി വൈറ്റില ജംക്ഷനിൽ ഉള്ള അനുഗ്രഹ എന്നൊരു വെജ് റെസ്റ്റോറന്റിൽ ഞങ്ങൾ കയറി. ഞാൻ മസാലദോശയും ശ്വേത നെയ് റോസ്റ്റും ആയിരുന്നു ഓർഡർ ചെയ്തത്. നല്ല രുചികരമായ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലാണ് ഇത്. വിശപ്പടക്കിയശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ആലുവ – പെരുമ്പാവൂർ – കോതമംഗലം റൂട്ടിൽ ചിലയിടങ്ങളിൽ റോഡ് അൽപ്പം മോശമാണ്. പക്ഷേ ഞങ്ങളുടെ വെർണ കാറിന്റെ ഗുണം കാരണം ഇതെല്ലാം സിമ്പിളായി അതിജീവിച്ചു. ആലുവയും പെരുമ്പാവൂരും കോതമംഗലവും ഒക്കെ കഴിഞ്ഞു ഞങ്ങൾ എറണാകുളം – ഇടുക്കി ജില്ലാതിർത്തിയായ നേര്യമംഗലത്ത് എത്തിച്ചേർന്നു.

ഇനിയാണ് കാഴ്ചകൾ കാണുവാനുള്ളത്. റോഡിൽ മിക്കയിടങ്ങളിലും മണ്ണിടിച്ചിൽ മൂലം റോഡ് തകർന്നു കിടക്കുകയായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം നേരെയാക്കി വരുന്നുണ്ട്. എന്തായാലും മൂന്നാറിലേക്ക് വരുവാൻ ആരും ഇപ്പോൾ പേടിക്കേണ്ട സാഹചര്യമില്ല. മൂന്നാറിലുള്ള ഡ്രീം ക്യാച്ചർ റിസോർട്ടിൽ ആയിരുന്നു രണ്ടു ദിവസത്തേക്ക് ഞങ്ങളുടെ താമസം റെഡിയാക്കിയിരുന്നത്. മൂന്നാറിന്റെ തിരക്കുകളിൽ നിന്നും മാറി വളരെ നല്ലൊരു ഗ്രാമാന്തരീക്ഷത്തിൽ ആയിരുന്നു ഈ റിസോർട്ട്. ഇവിടേക്ക് പോകുന്ന വഴികളൊക്കെ അതിമനോഹരമായിരുന്നു. ഞാൻ മുൻപ് ഡ്രീം ക്യാച്ചറിൽ വന്നു താമസിച്ചിട്ടുണ്ട്.

ഇത്തവണ ഞങ്ങൾ താമസിക്കുവാനായി തിരഞ്ഞെടുത്തത് ഇവിടത്തെ ഒരു ട്രീ ഹൗസ് ആയിരുന്നു. തേയിലത്തോട്ടങ്ങൾക്കു മീതെ തയ്യാറാക്കിയിരിക്കുന്ന ഒരു തൂക്കുപാലത്തിലൂടെ നടന്നു വേണം ട്രീ ഹൗസിൽ എത്തിച്ചേരുവാൻ. നടന്നു നടന്നു അധികം ശീലമില്ലാത്തതിനാൽ പാവം ശ്വേത നന്നായി കിടയ്ക്കുന്നുണ്ടായിരുന്നു. എന്നാലും തോറ്റുകൊടുക്കാൻ പുള്ളിക്കാരി തയ്യാറായിരുന്നില്ല. അങ്ങനെ ഞങ്ങൾ ട്രീ ഹൗസിൽ എത്തിച്ചേർന്നു. വളരെ മനോഹരമായൊരു കാഴ്ചയായിരുന്നു അവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. ഓൺലൈൻ ആയി ബുക്ക്‌ ചെയ്താൽ കുറഞ്ഞ റേറ്റിൽ റൂം ബുക്ക്‌ ചെയ്യാം. സാധാരണ നിരക്ക്‌ ഒരു റൂമിന്‌ 2000 മുതൽ ലഭ്യമാണ്‌. ട്രീ ഹൗസുകൾ 7000 മുതൽ ലഭിക്കും. 9745803111 എന്ന നമ്പരിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം.

ട്രീ ഹൗസിൽ ഞങ്ങളെ കാത്തിരുന്നത് കിടിലനൊരു സർപ്രൈസ് ആയിരുന്നു. ഹണിമൂൺ ട്രിപ്പ് ആയിരുന്നതിനാൽ ഞങ്ങൾക്കായുള്ള ബെഡിൽ റോസാപ്പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങൾ ഉണ്ടായിരുന്നു. സത്യത്തിൽ ശ്വേതയ്ക്ക് വേണ്ടി ആയിരുന്നു ഈ സർപ്രൈസ് ഞാൻ ഒരുക്കിയിരുന്നത്. കൂടാതെ ഞങ്ങൾക്കായി പഴങ്ങൾ നിറച്ച കൂടയും കുടിക്കുവാനായി സോഫ്റ്റ് ഡ്രിങ്ക്‌സും ഒക്കെ ഉണ്ടായിരുന്നു. മൂന്നാറിൽ ഇതിനു മുൻപ് വന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു മനോഹരമായ കാഴ്ചയും സ്ഥലങ്ങളും ഒക്കെ കാണുന്നതെന്ന് ശ്വേത ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ടായിരുന്നു.

ഇത്രയും ദൂരം യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണം ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് ഇനി കുറച്ചു നേരം ഒന്നു വിശ്രമിച്ചിട്ടാകാം ബാക്കി പരിപാടികൾ എന്നു ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ മൂന്നാർ ഹണിമൂൺ തുടങ്ങിയിട്ടേയുളളൂ.. കാഴ്ചകളും വിശേഷങ്ങളും ഇനി ധാരാളമുണ്ട്… അതൊക്കെ ഇനി അടുത്ത എപ്പിസോഡിൽ കാണാം. അതുവരെയ്ക്കും ബൈ…