വിവരണം – Vishnu A S Nair.
അറിയാലോ ബീഫിനോട് ബല്ലാത്ത ലബ്ബാണ് നമ്മൾ മലയാളികൾക്ക്… അങ്ങനെ നല്ല കിടു ബീഫ് കിട്ടുന്നൊരു സ്ഥലം കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ടെക്നോപാർക് കഴിഞ്ഞു കഴക്കൂട്ടം പോകുന്ന വഴി കഴക്കൂട്ടം ജംക്ഷൻ എത്തുന്നതിനു മുൻപ് ഇടതു വശത്തേക്ക് ഒരു വൺ വേ ഉണ്ട്(dessi cuppa കഴിഞ്ഞു)ആ വളവ് എടുത്ത് ഒരു 100 മീറ്റർ പോയാൽ ഇടതു വശത്തായിട്ടാണ് ആനന്ദ് ഹോട്ടൽ.
കുറച്ചധികം പഴയ കടയാണെന്നു തോന്നുന്നു. പണ്ടത്തെ പീടിക മോഡൽ തടി കൊണ്ടുള്ള തട്ടടുക്കുന്ന രീതിയാണ് ഇപ്പോഴും ഉള്ളത്. ഒരു പത്തു പന്ത്രണ്ട് പേർക്ക് ഇരുന്നു കഴിക്കാനുള്ള സ്ഥലമേ ഉള്ളു. ചെന്നപാടെ കഴിക്കാൻ സമയമില്ലാത്തത് കൊണ്ട് നാലു പൊറോട്ടയും ബീഫ് ഫ്രൈയ്യും പാർസൽ പറഞ്ഞു.
നല്ല വെളിച്ചെണ്ണയിൽ മുങ്ങി തോർന്ന ബീഫ് ഫ്രൈയ്യുടെ മാദക ഗന്ധം മൂക്കിൽ “ഗുമ്മ ഗുമ്മ” എന്നു അടിച്ചു കയറി എന്നെ ആനന്ദചിത്തനാക്കിയെങ്കിലും അടുക്കളയിൽ നിന്ന ബംഗാളി അണ്ണന്മാരുടെ ദൃഷ്ടി പതിഞ്ഞതോടെ പണി കിട്ടും എന്നാണ് കരുതിയത്.
വീട്ടിലെത്തി വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ പൊതി നിവർത്തി. ഗന്ധത്തിനു അപ്പോഴും ഒരു കുറവുമില്ല. നല്ല മൊരിഞ്ഞ സോഫ്റ്റ് പൊറോട്ടയുടെ ഒരു കഷ്‌ണത്തോടൊപ്പം ബീഫും ചേർത്തു ഒരു പിടിയങ്ങട് പിടിച്ചു. കിടുക്കാച്ചി. ആ പൊറോട്ടയുടെ കൂടെ നല്ല പാകം പറ്റി മസാല ചേർന്ന ബീഫും കൂടി ചേരുമ്പോൾ പാടേണ്ട പാട്ടാണ് ടൈറ്റിലിൽ പറഞ്ഞിരിക്കുന്നത്. “ആനന്ദം പരമാനന്ദം ബീഫാനന്ദം….”
സാധാരണ നമ്മൾ ബീഫ് റോസ്റ്റ് കൊണ്ടാണ് തൃപ്തിപ്പെടുന്നതെങ്കിൽ ഒരിക്കലെങ്കിലും ആനന്ദ് ഹോട്ടലിലെ ബീഫ് ഫ്രൈ കഴിച്ചു നോക്കിയാൽ നിരാശപ്പെടേണ്ടി വരില്ല എന്നാണ് എന്റെ അഭിപ്രായം. ഇത്തിരി പഴയ കടയായത് കൊണ്ട് ഉടായിപ്പ് ഒന്നും ഇല്ലെന്നാണ് എന്റെ അനുഭവസാക്ഷ്യം. സവോള ഒഴികെ ബാക്കി എല്ലാം അന്നന്ന് തന്നെയാണ് വാങ്ങുന്നതും ഉണ്ടാക്കുന്നതും എന്നാണ് ആ കടയിലെ മാമൻ പറഞ്ഞത്. തിരുവനന്തപുരത്തെ ബീഫ് പ്രേമികൾക്ക് തങ്ങളുടെ ലിസ്റ്റിൽ ചേർക്കാൻ പറ്റിയ ഒരിടം കൂടി. നല്ല അഡാർ ബീഫ് ഫ്രൈ.. വിലവിവരം പൊറോട്ട – Rs.8 /-, ബീഫ് ഫ്രൈ – Rs.80/-.
വല്യ ബോർഡും മറ്റു കിഡ്‌നാപ്പും ഒന്നുമില്ലാത്തത് കൊണ്ട് ഹോട്ടൽ നോക്കി കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അതിനാൽ ആദ്യം പറഞ്ഞ വഴിയിൽക്കൂടി വരുമ്പോൾ വലതു വശത്തായി ഒരു സഹകരണ ബാങ്കിന്റെ ബോർഡ് കാണാം അതിന്റെ നേരെ എതിർ വശത്തായാണ് ആനന്ദ് ഹോട്ടൽ. ബീഫ് കറി രാവിലെ 9.00 മണി മുതൽ കിട്ടുമെങ്കിലും ബീഫ് ഫ്രൈ 11.00 മണിക്ക് ശേഷമേ ലഭ്യമാവുകയുള്ളൂ..