വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ഉച്ച സമയം നേരെ വച്ചടിച്ചു കൂട്ടുകാരനുമായി ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷനിൽ ഉള്ള വിശ്വനാഥിലേക്ക്. പഴയ മോഡൽ ഒരു കെട്ടിടടമാണ്. കണ്ടു പിടിക്കാൻ വലിയ പ്രയാസമുണ്ടാവില്ല. പൈപ്പിൻമൂട് ജംഗ്ഷനിൽ തന്നെ. ബെഞ്ചും ഡെസ്കുകളുമായി ഒരു 25 പേർക്ക് ഇരിക്കാവുന്ന ഒരു ഹോട്ടൽ.
സ്റ്റീൽ പാത്രത്തിൽ ചോറെത്തി. പരിപ്പ്, പപ്പടം, അവിയൽ, വെള്ളരിക്ക കിച്ചടി, പുളിഞ്ചിക്ക അച്ചാർ, തേങ്ങാ ചമ്മന്തി, തൈര് മുളക്, സാമ്പാർ, പുർത്തിച്ചക്ക പുളിശ്ശേരി, രസം, മോര് – ഊണ് – 40 രൂപ. സിറ്റിക്ക് നടുവിൽ 40 രൂപയ്ക്കു ഇങ്ങനെ ഒരു ഊണ്. അതും ഓരോ കറികളും നല്ല ഒന്നാന്തരം രുചി.
അടിപൊളി പരിപ്പ് കറി, പപ്പടത്തിന്റെ കൂടെ കുഴച്ചു കഴിക്കാൻ ബെസ്ററ്. അവിയലൊക്കെ പൊളി, ഒരു അരുചിയും ഇല്ല. തേനു പോലുള്ള അവിയൽ. കിച്ചടിയും ബെസ്ററ്, പുളിഞ്ചിക്ക അച്ചാർ എല്ലായിടത്തും കിട്ടില്ല. അതിന്റെ രുചിയും സുഖിച്ചു. തേങ്ങ ചമ്മന്തിയുടെ രുചിയൊക്കെ കഴിച്ചു അറിയണം. കൂട്ടിനു തൈര് മുളകും. കഷ്ണങ്ങളൊക്കെ ചേർത്ത നല്ല കട്ടിയുള്ള സാമ്പാർ. പുർത്തിച്ചക്ക കഷ്ണങ്ങളൊക്കെ ഒരു ലോഭവുമില്ല. നല്ല രുചിയുള്ള പൈനാപ്പിൾ പുളിശ്ശേരിയും. രസവും മോരും കൂടി ആയപ്പോൾ പൂർത്തിയായി. എല്ലാം കൊണ്ട് സുഖമുള്ള ഒരു ഊണ്.
ഊണ് ഇതിൽ നിർത്തിയില്ല. പോരട്ടെ ഹാഫ് ചിക്കൻ പിരട്ടും ഒരു ബീഫ് ഫ്രൈയും കൂട്ടിനു ഊണിന്റെ കൂടെ കിട്ടിയ മരിച്ചീനിയും. ചിക്കൻ പിരട്ടിന്റെ ഗ്രേവി മാത്രം മതി ഒരു പറ ചോറുണ്ണാൻ അത്രയ്ക്ക് സ്വയമ്പൻ ചിക്കൻ പിരട്ട്. വളരെ മികച്ചത് എന്നു തന്നെ പറയാം. ബീഫ് ഫ്രൈയും വളരെ ഇഷ്ടപ്പെട്ടു. കപ്പയും വളരെ നല്ലത് . ഒന്നിനും ഒരു കുറവും പറയാനില്ല.
പ്രത്യേകം പറയേണ്ട ഒരു കാര്യം നല്ല രീതിയിൽ സർവീസ് ചെയ്യുന്ന സ്റ്റാഫും എല്ലായിടത്തും കണ്ണും കാതും എത്തി നിർദ്ദേശങ്ങൾ മുറയ്ക്ക് നൽകി സപ്ലയറായും കാഷ്യറായും എല്ലാവരുടെയും ഒപ്പം നില്ക്കുന്ന ഹരിമോനിയും Customer is King എന്നുള്ള രീതിയിൽ ആണ് കാണുന്നത്. വില വിവരം: ഊണ് – 40, ബീഫ് – 90, ചിക്കൻ പിരട്ട് ഹാഫ് – 70 (Full 130), ഊണിനോട് ഒപ്പമുള്ള മരിച്ചീനി – 5.
100 വർഷത്തിലേറെ ആയി നിറയും രുചി. നമ്മുടെ അനന്തപുരിയിൽ 100 വർഷത്തിലേറെയായി നില നിൽക്കുന്ന ഭക്ഷണയിടങ്ങൾ കുറവാണ്. അതിൽ എഴുതി ചേർക്കാവുന്ന ഒരു പേരാണ് വിശ്വനാഥും.
ശ്രീ വിശ്വനാഥൻ നായർ തുടങ്ങി വച്ച സ്ഥാപനം. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയുടെ സഹോദരനായ സോമൻ നായർ ആണ് നടത്തിയിരുന്നത്. ശ്രീ വിശ്വനാഥൻ നായരുടെ ഇളയ മകനായ ഹരി മോനി എന്നു അറിയപ്പെടുന്ന ശ്രീ ഹരി കുമാറാണ് നിലവിൽ ഇപ്പോൾ വിശ്വനാഥ് നടത്തുന്നത്. ഏകദേശം 20 വർഷത്തിലേറെയായി അദ്ദേഹത്തിനാണ് ഇതിന്റെ മേൽനോട്ടം. അദ്ദേഹത്തിന്റെ മൂത്ത സഹോദരങ്ങളും സഹായത്തിനായി ഒപ്പമുണ്ട്.
ശ്രീ വിശ്വനാഥിന്റെ ഭാര്യ അഥവാ ശ്രീ ഹരികുമാറിന്റെ അമ്മ രാധമ്മയുടെ കൈപുണ്യത്തിലും മേൽനോട്ടത്തിലുമാണ് ഇവിടെ ആഹാരം തയ്യാറാക്കപ്പെടുന്നത്. ഊണും കറികളുമെല്ലാം പ്രധാനമായി തയ്യാറാക്കുന്നത് വലിയ വാർപ്പിൽ ചെമ്പ് അടുപ്പിൽ പുളി വിറകിലാണ് ചെയ്യുന്നത്.
രാവിലെ അപ്പം, പുട്ട്,ഇഡ്ഡലി,ദോശ, ഇടിയപ്പം, കടല, മുട്ടക്കറി, കിഴങ്ങ് കറി, കുറുമ കറി യൊക്കെയാണ് സാധാരണ കാണുന്നത്. ചിക്കൻ കറി, ചിക്കൻ തോരൻ, ചിക്കൻ പിരട്ടൊക്കെ എട്ട് എട്ടരയാകുമ്പോൾ തയ്യാറാകും. ഉച്ചയ്ക്ക് ഊണിന് തൊടുകറികളിൽ വ്യത്യാസം വരാറുണ്ട്. ഊണിന്റെ കൂടെയുള്ള മരിച്ചിനിക്ക് 5 രൂപ അല്ലാതെ പ്രത്യേകം ക്വാണ്ടിറ്റി കൂടി 30-40 രൂപയ്ക്ക് ഉണ്ട്. കണ്ടാൽ കൊതിയാവുന്ന തൈര് കിട്ടും 10 രൂപ. കഴിച്ച് കഴിഞ്ഞാണ് കണ്ടത്. മിസ്സായി. അത് പോലെ മീനൊക്കെ നല്ല രീതിയിൽ ആൾക്കാർ വാങ്ങിക്കുന്നത് കണ്ടു. വൈകുന്നേരം ചില്ലി ചിക്കൻ, ജിഞ്ചർ ചിക്കൻ, ഗാർലിക് ചിക്കൻ, എഗ്ഗ് മസാല, തക്കാളി, കുറുമ, പെറോട്ട, ചപ്പാത്തി തുടങ്ങിയ ഐറ്റങ്ങൾ ഉണ്ട്.
നഗരത്തിന് നടുവിൽ കുറഞ്ഞോരു ചെലവിൽ നല്ലൊരു ഊണ്. അത് പോലെ അടിപൊളി ചിക്കൻ പിരട്ടും മറ്റു വിഭവങ്ങളും വീട്ടിലെ പോലെ വിശ്വസിച്ച് കഴിക്കാൻ ഹോട്ടൽ വിശ്വനാഥ്. Timings: 6 AM to 9:30 PM. Seating Capacity: 25.Hotel Vishwanath, Pipinmoodu Junction, Sawthi Nagar, Pipinmoodu, Thiruvananthapuram, Kerala 695003, 08547617823.