കൊല്ലത്ത് ഒരു ഹൗസ്ബോട്ട് യാത്ര പോയാലോ?

വിവരണം – ആദർശ് വിശ്വനാഥ്.

ഹൗസ്ബോട്ട് യാത്രയെന്നാൽ എല്ലാവരുടെയും മനസ്സിലേക്കെത്തുന്നത് ആലപ്പുഴയാണ്. അല്ലെങ്കിൽ അതേ വേമ്പനാട്ടുകായലിലെ കുമരകം. ഒരുവിധം യാത്രാപ്രേമികളൊക്കെ ഈ ബോട്ടിംഗ് സർക്യൂട്ട് പലതവണ എക്സ്പ്ലോർ ചെയ്തുകഴിഞ്ഞിട്ടുണ്ടാവും, ഇവിടത്തെ കാഴ്ചകൾ കണ്ടുമടുത്തിട്ടുണ്ടാവും. സീസണിൽ ചിലപ്പോഴൊക്കെ MGറോഡിലെ വാഹനട്രാഫിക്കിനെക്കാൾ കടുപ്പമാണ് ആലപ്പുഴയിലെ കനാലുകളിലെ ഹൗസ്ബോട്ട് നിര.

അങ്ങനെ ആലപ്പുഴ കണ്ടുമടുത്തവർക്കുള്ള മറ്റൊരു ഓപ്ഷനാണ് കൊല്ലത്തെ അഷ്ടമുടിക്കായൽ. ഇവിടെയും ഹൗസ്ബോട്ടുകൾ ഹിറ്റായി ഓടുകയാണ്. എട്ടുമുടികളായി (ശാഖകൾ) പരന്നുകിടക്കുന്ന കേരളത്തിലെ രണ്ടാമത്തെ വലിയ കായലായ അഷ്ടമുടിക്കായലിന്റെ അഭൗമഭംഗിയും തീരത്തെ പച്ചപ്പും തന്നെയാണ് ഇവിടത്തെ ഹൈലൈറ്റ്. ആലപ്പുഴയോളം തിരക്കുമില്ല. റേറ്റും താരതമ്യേനകുറവ്.

കുടുംബങ്ങൾക്കും ഓഫീസ്, കോളേജ്, ക്ലബ് തുടങ്ങി ചെറുഗ്രൂപ്പുകൾക്കും ഏറെ അനുയോജ്യമാണ് ഇവിടത്തെ ഡേ-ക്രൂയിസ്.
ഹൗസ്ബോട്ട് താരതമ്യേന സുരക്ഷിതമാണല്ലോ ! സ്വകാര്യതയുമുണ്ട്. ഒരുമിച്ചിരിക്കാം, കാഴ്ചകൾകാണാം. പിന്നെ തിന്നാം,കുടിക്കാം, ആടാം, പാടാം. പോരെങ്കിൽ മൺറോതുരുത്തെന്ന മനോഹരമായ പച്ചത്തുരുത്തും സാമ്പ്രാണിക്കോടിയെന്ന അൽഭുതദ്വീപും ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്.

കൊല്ലത്ത് ഇപ്പോൾ ഏകദേശം പതിനാറോളം ഹൗസ്ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ട്. KSRTC സ്റ്റാന്റിനടുത്തുള്ള ജെട്ടിയിൽനിന്നോ ആശ്രാമത്തെ അഡ്വഞ്ചർ പാർക്ക് ജെട്ടിയിൽനിന്നോ, സ്വകാര്യ ഹോട്ടൽ ജെട്ടികളിൽനിന്നോ ആകും ഇവ പുറപ്പെടുക. രണ്ടാമത് പറഞ്ഞിടത്ത് കുട്ടികൾക്ക് വിവിധ അഡ്വഞ്ചർ ആക്ടിവിറ്റീസിനുള്ള സംവിധാനങ്ങളുണ്ട്.

10 to 4 ആണ് സാധാരണ ഡേ-ക്രൂയിസ് സമയം. രാവിലെതുടങ്ങുന്ന യാത്ര കായലിലൂടെ കുരീപ്പുഴ, സാമ്പ്രാണി, ചവറ തെക്കുഭാഗം വഴി ആദ്യം മൺറോത്തുരുത്തിലാവും എത്തുക. ആവശ്യമെങ്കിൽ ഇവിടെയിറങ്ങാം. അല്ലെങ്കിൽ ബോട്ടിൽതന്നെ ചുറ്റിക്കാണാം. മൺറോത്തുരുത്ത് – കല്ലടയാർ അഷ്ടമുടിക്കായിൽ ചേരുന്നതിവിടെയാണ്. എട്ടു ചെറുദ്വീപുകളുടെ കൂട്ടമാണിത്.

കനാൽ ക്രൂയിസാണ് ഇവിടത്തെ പ്രധാന ഏർപ്പാട്. ചെറുവള്ളങ്ങളിൽ മുളയൂന്നി നാട്ടിലെ ഇടവഴികൾ പോലെയുള്ള ചെറുതോടുകളിലൂടെ പാലങ്ങളിൽ തലതട്ടാതെ കുനിഞ്ഞിരുന്നൊക്കെ ഗ്രാമഭംഗി ആസ്വദിച്ച് ഒരുമണിക്കൂർ ചുറ്റിവരാം. കണ്ടൽക്കാടുകളാണ് മറ്റൊരാകർഷണം. കണ്ടൽ ആർച്ച് രൂപത്തിൽ നിൽക്കുന്ന ഒരു ഫോട്ടോപോയിന്റ് പ്രശസ്തമാണ്. ഇതൊന്നും ഹൗസ്ബോട്ട് പോകുന്ന വഴിയല്ല. നമ്മൾ പുറത്തിറങ്ങി ചെറുവള്ളം എടുക്കണം. ഒരു മണിക്കൂറോളം നീളും ഈ കനാൽയാത്ര.

ഉച്ചനേരത്താണ് ഇവിടെയെത്തുന്നതെങ്കിൽ വെയിൽ കടുപ്പമാവുമെന്ന് ഓർക്കുക. അതിനാൽതന്നെ പലരും ഇത് ഒഴിവാക്കാറുണ്ട്. കായലിലൂടെ മൺറോ മൊത്തത്തിൽ ചുറ്റിക്കാണാൻ ഹൗസ്ബോട്ട് തന്നെമതി. ഇവിടന്ന് തിരികെ വരുംവഴിയാണ് അടുത്തകാലത്ത് പ്രശസ്തമായ സാമ്പ്രാണിക്കൊടി എന്ന വ്യത്യസ്തമായ ദ്വീപ് കാണാൻപറ്റുക.

കൊല്ലത്തെ തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേമുനമ്പാണ് സാമ്പ്രാണിക്കോടി കടവ്. ഈ കടവിൽനിന്ന് നോക്കിയാൽ കാണുന്നൊരു പച്ചതുരുത്തുണ്ട്. ദേശീയജലപാതക്കായി കായൽ ഡ്രഡ്ജ് ചെയ്തെടുത്ത മണ്ണ് കൂട്ടിയിട്ടപ്പോൾ അതൊരു രണ്ടേക്കർവരുന്ന ദ്വീപു പോലെയായതാണിത്. അപൂർവ്വമായ മഞ്ഞക്കണ്ടലടക്കം അഞ്ചിനം കണ്ടലുകളാണിവിടെ വളർന്നിട്ടുള്ളത്. കരയില്ല, പക്ഷേ മുട്ടറ്റംവെള്ളത്തിൽ ഈ തുരുത്തുമുഴുവൻ നമുക്ക് സുരക്ഷിതമായി നടക്കാമെന്നതാണ് ഈ സ്ഥലത്തിന് വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിക്കൊടുത്തത്.

ഇവിടെ ഹൗസ്ബോട്ട് ദൂരെ സാമ്പ്രാണികടവിലടുപ്പിക്കും. കടവിൽനിന്ന് തുരുത്തിലേക്ക് ചെറുബോട്ടിൽ വരണം. പത്തുമിനിട്ടുമതി എത്താൻ. ഇതിന് മടക്കയാത്രയടക്കം ഇപ്പോൾ 50/- രൂപയാണ് ചാർജ്. മോട്ടോർബോട്ടിൽ തുരുത്തിലെ ഫ്ലോട്ടിംഗ് ജെട്ടിയിലിറങ്ങാം. പിന്നെ വെള്ളത്തിലിറങ്ങി ഈ തുരുത്തിൽ ചുറ്റിനടക്കാം. ഇവിടെ വള്ളക്കാരുണ്ട്. വേണമെങ്കിൽ 50/- രൂപക്ക് ഇവർ നമ്മെ വളളത്തിൽ തുരുത്തിനു ചുറ്റും കറക്കിത്തരും. പക്ഷേ നടപ്പുതന്നെരസം.

കായലിൽ കസേരയും മേശയുമിട്ടിരുന്ന് പൈനാപ്പിളം ഉപ്പുമാങ്ങയുമൊക്കെ കച്ചവടം ചെയ്യുന്നത് രസകരമായ കാഴ്ചയാണ്. ഇവിടെ കണ്ടൽകാട്ടിലൊക്കെ വലിഞ്ഞുകയറി ഫോട്ടോയെടുക്കാം. ഇവിടുന്ന് സൂര്യാസ്തമയക്കാഴ്ച അടിപൊളിയാണ്. കൊല്ലം ബൈപാസിലെ പുതിയ കുരിപ്പുഴ പാലത്തിൽനിന്നു നോക്കിയാൽ ഈ തുരുത്തുകാണാം.

ഇവിടെ ഒരു മണിക്കൂർ ചെലവഴിച്ച് ഏതുബോട്ടിലും കയറി തിരികെ കടവിലെത്താം. വീണ്ടും ഹൗസ്ബോട്ടിൽ കയറി തിരികെ കൊല്ലത്തെ ജെട്ടിയിൽ വൈകുന്നേരത്തോടെ യാത്ര അവസാനിപ്പിക്കാം.

ഈ ഡേ-ക്രൂയിസ് പാക്കേജ് ഫുഡ് ഉൾപ്പടെയാണ് നൽകുന്നത്. കയറുമ്പോൾ ഒരു വെൽക്കം ഡ്രിങ്ക്, രാവിലെ കപ്പയും മീൻകറിയും ഉച്ചക്ക് ഊണ്, മീൻ, ചിക്കൻ… തുടങ്ങി വിഭവസമൃദ്ധമായ ലഞ്ച്, വൈകിട്ട് ചായയും പഴംപൊരിയും ഇതൊക്കെയാണ് സാധാരണ.

സാമ്പ്രാണിക്കൊടി ബോട്ടിംഗടക്കം സാധാരണ പാക്കേജിൽ ഉൾപ്പെടും, മൺറോ നമുക്ക് താൽപ്പര്യമുണ്ടെങ്കിൽ ഉൾപ്പെടുത്താം.
സീസൺ, സമയം, ഹൗസ്ബോട്ടിലെ സൗകര്യങ്ങൾ, ഉൾപ്പെട്ട സ്ഥലങ്ങൾ, ഭക്ഷണമെന്യൂ, ആളെണ്ണം… തുടങ്ങിയവ അനുസരിച്ച് റേറ്റ് വ്യത്യാസപ്പെടും. ഗ്രൂപ്പ് യാത്രകൾക്ക് 800 മുതൽ 1500 രൂപ വരെയാണ് സാധാരണ ഒരാൾക്ക് ചാർജ് ചെയ്യാറ്. മണിക്കൂർ കണക്കിനും എടുക്കാം.

എന്തായാലും ഈ അവധിക്കാലത്ത് കുടുംബമായോ സുഹൃത്തുക്കളുമായോ ഓഫീസ് സഹപ്രവർത്തകരുമായോ ഒരുദിവസം കറങ്ങാനാഗ്രഹിക്കുന്ന വർക്ക് നല്ലൊരു ഓപ്ഷനാവും കൊല്ലത്തെ അഷ്ടമുടികായലിലൊരു ഹൗസ്ബോട്ട് ഡേ ക്രൂയിസ്. അപ്പോ, ഒന്നു വിട്ടാലോ?