ബെംഗളൂരുവിലെ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ ശ്രദ്ധിക്കണം?

സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരമാണ് ബെംഗളൂരു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ പലതരം ജോലികളിൽ ഏർപ്പെട്ടിരിക്കുകയും തങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ബെംഗളൂരു നിവാസികളിൽ അധികവും മലയാളികളാണ് എന്നതാണ് മറ്റൊരു സത്യം. ജോലി ആവശ്യങ്ങൾക്കായും പഠനത്തിനായും ചുമ്മാ കറങ്ങിയടിക്കുവാനും ഒക്കെ ധാരാളം മലയാളികളാണ് ഈ മെട്രോ നഗരത്തിൽ ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്.

എന്തിനും ഏതിനും സ്വാതന്ത്ര്യമുള്ള സ്ഥലം എന്നായിരിക്കും ഭൂരിഭാഗം ആളുകളും ബെംഗളൂരുവിനെക്കുറിച്ച് ആദ്യം കേട്ടറിഞ്ഞിട്ടുണ്ടാകുക. അതുകൊണ്ടാണ് ഇവിടേക്ക് ആദ്യമായി വരുന്നവരിൽ പലരും പലതരം തട്ടിപ്പുകളിലും കെണികളിലും പെട്ടുപോകുന്നത്. ബെംഗളൂരുവിൽ പറ്റിക്കപ്പെടാതിരിക്കുവാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

പോക്കറ്റടി : തിരക്കേറിയ ഒരു നഗരമാണ് ബെംഗളൂരു. ബെംഗളൂരുവിലെ ബസ്സുകളിൽ യാത്ര ചെയ്യുമ്പോഴും ബസ് സ്റ്റോപ്പിൽ തിരക്കുകളിൽ നിൽക്കുമ്പോഴും ഒരു കാര്യം ഇപ്പോഴും ഓർക്കുക. നിങ്ങളുടെ തൊട്ടടുത്തായി ചിലപ്പോൾ ഒരു പോക്കറ്റടിക്കാരൻ ഉണ്ടാകാം. തിരക്ക് താരതമ്യേന കൂടുതലുള്ള സ്ഥലങ്ങളിലാണ് പോക്കറ്റടികൾ നടക്കാറുള്ളത്. അതിൽ പ്രധാനമാണ് ബെംഗളൂരു സിറ്റിബസ്സുകൾ. രാവിലെയും വൈകീട്ടും ബസ്സുകളിൽ ഭയങ്കര തിരക്കായിരിക്കും അനുഭവപ്പെടുക. ഈ തിരക്കിനിടയിൽ ശ്രദ്ധിക്കാതെ നിന്നാൽ ചിലപ്പോൾ നിങ്ങളുടെ പഴ്‌സോ മൊബൈൽഫോണോ നഷ്ടപ്പെട്ടേക്കാം.

സെക്കൻഡുകൾ മാത്രം മതി ഒരു പോക്കറ്റടിക്കാരന് തൻ്റെ കൃത്യം നിർവ്വഹിക്കാൻ. പോലീസിൽ പരാതിപ്പെട്ടിട്ടൊന്നും ഒരു കാര്യവും ഉണ്ടാകില്ല. പോയത് പോയി എന്നു വിചാരിക്കുവാനെ നിവൃത്തിയുണ്ടാകൂ. മലയാളികൾ ആയിരിക്കും കൂടുതലായും പോക്കറ്റടിക്കാരുടെ ഇരയാകുന്നത്. ബെംഗളൂരുവിൽ വര്ഷങ്ങളായി ജീവിക്കുന്നവർക്കു പോലും ഇത്തരത്തിൽ പണികിട്ടിയിട്ടുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് കഴിവതും. തിരക്കുകളിൽ പെടാതെ സൂക്ഷിക്കുക.

കണ്ടക്ടർമാരുടെ തട്ടിപ്പുകൾ : ബെംഗളൂരു സിറ്റിയിൽ കൂടുതലാളുകളും യാത്രയ്ക്കായി ഉപയോഗിക്കുന്നത് BMTC ബസ്സുകളാണ്. മുഖവുരയില്ലാതെ ഒരു കാര്യം ആദ്യമേതന്നെ പറഞ്ഞുകൊള്ളട്ടെ. കുറച്ച് നല്ല ജീവനക്കാരെ ഒഴിച്ചാൽ BMTC യിലെ നല്ലൊരു ശതമാനം കണ്ടക്ടർമാരും യാത്രക്കാരെ പറ്റിക്കുന്നതിൽ പ്രത്യേകം കഴിവ് സിദ്ധിച്ചവരാണ്. ഒരു കൂട്ടം ആളുകളെ മോശക്കാരാക്കി കാണിക്കുകയല്ല, അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണ്. യാത്രക്കാരിൽ നിന്നും പണം വാങ്ങുകയും എന്നാൽ ടിക്കറ്റ് കൊടുക്കാതെ നൈസായി മുങ്ങുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന കലാപരിപാടി. മിനിട്ടുകൾക്കകം ഇവർ നമ്മളിൽ നിന്നും അകന്നു പോകുകയും ചെയ്യും. അബദ്ധവശാൽ ചെക്കർ കയറിയാൽ പിടിയിലാകുന്നത് പാവം യാത്രക്കാരനായിരിക്കും.

ടിക്കറ്റ് കിട്ടിയില്ലെന്ന കാര്യം പിന്നീട് നമ്മൾ പറയുകയാണെങ്കിൽ ടിക്കറ്റ് തന്നതാണ് എന്ന് ഇവർ തറപ്പിച്ചു പറയും. പാവം മലയാളികളാണ് ഇത്തരത്തിൽ കൂടുതലായി പറ്റിക്കപ്പെടുന്നതും. കണ്ടക്ടർ കന്നഡയിൽ ഡയലോഗ് തകർക്കുമ്പോൾ ഒന്നും മനസ്സിലാകാത്ത മലയാളികൾ കുഴങ്ങിപ്പോകും. ഒട്ടും വിട്ടുകൊടുക്കാതെ ഈ കാര്യം പറഞ്ഞു തർക്കിക്കാൻ നിന്നാലോ? പിന്നെ കണ്ടക്ടറുടെ മട്ടുമാറും. പിന്നെ കന്നഡയിൽ ഒച്ചപ്പാടായി തെറിവിളിയായി… അടി വരെ കിടന്ന സാധ്യതയുമുണ്ട്. മറ്റു യാത്രക്കാർ ഇതിലൊന്നും ഇടപെടില്ലെന്നു മാത്രമല്ല ചിലപ്പോൾ ഭാഷാടിസ്ഥാനത്തിൽ അവരെല്ലാം ഒറ്റക്കെട്ടായി നിൽക്കാനും ഇടയുണ്ട്. അതുകൊണ്ട് കാശു കൊടുത്താൽ ഉടൻതന്നെ ടിക്കറ്റ് വാങ്ങുക.

ഇതുകൂടാതെ മറ്റൊരു ഐറ്റം കൂടിയുണ്ട് ഇവരുടെ കയ്യിൽ. ടിക്കറ്റ് തന്നിട്ട് ബാക്കി പിന്നെ തരാം എന്നൊരു ഒഴുക്കൻ മറുപടിയായിരിക്കും. ഇങ്ങനെ പറയുന്ന കണ്ടക്ടർമാരിൽ നിന്നും അപ്പോൾത്തന്നെ ടിക്കറ്റിനു പിന്നിൽ ബാലൻസ് തരാനുള്ളത് കുറിച്ചു വാങ്ങണം. അല്ലാത്തപക്ഷം ബാക്കി കാശ് കണ്ടക്ടർക്ക് പുട്ടടിക്കാൻ പോകും. ഇത്തരത്തിൽ നല്ലൊരു തുക ബെംഗളൂരുവിലെ കണ്ടക്ടർമാർ ചെലവിനായി ഒപ്പിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഓട്ടോറിക്ഷക്കാരുടെ തട്ടിപ്പുകൾ : ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ വന്നിറങ്ങുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് സിറ്റിയിലെ ഓട്ടോക്കാർ ആയിരിക്കും. “സാർ..സാർ..” എന്നു വിളിച്ച് നമ്മുടെ ബാഗിലും ലഗേജിലും വരെ പിടിച്ചു വലിച്ചുകൊണ്ടായിരിക്കും സവാരിയ്ക്കായി അവർ വിളിക്കുക. ഈ “സാർ..” വിളിയിൽ വീണാൽ തീർന്നു. സവാരി കഴിഞ്ഞാൽ പിന്നെ കഴുത്തറുപ്പൻ കൂലിയായിരിക്കും ഇവർ കൂളായി ചോദിക്കുക. തർക്കിക്കാൻ നിന്നാൽ പിന്നെ ഭീഷണിപ്പടുത്തലും ചീത്തവിളിയുമാകും നമുക്ക് കിട്ടുക. അതുകൊണ്ട് ബെംഗളൂരുവിൽ വന്നാൽ മാക്സിമം ഓട്ടോയാത്ര ഒഴിവാക്കുന്നതായിരിക്കും നിങ്ങളുടെ പോക്കറ്റിനു നല്ലത്.

ഓട്ടോക്കാരിലും നല്ലവർ ഉണ്ടാകും, പക്ഷേ പരിചയമില്ലാത്തയിടത്ത് നല്ലവരെയും പറ്റിപ്പുകാരേയും നമ്മൾ എങ്ങനെ തിരിച്ചറിയും? ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളെ ആശ്രയിക്കാവുന്നതാണ്. അതുമല്ലെങ്കിൽ ഒന്നിലധികം ആളുകളെ കയറ്റിക്കൊണ്ടുപോകുന്ന ഷെയർ ഓട്ടോകളെയും തിരഞ്ഞെടുക്കാം. ഷെയർ ഓട്ടോ ആണെങ്കിലും ചാർജ്ജ് എത്രയെന്നു തിരക്കാണ് മറക്കരുത്.

ഭാഷാടിസ്ഥാനത്തിലുള്ള വേർതിരിവുകൾ : പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ബെംഗളൂരു എങ്കിലും ഇതും കർണാടകയിൽപ്പെട്ട സ്ഥലമാണ് എന്നോർക്കുക. പൊതുവെ കന്നഡക്കാർക്ക് തമിഴന്മാരെക്കാളും അൽപ്പം വർഗ്ഗ സ്നേഹം കൂടുതലായിരിക്കും. അതുകൊണ്ട് അവിടെ ചെന്നിട്ട് പരസ്യമായി കന്നടക്കാരെ താഴ്ത്തി പറയുവാനോ തമിഴനെയോ മലയാളിയെയോ പൊക്കിപ്പറയുവാനോ ഒന്നും മുതിരരുത്. കാവേരി പ്രശ്നത്തെത്തുടർന്നുണ്ടായ കോലാഹലമെല്ലാം ഓർമ്മയുണ്ടാകുമല്ലോ.

രാത്രി തട്ടിപ്പുകൾ : ഫുൾ ഫ്രീഡം ഉണ്ടെന്നു കരുതി രാത്രികാലങ്ങളിൽ ബെംഗളൂരുവിൽക്കൂടി കാൽനടയായി ചുറ്റിയടിക്കുന്നത് അത്ര നല്ലതല്ല. ചില ഏരിയകളിൽ രാത്രി സമയത്ത് പിടിച്ചുപറിയും മോഷണവും ഒക്കെ അരങ്ങേറാറുണ്ട്. പ്രത്യേകിച്ച് ഓവർബ്രിഡ്‌ജുകളുടെ അടിയിൽ. അതിനാൽ ഒറ്റയ്ക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കുക. അതുപോലെതന്നെ രാത്രികളിൽ ചില സ്ത്രീകൾ സൗഹൃദം നടിച്ച് അടുക്കുവാൻ ശ്രമിക്കും. ആദ്യമേതന്നെ ഇത്തരക്കാരിൽ നിന്നും ഒഴിവാകുക. ഈ പറയുന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ ബെംഗലൂരു നിങ്ങൾക്ക് നല്ല അനുഭവങ്ങൾ തരുന്ന ഒരു നഗരം തന്നെയായിരിക്കും.