സഞ്ചാരികളുടെ പറുദീസയാണ് വയനാട്. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാഴ്ചകളാണ് വയനാട്ടിലുള്ളത്. വയനാടിന് ആ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. വയലുകളുടെ നാട് വയനാട് ആയതാണെന്നു ചിലർ പറയുമ്പോൾ കാടുകളുടെ നാടായ വനനാട് വയനാടായി മാറിയതെന്നാണ് മറ്റൊരു വാദം. മായക്ഷേത്ര എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ് ചിലർ കരുതുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയും കൂടിയാണ് വയനാട്.
കോഴിക്കോടിനെ വായനാടുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന മാർഗ്ഗമാണ് താമരശ്ശേരി ചുരം. കേരളത്തിലുള്ളവർക്ക് വയനാട്ടിലേക്ക് കടക്കുവാനുള്ള പ്രധാന പാതയും ഇതുതന്നെ. ചുരത്തിൽ എന്തെങ്കിലും അപകടമോ മണ്ണിടിച്ചിലോ ഉണ്ടായാൽ വയനാട് ഒറ്റപ്പെട്ടുപോകും എന്നാണു എല്ലാവരും പറയുന്നത്. എന്നാൽ താമരശ്ശേരി ചുരം അല്ലാതെ വയനാട്ടിൽ നിന്നും പുറത്തു കടക്കുവാൻ വേറെയും മാർഗ്ഗങ്ങൾ ഉണ്ടെന്നത് മിക്കവർക്കും അറിയില്ല.
ചുരങ്ങളിൽക്കൂടി മാത്രമേ വയനാട്ടിൽ നിന്നും അയൽജില്ലകളിലേക്ക് കടക്കുവാൻ സാധിക്കൂ. പ്രശസ്തമായ താമരശ്ശേരി ചുരം ഉൾപ്പെടെ അഞ്ച് ചുരങ്ങളാണ് ഇവിടെ നിന്നും പുറത്തു കടക്കുവാനുള്ള മാർഗ്ഗങ്ങൾ. താമരശ്ശേരി ചുരത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കും നന്നായി അറിയാം. ബാക്കി നാല് ചുരങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ താഴെ കൊടുക്കുന്നു.
കുറ്റ്യാടി ചുരം : വയനാട്ടിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് എത്തുവാനുള്ള മറ്റൊരു മാർഗ്ഗമാണ് കുറ്റ്യാടി ചുരം. കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം വഴി കോഴിക്കോടേക്കുള്ള യാത്ര മനോഹരമായിരിക്കും. താമരശ്ശേരി ചുരത്തിൽ ബ്ലോക്ക് കൂടുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചു വിടാറുള്ളത്. എങ്കിലും കൂടുതലാളുകളും യാത്ര ചെയ്യുവാനായി ഈ വഴി തെരഞ്ഞെടുക്കാറില്ല.
നാടുകാണി ചുരം : വയനാട് ജില്ലയിൽ നിന്നും മലപ്പുറം ജില്ലാ വഴി പുറത്തു കടക്കുവാനുള്ള ഒരു മാർഗ്ഗമാണ് ഇത്. കൽപ്പറ്റയിൽ നിന്നും മേപ്പാടി, വടുവഞ്ചാൽ വഴി സഞ്ചരിച്ച് നാടുകാണി ചുരം കടന്നു മലപ്പുറം ജില്ലയിലെ വഴിക്കടവിൽ എത്തിച്ചേരാം. വനത്തിലൂടെയാണ് ഈ ചുരം കടന്നുപോകുന്നത്. ചില സമയങ്ങളിൽ ചുരത്തിൽ ആനകൾ ഇറങ്ങി നടക്കുന്ന കാഴ്ചയും കാണാം. മലപ്പുറം ജില്ലയിൽ നിന്നും ഗൂഡല്ലൂർ, മുതുമല, ഊട്ടി എന്നിവിടങ്ങളിലേക്ക് പോകുന്നതും ഇതുവഴി തന്നെയാണ്.
പാൽചുരം : കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഒരു ചുരമാണ് പാൽചുരം. കേരളത്തിലെ മറ്റു ചുരങ്ങളെ അപേക്ഷിച്ച് വീതി കുറവാണ് പാൽചുരത്തിന്. കണ്ണൂർ ജില്ലയിലെ ഇരിട്ടി, കാസർഗോഡ് ജില്ലയിലെ മലയോരമേഖലകൾ എന്നിവിടങ്ങളിൽ നിന്നും ആളുകൾ വയനാട്ടിലേക്ക് കടക്കുന്നത് ഇതുവഴിയാണ്. ഇരിട്ടിയിൽ നിന്നും പാൽചുരം വഴി മാനന്തവാടിയിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ നടത്തുന്നുണ്ട്.
പെരിയ ചുരം : വയനാട്ടിൽ നിന്നും കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ, കൂത്തുപറമ്പ്, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പം എത്താവുന്ന ഒരു ചുരം പാതയാണ് പെരിയ ചുരം. ഇതുവഴി പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ ധാരാളം ബസ് സർവീസുകൾ നടത്തുന്നുണ്ട്.
ഇനി എപ്പോഴെങ്കിലും വയനാട്ടിൽ പോകുമ്പോൾ ഇതുവഴി ഒന്ന് യാത്ര ചെയ്യുവാൻ ശ്രമിക്കുക. എപ്പോഴെങ്കിലും താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാൽ നിങ്ങൾക്ക് ഇതിലേതെങ്കിലും മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്. അതുപോലെ മറ്റൊരു കാര്യം കൂടി – വയനാട്ടിൽ നിന്നും കേരളത്തിലെ തെക്കൻ പ്രദേശങ്ങളിലേക്ക് വരുന്നവർക്ക് ഏറ്റവും എളുപ്പം നാടുകാണി ചുരം വഴിയുള്ള യാത്രയാണ്.