രാവിലെ തന്നെ വെസ്റ്റ് ബെംഗാളിലെ ജലടപ്പാറയിൽ നിന്നും ഞങ്ങൾ ഭൂട്ടാനിലേക്ക് യാത്രയായി. കാണ്ടാമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. കാട്ടിൽ അവിടവിടെയായി കാണ്ടാമൃഗങ്ങൾ വഴി മുറിച്ചു കടക്കുമെന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ കാണാമായിരുന്നു. നമ്മുടെ ബന്ദിപ്പൂരും മുത്തങ്ങയിലും മുതുമലയിലുമെല്ലാം ‘Elephant Crossing’ കാണുന്നത് പോലെ തന്നെ.
അങ്ങനെ ഞങ്ങൾ കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ജെയ്ഗാവ് ഗ്രാമത്തിലൂടെ ഞങ്ങൾ ഇന്ത്യ – ഭൂട്ടാൻ ബോർഡറിൽ എത്തിച്ചേർന്നു. ചെക്കിംഗുകളോ പെർമിറ്റോ ഒന്നും എടുക്കാതെ തന്നെ ഞങ്ങൾ കാറിൽ ഭൂട്ടാനിലേക്ക് പ്രവേശിച്ചു. അതിർത്തി കടക്കുന്ന സമയത്ത് എമിലായിരുന്നു വാഹനമോടിച്ചിരുന്നത്. ആദ്യമായിട്ടായിരുന്നു സ്വന്തമായി വണ്ടിയോടിച്ചുകൊണ്ട് ഒരു ഇന്റർനാഷണൽ ബോർഡർ കടക്കുന്നത്. ഞങ്ങളെല്ലാം നല്ല ഹാപ്പി മൂഡിലായിരുന്നു.
ഭൂട്ടാനിൽ കുറച്ചു ദൂരമെല്ലാം നമുക്ക് പെർമിറ്റുകൾ ഒന്നുമില്ലാതെ സഞ്ചരിക്കുവാൻ സാധിക്കും. കുറച്ചു ദൂരം ചെന്നാലാണ് ചെക്ക്പോസ്റ്റും ഇമിഗ്രെഷനും ഒക്കെയുള്ളത്. ഞങ്ങൾ പെർമിറ്റ് കിട്ടുന്ന ഓഫീസ് എവിടെയെന്നാണെന്നു അന്വേഷിച്ചു യാത്രയായി. ഒടുവിൽ അതിനടുത്തു ചെന്നപ്പോൾ ഒരു ട്രാവൽ ഏജന്റ് വന്നു ഞങ്ങളെ സമീപിക്കുകയും ഒരാൾക്ക് 300 രൂപ വീതം ഫീസായി നൽകിയാൽ നടപടിക്രമങ്ങളെല്ലാം പെട്ടെന്ന് പൂർത്തിയാക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു.
പെർമിറ്റിന് അപേക്ഷിക്കുന്നതിനൊക്കെ മുൻപ് ഞങ്ങൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു. എമിലും സലീഷേട്ടനും മസാലദോശയും ഞാൻ ന്യൂഡിൽസുമാണ് കഴിച്ചത്. നല്ല കത്തി ചാർജ്ജ് ആയിരുന്നു ആ ഹോട്ടലിൽ. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയിട്ട് ഞങ്ങൾ നേരത്തെ പരിചയപ്പെട്ട ഏജന്റ് മുഖേന അവരുടെ ട്രാവൽ ഏജൻസിയുടെ ഓഫീസിൽ എത്തി. നമ്മുടെ നാട്ടിലാണ് ഇതുപോലെയെങ്കിൽ അവർ നല്ല റേറ്റും കമ്മീഷനുമൊക്കെ ഈടാക്കുമായിരുന്നു. എന്നാൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവർ ഇങ്ങനെ പറഞ്ഞു “ഹോട്ടൽ ബുക്കിംഗും മറ്റു രേഖകളുമൊക്കെ ഉള്ളതല്ലേ, എല്ലാ നടപടിക്രമങ്ങളും നിങ്ങൾക്ക് സ്വയം ചെയ്യാവുന്നതേയുള്ളൂ. ഞങ്ങളുടെ ആവശ്യം വേണ്ടി വരില്ല.” ഭൂട്ടാനിലെ സത്യസന്ധതയുടെ ആദ്യ അനുഭവമായി മാറി ആ ട്രാവൽ ഏജൻസിയും അവിടത്തെ ആളുകളും.
അങ്ങനെ ഞങ്ങൾ സ്വയം ഇമിഗ്രെഷനോക്കെ എളുപ്പം നേടിയെങ്കിലും വണ്ടിയുടെ പെർമിറ്റ് എടുക്കുവാൻ അൽപ്പം താമസമുണ്ടായി. കാരണം വേറൊന്നുമല്ല ഞങ്ങൾ ഓഫീസിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് ഒരു മണിയോടടുത്തിരുന്നു. അവിടെ ഓഫീസ് ഒരു മാണി മുതൽ രണ്ടു മണിവരെ ലഞ്ച് ബ്രേക്ക് ആയിരുന്നു. അങ്ങനെ ഞങ്ങൾ ആ സമയം ചെലവഴിക്കുവാനായി തിരികെ ബോർഡറിലൂടെ ഇന്ത്യയിൽ എത്തി. ഉച്ചഭക്ഷണം കഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ പൈസ എടുക്കുവാനായി ഒരു എടിഎം അന്വേഷിച്ചുകൊണ്ട് യാത്രയായി.
അങ്ങനെ ഒരു എടിഎമ്മിനു മുന്നിൽ എത്തിയപ്പോൾ രണ്ടു മലയാളികളെ പരിചയപ്പെട്ടു. തൃശ്ശൂരിൽ നിന്നും ഹിച്ച്ഹൈക്ക് ചെയ്തു വന്ന ഫവാസ് എന്നു പേരുള്ള രണ്ടു പയ്യന്മാരായിരുന്നു അവർ. രണ്ടുപേരും സോളോ ട്രിപ്പ് ആയിട്ട് വന്നതായിരുന്നു. എന്നാൽ ഒറ്റയ്ക്ക് ഭൂട്ടാനിൽ യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ അവർ ബോര്ഡറിനടുത്തെത്തിയപ്പോൾ ഒരുമിക്കുകയായിരുന്നു. അവരുമായി കുറച്ചു സമയം സംസാരിച്ചശേഷം ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി നല്ലൊരു ഹോട്ടൽ തിരക്കി യാത്രയായി.
സമയമായപ്പോൾ ഞങ്ങൾ വീണ്ടും ഭൂട്ടാനിൽ കയറി വണ്ടിയുടെ പെർമിറ്റ് ഒക്കെ തയ്യാറാക്കി ഭൂട്ടാൻ തലസ്ഥാനമായ തിംഫു ലക്ഷ്യമാക്കി യാത്രയായി. അവിടെ നിന്നും 150 കിലോമീറ്ററോളം ഉണ്ടായിരുന്നു തിംഫുവിലേക്ക്. ഏതാണ്ട് നാല് മുതൽ ആറു മണിക്കൂർ വരെ തിംഫുവിലേക്കുള്ള യാത്രയ്ക്കായി എടുക്കും. അങ്ങനെ ഭൂട്ടാനിലെ മഴയും ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. ഭൂട്ടാനിലേക്ക് യാത്ര പോകുന്നവർക്കായുള്ള വിവരങ്ങൾ താഴെ കൊടുക്കുന്നു.
ഭൂട്ടാൻ : തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. തിംഫു ആണ് തലസ്ഥാനം. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ.
പാസ്പോർട്ടും വിസയുമില്ലാതെ പൗരന്മാർക്ക് സന്ദർശിക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. ഭൂട്ടാനിലേക്ക് വളരെ ചെലവ് ചുരുക്കി റോഡ് മാർഗ്ഗം സ്വന്തം വാഹനത്തിൽ പോകാവുന്നതാണ്. വാഹനവുമായി വരികയാണെങ്കിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ അതിർത്തി കടന്നു എമിഗ്രെഷന് ഓഫീസിനടുത്തേക്ക് പോകണം. ഭൂട്ടാനിലേക്ക് കടക്കുവാൻ പാസ്പോർട്ട് നിർബന്ധമല്ല, എങ്കിലും പാസ്പോർട്ട് ഉള്ളവർക്ക് അത് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം പാസ്സ്പോർട്ട് ഉള്ളവർക്ക് വളരെ എളുപ്പത്തിൽ പെർമിറ്റ് ശരിയാകും. നടപടിക്രമങ്ങൾക്ക് ശേഷം അവർ ഭൂട്ടാൻ പെർമിറ്റ് നമുക്ക് പാസ്സ്പോർട്ടിൽ പതിച്ചു തരും.
പെർമിറ്റിനായി പാസ്പോർട്ട് (അല്ലെങ്കിൽ ഐഡി കാർഡ്) ഒറിജിനലും കോപ്പിയും പിന്നെ നമ്മുടെ പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ആണ് ആദ്യം വേണ്ടത്. കൂടാതെ ഭൂട്ടാനിൽ നമ്മൾ താമസിക്കുന്ന ഹോട്ടലിന്റെയും മറ്റും ബുക്കിംഗ് വൗച്ചറുകൾ, നമ്മുടെ ഭൂട്ടാൻ ട്രിപ്പിന്റെ ദിവസേനയുള്ള പ്ലാൻ (എത്ര ദിവസത്തേക്കാണോ തങ്ങുന്നത്, അത്രയും ദിവസത്തെ Daily വിസിറ്റിങ് കാര്യങ്ങൾ) ഒരു വെള്ളപ്പേപ്പറിൽ എഴുതിയത് എന്നിവ ഒന്നിച്ചു പിൻ ചെയ്ത് പൂരിപ്പിച്ച അപേക്ഷയോടൊപ്പം കൗണ്ടറിൽ കൊടുക്കണം.
അവിടെ ഒരു വെരിഫിക്കേഷൻ ഓഫീസർ നമ്മുടെ രേഖകളെല്ലാം പരിശോധിക്കും. അതിനു ശേഷം അവർ വിളിക്കുന്നതനുസരിച്ചു മറ്റൊരു കൗണ്ടറിൽ ചെന്നിട്ടു നമ്മുടെ ഫോട്ടോ എടുക്കുവാനും വിരലടയാളം എടുക്കുവാനും നിൽക്കണം. അതിനടുത്ത കൗണ്ടറിൽ ചെല്ലുമ്പോൾ കയ്യിൽ പാസ്പോർട്ട് ഉണ്ടെങ്കിൽ പെർമിറ്റ് അപ്പോൾത്തന്നെ അതിൽ പതിച്ചു തരും. ഭൂട്ടാനിൽ കടക്കുന്നതിനു പാസ്പോർട്ട് കൂടാതെ വോട്ടർ ഐഡി കാർഡും ഉപയോഗിക്കാവുന്നതാണ്. പാസ്പോർട്ട് കയ്യിൽ ഇല്ലെങ്കിൽ അവർ നമ്മളെ അടുത്ത കൗണ്ടറിലേക്ക് വിടുകയും അവിടെ നിന്നും പെർമിറ്റ് ഒരു പേപ്പറിൽ പതിച്ചു നൽകുകയും ചെയ്യും.
ഇനി നിങ്ങൾ വാഹനവുമായാണ് വരുന്നതെങ്കിൽ ഭൂട്ടാൻ ബോർഡറിൽ കയറിയിട്ട് RSTA ഓഫീസിൽ ചെന്ന് അവിടെ പാർക്ക് ചെയ്യുക. അവിടെ തൊട്ടടുത്തുള്ള കടയിൽ നിന്നും പെർമിറ്റിനായുള്ള അപേക്ഷയുടെ കോപ്പികൾ ലഭിക്കും. അത് വാങ്ങി പൂരിപ്പിച്ചിട്ട് വണ്ടിയുടെ RC ബുക്ക് കോപ്പി, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസിന്റെ കോപ്പി, വണ്ടിയുടെ ഇൻഷുറൻസ് കോപ്പി (വാഹനങ്ങളുടെ ഇൻഷുറൻസ് എടുക്കുമ്പോൾ ഭൂട്ടാൻ രാജ്യത്തു കൂടി പരിരക്ഷയുള്ള പോളിസി എടുക്കുവാൻ ശ്രദ്ധിക്കുക), ടാക്സ് ടോക്കൺ കോപ്പി, നേരത്തെ നമ്മൾ എടുത്ത ലഭിച്ച ഭൂട്ടാൻ പെർമിറ്റ് കോപ്പി എന്നിവ വെച്ചിട്ട് RSTA ഓഫീസിൽ കൊടുക്കണം. ഭൂട്ടാനിൽ തങ്ങുന്നതിനു ഒരു ദിവസത്തിന് 100 രൂപ വെച്ച് ഫീസ് അടക്കണം. ഇത്രയും ചെയ്തു കഴിയുമ്പോൾ അവർ നമ്മുടെ വാഹനത്തിനുള്ള ഒരു വെഹിക്കിൾ പെർമിറ്റ് ഒരു പേപ്പറിൽ പ്രിന്റ് എടുത്തു തരും. നിയമമനുസരിച്ച് വാഹനത്തിന്റെ ആർസി ഉടമസ്ഥൻ കൂടെയുണ്ടായിരിക്കണം എന്നാണ്. പക്ഷെ ഇനി അദ്ദേഹം കൂടെയില്ലെങ്കിൽ ഉടമയുടെ ഒരു സമ്മതപത്രം കയ്യിൽ കരുതണം.
ഇനി വാഹനവുമായി ഭൂട്ടാനിലെ പ്രവേശിച്ചു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട ചില ഡ്രൈവിംഗ് ടിപ്സ് കൂടി പറഞ്ഞു തരാം. ഭൂട്ടാനിൽ നമ്മുടെ നാട്ടിലെപ്പോലെ ഹോണടികളൊന്നും കേൾക്കില്ല. അതുകൊണ്ട് ഒരു കാര്യവുമില്ലാതെ അവിടെ ഹോൺ അടിക്കുവാൻ പാടുള്ളതല്ല. അതുപോലെ തന്നെ അവിടെ ട്രാഫിക് സിഗ്നലുകൾ ഇല്ല. മിക്കയിടത്തും ട്രാഫിക് പോലീസുകാർ നിന്നാണ് വാഹനങ്ങളെ നിയന്ത്രിക്കുന്നത്. ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യണമെങ്കിൽ ആ വാഹനത്തിന്റെ ഡ്രൈവറുടെ സിഗ്നൽ കിട്ടിയതിനു ശേഷം മാത്രം മറികടക്കുക. കാൽനടയാത്രക്കാർക്ക് പ്രാധാന്യം കൊടുക്കുക. ആരെങ്കിലും റോഡ് ക്രോസ്സ് ചെയ്യുവാനുണ്ടെങ്കിൽ അവർക്ക് അതിനായി വാഹനം നിർത്തിക്കൊടുക്കുക. ചെക്ക് പോസ്റ്റുകളിലും സർക്കാർ ഓഫീസുകളിലും ഒന്നും ക്യാമറ ഉപയോഗിക്കുവാനോ ഫോട്ടോയെടുക്കുവാനോ പാടില്ല.
അലസവും അലക്ഷ്യവുമായിട്ടുള്ള ഡ്രൈവിംഗ് ശീലം കൈവെടിയുക. ഭൂട്ടാൻ ഒരു ഹാപ്പി ലാൻഡ് ആണ്. അവരുടെ സന്തോഷത്തിൽ നമ്മളും കൂടി പങ്കുചേരുക. അവരുടെ നിയമങ്ങൾ നമ്മൾ പാലിക്കുക. ഇത്രയൊക്കെ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഭൂട്ടാൻ യാത്ര അവിസ്മരണീയമാക്കാവുന്നതാണ്.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.