ലോക്ക്ഡൗണിൽ കുടുങ്ങി സ്വന്തം വീട്ടിൽ പോകാനാകാതെ വിവിധ ജില്ലകളിലായി ധാരാളമാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. കേരളത്തിൽ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രിതമായ ഈ സാഹചര്യത്തിൽ ജില്ലാന്തര യാത്രകൾക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്നും പാസ്സ് ലഭിക്കുന്നതിനായുള്ള നടപടികൾ ശരിയായി. മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ് നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.
പാസ്സ് ലഭിക്കുവാനായി എന്തൊക്കെ ചെയ്യണമെന്ന് ഇനി വിവരിക്കാം – പൊലീസിന്റെ വെബ്‌സെറ്റ്, State Police Media Centre Kerala ഫേസ്ബുക്ക് പേജ് എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകണം. ഇ-മെയിൽ വഴിയും അതത് പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകാം എന്ന് ഉത്തരവിൽ പറയുന്നുണ്ട്. മെഡിക്കൽ എമർജൻസി പോലുള്ളവയ്ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതൽ അടുത്ത ദിവസം രാവിലെ ഏഴ് മണി വരെയുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പാസിന് സാധുത ഉണ്ടാവുക. പാസ്സിന്റെ മാതൃക ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് – http://tiny.cc/4r9eoz .
കുടുംബാംഗങ്ങൾക്ക് മെഡിക്കൽ എമർജൻസി, ബന്ധുക്കളായവരുടെ ശവസംസ്ക്കാര ചടങ്ങുകൾ, ലോക്ക്ഡൗണിൽ പെട്ടിട്ട് വീട്ടിലേക്കു മടങ്ങുന്നവർ, ലോക്ക്ഡൗണിൽ പെട്ട കുടുംബാംഗങ്ങളെ വീട്ടിലെത്തിക്കൽ, ജോലി സംബന്ധമായ ആവശ്യങ്ങൾ, പെട്ടുപോയ വിദ്യാർത്ഥികൾ, വിവാഹച്ചടങ്ങുകൾ എന്നീ ആവശ്യങ്ങൾക്കാണ് പ്രധാനമായും പാസ്സ് ലഭിക്കുക. ഇവ പാസ്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതാത് പോലീസ് സ്റ്റേഷനുകളിൽ പാസ്സിനായി അപേക്ഷിക്കുമ്പോൾ ഏതെങ്കിലും ഗവണ്മെന്റ് ഐഡി കാർഡ് (ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് ഐഡി മുതലായവ) കൂടി കരുതേണ്ടതാണ്. ഡോക്ടർമാർ, നേഴ്‌സുമാർ, മീഡിയ തുടങ്ങിയവർക്ക് ഇത്തരം പാസ്സുകൾ കൂടാതെ ജില്ലാന്തര യാത്രകൾ അനുവദനീയമാണ്. പാസ്സ് കൈമാറ്റം ചെയ്യൽ, പാസ്സ് നേടുവാനായി സത്യമല്ലാത്ത വിവരങ്ങൾ നൽകൽ തുടങ്ങിയവ ശിക്ഷാർഹമാണ്.
ജില്ലാന്തര യാത്രകൾക്ക് അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.